വാക്കു പാലിക്കാത്ത കാക്ക

0
293
aesop-kathakal-malayalam-pdf download

ഒരിക്കൽ ഒരു കാക്ക അബദ്ധത്തിൽ ഒരു വലയിൽ കുടുങ്ങി. എത്ര ശ്രമിച്ചിട്ടും കുരുക്കിൽ നിന്ന് രക്ഷപെടാൻ കാക്കയ്ക്ക് കഴിഞ്ഞില്ല.

അവൻ അപ്പോളോ ദേവനോട് പ്രാർത്ഥിച്ചു. ‘ദേവാ, ഈ പാവം കാക്കയെ ഒന്ന് രക്ഷിക്കൂ. രക്ഷപ്പെട്ടാൽ അങ്ങയുടെ ക്ഷേത്രത്തിലെത്തി ചന്ദനത്തിരികളും കർപ്പൂരവും ഞാൻ കത്തിച്ചുകൊള്ളാം’

അപ്പോളോ ദേവൻ കനിഞ്ഞു. കാക്ക വിമോചിതനായി.

രക്ഷപ്പെട്ടതോടെ നന്ദികെട്ട കാക്കയുടെ വിധം മാറി. അവൻ ചിന്തിച്ചു. ഇനി വലയിൽ കുടുങ്ങാതിരിക്കാൻ ശ്രദ്ധിച്ചാൽ മതിയല്ലോ? കൂടുതൽ സൂഷ്മതയോടെ പറക്കണം അത്ര തന്നെ. അതുമല്ല അപ്പോളോ ദേവന്റെ ക്ഷേത്രം അകലെയാണ് താനും. മാത്രമല്ല ഈ കർപ്പൂരവും ചന്ദനത്തിരിയും എവിടെ കിട്ടാനാണ്’.

കുറെ ദിവസങ്ങൾ കഴിഞ്ഞു. അപ്രതീക്ഷിതമായി കാക്ക വീണ്ടും വലയിൽ കുടുങ്ങി.

ഇനി അപ്പോളോ ദേവനോട് പ്രാർത്ഥിക്കാൻ പറ്റില്ല. വേറെയും ദേവന്മാർ ഉണ്ടല്ലോ.  ഇപ്രാവശ്യം ഹെർമിസ് ദേവനോട് പ്രാർത്ഥിക്കാം.

കാക്ക പ്രാർത്ഥിച്ചു ‘ദേവാ, അങ്ങു ഈ പാവം കാക്കയോട് കനിഞ്ഞാലും. ഈ വലയിൽ നിന്ന് എന്നെ മോചിപ്പിച്ചാലും. ഞാൻ രക്ഷപ്പെടുന്ന പക്ഷം അങ്ങേയ്ക്കു ഒരു ചുണ്ടെലിയെ കരുതി കഴിക്കുന്നതാണ് ദേവാ, എന്നോട് കൃപാലുവായാലും’

‘ദുഷ്ടാ, നിന്റെ ബലിയും കാഴ്ചദ്രവ്യങ്ങളും എനിക്ക് വേണ്ട’. ക്രുദ്ധനായ ദേവൻ പ്രത്യക്ഷനായി. നീ വാക്ക് പാലിക്കാത്ത ചതിയനാണ്. നീ ദേവന്മാരെ അപഹസിക്കുന്നവനാണ്. നീ അപ്പോളോ ദേവനെ വഞ്ചിച്ചു. ഇനി നീ ജീവിച്ചു കൂടാ. നിന്റെ നാശം മറ്റുള്ള ജീവികൾക്കെല്ലാം പാഠമാകട്ടെ’. ദേവൻ അപ്രത്യക്ഷനായി.

വാക്കു പാലിക്കാത്ത കാക്കയുടെ അന്ത്യം എന്തായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ.

വാക്ക് പാലിക്കുക, നന്ദിയുണ്ടാവുക എന്നതൊക്കെ വലിയ ഗുണങ്ങളാണ്. രക്ഷിതാക്കളോട് എപ്പോഴും നന്ദിയുണ്ടായിരിക്കണം.

അത്യാർത്തിക്കാരൻ നായ

അലഞ്ഞു തിരിഞ്ഞു നടന്ന നായക്ക് ഒരു എല്ലിൻ കഷ്ണം കിട്ടുവാൻ ഇടയായി. എല്ലിൻ കഷണവും പിടിച്ചുകൊണ്ട് സുരക്ഷിതമായ ഒരു സ്ഥലം അന്വേഷിച്ചു നായ ഓടി.

കുറച്ചുദൂരം ഓടിയപ്പോൾ നായ ഒരു തോട്ടരികിൽ എത്തി. തോടിനു കുറുകെ ഒരു മരപ്പാലമുണ്ടായിരുന്നു. അക്കരെ ചെന്നാൽ സമാധാനത്തോടെ തിന്നാം എന്ന് നായക്ക് തോന്നി.

നായ മരപ്പാലത്തിൽ കൂടി എല്ലിൻകഷണവുമായി ഓടി. അപ്പോൾ ഒരു കാഴ്ച്ച അവൻ കണ്ടു. അതാ മറ്റൊരു നായ എല്ലിൻകഷണവുമായി വെള്ളത്തിൽ നിന്ന് തന്നെ തന്നെ നോക്കുന്നു. നായക്ക് അത് തീരെ ഇഷ്ടപ്പെട്ടില്ല. സ്വന്തം നിഴൽ തന്നെയാണ് വെള്ളത്തിൽ കണ്ടതെന്ന് ആ വിഡ്ഢിനായക്ക് മനസിലായില്ല. അവൻ വീണ്ടും വെള്ളത്തിലേക്ക് നോക്കി അപ്പോഴും വെള്ളത്തിൽ നായ നിൽക്കുന്നുണ്ടായിരുന്നു.

വെള്ളത്തിൽ നിൽക്കുന്ന നായയുടെ വായിലിരിക്കുന്ന എല്ലിൻകഷണം കൂടി കൈക്കലാക്കണം. ഇതായിരുന്നു നായയുടെ ചിന്ത.

അവൻ വെള്ളത്തിലേക്ക് നോക്കി ഒന്നു കുരച്ചു. വായതുറക്കേണ്ട താമസം എല്ലിൻകഷണം ഒരു ശബ്ദത്തോടെ വെള്ളത്തിലേക്ക് വീണു. വെള്ളം ഇളകിയതോടെ നിഴലും അപ്രത്യക്ഷമായി.

അപ്പോഴാണ് നായക്ക് അബദ്ധം മനസിലായത്. എല്ലിൻ കഷണം നഷ്ടമായതോർത്തു അവൻ തേങ്ങിക്കരഞ്ഞു.

അത്യാർത്തി ഉള്ളത് കൂടി ഇല്ലാതാക്കുന്നു.

കൂടുതൽ അടുക്കരുത്

പണ്ട് പണ്ട് ഒരു നാട്ടിൽ വെള്ളപ്പൊക്കമുണ്ടായി. കുടിലും കൊട്ടാരവും എല്ലാം വെള്ളത്തിനടിയിലായി.

സാധനങ്ങൾ പലതും വെള്ളത്തിൽ ഒഴുകി നടന്നു. കൂട്ടത്തിൽ കുടിലിലെ ഒരു മൺചട്ടിയും മാളികവീട്ടിലെ ഒരു പിച്ചളക്കുടവും ഉണ്ടായിരുന്നു.

പിച്ചളക്കുടം മൺകുടത്തിനോട് പറഞ്ഞു.

നാമെങ്ങോട്ടാണ് പോകുന്നതെന്നറിയില്ല. നമ്മൾ രണ്ടുപേരും യജമാനന്മാരെ വിട്ടിട്ടുള്ള പോക്കാണ്. എങ്ങനെയാകുമോ നമ്മുടെ ഭാവി. അല്ലയോ മൺചട്ടി, നീ ഒരു പാവപ്പെട്ട മനുഷ്യന്റെ കൂടെ ആയിരുന്നു. ഞാൻ ഒരു ധനികന്റെ കൂടെയും. പക്ഷെ ഇന്ന് നമ്മൾ തുല്യരാണ്. വരൂ എന്റെ അടുത്ത് വരൂ. എന്നോട് ചേർന്ന് ഒഴുകൂ. നമ്മൾക്ക് സൗഹൃദമായി കഴിയാം. നിന്നെ ആപത്തിൽ നിന്ന് ഞാൻ രക്ഷിക്കുകയും ചെയ്യാം.

‘അങ്ങയുടെ ഹൃദയ വിശാലതക്ക് നന്ദി.’മൺചട്ടി വിനയാന്വിതനായി പറഞ്ഞു. പക്ഷെ എനിക്ക് അങ്ങെയേ ഭയമാണ്. നമ്മൾക്ക് അകന്നു തന്നെ ഒഴുകിക്കൊണ്ട് സുഹൃത്തുക്കളാകാം. കൂടുതൽ അടുപ്പമായാൽ ഒഴുക്കിൽ പെട്ട് അങ്ങ് എന്റെ മേലോ ഞാൻ അങ്ങയുടെ മേലോ ഒന്ന് മുട്ടിയാൽ മതി എന്റെ ജീവിതമാണ് തകരുന്നത്. എന്നാൽ അങ്ങേയ്ക്കാകട്ടെ ഒന്നും നഷ്ടപ്പെടാനുമില്ല.

അതിശക്തന്മാരോടും ധനികന്മാരോടും കൂടുതൽ അടുക്കാതെ ഇരിക്കുന്നതാണ് നല്ലത്.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക