സുന്ദരിയെ തേടി

0
563
thennali-raman-stories-malayalam

ഒന്നിലതികം തവണ ചക്രവർത്തി രാമനെ വധശിക്ഷക്ക് വിധിച്ചിട്ടുണ്ട്. അതിൽ നിന്ന് രാമൻ രക്ഷപ്പെട്ടത് ബുദ്ധിവൈഭവം ഒന്നുകൊണ്ടു മാത്രമാണ്. പക്ഷേ എപ്പോഴും അതുപോലെ രക്ഷപ്പെടണമെന്നില്ലല്ലോ? ഈ ചിന്ത രാമനെ വല്ലാതെ അലട്ടി. സ്വദേശമായ തെന്നാലിക്ക് തിരിച്ചു പോയാലെന്താ? പക്ഷേ കൊട്ടാരം വിട്ടു പോകാൻ രാമന് ഒട്ടും ഇഷ്ടമായിരുന്നില്ല. സ്വർഗ്ഗസമമല്ലേ രാജകൊട്ടാരത്തിലെ വാസം. അപ്പോൾ രാജകൊട്ടാരത്തിൽ താമസിക്കുകയും വേണം എന്നാലൊട്ടു ജീവന് ഭീഷണിയുണ്ടാകുകയും ചെയ്യരുത്. അതിനുള്ള വഴിയെക്കുറിച്ചായി രാമന്റെ ചിന്ത.

രാമന്റെ ദുര്യോഗങ്ങൾക്കെല്ലാം പ്രധാന കാരണക്കാരൻ രാജപുരോഹിതനായിരുന്നു. അയാൾ നീചനും അസൂയക്കാരനുമായിരുന്നു. രാജപുരോഹിതന്റെ മനസ് ശരിക്കും അറിയാവുന്നവനായിരുന്നു രാമൻ. അയാൾ സ്ത്രീമോഹി കൂടിയാണെന്ന് രാമനറിയാമായിരുന്നു.

ഒരു ദിവസം രാമൻ രാജപുരോഹിതനെ കണ്ടു ചില സ്വകാര്യം പറഞ്ഞു.

‘അതീവ സുന്ദരിയായ ഒരു നർത്തകി എന്റെ വീട്ടിലെത്തിയിട്ടുണ്ട്.വീട്ടിലെത്തിയാൽ അവിടുത്തേക്ക് അവളെ കാണുവാനും സൗകര്യമായി അവളുമായി ഇടപഴകാനും കഴിയും. രണ്ടു നാഴിക ഇരുട്ടിയിട്ടു വന്നാൽ മതി.’

രാജപുരോഹിതാനുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു.

‘വഴിക്കു വച്ച് ആരും അങ്ങയെ തിരിച്ചറിയരുത്. അതുകൊണ്ട് അങ്ങ് സ്ത്രീവേഷം കെട്ടുകയായിരിക്കും ഉത്തമം.’ രാമൻ കൂട്ടിച്ചേർത്തു.

രാജപുരോഹിതൻ ഏതുവേഷവും കെട്ടാൻ തയ്യാറായിരുന്നു. കൃത്യസമയത്തു തന്നെ രാമന്റെ വീട്ടിൽ സ്ത്രീയുടെ വേഷത്തിൽ എത്തുന്നതാണെന്നു രാജപുരോഹിതൻ അറിയിച്ചു.

അനന്തരം രാമൻ ചക്രവർത്തിയെ കണ്ടു. രാജപുരോഹിതനോട് പറഞ്ഞതെല്ലാം തന്നെ ചക്രവർത്തിയോടും പറഞ്ഞു. ഒരു വ്യത്യാസം മാത്രം. രാജപുരോഹിതനോട് രണ്ടു നാഴിക ഇരുട്ടി വരാനാണ് പറഞ്ഞതെങ്കിൽ ചക്രവർത്തിയോട് പറഞ്ഞതാകട്ടെ മൂന്നു നാഴിക ഇരുട്ടി വരാനാണ്.

കൃത്യം രണ്ടു നാഴിക ഇരുട്ടിയപ്പോൾ തന്നെ രാജപുരോഹിതൻ സ്ത്രീയുടെ വേഷത്തിൽ രാമന്റെ വീട്ടിലെത്തി. ഒറ്റനോട്ടത്തിൽ കണ്ടാൽ ആരെയും വശീകരിക്കത്തക്ക ഒരു മോഹിനി പോലെയായിരുന്നു രാജപുരോഹിതൻ. അത്രക്ക് മോടിയോടും സർവ്വാഭരണ വിഭൂഷിതയുമായിട്ടാണ് അയാൾ എത്തിയത്.

രാമൻ രാജപുരോഹിതനെ ഒരു മുറിയിൽ കൊണ്ടിരുത്തി.

‘ഒരു നാഴിക ക്ഷമിക്കു. അപ്പോഴേക്കും സുന്ദരി വരും’ രാമൻ രാജപുരോഹിതനോട് പറഞ്ഞു. രാജപുരോഹിതൻ കാത്തിരുന്നു. കൃത്യം ഒരു നാഴിക കൂടി കഴിഞ്ഞപ്പോൾ ചക്രവർത്തിയുമെത്തി. ഒരു സുന്ദരിയുടെ വേഷത്തിൽ തന്നെയാണ് ചക്രവർത്തിയുടെ വരവ്.

ചക്രവർത്തിക്ക് സുന്ദരിയെ കാണാൻ തിടുക്കമായിരുന്നു. രാമൻ ചക്രവർത്തിയെ ഉടനെ തന്നെ രാജപുരോഹിതൻ ഇരുന്നിരുന്ന മുറിയിലേക്ക് ആനയിച്ചു. രണ്ടു ‘സുന്ദരി’ മാരുടെയും കണ്ണുകൾ ഇടഞ്ഞു. രാഗലോലരായി അവർ പരസ്പരം നോക്കി. രാമൻ അവരെ മുറിയിലാക്കിയ ശേഷം നാണം ഭാവിച്ചു പുറത്തേക്കു പോയി.

രണ്ടു സ്ത്രീവേഷധാരികളുടെയും ഉള്ളിൽ അമിതമായ ആവേശമായിരുന്നു അവർ പരസ്പരം സംഭാഷണം തുടങ്ങി. പക്ഷെ ഏറെ താമസിയാതെ രാജപുരോഹിതന്‌ കാര്യം മനസിലായി. തന്നോട് വർത്തമാനം പറയുന്ന സുന്ദരി മറ്റാരുമല്ല ചക്രവർത്തി തന്നെ! അതുപോലെ തന്നെ ചക്രവർത്തിക്കും മനസിലായി യുവതി മറ്റാരുമല്ല രാജപുരോഹിതൻ തന്നെ!  രണ്ടുപേർക്കുമുണ്ടായ ജാള്യതയ്ക്ക് അതിരില്ലായിരുന്നു. വല്ലാത്ത ചാപല്യമായിപ്പോയല്ലോ?!

ഒടുവിൽ ഇരുവരും ലജ്ജിച്ചു മുറിയിൽ നിന്ന് പുറത്തിറങ്ങാൻ ഭാവിച്ചു. പക്ഷെ രാമൻ പണി പറ്റിച്ചിരുന്നു. മുറി പുറത്തുനിന്നും പൂട്ടിയിട്ടിരുന്നു!

രാമൻ ഈ കാഴ്ചയെല്ലാം താക്കോൽ പഴുതിലൂടെ വീക്ഷിക്കുന്നുണ്ടായിരുന്നു. നാണം കെട്ടു തൊലിയുരിഞ്ഞു നിന്നിരുന്ന ഇരുവരോടും രാമൻ താക്കോൽ പഴുതിലൂടെ പറഞ്ഞു. ‘തിരുമേനീ, അങ്ങൊരു സത്യം ചെയ്യണം. മേലിൽ എനിക്ക് വധശിക്ഷ നൽകില്ലെന്ന്. പുരോഹിത സ്വാമി, അങ്ങും ഒരു സത്യം ചെയ്യണം ചക്രവർത്തിയെകൊണ്ട് വാക്ക് പാലിപ്പിക്കാമെന്നു. ഇരുവരും സത്യം ചെയ്യുകയാണെങ്കിൽ പുറത്തു വിടാം അല്ലെങ്കിൽ രാത്രി ഇവിടെ കഴിക്കേണ്ടി വരും. നേരം വെളുക്കുമ്പോൾ നാട്ടുകാരെല്ലാം അറിയും. ഇതിൽപ്പരം നാണക്കേട് വേറെയുണ്ടോ?

ചക്രവർത്തിയും രാജപുരോഹിതനും സത്യം ചെയ്തു. അല്ലാതെ വേറെ വഴി ഇല്ലല്ലോ? രാമൻ മുറി തുറന്നു. ഇരുവരും ലജ്ജിച്ചു തലതാഴ്ത്തി മുറിയിൽ നിന്നും പുറത്തിറങ്ങി. രാമൻ അവരെ സമാധാനിപ്പിച്ചു. ഇക്കാര്യം ആരോടും പറയില്ലെന്ന് ഉറപ്പ് കൊടുത്തു.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക