മുൻകോപിയായ പാമ്പ്

0
47
aesop-kathakal-malayalam-pdf download

പണ്ടൊരു ശൈത്യകാലത്തു അസഹ്യമായ തണുപ്പ് താങ്ങാനാവാതെ മാളത്തിൽ നിന്നും പുറത്തു ചാടിയ ഒരു പാമ്പ് ഒരു കൊല്ലന്റെ ആലയിലെത്തി. ഉലയിൽ നിന്നും വരുന്ന ചൂട് പാമ്പിന് സുഖപ്രദമായി തോന്നി. അതിനാൽ മഞ്ഞുകാലം ആലയിൽ തന്നെ കഴിച്ചുകൂട്ടാൻ പാമ്പ് തീരുമാനിച്ചു. കൊല്ലൻ കാണാതെ ഏതെങ്കിലും മൂലയിൽ ഒളിച്ചാൽ മതിയല്ലോ. അങ്ങനെ ഒളിസങ്കേതം തെരഞ്ഞു നടക്കുന്നതിനിടയിൽ പാമ്പിന്റെ ശരീരം അലയിലെ ഒരു അരത്തിൽ ഉരഞ്ഞു. പാമ്പിന് വല്ലാതെ വേദനിച്ചു.

പാമ്പിന് ദേഷ്യമായി. അവൻ അരം കടിച്ചെടുത്തു കുടഞ്ഞു. അരത്തിന്റെ മൂർച്ചയേറിയ ഭാഗങ്ങൾ കൊണ്ട് പാമ്പിന്റെ വായ മുറിഞ്ഞു രക്തമൊഴുകി. പക്ഷെ അരത്തിന്റെ രക്തമാണെന്നാണ് പാമ്പ് ധരിച്ചത്. അതിനാൽ അരത്തിൽ കുറേകൂടി ആഴത്തിൽ പല്ലുകൾ താഴ്ത്താനുള്ള ശ്രമമായി. വീണ്ടും ചോര ഒലിച്ചു.

അവസാനം പാമ്പ് ക്ഷീണിച്ചു കിടന്നുറങ്ങി.

കുറെ കഴിഞ്ഞു പാമ്പിന് ബോധം വന്നു. അപ്പോൾ ഒരു കാര്യം അവനു മനസിലായി. മുറിഞ്ഞത് തന്റെ വായാണ്. ഒഴുകിയത് സ്വന്തം രക്തമാണ്. അരത്തിനു ഒരു ചുക്കും പറ്റിയിട്ടില്ല. പാമ്പിന് വീണ്ടും കലി വന്നു. പക്ഷേ കോപം ആരോട് തീർക്കാൻ?

മുൻകോപിയായ മനുഷ്യൻ അവിവേകം പ്രവർത്തിക്കുന്നു.

വേട്ടപ്പട്ടിയുടെ അവിവേകം

പണ്ട് പണ്ടൊരിക്കൽ കാട്ടിലെത്തിയ ഒരു വേട്ടപ്പട്ടി കാട്ടുരാജാവായ സിംഹത്തെ കാണുന്നതിനിടയായി. മറ്റേതു ജീവിയുടെയും നേരെ കുരച്ചു ചാടുന്നത് പോലെ പട്ടിസിംഹത്തിന്റെ നേരെയും ചാടി. സിംഹം ആദ്യമൊക്കെ വേട്ടപ്പട്ടിയുടെ കുര അവഗണിച്ചു. പക്ഷെ കുറെ കഴിഞ്ഞപ്പോൾ സിംഹത്തിന് കോപം വന്നു. അവൻ പട്ടിയെ നോക്കി ഒന്ന് ഗർജിച്ചു.

ഗർജ്ജനം കേട്ട് ഭയന്ന പട്ടി ഒറ്റ ഓട്ടം വച്ചു കൊടുത്തു. കൊടും കാറ്റിന്റെ വേഗത്തിൽ അവൻ തിരിഞ്ഞോടി. അധികദൂരം എത്തും മുൻപ് പട്ടി ഒരു വള്ളിയിൽ തട്ടി വീണു. അപ്പോഴും  അവന്റെ ശരീരമാകെ വിറയ്ക്കുന്നുണ്ടായിരുന്നു.

എല്ലാം കണ്ടു നിൽക്കുകയായിരുന്ന ഒരു കുറുക്കൻ അപ്പോൾ അവിടെയെത്തി. വള്ളിക്കെട്ടിൽ നിന്നും പുറത്തു കടക്കാൻ അവൻ പട്ടിയെ സഹായിച്ചു. എന്നിട്ട് അവൻ വേട്ടപ്പട്ടിയോടു പറഞ്ഞു. ‘നിന്നെ തിരുമണ്ടൻ എന്നല്ലേ വിളിക്കേണ്ടു. ഒറ്റ ഗർജ്ജനം കൊണ്ട് നിന്നെ വിരട്ടിയോടിക്കാൻ കഴിവുള്ളവരുടെ നേരെ ഇനി ഒരിക്കലും നീ കുരച്ചു ചാടരുത്’

അവനവനെക്കാൾ ശക്തന്മാരുമായി പോരാടാൻ നോക്കരുത്. 

പുലി വരുന്നേ! പുലി വരുന്നേ!

പണ്ട് പണ്ടൊരു ഗ്രാമത്തിൽ മഹാവികൃതിയായ ഒരു ഇടയ പയ്യൻ ഉണ്ടായിരുന്നു. കാട്ടിൽ ആടുകളുമായി മേയാൻ പോയാൽ ദിവസങ്ങൾ കഴിഞ്ഞാണവൻ വീട്ടിൽ വരുക.

ഒരു ദിവസം കാട്ടിൽ ആടുകളുമായി നടന്നപ്പോൾ അവനു ഒരു ദുഷിച്ച ചിന്തയുണ്ടായി. മനുഷ്യരെ ഒന്ന് വിഡ്ഢിയാക്കുക തന്നെ! അവൻ തീരുമാനിച്ചു.

അവൻ നിലവിളിച്ചു ‘അയ്യോ! പുലി വരുന്നേ! പുലി വരുന്നേ! രക്ഷിക്കണേ!’

മലയടിവാരത്തുള്ള ഗ്രാമത്തിലെ ആളുകളും കാട്ടിനുള്ളിലെ മരംവെട്ടുകാരും ഈ നിലവിളി കേട്ടു. അവർ കൊടുവാളും കോടാലിയുമായി ഓടിയെത്തി.

പക്ഷേ നിലവിളി കേട്ട സ്ഥലത്തു വന്നപ്പോൾ ഒന്നും പ്രത്യേകമായി കണ്ടില്ല. ഒന്നുമറിയാത്ത മട്ടിൽ ആടുകളെ മേയ്ക്കുന്ന ഇടയച്ചെറുക്കനെയാണ് അവർ കണ്ടത്.

അവർ ചോദിച്ചു ‘എവിടെ നിന്നാണ് ആ നിലവിളി കേട്ടത്.’

‘എനിക്കറിയില്ല. ഞാനൊരു നിലവിളിയും കേട്ടില്ല’ കുസൃതിച്ചിരിയോടെ അലസമായി അവൻ പറഞ്ഞു.

കുറെ ദിവസങ്ങൾ കഴിഞ്ഞു. ഒരിക്കൽക്കൂടി പഴയ തമാശ ആവർത്തിക്കണമെന്നു ഇടയപ്പയ്യന് തോന്നി. അവൻ വിളിച്ചു കൂവി. ‘അയ്യോ! പുലി വരുന്നേ! എന്നെ രക്ഷിക്കണേ!

പഴയതുപോലെ തന്നെ കോടാലിയും കൊടുവാളുമായി ജനങ്ങൾ ഓടിക്കൂടി. അന്നും ജനങ്ങൾ കണ്ടത് ഒന്നുമറിയാത്ത മട്ടിൽ ആടുകളെ മേയ്ക്കുന്ന ഇടയപ്പയ്യനെയാണ്.

അന്നും അവർ ചോദിച്ചു.

‘നീ ഒരു നിലവിളി കേട്ടുവോ?’

ഇല്ലായെന്ന മട്ടിൽ അവൻ തലയാട്ടി.

നാട്ടുകാരെ ഇളിഭ്യരാക്കിയെന്ന മട്ടിൽ പയ്യൻ ഒന്ന് ഊറിച്ചിരിച്ചു.

കുറെ ദിവസങ്ങൾ കഴിഞ്ഞു. ഇടയപ്പയ്യൻ ആടുകളെ മേയിച്ചുകൊണ്ട് കാട്ടിലിരിക്കുകയായിരുന്നു. പെട്ടെന്ന് ഏതോ ഒരു ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കി. അവൻ ഭയന്ന് വിറച്ചു. ഒരു പുലി അതാ കുറ്റിക്കാട്ടിൽ നിന്ന് അവനെ തന്നെ നോക്കുന്നു.

അവൻ ആവുന്നത്ര ഉച്ചത്തിൽ നിലവിളിച്ചു ‘അയ്യോ!… പുലി വരുന്നേ! പുലി വരുന്നേ! എന്നെ രക്ഷിക്കണേ!’

അടിവാരത്തിലെ ജനങ്ങളും കാട്ടിലെ പണിക്കാരും നിലവിളി കേട്ടു. ‘ഇതെല്ലാം ആ വികൃതിപ്പയ്യന്റെ വേലകളാണ്.’ അവരിൽ പലരും പറഞ്ഞു. ആരും അന്ന് ഓടിച്ചെന്നില്ല

വീണ്ടും പയ്യൻ ദയനീയമായി നിലവിളിച്ചു പക്ഷേ ആരും ഗൗനിച്ചില്ല. അതിനു ശേഷം ഒരിക്കലും നാട്ടുകാർ ഇടയപ്പയ്യന്റെ നിലവിളി കേട്ടിട്ടില്ല. ആരും ഇടയപ്പയ്യനെ കണ്ടിട്ടുമില്ല. പുലി അന്നവന്റെ കഥ കഴിച്ചിരുന്നു.

കള്ളം പറയുന്ന ശീലം അപകടം വിളിച്ചു വരുത്തും. കള്ളം പറയുന്നവനെ ആരും വിശ്വസിക്കില്ല, അവൻ സത്യം പറഞ്ഞാൽ പോലും.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക