മാംസം തിന്നുന്ന കുതിര

0
826
thennali-raman-stories-malayalam

കൃഷ്ണദേവരായ ചക്രവർത്തിക്ക് പർവ്വതപ്രാന്തങ്ങളിൽ ഒരു താവളമുണ്ടായിരുന്നു. വളരെ മനോഹരമായ ഒരു സ്ഥലമായിരുന്നവിടം. ആ താവളത്തിന്റെ പ്രകൃതിരമണീയതയെകുറിച്ചുള്ള കഥകൾ രാമനും കേട്ടിരുന്നു. ഒരിക്കലവിടം വരെ ഒന്നു പോകണമെന്നു രാമൻ നിശ്ചയിച്ചു. കുതിരപ്പുറത്തു കയറി രാമൻ യാത്രയായി.

ദീർഘദൂരം സഞ്ചാരമുണ്ടായിരുന്നു. തണുപ്പ് കഠിനമായിരുന്നു താനും. കൂടാതെ മഴയും പെയ്യാൻ തുടങ്ങി. തണുത്തു വിറങ്ങലിച്ചു ദേഹമാസകലം മഴയിൽ കുളിച്ചു രാമൻ ഒരു വിധം താവളത്തിലെത്തിയെന്നു പറഞ്ഞാൽ മതിയല്ലോ.

തീ കൂട്ടി അതിനു ചുറ്റുമിരുന്നു സൊറ പറയുന്ന രാജസേവകന്മാരെയാണു രാമൻ അവിടെ കണ്ടത്. ചൂട് മാംസാഹാരത്തിന്റെ ഗന്ധം അവിടെ തിങ്ങി നിന്നു. രാമനു തീ കായണമെന്നും ഭക്ഷണം കഴിക്കണമെന്നും ഒക്കെ ആഗ്രഹമുണ്ടായിരുന്നു . പക്ഷേ രാജസേവകന്മാർ രാമനെ. ഗൗനിച്ചതേയില്ല. രാമനെ കണ്ടതായി പോലും അവർ നടിച്ചില്ല.

പക്ഷേ രാമൻ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. തീ കാഞ്ഞിട്ടു തന്നെ! ഭക്ഷണം കഴിച്ചിട്ട് തന്നെ! രാമൻ നിശ്ചയിച്ചു. രാമന്റെ തീഷ്ണമായ ബുദ്ധിയിൽ തെളിയാത്ത പദ്ധതി വല്ലതുമുണ്ടോ?

രാജസേവകന്മാരോടായി രാമൻ ഉച്ചത്തിൽ പറഞ്ഞു.

‘കൂട്ടുകാരെ എന്റെ കുതിര ദീർഘയാത്ര കഴിഞ്ഞു വരികയാണ്. അത് ആഹാരം കഴിച്ചിട്ട് ഏറെ നേരമായി. അതിനു കൊടുക്കാൻ കുറെ മാംസ പലഹാരം തരിൻ’

അട്ടഹാസത്തിനിടയിലൂടെ സേവകർ രാമന്റെ അഭ്യർത്ഥന കേട്ടു. അവർ സംഭാഷണം നിർത്തി.

‘രാമാ, നിങ്ങളെന്താണ് പറയുന്നത്. മാംസാഹാരം തിന്നുന്ന കുതിരയോ! വിചിത്രം തന്നെ! ഇത്തരം പൊളി വചനങ്ങൾ പറയാൻ നിങ്ങൾക്കെങ്ങനെ ധൈര്യം വന്നു? രാജസേവകരിൽ ഒരുവൻ പറഞ്ഞു.

‘സുഹൃത്തുക്കളെ ഞാൻ കള്ളം പറയുകയില്ല. നിങ്ങൾക്ക്  വിശ്വാസമായില്ലെങ്കിൽ, എന്തുകൊണ്ട് പരീക്ഷിച്ചു നോക്കിക്കൂടാ. കുതിര ഇവിടെ തന്നെയുണ്ടല്ലോ?’

രാമൻ പറഞ്ഞു.

എന്നാലിതൊന്നു അറിഞ്ഞിട്ടു തന്നെ! ആദ്യം ഒരു രാജസേവകൻ ഒരു തമ്പാളത്തിൽ കുറെ മാംസപലഹാരം പകർന്നു. താമസിയാതെ വേറെ ചിലരും അയാളോടൊപ്പം കൂടി. കുറച്ചു സമയത്തിനുള്ളിൽ സേവകന്മാരെല്ലാം ആർത്തു അട്ടഹസിച്ചുകൊണ്ട് മാംസാഹാരവുമായി കുതിരയുടെ അടുത്തേയ്ക്കു നീങ്ങി.

വിഡ്ഢികളെല്ലാം പോയല്ലോ! രാമൻ ഒരു ഇരിപ്പിടം കണ്ടുപിടിച്ചു. അതിലിരിപ്പായി. തീയുടെ അടുത്തിരുന്നിട്ടു നല്ല സുഖം. തണുപ്പ് കുറെശ്ശേ വിട്ടകന്നു.

കുതിരയുടെ അടുത്തെത്തിയ രാജസേവകൻ മാംസ പലഹാരം സസ്യഭുക്കായ ആ ജീവിക്കു നേരെ നീട്ടി. കുതിരയാകട്ടെ എതിർവശത്തേക്ക് തിരിഞ്ഞു. സേവകർ ആ വശത്തു ചെന്നു. അപ്പോൾ കുതിര വീണ്ടും തിരിഞ്ഞു. മദ്യം അകത്തുണ്ടായിരുന്ന സേവകർക്കു വാശിയായി. എന്നാൽ ഈ കുതിരയെ മാംസം തീറ്റിയിട്ടേ

ഉള്ളു എന്നായി! അവർ കുതിരയുടെ തലയിൽ പിടിച്ചു. വായ തുറപ്പിക്കാൻ ശ്രമമായി. പക്ഷേ കുതിര വായ ബലമായി അടച്ചു നിന്നു.

എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ രാജസേവകർ തിരിച്ചു അകത്തേക്കു പോയി. സമയം കുറെ കഴിഞ്ഞിരുന്നു. തിരിച്ചെത്തിയപ്പോൾ അവരെന്താണ് കണ്ടത്? രാമൻ സുഖമായി തീയും കാഞ്ഞു ഇരിക്കുന്നു രാമാനവരെ വിഡ്ഢിയാക്കുകയായിരുന്നുവെന്നു അപ്പോഴും അവർക്കു തോന്നിയില്ല.

‘രാമാ, നിങ്ങളുടെ കുതിര മാംസപലഹാരം തിന്നുന്നില്ലല്ലോ നിഷ്‌കളങ്കമായി അവർ പറഞ്ഞു.

രാമാനപ്പോൾ വിശദീകരിച്ചു.

‘കേട്ടോ, ചങ്ങാതിമാരെ,എന്റെ കുതിരയ്ക്ക് ബുദ്ധിയുണ്ട്. അതു ആദ്യം വിചാരിച്ചു എന്റെ യജമാനൻ തണുത്തു വിറങ്ങലിച്ചു വന്നിരിക്കുകയാണ്. പുല്ലോ മുതിരയോ കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിക്കില്ല. അതുകൊണ്ട് തല്ക്കാലം മാംസപലഹാരം തിന്നുക തന്നെ. പക്ഷേ താമസിയാതെ കുതിരയ്ക്കു മനസ്സിലായി എന്റെ യജമാനൻ തീ കാഞ്ഞു സുഖമായിരിക്കുകയാണ് ഉടൻ തന്നെ പുല്ലോ മുതിരയോ കൊണ്ട് വരാതിരിക്കില്ല. പിന്നെന്തിനു മാംസ പലഹാരം തിന്നണം? അതുകൊണ്ടാണ് കുതിര മാംസപലഹാരം തിന്നാതിരുന്നത്. മനസ്സിലായോ?’

‘ഉവ്വോ? അങ്ങനെയോ? വിഡ്ഢികളായ രാജസേവകർ രാമൻ പറഞ്ഞ ആ വിശദീകരണവും അപ്പാടെ വിശ്വസിച്ചു. സേവകന്മാരുടെ വിഡ്ഢിത്തരമോർത്തു രാമൻ ഊറിച്ചിരിച്ചു.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക