Birbal kathakal – സ്ത്രീയും ചെറുപ്പക്കാരനും

0
2526
Birbal-Kathakal

Birbal kathakal in malayalam – ഒരിക്കൽ പരാതിയുമായി ഒരു സ്ത്രീ ചക്രവർത്തിയുടെ മുന്നിലെത്തി. അവൾ വഴിയിൽ കൂടി പോകുമ്പോൾ ഒരാൾ ബലം പ്രയോഗിച്ചു അവൾ അണിഞ്ഞിരുന്ന ആഭരങ്ങൾ തട്ടിയെടുത്തു എന്നതായിരുന്നു പരാതി. ചക്രവർത്തി ബീർബലിനെ വിളിപ്പിച്ചു. സ്ത്രീയുടെ പരാതി അന്വേഷിച്ചു പരിഹാരം ഉണ്ടാക്കിക്കൊടുക്കാൻ ആവശ്യപ്പെട്ടു. ബീർബൽ അവരുടെ കഥ വീണ്ടും കേട്ടു. അനന്തരം ഭടന്മാരെ അയച്ചു പ്രതിയെ ഹാജരാക്കി. സൗമ്യനും നല്ലവനെന്നു തോന്നിക്കുന്നവനുമായ ഒരു ചെറുപ്പക്കാരനായിരുന്നു പ്രതി. അയാൾ വല്ലാതെ വിഷണ്ണനായി കാണപ്പെട്ടു. ബീർബൽ അയാളെ ആപാദചൂഢം നോക്കി. അനന്തരം സ്ത്രീയേയും ചെറുപ്പക്കാരനെയും ചോദ്യം ചെയ്‌തു.
ബീർബൽ- ‘ഇയാളാണോ ആഭരണങ്ങൾ തട്ടിയെടുത്തത്?’
സ്ത്രീ- ‘അതേ പ്രഭോ. ഇയാൾ തന്നെ. ഞാൻ വളരെ കഷ്ടപ്പെട്ടുണ്ടാക്കിയതാണ് ആ ആഭരണങ്ങൾ.
ബീർബൽ ചെറുപ്പക്കാരന്റെ നേരെ തിരിഞ്ഞു.
ബീർബൽ- ‘നിങ്ങളെന്തിനാണ് ഈ സ്ത്രീയുടെ ആഭരണങ്ങൾ തട്ടിയെടുത്തത്. അത് ഗൗരവമായ ഒരു കുറ്റമാണെന്നറിയില്ലേ?’
ചെറുപ്പക്കാരൻ- ‘പ്രഭോ’ ഈ സ്ത്രീ പറയുന്നതെല്ലാം പച്ചക്കള്ളമാണ്. ഞാൻ കള്ളനും പിടിച്ചുപറിക്കാരനുമല്ല. അല്ലാഹുവിന്റെ കൃപയാൽ സത്യസന്ധമായി കച്ചവടം ചെയ്തു ജീവിക്കുന്നവനാണ് ഞാൻ. ഈ സ്ത്രീ സാധനങ്ങൾ വാങ്ങിയ വകയിൽ കുറെ പണം എനിക്ക് തരാനുണ്ട്. അത് ചോദിച്ചപ്പോൾ വാക്കേറ്റമായി. അത് മാത്രമേ സംഭവിച്ചുള്ളു. ഇതാണ് സത്യം. (birbal kathakal)


സ്ത്രീ ഇടയ്ക്കു കയറി പറഞ്ഞു. ‘പ്രഭോ കള്ളന്മാർ ആരെങ്കിലും കുറ്റം സമ്മതിക്കുമോ? ആളൊഴിഞ്ഞ ഒരു വഴിയിൽ വച്ചാണ് ഈ അധമൻ ആഭരങ്ങൾ കവർച്ച ചെയ്തത്.’
ബീർബൽ ചിന്താധീനനായി. എന്നിട്ടു സ്ത്രീയോട് ചോദിച്ചു. ‘സാക്ഷികളായി ആരും ഇല്ലായിരുന്നോ?’
‘ഇല്ല പ്രഭോ, തികച്ചും വിജനമായ ഒരു സ്ഥലമായിരുന്നു അത്.’
‘ആട്ടെ. നിങ്ങളുടെ ആഭരണങ്ങൾക്ക് എത്ര വരും’ ബീർബൽ ചോദിച്ചു.
വലിയൊരു തുക ആഭരണത്തിന്റെ വിലയായി സ്ത്രീ പറഞ്ഞു.
ചെറുപ്പക്കാരനോട് ആ തുക സ്ത്രീക്ക് കൊടുക്കാൻ ബീർബൽ പറഞ്ഞു. ചെറുപ്പക്കാരന്റെ മുഖം കൂടുതൽ വിവർണമായി. അയാൾ കരയാൻ തുടങ്ങി.
‘അത്ര വലിയ തുക കൊടുക്കാൻ എനിക്ക് നിവൃത്തിയില്ല’ അയാൾ കെഞ്ചി
‘എങ്ങനെയെങ്കിലും ആ തുക ഉണ്ടാക്കി കൊടുക്കണം. അല്ലെങ്കിൽ തൂക്കുമരത്തിൽ തൂങ്ങാൻ തയാറാകു.’ ബീർബൽ കയർത്തു.
ചെറുപ്പക്കാരന്റെ ബന്ധുക്കളും സുഹൃത്തുക്കളും കൂടി പണം സമാഹരിച്ചു സ്ത്രീക്ക് കൊടുത്തു. ഉടൻ തന്നെ അവരോടു പൊയ്‌ക്കൊള്ളാൻ ബീർബൽ പറഞ്ഞു.
സ്ത്രീ കൊട്ടാരം വിട്ടകന്നപ്പോൾ ബീർബൽ ചെറുപ്പക്കാരനോട് പറഞ്ഞു.
‘നിങ്ങൾ ആ സ്ത്രീയുടെ പുറകെ പോകണം. ആളൊഴിഞ്ഞ സ്ഥലത്തുവച്ചു അവരുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്തു ഇവിടെ കൊണ്ട് വരണം’
‘പ്രഭോ, അത് എന്നെക്കൊണ്ടാവില്ല. ഞാൻ കള്ളനല്ല’ ചെറുപ്പക്കാരൻ തേങ്ങി.
‘ഇതെന്റെ ആജ്ഞയാണ്. ധിക്കരിച്ചുകൂടാ. വേഗം ചെല്ലൂ’ ബീർബലിന്റെ സ്വരം കർക്കശകമായി.
മനസില്ലാമനസോടെ ചെറുപ്പക്കാരൻ സ്ത്രീപോയ വഴിയേ നടന്നു. ബീർബൽ രണ്ടു ഭടന്മാരെ വേഷപ്രച്ഛന്നരായി അയാളുടെ പുറകെ അയച്ചു. അസാധാരണമായ ഈ നടപടി കണ്ടു കൂടിനിന്നവർ പരസ്‌പരം വിസ്മയത്തോടെ നോക്കി.
കുറെ നേരം കഴിഞ്ഞപ്പോൾ ഒരാരവം കേട്ടു. ആ സ്ത്രീ ചെറുപ്പക്കാരനെ പിടിച്ചു വലിച്ചുകൊണ്ട് വരുന്നതാണെല്ലാവരും കണ്ടത്. അവരോടൊപ്പം ഒട്ടനവധി ജനങ്ങളും ഉണ്ട്
‘പ്രഭോ, ഇയാൾ കൊള്ളക്കാരനാണ്. എന്റെ കൈവശമിരുന്ന പണം തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചു. പക്ഷേ ഞാനതിനവസരം കൊടുത്തില്ല. ഞാനവനെ ബലമായി പിടിച്ചുകൊണ്ട് വന്നിരിക്കുകയാണ്. ഈ കൂടിയിരിക്കുന്നവരൊക്കെ ഇതിനു ദൃക്‌സാക്ഷികളാണ്. അങ്ങ് ഇയാളെ തക്കതായി ശിക്ഷിക്കണം.’
സ്ത്രീ വിജയഭാവത്തിൽ ഉണർത്തിച്ചു. ബീർബൽ ജനക്കൂട്ടത്തിന്റെ കൂടെ വന്ന വേഷ പ്രച്ഛന്നരായ ഭടന്മാരോട് സ്വരം താഴ്ത്തി സംസാരിച്ചു. എല്ലാം കേട്ടശേഷം ഗൗരവപൂർവം ബീർബൽ പറഞ്ഞു.
‘ആരെ, എങ്ങനെയാണ് ശിക്ഷിക്കേണ്ടത് എന്ന് നാം തീരുമാനിച്ചു കഴിഞ്ഞു.’ തീപ്പൊരി ചിതറുന്ന കണ്ണുകളുമായി ബീർബൽ സ്ത്രീയുടെ നേരെ തിരിഞ്ഞു. അധമമായ വിഷപാമ്പേ, പാവപ്പെട്ടവനും സത്യസന്ധനുമായ ഈ ചെറുപ്പക്കാരനെതിരെ കള്ള കുറ്റാരോപണം നടത്തിയതിനും അയാൾക്ക്‌ മനോദുഃഖം ഉണ്ടാക്കിയതിനും നീ ശിക്ഷാർഹയാണ്. നീ ദുഷ്ടയും കുടിലയുമാണ്. നിന്റെ കയ്യിലെ പണം തട്ടിയെടുക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ലല്ലോ. അതിനുള്ള ശരീരബലവും മനോധൈര്യവും അയാൾക്കില്ലായിരുന്നു. അങ്ങനെയുള്ള ഒരാൾ നിന്റെ കഴുത്തിലും കാതിലുമുള്ള ആഭരങ്ങൾ തട്ടിയെടുത്തു എന്ന് പറയുന്നത് പച്ചക്കള്ളമാണ്. ഞാൻ രണ്ടു ഭടന്മാരെ അയച്ചിരുന്നു. അവർ എല്ലാം കണ്ടു. നീ ആദ്യം തന്നെ ഈ ചെറുപ്പക്കാരനെ തള്ളി താഴെയിട്ടു മർദ്ധിച്ചില്ലേ?’
കള്ളം പുറത്തായെന്നു മനസിലാക്കിയ സ്ത്രീ കരയാൻ തുടങ്ങി. അവൾ ബീർബലിന്റെ കാലിൽ വീണു മാപ്പപേക്ഷിച്ചു. പക്ഷേ ബീർബൽ യാതൊരു ദാക്ഷിണ്യവും കാട്ടിയില്ല.
‘ഇല്ല നിന്നോട് യാതൊരു ദാക്ഷിണ്യവും പാടില്ല. ആദ്യത്തെ ശിക്ഷ ഉടൻതന്നെ നടപ്പാക്കട്ടെ. തല മുണ്ഡനം ചെയ്‌തു കഴുതപ്പുറത്തു കയറ്റി അവളെ ആദ്യം നഗരപ്രദക്ഷിണം നടത്തിക്കു. ബാക്കിയുള്ള ശിക്ഷ പിന്നീട് അറിയിക്കാം.’birbal kathakal

Read more: Birbal stories in malayalam

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക