ചെന്നായയും കുട്ടിയും Aesop Stories

0
261
aesop-fables-in malayalam

പണ്ടൊരിക്കൽ വിശന്നലഞ്ഞു നടന്ന ഒരു ചെന്നായ ഒരു വീടിന്റെ അടുത്തു കൂടി പോകുകയായിരുന്നു. രാത്രി വളരെ ഇരുട്ടിയിരുന്നു. പക്ഷേ വീട്ടിലെ വിളക്ക് അണഞ്ഞിരുന്നില്ല. ഒരു കുട്ടിയുടെ തുടർച്ചയായ കരച്ചിലും അമ്മയുടെ ശകാര വാക്കുകളും ചെന്നായ കേട്ട് (Aesop Stories).
കുട്ടീ, നീ നിന്റെ കരച്ചിൽ നിർത്തുന്നില്ലെങ്കിൽ നിന്നെ ഞാൻ ചെന്നായ്ക്കു എറിഞ്ഞു കൊടുക്കും തീർച്ച.’
സഹികെട്ട അമ്മയുടെ ഭീഷണി വാക്കുകൾ ചെന്നായ്ക്ക് തേൻ മൊഴിപോലെ തോന്നി.
ഇനിയെങ്ങോട്ടും പോകേണ്ട. കുട്ടിയെ എറിഞ്ഞു തരാതിരിക്കില്ല.ചെന്നായ കുട്ടിക്കു വേണ്ടി ആർത്തിയോടെ കാത്തിരുന്നു .
കുറേ കഴിഞ്ഞപ്പോൾ കുട്ടിയുടെ കരച്ചിൽ നിന്നു. അത് കൂർക്കം വലിച്ചുറങ്ങി.
എങ്കിലും ചെന്നായ്ക്ക് പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നില്ല. കുട്ടി ഉറക്കം തെളിഞ്ഞു കരയാതിരിക്കില്ല. സഹികെട്ട് അമ്മ അവസാനം കുട്ടിയെ ജനാല വഴി എറിഞ്ഞു തരും.
പക്ഷേ പ്രതീക്ഷിച്ചതൊന്നും സംഭവിച്ചില്ല. കാത്തിരുന്ന് നേരം പുലരാറായി. ഇനി കാത്തിരിക്കാൻ വയ്യ. വല്ലാതെ വിശക്കുന്നുമുണ്ട്. ചെന്നായ ജനാലയുടെ അടുത്തെത്തി ഉറങ്ങിക്കിടക്കുന്ന കുട്ടിയെ ആർത്തിയോടെ നോക്കി.
കുട്ടിയുടെ അമ്മ അതു കണ്ടു. അവർ ജനാലയടച്ചു. അനന്തരം അവർ പട്ടികളെ അഴിച്ചു വിട്ടു.
ചെന്നായ്ക്കു പറ്റിയ ദുർഗതി പറയാനുണ്ടോ. അവൻ ജീവനും കൊണ്ടോടി. പട്ടികൾ പിന്നാലെയും.
അവസാനം ഒരു വിധത്തിൽ അവൻ കാട്ടിലെ സുരക്ഷിതമായ ഒരു സ്ഥാനത്തെത്തി എന്നു പറഞ്ഞാൽ മതിയല്ലോ

കേൾക്കുന്നതെല്ലാം വിശ്വസിക്കരുത്. സ്വന്തക്കാർ കലഹിക്കുമ്പോൾ അതിൽ നിന്നും മുതലെടുക്കാമെന്ന് വിചാരിക്കുന്നവർ പലപ്പോഴും നിരാശപ്പെടേണ്ടി വരും.

കഴുതയെ ചുമന്ന കുതിര Aesop stories in malayalam

പണ്ടൊരു ഗ്രാമത്തിലെ വ്യാപാരിയ്ക്ക് ചരക്കുകൾ കൊണ്ടു വരുന്നതിനായി ഒരു കഴുതയും ഒരു കുതിരയും ഉണ്ടായിരുന്നു.
കുതിര ചെറുപ്പമായിരുന്നു. കഴുതയാകട്ടെ വയസ്സനും ക്ഷീണിതനും ആയിരുന്നു. ഭാരം വഹിക്കാൻ തീരെ മേലായിരുന്നവന്. പക്ഷേ ആരോടു പറയാൻ?
അങ്ങനെയിരിക്കെ ഒരു ദിവസം കഴുതയ്ക്ക് വല്ലാത്ത അവശത തോന്നി. എങ്കിലും അന്നും ഭാരവുമായി പോകണമായിരുന്നു. കൂടെ കുതിരയുമുണ്ടായിരുന്നു. കുതിരയുടെ പുറത്താകട്ടെ ഭാരം കുറവായിരുന്നു താനും. അവശത കൂടിയപ്പോൾ കഴുത ദൈന്യതയോടെ കുതിരയുടെ സഹായം അഭ്യർത്ഥിച്ചു.
ചെറുപ്പക്കാരനായ സുഹൃത്തേ എന്നെ

ഒന്നു സഹായിക്കാമോ? എന്റെ പുറത്തുള്ള ഭാരത്തിൽ കുറെ നീയും കൂടി ചുമക്കാമോ? തീരെ വയ്യാത്തതുകൊണ്ട് ചോദിക്കുകയാണ്.’ പക്ഷേ കുതിര പറഞ്ഞു. ‘അവനവന്റെ ഭാരം അവനവൻ ചുമന്നേപറ്റൂ. ഞാനിന്നുവരെ താങ്കളോട് എന്റെ ഭാരം ചുമക്കാൻ പറഞ്ഞിട്ടുണ്ടോ? നിങ്ങളുടെ ഭാരം ദുർവഹമാണെങ്കിൽ യജമാനനോടു പറയൂ.
കഴുത പിന്നീട് ഒന്നും മിണ്ടിയില്ല. നിശബ്ദമായി കിതച്ചുകൊണ്ട് ഏന്തിയും വലിഞ്ഞും കഴുത നടന്നു. കുറെ ദൂരം കൂടി പോയപ്പോൾ കാലുകൾ കുഴഞ്ഞു അവൻ നിലത്തു വീണു. താമസിയാതെ അവന്റെ ലോകജീവിതം അവസാനിക്കുകയും ചെയ്‌തു.
വ്യാപാരി വന്നു കഴുതയെ പരിശോധിച്ചു. കഴുത ചത്തുപോയിരിക്കുന്നു! അയാൾ കഴുതപ്പുറത്തുണ്ടായിരുന്ന എല്ലാ സാധനങ്ങളും കുതിരപ്പുറത്തു വച്ചു. കൂടാതെ കഴുതയുടെ ജഡവും കുതിരയുടെ പുറത്തായി.
‘ദൈവമേ, എന്റെ ക്രൂരമായ പെരുമാറ്റത്തിന് കിട്ടിയ ശിക്ഷയാണിത്’ കുതിര പശ്ചാത്താപവിവശനായി ആത്മഗതം ചെയ്‌തു.

ദുരിതപ്പെടുന്നവർക്ക് സഹായം നിഷേധിച്ചാൽ അതിലും വലിയ ദുരിതം നമ്മുടെ ജീവിതത്തിലുമുണ്ടാകാം

LEAVE A REPLY

Please enter your comment!
Please enter your name here