രാജാക്കന്മാരെ വിശ്വസിക്കരുത്

0
40
thennali-raman-stories-malayalam

രാജാക്കന്മാരെ വിശ്വസിക്കരുത് എന്നൊരു ചൊല്ലുണ്ടായിരുന്നു. വിവരമുള്ള പഴമക്കാർ പറഞ്ഞു പോന്നിരുന്നതാണത്. രാമനും ആ ചൊല്ലിൽ വിശ്വാസമുണ്ടായിരുന്നു. രാജാക്കന്മാരെ അമിതമായി നമ്പിയാൽ കഷ്ടകാലമായിരിക്കും ഫലം എന്ന് രാമനറിയാമായിരുന്നു. സ്വജീവിതം തന്നെ അതിനുദാഹരണമായിരുന്നു. രാജാവിദൂഷകനായിട്ടെന്തു ഫലം? പലപ്രാവശ്യം രാമൻ വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടുണ്ട്.

ഇതൊക്കെയാണെങ്കിലും രാമന് ഒരു ഭൂതി ഉണ്ടായി. കൃഷ്ണദേവരായ ചക്രവർത്തിയെ ഒന്നുകൂടി പരീക്ഷിക്കുക. എന്താകും ഫലമെന്നറിയാമല്ലോ.

രാമൻ ഒരു ദിവസം അതീവ ദുഃഖിതനായി നടിച്ചു ചക്രവർത്തിയുടെ അടുത്തെത്തി. ചക്രവർത്തി രാമനോട് കാര്യമന്വേഷിച്ചു.

രാമൻ വിവരം പറഞ്ഞു. ‘തിരുമേനി എന്റെ വൈദ്യൻ എന്നെ പരിശോധിച്ചിട്ട് ഒരു വിവരമറിയിച്ചു. എനിക്ക് ഭയങ്കരമായ വ്യാധി പിടിപെട്ടിരിക്കുകയാണ്. ഓരോ നിമിഷവും ഞാൻ മരണത്തോടടുക്കുകയാണ്. ഇനി അധികം ഞാൻ ജീവിച്ചിരിക്കില്ല.’

‘എന്റെ കാലം കഴിഞ്ഞാൽ ഭാര്യയുടെയും മകന്റെയും കാര്യം ആര് നോക്കും. അതൊക്കെ ആലോചിക്കുമ്പോൾ സർവ്വ നാഡീഞരമ്പുകളും തളരുകയാണ്.’

ചക്രവർത്തിക്ക് വലിയ വിഷമം തോന്നി. ‘രാമാ നിങ്ങൾ സങ്കടപ്പെടേണ്ട. വൈദ്യന് തെറ്റുപറ്റിയതായിരിക്കും.’

‘അല്ല തിരുമേനീ. ആ വൈദ്യൻ വളരെ മിടുക്കനാണ്. അയാൾക്ക്‌ തെറ്റുപറ്റില്ല’ രാമൻ പറഞ്ഞു.

ചക്രവർത്തി വീണ്ടും ആശ്വാസവചനങ്ങൾ ഉരുവിട്ടു.

‘രാമാ, നിങ്ങൾ മരിക്കുന്നു എന്ന് വയ്ക്കുക. എങ്കിൽ തന്നെ നിങ്ങളുടെ കുടുംബം അനാഥമാകുകയില്ല. ഭാര്യയെയും മകനെയും ഞാൻ സംരക്ഷിച്ചു കൊള്ളാം. അവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല.’

‘തിരുമേനി, ഒരു കാര്യം പറഞ്ഞാൽ അങ്ങ് പരിഭവിക്കരുത്’ രാമൻ വിനയം ഭാവിച്ചുകൊണ്ട് പറഞ്ഞു.’ അവിടുന്നും ആ ചൊല്ല് കേട്ടിരിക്കും രാജാക്കന്മാരെ വിശ്വസിക്കരുതെന്ന്.’

‘അങ്ങനെയുള്ള രാജാക്കന്മാർ കാണും. പക്ഷേ എല്ലാവരും അത്തരക്കാരല്ലല്ലോ. ഞാൻ തീർച്ചയായും നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കും’ ചക്രവർത്തി ഉറപ്പായി പറഞ്ഞു.

രാമൻ നിശബ്ദനായി എല്ലാം കേട്ടുനിന്നതേയുള്ളു. കുറെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ നാട്ടിലാകെ ഒരു വാർത്ത പരന്നു.  തെന്നാലിരാമൻ മരിച്ചു പോയി. രാമൻ മരിച്ചതായുള്ള വാർത്ത കൊട്ടാരത്തിലുമെത്തി. മഹാകഷ്ടമായി എന്ന് എല്ലാവരും പറഞ്ഞു.

എന്നാൽ ഈ വാർത്ത സത്യമായിരുന്നില്ല. രാമൻ തന്നെ പറഞ്ഞു പരത്തിയ ഒരു നുണയായിരുന്നു അത് ഈ കുസൃതിയുടെ പിന്നിൽ രാമന് ഒരു ഉദ്ദേശമുണ്ടായിരുന്നു.

ചക്രവർത്തിയുടെ സേവകരിൽ കുറേപേർക്കൊക്കെ രാമന്റെ മരണവാർത്ത ആഹ്ളാദം പകർന്നു. ആ ശല്യം അവസാനിച്ചല്ലോ. അവരുടെ കള്ളത്തരവും മുഖസ്തുതിയും പൊളിക്കുന്നതു കൊണ്ടായിരുന്നു അവർക്കു രാമനോട് ദേഷ്യം. രാമൻ കാരണം ചക്രവർത്തിക്ക് പലപ്പോഴും അവരോടു നീരസം തോന്നിയിട്ടുണ്ട്. ചക്രവർത്തിയോട് രാമന്റെ കുറ്റം പറയാൻ അവർ തീരുമാനിച്ചു.

‘രാമൻ മരിച്ചത് ഒരു വിധത്തിൽ രാജ്യത്തിന് നന്നായി. അയാൾ മഹാകള്ളനും കൗശലക്കാരനുമായിരുന്നു. തിരുമേനി അറിയാതെ വളരെയേറെ സ്വത്ത് അയാൾ സമ്പാദിച്ചിട്ടുണ്ട്. അതെല്ലാം അയാൾ ഒരു പെട്ടിയിലാക്കി വീട്ടിൽ സൂക്ഷിച്ചിരിക്കുന്നതായാണ് കേൾവി. ഈ അന്യപ്പെട്ട ധനം ചക്രവർത്തി തിരുമനസ്സ് പൊതുഭണ്ഡാരത്തിലേക്ക് കണ്ടു കെട്ടണം.’

ഈ ആവശ്യവുമായി അവർ ചക്രവർത്തിയെ സമീപിച്ചു. ചക്രവർത്തി രാജസേവകർ പറഞ്ഞത് അപ്പാടെ വിശ്വസിച്ചു.

രാമന്റെ വീട്ടിൽ സ്വർണ്ണം നിറച്ച പെട്ടിയുണ്ടെന്ന കഥ ഉണ്ടാക്കിയത് രാമാനല്ലാതെ മറ്റാരുമല്ലായിരുന്നു.

ഈ വാർത്ത പരക്കെ പരന്നപ്പോൾ രാമൻ വീട്ടിലുണ്ടായിരുന്ന ഒരു വലിയ പെട്ടി ഒഴിച്ച് അതിൽ കയറി കിടപ്പായി. എന്നിട്ടു ഭാര്യയോട് നിർദ്ദേശിച്ചു.

‘ചക്രവർത്തിയുടെ ആൾക്കാർ ഇവിടെ വരാനിടയുണ്ട്. അപ്പോൾ നീ ഒരു കാര്യം ചെയ്യണം. ഈ പെട്ടിപ്പൂട്ടി താക്കോൽ മുദ്രവെച്ചിട്ട് അവർക്കു കൊടുക്കണം. ഈ പെട്ടിയും താക്കോലുമായി അവർ കൊട്ടാരത്തിലേക്ക് പോകും’

രാമന്റെ ഊഹം ശരിയായിരുന്നു. ചക്രവർത്തിയുടെ ആൾക്കാരെത്തി. രാമന്റെ ഭാര്യ രാമൻ പറഞ്ഞതുപോലെ പെട്ടിപ്പൂട്ടി താക്കോൽ മുദ്രവെച്ചു രാജസേവകരെ ഏൽപ്പിച്ചു. അവർ പെട്ടിയും താക്കോലുമായി കൊട്ടാരത്തിലേക്ക് തിരിച്ചു.

പെട്ടിക്കു നല്ല ഭാരമുണ്ടായിരുന്നു. ഹോ! കള്ളൻ ശരിക്കും വെട്ടിച്ചു ഉണ്ടാക്കിയിരുന്നു! ഏതായാലും ഉണ്ണാൻ പറ്റിയില്ല. മകനും ഉണ്ണാൻ പോകുന്നില്ല. എന്നൊക്കെ അവർ ചിന്തിച്ചു.

കൊട്ടാരത്തിൽ പെട്ടിയെത്തി. ചക്രവർത്തി പെട്ടി പരിശോധിക്കാനെത്തി. പെട്ടിയുടെ വലിപ്പവും ഭാരവും കണ്ടപ്പോൾ ചക്രവർത്തി അമ്പരന്നു. രാജസേവകർ പറഞ്ഞത് ശരിയാണല്ലോ. രാമൻ കള്ളൻ തന്നെയായിരുന്നു. ഈശ്വരന്റെ അനുഗ്രഹം കൊണ്ട് അവന്റെ ജീവിതം അവസാനിച്ചു കിട്ടി. ചക്രവർത്തി താക്കോലിട്ടു പെട്ടിതുറന്നു. രത്നവും സ്വർണ്ണവും ഒന്നുമില്ല പെട്ടിയിൽ. പെട്ടിക്കകത്തു നിന്ന് പുഞ്ചിരി തൂകിക്കൊണ്ട് സാക്ഷാൽ രാമൻ തന്നെ എഴുന്നേറ്റു വരുന്നു.

‘ഓഹോ നിങ്ങളുടെ പതിവ് കുസൃതി തന്നെ. നിങ്ങളെക്കൊണ്ട് ഞാൻ പൊറുതിമുട്ടി’ ചക്രവർത്തി പറഞ്ഞു.

‘തിരുമേനി, ഇതൊരു കുസൃതിയല്ല ഇതൊരു പരീക്ഷണമായിരുന്നു. ഈ പരീക്ഷണത്തിൽ ഒരു സത്യം എനിക്ക് വീണ്ടും ബോധ്യമായി. രാജാക്കന്മാരെ വിശ്വസിക്കരുതെന്ന ചൊല്ല് സത്യമാണെന്ന് അപ്പോൾ അങ്ങ് പറഞ്ഞില്ലേ, അങ്ങ് അത്തരക്കാരനല്ലെന്നും അങ്ങ് എന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും ഇപ്പോഴും അങ്ങേയ്ക്ക് അക്കാര്യം തറപ്പിച്ചു പറയാൻ പറ്റുമോ? ഇല്ല. ഒരിക്കലുമില്ല. രാജാക്കൻമാരെ അമിതമായി നമ്പിക്കൂടാ. എന്റെ കുടുംബത്തിന് ഞാൻ മാത്രമേയുള്ളു. ഞാൻ മരിച്ചാൽ വേറെ ആരും കുടുംബത്തിന്റെ  സംരക്ഷകനാവില്ല.ആരൊക്കെ എന്ത് വാക്കുതന്നലും. അത് ചക്രവർത്തി ആയാൽപോലും.’

രാമന്റെ വാക്കുകൾക്ക് മുന്നിൽ ചക്രവർത്തി തല കുനിക്കേണ്ടി വന്നു.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക