Birbal stories – പൊട്ടക്കണ്ണൻ അബ്ദുൾ കരിം

0
1103
Birbal-stories-in-malayalam-written

Birbal Stories :- ബീർബലിനോട് അസൂയ ഉള്ളവരായി അക്ബറിന്റെ രാജസദസിൽ പലരുമുണ്ടായിരുന്നു.അക്കൂട്ടത്തിൽ ഒരാളായിരുന്നു പൊട്ടക്കണ്ണനായ അബ്ദുൾ കരിം. അയാൾ മഹാ നീചനും ചതിയനുമായിരുന്നു. ചക്രവർത്തിക്ക് ബീർബലിനോട് വലിയ താല്പര്യമാണെന്നു കരീമിനു അറിയാമായിരുന്നു. എങ്ങനെയെങ്കിലും ചക്രവർത്തിയുടെ മനസ്സിൽ ബീർബലിനോട് നീരസമുണ്ടാകാൻ അയാൾ തക്കം പാർത്തിരുന്നു.
ബീർബൽ വെറ്റില മുറുക്കുന്ന സ്വഭാവക്കാരനായിരുന്നു. മുറുക്കിയാൽ പിന്നെ കാണുന്നിടത്തൊക്കെ തുപ്പി വയ്ക്കുകയും ചെയ്യും. ഒരു ദിവസം ബീർബൽ തുപ്പിയപ്പോൾ കൊട്ടാരത്തിലെ മനോഹരമായ മാർബിൾ തൂണുകളിൽ വീണു. അബ്ദുൾ കരിം ഉടൻതന്നെ ചക്രവർത്തിയുടെ അടുത്തെത്തി ബീർബലിനെ ദുഷിച്ചു പറഞ്ഞു.
‘ഹുസൂർ, ആ ബീർബൽ കൊട്ടാരമാകെ തുപ്പി അലങ്കോലപ്പെടുത്തുകയാണ്. അങ്ങ് അയാളെ വിളിച്ചു തക്ക ശിക്ഷ കൊടുത്താലേ അയാൾ പഠിക്കു'[birbal stories]
ചക്രവർത്തി ബീർബലിനെ വിളിച്ചു ശാസിച്ചു. ‘മേലിൽ ഇതാവർത്തിക്കരുത്. ഉപയോഗശൂന്യമായ സ്ഥലത്തു മാത്രമേ തുപ്പാവു.അതോർമ്മയിലിരിക്കണം.’
ബീർബൽ സമ്മതിച്ചു. ഒരു കാര്യം ബീർബലിന് ബോധ്യമായി. അസൂയാലുവായ അബ്‌ദുൾ കരിം ശരിക്കും നുണ പറഞ്ഞിരിക്കുന്നു.
പിറ്റേ ദിവസം ബീർബൽ കൊട്ടാരത്തിലെ വരാന്തയിൽ കൂടി നടന്നു വരികയായിരുന്നു. പതിവുപോലെ വെറ്റില മുറുക്കുന്നുണ്ടായിരുന്നു. ആ വഴി അപ്പോൾ അബ്‌ദുൾ കരിം വന്നു. ബീർബൽ പെട്ടെന്ന് കരീമിന്റെ പൊട്ടക്കണ്ണിലേക്ക് ഒരു തുപ്പു കൊടുത്തു.
കരിം കരഞ്ഞു കൊണ്ട് ചക്രവർത്തി സമക്ഷമെത്തി. കോപിഷ്ഠനായ ചക്രവർത്തി ബീർബലിനെ വിളിച്ചു വരുത്തി. കരീമിന്റെ കണ്ണിൽ തുപ്പുവാനുള്ള കാരണമെന്തെന്നു ചോദിച്ചു.
‘പ്രഭോ, ഞാനൊരു തെറ്റും ചെയ്തിട്ടില്ല. ഉപയോഗശൂന്യമായ സ്ഥലത്തു മാത്രമേ തുപ്പാവു എന്ന് അങ്ങ് തന്നെ എന്നോട് പറഞ്ഞിരുന്നുവല്ലോ. അത് തന്നെയാണ് ഞാൻ ചെയ്തത്. കരീമിന്റെ പൊട്ടക്കണ്ണുകൊണ്ട് ആർക്കു എന്ത് പ്രയോജനമാണുള്ളത്?'[birbal stories]
ബീർബലിന്റെ മറുപടികേട്ട് ചക്രവർത്തിയും സദസ്യരും പൊട്ടിച്ചിരിച്ചു. അബ്‌ദുൾ കരീമാകട്ടെ ഇളിഭ്യനായി സ്ഥലം വിട്ടു.

birbal stories – രാജ്ഞിയുടെ ദുഃഖം

അക്ബർ ചക്രവർത്തി ഒരിക്കൽ സഹധർമണിയുമായി ശണ്ഠ കൂടി. വാക്കേറ്റം മൂത്തപ്പോൾ, ദേഷ്യം സഹിക്കാനാവാതെ ചക്രവർത്തി രാജ്ഞിയോട് പറഞ്ഞു.
‘നീയുടൻ കൊട്ടാരം വിട്ടുപോകണം. ഇനിയൊരിക്കലും നിന്നെ എനിക്ക് കാണണ്ട’
രാജ്ഞി പൊട്ടിക്കരഞ്ഞുകൊണ്ട്‌ മാപ്പ് അപേക്ഷിച്ചു. പക്ഷേ ചക്രവർത്തി അത് ചെവികൊണ്ടില്ല.
‘എന്റെ തീരുമാനത്തിന് മാറ്റമില്ല. ഞാൻ പറഞ്ഞത് അക്ഷരം പ്രതി തന്നെ നടക്കും പക്ഷേ ഒരു വിട്ടുവീഴ്ച ചെയ്യാം. നീ പോകുന്ന അവസരം നിനക്കേറ്റം ഇഷ്ടമായ ഏതെങ്കിലും ഒരു വസ്തു കൂടി നിനക്ക് കൊണ്ട് പോകാം.’ രാജ്ഞി വല്ലാതെ ദുഃഖിച്ചു. ഇനിയെന്താണ് ഒരു മാർഗം? എങ്ങനെയാണ് ചക്രവർത്തിയുടെ കോപം ശമിപ്പിക്കുക? ഒരു മാർഗവും മനസിൽ തെളിയാതെ വന്നപ്പോൾ രാജ്ഞി ബുദ്ധിമാനായ ബീർബലിന്റെ ഉപദേശം തേടാൻ തീരുമാനിച്ചു പണ്ടൊരിക്കൽ ബീർബലിനെതിരെ നടന്ന ഒരു ഗൂഢാലോചനയിൽ രാജ്ഞിയും പങ്കാളിയായിരുന്നു. ബീർബലിനും അതറിയാമായിരുന്നു. പക്ഷേ ബീർബൽ നല്ലവനാണെന്നു രാജ്ഞിക്കറിയാമായിരുന്നു. ഒരു പ്രതിസന്ധിയിൽ അയാൾ തന്നെ കൈ വിടില്ല എന്ന് തന്നെ രാജ്ഞി വിശ്വസിച്ചു.[birbal stories]
രാജ്ഞി ബീർബലിനെ ആളയച്ചു വരുത്തി. നടന്ന കാര്യങ്ങളെല്ലാം രാജ്ഞി ബീർബലിനോട് തുറന്നു പറഞ്ഞു. എല്ലാം കേട്ട സശ്രദ്ധം ബീർബൽ കേട്ടു. കുറെ നേരം ചിന്താധീനനായി ഇരുന്ന ശേഷം ബീർബൽ രാജ്ഞിക്കു ചില നിർദ്ദേശങ്ങൾ കൊടുത്തു. ബീർബൽ പറയുന്നതുപോലെ പ്രവർത്തിക്കാമെന്നു രാജ്ഞി സമ്മതിച്ചു.
പിറ്റേ ദിവസം കൊട്ടാരം വിട്ടുപോകാനുള്ള ഒരുക്കമായി. പിതൃഗൃഹത്തിലേക്കാണ് രാജ്ഞിയുടെ പോക്ക്. രണ്ടു പല്ലക്കുകളൂം ചുമട്ടുകാരും തയ്യാറായി. എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോൾ രാജ്ഞി ചക്രവർത്തിക്ക് സന്ദേശം കൊടുത്തയച്ചു. താൻ പിതൃഗൃഹത്തിലേക്ക് പോകുകയാണെന്നും പോകുന്നതിനു മുമ്പ് ചക്രവർത്തിയെ ഒരു നോക്ക് കാണണമെന്നും ആ അപേക്ഷ യാതൊരു കാരണവശാലും തള്ളിക്കളയരുതെന്നുമായിരുന്നു സന്ദേശത്തിന്റെ ഉള്ളടക്കം.
താമസിയാതെ അക്ബർ ചക്രവർത്തി അന്തപുരത്തിലെത്തി. രാജ്ഞി അതീവദുഃഖിതയായി കാണപ്പെട്ടു.ഗദ്ഗദകണ്ഠമായി അവർ ചക്രവർത്തിയോട് പറഞ്ഞു.[birbal stories]
‘പ്രഭോ, അങ്ങയുടെ കല്പനപോലെ ഞാനീകൊട്ടാരം വിട്ടു പോകുകയാണ്. പോകുന്നതിനു മുൻപായി ഞാനവസാനമായി ഞാനവസാനമായി തരുന്ന ഈ മുന്തിരിച്ചാറ് അങ്ങെന്റെ കൈയിൽ നിന്നും വാങ്ങിക്കുടിക്കണം. ഇതെന്റെ ഒരാഗ്രഹവും അപേക്ഷയുമാണ്.’ ചക്രവർത്തി മുന്തിരിച്ചാർ വാങ്ങിക്കുടിച്ചു. മുന്തിരിച്ചാറിൽ രാജ്ഞി മയക്കുമരുന്ന് ചേർത്തിരുന്നു. കുടിച്ചക്ഷണം ചക്രവർത്തി ഗാഢനിദ്രയിലായി. ഭൃത്യന്മാർ ചക്രവർത്തിയെ താങ്ങിയെടുത്തു തയാറാക്കിവച്ചിരുന്ന ഒരു പല്ലക്കിൽ കിടത്തി. മറ്റേ പല്ലക്കിൽ രാജ്ഞിയും കയറി. രണ്ടു പല്ലക്കുകളും രാജ്ഞിയുടെ പിതൃഗൃഹത്തിലേക്ക് നീങ്ങി.
അപ്രതീക്ഷിതമായി മകളും ഭർത്താവും വീട്ടിലെത്തിയപ്പോൾ പിതാവ് സന്തോഷിച്ചു. ഒരുമിച്ചവർ വന്നിട്ട് ഏറെ നാളുകളായിരുന്നു. പക്ഷേ ചക്രവർത്തി ഉറങ്ങുന്നത് കണ്ടു അദ്ദേഹം അത്ഭുതപ്പെട്ടു. അപ്പോൾ രാജ്ഞി പിതാവിനോട് പറഞ്ഞു[birbal stories]
‘അച്ഛൻ ഭയപ്പെടേണ്ട അദ്ദേഹം യാത്രാക്ഷീണം കൊണ്ട് ഉറങ്ങുകയാണ്. അല്പനേരത്തിനുള്ളിൽ ഉണർന്നുകൊള്ളും’
മയക്കുമരുന്നിന്റെ സ്വാധീനം പോയപ്പോൾ ചക്രവർത്തി ഉണർന്നു. അദ്ദേഹം അമ്പരന്നു ചുറ്റും നോക്കി. അദ്ദേഹത്തിനു കാര്യം മനസിലായി. താൻ ഭാര്യാപിതാവിന്റെ ഗൃഹത്തിലാണ് എത്തിയിരിക്കുന്നത്. അന്തപുരത്തിൽ വച്ച് മുന്തിരിച്ചാർകുടിച്ചതും താൻ മയങ്ങിപോയതും ചക്രവർത്തി ഓർത്തു. ചതി ഉപയോഗിച്ച് തന്നെ ഇവിടെ എത്തിച്ചിരിക്കുകയാണ്. ചക്രവർത്തി കോപം കൊണ്ട് ജ്വലിച്ചു. അദ്ദേഹം ചാടിയെഴുന്നേറ്റു. തൊഴുകൈയോടെ രാജ്ഞി അദ്ദേഹത്തിന്റെ മുന്നിലെത്തി.
‘അങ്ങ് സുഖമായി ഉറങ്ങി എന്ന് കരുതട്ടെ’
”വഞ്ചകി, നീ എന്നെ ചതിക്കുകയായിരുന്നു അല്ലേ? മുന്തിരിച്ചാറിൽ മയക്കുമരുന്ന് കലർത്താൻ മാത്രം ധൈര്യം നിനക്കെങ്ങനെ വന്നു? ഇതാ ഞാൻ കൊട്ടാരത്തിലേക്ക് മടങ്ങുന്നു.’ ക്രുദ്ധനായ ചക്രവർത്തി പറഞ്ഞു.
രാജ്ഞി അദ്ദേഹത്തിന്റെ പാദങ്ങളിൽ വീണു.
‘അരുത് പ്രഭോ, അരുത്. എനിക്ക് പറയാനുള്ളത് കൂടി കേൾക്കു. ഞാൻ അങ്ങയുടെ ആജ്ഞ അനുസരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. അതിനു എന്നോട് കയർക്കുന്നതെന്തിന്?’
‘ധിക്കാരി, നീ ചെയ്‌ത തെറ്റിനെ ന്യായികരിക്കാൻ ശ്രമിക്കുകയാണോ?’
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്തു കൂടെ കൊണ്ട് പൊയ്‌ക്കൊള്ളാൻ അങ്ങ് അനുവദിച്ചല്ലോ. ഞാനതു മാത്രമേ ചെയ്തിട്ടുള്ളു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് അങ്ങാണ്. അതുകൊണ്ടാണ് അങ്ങയെ പല്ലക്കിൽ ഇങ്ങോട്ട് കൊണ്ട് പോന്നത് അത് തെറ്റാണെങ്കിൽ പ്രഭോ അങ്ങ് ക്ഷമിക്കണം.[birbal stories]
രാജ്ഞിയുടെ ഉത്തരം കേട്ട് അക്ബറിന്റെ കോപം പമ്പകടന്നു.
‘പ്രിയേ, സത്യം പറഞ്ഞാൽ നീ എന്നെ തോൽപ്പിച്ചിരിക്കുന്നു. അതിരിക്കട്ടെ ഈ ഉപായം നിനക്ക് ആരാണ് പറഞ്ഞു തന്നതെന്നറിയാൻ എനിക്ക് താല്പര്യമുണ്ട്’ ചക്രവർത്തി പറഞ്ഞു.
‘അങ്ങ് നിർബന്ധിക്കുകയാണെങ്കിൽ പറയാം’ രാജ്ഞി പറഞ്ഞു. ബുദ്ധിമാനായ ബീർബലാണ് എനിക്ക് ഈ ഉപായം പറഞ്ഞു തന്നത്. അദ്ദേഹം വളരെ നല്ലവനാണ്. നമ്മുടെ സാമ്രാജ്യത്തിനു തിലകക്കുറിയാണ് ബീർബൽ ഇനിയൊരിക്കലും ഞാനദ്ദേഹത്തെ അവിശ്വസിക്കില്ല.’
ചക്രവർത്തിയും രാജ്ഞിയും ഉല്ലാസരായി ആ ദിവസം അവിടെ കഴിച്ചുകൂട്ടി.പിറ്റേദിവസം രാവിലെ അവർ കൊട്ടാരത്തിലേക്ക് മടങ്ങി.
കൊട്ടാരത്തിൽ തിരിച്ചെത്തിയ ചക്രവർത്തിയും രാജ്ഞിയും ബീർബലിന് പ്രത്യേകം സമ്മാനങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചു.[birbal stories]

Read more birbal stories : click here

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക