സിംഹഭാഗം

0
317
aesop-kathakal-malayalam-pdf download

പണ്ട് പണ്ടൊരിക്കൽ ഒരു സിംഹം മറ്റു ചില മൃഗങ്ങളെയും കൂട്ടി നായാട്ടിനിറങ്ങി. താമസിയാതെ തന്നെ നായാട്ടു സംഘം ഒരു കലമാനെ പിടികൂടി കഥ കഴിച്ചു.

കൊന്ന മാനിനെ അടുത്തതായി വീതം വയ്ക്കണം. അതിനായി മൃഗരാജാവിനെ മറ്റു മൃഗങ്ങൾ ക്ഷണിച്ചു. ഗാംഭീര്യം നിറഞ്ഞ മുഖത്തോടെ ഒരു പട്ടാളമേധാവിയുടെ മട്ടിൽ നിന്നുകൊണ്ട് ഒന്ന് ഗർജ്ജിച്ചശേഷം സിംഹം എല്ലാവരോടുമായി പറഞ്ഞു.

‘മൃഗപ്രജകളെ, നാം കൊന്ന ഈ മാനിനെ വീതിച്ചുതരുക എന്ന ചുമതലയിലേക്ക് ഞാൻ കടക്കുകയാണ്’

‘ഇതിനെ നാലായി ഭാഗിക്കാനാണ് ഞാൻ ഉദ്ദേശിക്കുന്നത്. അതിൽ ആദ്യഭാഗം മൃഗരാജാവായ എനിക്കുള്ളതാണ്. അതിൽ ആർക്കും എതിർപ്പുണ്ടാകില്ലല്ലോ? പിന്നെ രണ്ടാമത്തെ ഭാഗം മദ്ധ്യസ്ഥനെന്ന നിലയിൽ എനിക്ക് അർഹമായത് തന്നെ. അത് നിങ്ങൾ സമ്മതിക്കുമെന്നു എനിക്കറിയാം. മൂന്നാമത്തെ ഭാഗമാവട്ടെ നായാട്ടിൽ പങ്കെടുത്തതിന് എനിക്കുള്ള ഓഹരിയായി ഞാൻ മാറ്റി വയ്ക്കുകയാണ്. അതിലും ആർക്കും എതിർപ്പില്ലെന്ന് കരുതട്ടെ.’

പിന്നീട് സിംഹം എല്ലാവരുടെയും മുഖത്തു മാറിമാറി നോക്കിയശേഷം പറഞ്ഞു. ‘ഇനി അവശേഷിക്കുന്ന ഭാഗമുണ്ടല്ലോ. അത് ധൈര്യമുള്ളവർ ഇവിടെ വന്നു എടുത്തുകൊള്ളട്ടെ’

ഒരു മൃഗവും മുന്നോട്ടു വന്നില്ല. ‘വളരെ നല്ല കുട്ടികൾ. സിംഹം സംതൃപ്‌തി പ്രകടിപ്പിച്ചു. എന്നിട്ടു മാനിന്റെ ജഡം മൊത്തമായി സ്വന്തം കൈവശത്തിലാക്കി.

പ്രതീക്ഷയോടെ അധ്വാനത്തിൽ പങ്കുചേരുന്നവർ അതിന്റെ ഫലം ശക്തന്മാർ പിടിച്ചുപറ്റുന്നത് നിസ്സഹായരായി നോക്കി നിൽക്കേണ്ടി വരുന്നു.

കലമാനും സിംഹവും

കലമാന് സ്വന്തം സൗന്ദര്യത്തെക്കുറിച്ചു വളരെ മതിപ്പായിരുന്നു ഇത്രയും ആകാരവടിവുള്ള ഒരു മൃഗവും കട്ടിലില്ലെന്നായിരുന്നു അവന്റെ വിചാരം. കണ്ണുകളാണെങ്കിൽ വളരെ സുന്ദരം. കരുത്തുറ്റതും കവരങ്ങളോട് കൂടിയതുമായ തന്റെ കൊമ്പുകളുടെ മനോഹാരിത ആർക്കാണ് നിഷേധിക്കാൻ പറ്റുന്നത്? പക്ഷേ ഒരു ദുഃഖം മാത്രം കലമാനിനുണ്ടായിരുന്നു. തന്റെ കാലുകൾ ശോഷിച്ചതും ഭംഗിയില്ലാത്തതുമാണ്.

ഒരു ദിവസം കലമാൻ നദിയിലെ വെള്ളത്തിൽ കാണുന്ന തന്റെ നിഴൽ നോക്കി നിർവൃതി പൂണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു സിംഹം അവിടെയെത്തിയത്. കലമാൻ ഓടാൻ തുടങ്ങി. സർവ്വശക്തിയുമുപയോഗിച്ചുള്ള ഓട്ടമായിരുന്നു. സിംഹം പിന്തുടർന്നു കൊണ്ടിരുന്നു.

ഏറെ ദൂരം ഓടിക്കഴിഞ്ഞപ്പോൾ തുറസ്സായ സ്ഥലം വിട്ടു മരങ്ങൾ നിറഞ്ഞ കാട്ടിലൂടെയായി ഓട്ടം. പെട്ടെന്ന് കലമാന്റെ കൊമ്പുകൾ ഒരു വള്ളിക്കാട്ടിൽ കുടുങ്ങി. ആവതു ശ്രമിച്ചിട്ടും കലമാനിനു കൊമ്പുകളെ വള്ളിക്കാട്ടിൽ നിന്നും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. സിംഹം അടുത്തെത്തി. നിമിഷങ്ങൾക്കകം കലമാൻ ഓർത്തു.

‘ഞാൻ ഊറ്റംകൊണ്ട കൊമ്പുകൾ എനിക്ക് വിനയായി തീർന്നിരിക്കുന്നു. ഞാൻ പുച്ഛിച്ച ശോഷിച്ച കാലുകളാണ് ഇതുവരെ എന്നെ സിംഹത്തിന്റെ കൈയിൽ നിന്നും രക്ഷിച്ചത്. എന്റെ അഹങ്കാരം എത്ര വ്യർത്ഥമായിരുന്നു

നമ്മെ സഹായിക്കുമെന്ന് നാം ഉറപ്പിക്കുന്നവർ അപകടങ്ങളിൽ നമ്മെ കൈവിടുന്നു. പ്രതീക്ഷിക്കാത്തവർ നമ്മുടെ സഹായത്തിനെത്തുന്നു.

ദേവതാരു വൃക്ഷവും കുറ്റിച്ചെടിയും

ഒരിക്കലൊരു കാട്ടിൽ ഒരു വലിയ ദേവതാരു വൃക്ഷമുണ്ടായിരുന്നു. തന്റെ വലിപ്പത്തിലും ഗുണത്തിലും അത് വളരെ അഹങ്കരിച്ചിരുന്നു. ചെറിയ മരങ്ങളെയും ചെടികളെയും അത് പുച്ഛിച്ചു.

ആ വൃക്ഷത്തിൻറെ ചുവട്ടിൽ കുറെ അകലെയായി ഒരു കുറ്റിച്ചെടി ഉണ്ടായിരുന്നു. ഒരു ദിവസം ദേവതാരു വൃക്ഷം കുറ്റിച്ചെടിയെ കണക്കിലേറെ പരിഹസിച്ചു. ‘എന്നെ നോക്കു, എന്റെ തല മേഘങ്ങളെ ഉരുമ്മുന്നു. എനിക്ക് അകലെയുള്ള നഗരം കാണാം. പുഴയിലൂടെ നീങ്ങുന്ന വലിയ വള്ളങ്ങൾ കാണാം. മേഘങ്ങൾക്കും നക്ഷത്രങ്ങൾക്കും എന്നെ ബഹുമാനമാണ്.’

കുറ്റിച്ചെടി ഒന്നും ഉരിയാടിയില്ല. അപ്പോൾ ദേവതാരു വൃക്ഷം തുടർന്നു. ‘ഉന്നതന്മാരുടെ വികാരങ്ങൾ മനസിലാക്കാൻ നിനക്ക് ബുദ്ധിമുട്ട് തോന്നുന്നുണ്ടായിരിക്കും അല്ലെ?’

‘അഹങ്കാരം നല്ലതല്ലെന്ന് ഞാൻ കേട്ടിട്ടുണ്ട് സുഹൃത്തേ.’ സഹികെട്ട കുറ്റിച്ചെടി പറഞ്ഞു.

കുറെ ദിവസങ്ങൾ കഴിഞ്ഞു.

മരം വെട്ടുകാർ അവിടെയെത്തി. ദേവതാരു വൃക്ഷത്തെ ചൂണ്ടിക്കാട്ടി അവർ അഭിപ്രായപ്പെട്ടു. ‘നല്ല പ്രായമായ തടിയാണ്.

അന്ന് തന്നെ അവർ ദേവതാരു വൃക്ഷം വെട്ടിമാറ്റി. അപ്പോഴും കുറ്റിച്ചെടി ഇളം കാറ്റിൽ മെല്ലെ നൃത്തം ചെയ്തു കൊണ്ടിരുന്നു.

അഹങ്കാരികൾക്ക് ഉണ്ടാകുന്ന മിക്ക വിപത്തുകളിൽ നിന്നും എളിമയുള്ളവർ മുക്തരാണ്.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക