രാജപുരോഹിതന്റെ അനന്തരാവകാശി

0
318
thennali-raman-stories-malayalam

രാമനോട് കടുത്ത ശത്രുതയിലായിരുന്നു രാജപുരോഹിതനും സംഘവും. രാമനെ ഒരു നല്ല പാഠം പഠിപ്പിക്കാൻ അവർ തീരുമാനിച്ചു. അതിനായി ഗൂഢസംഘം ഒരു പദ്ധതി നിശ്ചയിച്ചുറച്ചു.

രാമനെ രാജപുരോഹിതന്റെ അനന്തരാവകാശിയായി നിശ്ചയിച്ചതായി രാമനോട് പറയണം. നിർദ്ധിഷ്ട മതകർമ്മങ്ങൾ നടത്തണമല്ലോ. ശംഖുമുദ്രയും ചക്രമുദ്രയും ദേഹത്ത് പതിപ്പിക്കുക എന്നൊരു കർമ്മമുണ്ടെന്നു പറയണം. രാമൻ അതിനു സമ്മതിക്കും. അപ്പോൾ ലോഹമുദ്രകൾ തീയിൽ പഴുപ്പിച്ചു രാമന്റെ മുതുകിൽ അമർത്തി വയ്ക്കണം. രാമൻ ശെരിക്കും വേദനകൊണ്ട് പുളയും. അതിനു ശേഷം ആലോചന നടത്തുന്നതായി ഭാവിക്കണം. അതായത് രാജവിദൂഷകന് രാജപുരോഹിതനാകാൻ യോഗ്യതയുണ്ടോ എന്നറിയാൻ. രാമന് അതിനുള്ള യോഗ്യതയില്ലെന്ന നിഗമനത്തിൽ എത്തിച്ചേരണം. നല്ല പദ്ധതി തന്നെ! രാമന് എന്താണ് ലഭിക്കുക? ലോഹമുദ്രയുടെ പാടും മാനനഷ്ടവും!

രാജപുരോഹിതൻ രാമനെ ചെന്ന് കണ്ടു ‘രാമാ, എന്നെയും നിങ്ങളെയും സംബന്ധിച്ചു ഞാനൊരു തീരുമാനമെടുത്തു കഴിഞ്ഞു. ഇനി നിങ്ങളുടെ സമ്മതം കൂടി കിട്ടിയാൽ മതി’

രാജപുരോഹിതൻ മഹാചതിയനും സൂത്രശാലിയും ആണെന്ന് രാമന് അറിയാമല്ലോ. എങ്കിലും തികഞ്ഞ ഭവ്യതയോടെ രാമൻ പറഞ്ഞു. ‘അങ്ങ് എന്നെക്കുറിച്ചു എന്ത് തീരുമാനമെടുത്താലും അത് നല്ലതു തന്നെ ആയിരിക്കുമെന്നെനിക്കറിയാം. ആട്ടെ, എന്താണാവോ ആ തീരുമാനം?

‘ഞാൻ രാമനെ എന്റെ അനന്തരാവകാശിയായി നിയമിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. നിങ്ങൾ രാജപുരോഹിതപദവിക്ക് എന്തുകൊണ്ടും യോഗ്യനാണ്.’

‘സ്വാമീ, അങ്ങ് എന്നിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം നിസ്സീമമാണ്. എന്നാണാവോ ഇതിലേക്കുള്ള കർമ്മങ്ങൾ നടക്കുന്നത്? ദിവസവും സമയവും അറിയിക്കുവാൻ ദയവുണ്ടാകണം. എന്റെ ജീവിതത്തിലെ ഏറ്റവും ധന്യമായ നിമിഷമായിരിക്കുമത്? രാമൻ അതീവവിനയത്തോടെ പറഞ്ഞു.

‘അടുത്ത വെള്ളിയാഴ്ച രാവിലെയാണ് ശുഭ മുഹൂർത്തം. എന്റെ ഗൃഹത്തിൽ വച്ച് തന്നെയായിരിക്കും കർമ്മങ്ങൾ.’

‘തീർച്ചയായും ഞാനെത്തും.’ രാമൻ പറഞ്ഞു.

രാജപുരോഹിതന്‌ സന്തോഷമായി. വളരെ എളുപ്പത്തിൽ തന്നെ രാമനെ പാട്ടിലാക്കാൻ കഴിഞ്ഞു. രാമൻ കുടുങ്ങിയത് തന്നെ!

ഇതിലെന്തോ ചതി ഉണ്ടെന്ന് രാമന് ബോധ്യമായി. വളരെ സൂക്ഷിച്ചു വേണം നീങ്ങാൻ. എന്തോ ഗൂഢാലോചനയാണ്. അതെന്താണെന്നറിയണം. അതിനുള്ള പോംവഴി ഗൂഢസംഘത്തിലെ ആരെയെങ്കിലും വശത്താക്കുകയാണ്. എങ്ങനെയാണ് അത് സാധിക്കുക?

ഗൂഢസംഘത്തിൽ സോമയാജ്ജുലി എന്ന് പേരായ ഒരുവനുണ്ടായിരുന്നു. അയാൾക്ക്‌  വലിയ സാമ്പത്തിക ബുദ്ധിമുട്ടായിരുന്നു. കൂനിന്മേൽ കുരുവെന്ന പോലെ അയാളുടെ ഭാര്യ പൂർണ്ണ ഗർഭിണിയുമായിരുന്നു. എന്നാൽ അയാളുടെ കൈവശമാകട്ടെ ഒരു ചില്ലിക്കാശുപോലും ഇല്ലായിരുന്നു താനും. രാമൻ അയാളെക്കൊണ്ട് പത്തു സ്വർണനാണയങ്ങൾ കൊടുത്തു അയാളെ പ്രലോഭിപ്പിച്ചു. പക്ഷേ അയാൾക്ക് രാജപുരോഹിതനെ ഭയമായിരുന്നു. ഒടുവിൽ വീണ്ടും വീണ്ടുമുള്ള രാമന്റെ പ്രലോഭനത്തിൽ അയാൾ വീണു. ഗൂഢസംഘത്തിന്റെ പദ്ധതി രാമനെ അറിയിച്ചു.

എല്ലാം അറിഞ്ഞുവെങ്കിലും രാമൻ ഒന്നും പുറമെ കാണിച്ചില്ല.

നിശ്ചിത വെള്ളിയാഴ്ച എത്തി. രാമൻ അതിരാവിലെ എഴുന്നേറ്റു സ്നാനവും നടത്തി. കൃത്യസമയത്തിനു മുമ്പായി രാമൻ രാജപുരോഹിതന്റെ ഗൃഹത്തിലെത്തി. രാജപുരോഹിതൻ രാമനെ ഹാർദ്ദവമായി സ്വീകരിച്ചു പ്രത്യേകമായി ഒരുക്കപ്പെട്ടിരുന്ന ഒരു ഇരിപ്പിടത്തിൽ ആസനസ്ഥനാക്കി. ഭൃത്യന്മാർ രാമനെ ഒരു പട്ടുവസ്ത്രം ധരിപ്പിച്ചു. ഈ പട്ടുവസ്ത്രമണിഞ്ഞു വേണം കർമ്മങ്ങളിൽ പങ്കുകൊള്ളുവാൻ. നിസ്സാരപ്പെട്ട കാര്യമൊന്നും അല്ലല്ലോ. രാജപുരോഹിതന്റെ അനന്തരഗാമിയാകുന്ന ചടങ്ങല്ലേ?

രാജപുരോഹിതൻ രാമന് നൂറു സ്വർണനാണയങ്ങൾ നൽകി. രാമൻ സന്തോഷിച്ചു. പത്തു കൊടുത്തു നൂറു കിട്ടി. എന്നാൽ രാജപുരോഹിതന്റെ ചിന്ത വേറൊന്നായിരുന്നു. നൂറു പോയാലെന്താ, ഈ വികട ബ്രാഹ്മണനെ ഒരു പാഠം പഠിപ്പിക്കാമല്ലോ.

ഹോമവും പൂജയും തുടങ്ങി. ഗൂഢസംഘക്കാരുടെ മുഖങ്ങളിൽ നിഗൂഢമായ സന്തോഷം പ്രഭ വിടർത്തി. താമസിയാതെ തന്നെ ശംഖുമുദ്രയും ചക്രമുദ്രയും പതിപ്പിക്കുന്ന കർമ്മത്തിലേക്ക് കടക്കും. രാമൻ പിടിച്ചിരിക്കുന്ന പുലിവാല് ഓർത്തണവർ സന്തോഷിച്ചത്. രാമൻ ഒന്നുമറിയാത്ത മട്ടിൽ തന്നെ ഇരുന്നു.

ശംഖുമുദ്ര പതിപ്പിക്കുന്ന കർമ്മമായി. രാജപുരോഹിതൻ തീയിൽ കിടന്നു പഴുക്കുന്ന മുദ്രകളുടെ സമീപത്തേക്കു നടന്നു. പെട്ടെന്ന് രാമനെഴുന്നേറ്റു നിന്നു. എന്നിട്ടു ഉറക്കെ ചിരിച്ചു.

‘സ്വാമീ, അങ്ങെനിക്കു നൂറു സ്വർണനാണയങ്ങൾ തന്നു. ഇതാ ഈ അമ്പതെണ്ണം തിരിച്ചെടുത്തുകൊള്ളൂ. ഞാൻ പകുതി കർമ്മങ്ങളിലെ പങ്കു കൊള്ളുന്നുള്ളൂ. ശേഷം കർമ്മങ്ങളിലേക്ക് വേറെ ആളെ അങ്ങ് കണ്ടുപിടിച്ചുകൊള്ളു.’

ഇത്രയും പറഞ്ഞിട്ട് രാമൻ പട്ടുവസ്ത്രങ്ങളും അണിഞ്ഞു ഒറ്റ ഓട്ടം! ഗൂഢസംഘക്കാർ പിറകെ ഓടി. പക്ഷെ രാമൻ മിന്നൽ വേഗത്തിൽ ഓടി മറഞ്ഞു കഴിഞ്ഞിരുന്നു. രാജപുരോഹിതനും സംഘവും നിരാശരായി മടങ്ങി.

രാമൻ കൊട്ടാരത്തിലേക്കാണ് നേരെ ഓടിയത്. നടന്നതെല്ലാം ചക്രവർത്തിയോട് പറഞ്ഞു.

ചക്രവർത്തി പറഞ്ഞു.

‘രാമാ, നിങ്ങൾ ചെയ്തത് അസ്സലായിട്ടുണ്ട്. രാജപുരോഹിതന്റെ ചതിയിൽ വീഴാതെ രക്ഷപെടാൻ കഴിഞ്ഞത് നിങ്ങളുടെ ബുദ്ധിവൈഭവം ഒന്ന് കൊണ്ട് മാത്രമാണ്. ഇതിനു തക്കതായ ഒരു സമ്മാനം നിങ്ങൾക്ക് ഞാൻ തരികയാണ്’

ചക്രവർത്തി ആയിരം സ്വർണ്ണനാണയങ്ങളുള്ള ഒരു പണക്കിഴി രാമന് നൽകി. രാമൻ വിചാരിച്ചു. ‘ഞാൻ  പത്തു സ്വർണനാണയങ്ങൾ വിതച്ചു. ഇന്നിതാ നൂറ്റഞ്ചു മേനിയായി അത് വിളഞ്ഞിരിക്കുന്നു. ഇന്നെന്റെ കൈയിൽ ആയിരത്തി അമ്പതു സ്വർണ്ണനാണയങ്ങളാണ് ഉള്ളത്.’ രാമാനുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക