വികൃതിക്കുതിര

0
211
thennali-raman-stories-malayalam

മുഗളന്മാരുമായി ഒരു യുദ്ധം താമസിയാതെ അനിവാര്യമാകുമെന്നു കൃഷ്ണദേവരായ ചക്രവർത്തിക്ക് ബോധ്യമായി. മുഗളന്മാരുടെ അശ്വസേനാവിഭാഗം വളരെ ശക്തമാണെന്നായിരുന്നു കേൾവി. അത് മനസിലാക്കിയ ചക്രവർത്തി വിജയനഗരത്തിനും ശക്തമായ ഒരു അശ്വസൈന്യവിഭാഗം കെട്ടിപ്പടുക്കുവാൻ തീരുമാനിച്ചു. ഒട്ടനവധി അറബിക്കുതിരകളെ വിജയനഗരത്തിൽ കൊണ്ട് വന്നു.

പുതിയതായി കൊണ്ടുവന്ന കുതിരകളെ സംരക്ഷിക്കുന്ന ചുമതല നഗരത്തിലെ പൗരന്മാരെ ഏൽപ്പിച്ചു. ഒരു പൗരന് ഒന്നെന്ന നിലയിൽ ആയിരം പൗരന്മാർക്ക് ആയിരം കുതിരകളെ ഏൽപ്പിച്ചു. ഓരോ പൗരനും ഓരോ കുതിരയെ സംരക്ഷിക്കുന്നതിലേക്കായി നല്ല ഒരു തുകയും കൊടുക്കുവാൻ കൽപനയായി. കുതിരയെ ലഭിച്ച ആയിരം പൗരന്മാരിൽ ഒരാൾ രാമനായിരുന്നു.

രാമന് ഈ ഏർപ്പാട് നന്നേ ഇഷ്ടപ്പെട്ടു. കുതിരയുടെ സംരക്ഷണത്തിനെന്ന പേരിൽ നല്ല ഒരു തുക വസൂലാക്കാമല്ലോ എന്നതായിരുന്നു രാമന്റെ ചിന്ത.

കിട്ടിയ കുതിരയെ സംരക്ഷിക്കുന്നതിൽ തികഞ്ഞ അലംഭാവമാണ് രാമൻ കാട്ടിയത്. മാത്രമല്ല കുതിരയെ വെളിച്ചം കയറാത്ത ഒരു മുറിയിൽ അടച്ചിട്ടു. വായു കടക്കാൻ ഒരു ചെറിയ ദ്വാരം മുറിക്കുണ്ടായിരുന്നു. അല്ലെങ്കിൽ കുതിര ശ്വാസം മുട്ടി ചാകില്ലേ! പ്രതിദിനം ഒരു നേരം മാത്രം ഒരു  പിടി വൈക്കോൽ ആയിരുന്നു കുതിരയുടെ ആഹാരം. രാമൻ ദ്വാരത്തിലൂടെ വൈക്കോൽ നീട്ടിക്കൊടുക്കും. കുതിര ആർത്തിയോടെ അത് കടിച്ചു തിന്നും ഇതായിരുന്നു പതിവ്.

മൂന്നു മാസം പൂർത്തിയായപ്പോൾ ചക്രവർത്തിയുടെ കൽപ്പന വന്നു. എല്ലാ പൗരന്മാരും കുതിരകളുമായി കൊട്ടാരത്തിലെത്തണം. ചക്രവർത്തിക്ക് കുതിരകളെ നേരിട്ട് പരിശോധിക്കണം.

പൗരന്മാരെല്ലാം കൃത്യദിവസം കൃത്യസമയം കുതിരകളുമായി കൊട്ടാരത്തിലെത്തി. ചക്രവർത്തി കുതിരകളെ ഒന്നൊന്നായി പരിശോധിച്ചു. ഒരു കുതിരക്കും കുഴപ്പമില്ല. എല്ലാം ആഹാരം തിന്നു തടിച്ചു കൊഴുത്തിരിക്കുന്നു. പുതിയ ഏർപ്പാട് ഏതായാലും നന്നായി. പൗരന്മാർ എല്ലാം കുതിരകളെ നന്നായി തന്നെ നോക്കുന്നു.

ഒടുവിൽ കുതിരകളെ എണ്ണുന്ന ചടങ്ങായി. തൊള്ളായിരത്തി തൊണ്ണൂറ്റി ഒൻപത് കുതിരകളേയുള്ളു. എന്ത്! ഒരു കുതിരയെ കാണാനില്ലല്ലോ. ആരാണ് കുതിരയെ കൊണ്ട് വരാത്തത്? അന്വേഷണമായി. കുറ്റവാളി മറ്റാരുമായിരുന്നില്ല. രാമൻ തന്നെയായിരുന്നു.

ചക്രവർത്തി രാമനെ വിളിച്ചു വരുത്തി. ‘എന്താ രാമാ, നിങ്ങൾ കുതിരയെ കൊണ്ട് വരാത്തത്? അദ്ദേഹം ചോദിച്ചു.

‘തിരുമനസ്സേ, എന്റെ കുതിര മഹാവികൃതിയാണ്. തൊഴിക്കുകയും ചവിട്ടുകയും ഒക്കെ ചെയ്യും. ആ കുതിരയെ കൊണ്ട് വരുവാൻ ഞാൻ വിചാരിച്ചാൽ സാധിക്കില്ല. അതിവിദഗ്‌ദനായ ഒരു അശ്വസേനാനിയെ അയച്ചാൽ മാത്രമേ കുതിരയെ കൊണ്ട് വരാൻ പറ്റു’ രാമൻ പറഞ്ഞു.

ചക്രവർത്തി അശ്വസേനവിഭാഗ തലവനെ തന്നെ കുതിരയെ കൊണ്ട് വരുന്നതിനായി ചുമതലപ്പെടുത്തി. അയാൾ രാമന്റെ വീട്ടിലെത്തി.

രാമൻ അയാളെ കുതിരയെ ഇട്ടിരിക്കുന്ന മുറിയിലേക്ക് നയിച്ചു.

‘എന്തിനാണ് ഇരുളടഞ്ഞ ഈ മുറിയിൽ കുതിരയെ നിർത്തിയിരിക്കുന്നത്? അയാൾ രാമനോട് അന്വേഷിച്ചു.

‘അല്ലേ, ഈ കുതിരയെ കുറിച്ച് ചക്രവർത്തി ഒന്നും പറഞ്ഞിരുന്നില്ലേ? ഇവനെ വെളിയിൽ വിട്ടുകൂടാ. മഹാവികൃതിയാണിവൻ. കാണുന്നവരെയൊക്കെ കടിക്കുകയും ചവിട്ടുകയും ചെയ്യും. ചുമരിലെ ആ ദ്വാരത്തിൽ കൂടി തലയിട്ടു ഒന്ന് നോക്കണം. കുതിരയുടെ തനി സ്വരൂപം അപ്പോൾ മനസ്സിലാവും.’ രാമൻ പറഞ്ഞു.

രാമന്റെ വികൃതിത്തരമുണ്ടോ അശ്വസേനാനായകനു മനസിലാകുന്നു. താടിക്കാരനായ അയാൾ ചുമരിലെ ദ്വാരത്തിലൂടെ തലയിട്ടു അകത്തേക്ക് നോക്കി. എന്ത്! ആരോ തന്റെ താടിമീശയിൽ പിടിച്ചു വലിക്കുന്നു. അയാൾ വേദനകൊണ്ടു പുളഞ്ഞു വെപ്രാളം കാണിക്കാൻ തുടങ്ങി. സഹികെട്ടപ്പോൾ അയാൾ ഉച്ചത്തിൽ നിലവിളിച്ചു. ‘അയ്യോ! അയ്യോ!’ അയാളുടെ നിലവിളി കേട്ട് പലരും ഓടിക്കൂടി. അവർ കണ്ടത് എന്താണ്? അശ്വസേനാനായകന്റെ താടിയുടെ അറ്റം കുതിരയുടെ വായിലാണ്. അവർ കത്തിയെടുത്തു താടിമീശ മുറിച്ചു. ഹാവൂ! അശ്വസേനനായകന് സമാധാനമായി.

രാമന്റെ വികൃതി തന്നെയാണിത്. സംശയമേ വേണ്ട. അശ്വസേനാനായകൻ വല്ലാതെ ക്ഷോഭിച്ചു.

വാസ്തവത്തിൽ സംഗതി എന്തായിരുന്നു? രാമൻ കുതിരക്ക് അന്ന് വൈക്കോൽ കൊടുത്തിരുന്നില്ല. അതുകൊണ്ട് കുതിര വിശന്നിരിക്കുകയായിരുന്നു. ദ്വാരത്തിലൂടെ താടി ഉള്ളിലേക്ക് നീണ്ടപ്പോൾ കുതിര വിചാരിച്ചതു വൈക്കോലാണെന്നാണ്. അതുകൊണ്ട് കുതിര താടിയിൽ പിടിച്ചു. ഇതൊക്കെ സംഭവിക്കുമെന്ന് രാമനറിയാമായിരുന്നു. പക്ഷെ സംഭവിക്കട്ടെ എന്ന് രാമൻ കരുതി.

വിവരമറിഞ്ഞു ചക്രവർത്തി വന്നെത്തി. വിചിത്രമായ ഈ കുതിരയെ ഒന്ന് കാണണമല്ലോ. ഇരുട്ടറ തല്ലിപ്പൊളിച്ചു ചക്രവർത്തിയും മന്ത്രിമാരും അകത്തുകയറി. കുതിരയെ കണ്ടപ്പോൾ അവരെല്ലാം സ്തബ്ധരായി. തീറ്റി കിട്ടാതെ എല്ലും തൊലിയും മാത്രമായി മാറിയ ഒരു കുതിരയുടെ കോലമായിരുന്നു അത്.

‘രാമാ, നിങ്ങൾ എന്താണ് കുതിരക്കു ആഹാരം കൊടുക്കാതിരുന്നത്?’ ചക്രവർത്തി ക്ഷുഭിതനായി ചോദിച്ചു.

‘തിരുമേനി അവനു മനഃപൂർവം ആഹാരം കൊടുക്കാതെയിരുന്നതാണ്. ആഹാരം കൊടുക്കാതെയിരുന്നിട്ട് തന്നെ അവന്റെ ശക്തിയും തോന്ന്യാസവും കണ്ടില്ലേ! അവൻ ആ അശ്വസേനാനായകന്റെ താടിമുഴുവൻ പറിച്ചെടുത്തില്ലേ. ശരിക്കു ആഹാരവും കൂടി കൊടുക്കുകയായിരുന്നുവെങ്കിൽ എന്തായിരിക്കും അവന്റെ ബലവും തോന്ന്യാസവും. ആലോചിക്കുവാൻ കൂടി ഭയമാകുന്നു.’ രാമൻ പറഞ്ഞു.

ശരിക്കും ശിക്ഷാർഹമായ കുറ്റമാണ് രാമൻ ചെയ്തിരിക്കുന്നത്. കുതിരയെ പട്ടിണിക്കിട്ടു പൊതു ഖജനാവിലെ പണം തട്ടിയെടുത്തു. കൂടാതെ മനഃപൂർവം അശ്വസേനനായകനെ പീഡിപ്പിക്കുകയും ചെയ്‌തു. എന്നാലെന്താ രാമന്റെ മറുപടി കേട്ടപ്പോൾ രാമനോട് ദയ കാട്ടാൻ തന്നെ ചക്രവർത്തി തീരുമാനിച്ചു.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക