മയിൽപ്പീലി ചൂടിയ കാക്ക

0
450
aesop-kathakal-malayalam-pdf download

കാട്ടിൽക്കൂടി പറന്ന ഒരു കാക്ക കുറ്റിക്കാടുകൾക്കിടയിൽ ഒരു മയിൽ‌പ്പീലി കിടക്കുന്നതു കണ്ടു. സ്വന്തം തൂവലുകൾക്കിടയിൽ മയിൽ‌പ്പീലി തിരുകിവച്ചാൽ താൻ സുന്ദരനാകും എന്ന് കാക്ക കരുതി. ഉടനെ തന്നെ കാക്ക മയിൽ‌പ്പീലി കൊത്തിയെടുത്തു തൂവലുകൾക്കിടയിൽ തിരുകി.

മയിൽ‌പ്പീലി ചൂടിയ കാക്കയെ കാണാൻ മറ്റു കാക്കകളെത്തി. പക്ഷേ അവൻ ആരെയും ശ്രദ്ധിക്കുകയോ വർത്തമാനം പറയുകയോ ചെയ്‌തില്ല. അവൻ സുഹൃത്തുക്കളെയും ബന്ധുക്കളെയും കൊത്തിയോടിച്ചു. ‘നാണം കെട്ട പരിഷകൾ. അവനവന്റെ തരപ്പടിക്കാരോട് കൂട്ടുകൂടിയാൽ പോരേ? ഞാനാരാണെന്നാ അവരൊക്കെ ധരിച്ചത്’

അകലെയായി ഒരു കൂട്ടം മയിലുകൾ എത്തി. ആകാശത്തു മഴക്കാറ് വ്യാപിക്കുന്നുണ്ടായിരുന്നു. മയിലുകൾ നൃത്തം ചെയ്യാൻ ആരംഭിച്ചു. കാക്ക മയിലുകളുടെ അടുത്തെത്തി. ഇനി മുതൽ അവരാണ് തന്റെ കൂട്ടുകാർ. മയിലിനെപോലെ നൃത്തം ചെയ്യാൻ കൂടി പഠിക്കണം. മയിലുകളെ അനുകരിച്ചു കാക്ക പാദങ്ങൾ ചലിപ്പിക്കാൻ തുടങ്ങി.

പക്ഷെ മയിലുകൾക്ക് കാക്കയുടെ നൃത്താഭ്യാസം ഒട്ടും രസിച്ചില്ല. അവർ കാക്കയെ കൊത്തിയോടിച്ചു.

കാക്കയ്ക്ക് ഇത് വലിയ നാണക്കേടായി. മറ്റു കാക്കകൾ അത് കാണുകയും ചെയ്തു. തൂവലിൽ തിരുകിയ മയിൽ‌പ്പീലി വലിച്ചെറിഞ്ഞ ശേഷം കാക്ക മറ്റു കാക്കകളുടെ സൗഹൃദം തേടാനെത്തി. പക്ഷെ അവർ അവനെ ഓടിച്ചു.’ എവിടെ നിന്റെ മയിൽ‌പ്പീലി.  മയിൽ‌പ്പീലി തിരുകിയാൽ മയിലാകുമെന്നു കരുതിയ വിഡ്ഢി. നിനക്ക് ഇനി ഞങ്ങളുടെ സമൂഹത്തിൽ സ്ഥാനമില്ല. മേലിൽ ഇവിടെ കണ്ടു പോകരുത്.’

ദൂരെ പശ്ചാത്തപിച്ചിരുന്ന കാക്കയുടെ അടുത്ത് ഒരു വൃദ്ധൻ കാക്കയെത്തി ഉപദേശിച്ചു. ‘പ്രകൃതി നിനക്ക് എന്ത് നൽകിയോ അതിൽ സംതൃപ്തിയണയുകയാണ് ഉത്തമം. ഇല്ലെങ്കിൽ സ്വന്തം സമൂഹത്തിൽ നിന്ന് പുറത്താകും. കൂടാതെ ഉയർന്ന സമൂഹത്തിന്റെ പുച്ഛവും അനുഭവിക്കേണ്ടി വരും.

 സ്വന്തക്കാരെ പുച്ഛിച്ചു ഉയർന്നവരോട് അടുക്കുന്നത് വിനാശകരമാണ്.

പാമ്പിനോട് ദയ

പണ്ട് പണ്ടൊരിക്കൽ ഒരു ഗ്രാമത്തിൽ അതിശൈത്യം വന്നു. ദിവസങ്ങൾ തുടർച്ചയായി മഞ്ഞു പെയ്തുകൊണ്ടിരുന്നു. ചെടികളും മരങ്ങളും ജീവജാലങ്ങളും എല്ലാം മരവിച്ചു നിന്നു.

ദേഹമാസകലം കമ്പിളി വസ്ത്രം കൊണ്ട് മൂടി ഒരു ഗ്രാമീണൻ വഴിയിൽക്കൂടി നടന്നു പോകുകയായിരുന്നു. മഞ്ഞിൽ മരവിച്ചു കിടക്കുന്ന ഒരു പാമ്പിനെ അയാൾ കണ്ടു. അയാൾക്ക്‌ ആ പാമ്പിനോട് ദയ തോന്നി.

അയാൾ പാമ്പിനെ കൈയിലെടുത്തു. എന്നിട്ടു മേൽവസ്ത്രത്തിന്റെ കുടുക്കുകളഴിച്ചു അതിനകത്തു പാമ്പിനെ നെഞ്ചോടു ചേർത്ത് വച്ചു.

കമ്പിളി വസ്ത്രത്തിനുള്ളിൽ ആയപ്പോൾ പാമ്പിന്റെ മരവിപ്പ് മാറി. നെഞ്ചിലെ ഇളം ചൂടും കൂടി ആയപ്പോൾ അത് മെല്ലെ അനങ്ങുവാൻ തുടങ്ങി. ഗ്രാമീണനു വലിയ സന്തോഷം തോന്നി.

കുറെ കഴിഞ്ഞപ്പോൾ ഗ്രാമീണന്റെ നെഞ്ചിൽ സൂചി കുത്തുന്നതുപോലെ ഒരു വേദന അനുഭവപ്പെട്ടു. പാമ്പു കടിച്ചതിന്റെ വേദനയായിരുന്നത്.

നിമിഷങ്ങൾക്കകം ഗ്രാമീണൻ മഞ്ഞിൽ വീണു മരിച്ചു.

ദുഷ്ടന്മാരോട് കാരുണ്യം കാണിക്കുന്നത് വിനാശകരമാണ്.

ആട്ടിടനും കാട്ടാടുകളും

പണ്ടൊരിക്കൽ ഒരു ആട്ടിടയൻ തന്റെ ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു. ആ വർഷം പതിവിലും മുമ്പേ ശൈത്യം  ആരംഭിച്ചിരുന്നു. ശക്തിയായി മഞ്ഞു പെയ്യുന്നുണ്ട്. ആട്ടിടയൻ ആടുകൾക്കും തനിക്കും സുരക്ഷിതമായ ഒരു താവളം അന്വേഷിച്ചു.  അവസാനം അകലെയല്ലാതെ തന്നെ ഒരു ഗുഹ കാണപ്പെട്ടു. ആട്ടിൻപറ്റങ്ങളുമായി അയാൾ ഗുഹയിൽ പ്രവേശിച്ചു.

ആ ഗുഹയിൽ ഒരു കൂട്ടം കാട്ടാടുകളുണ്ടായിരുന്നു. അപ്രതീക്ഷിതമായി ആരംഭിച്ച മഞ്ഞിൽ നിന്നും രക്ഷനേടാൻ കയറിയവരായിരുന്നവർ. അവയുടെ എണ്ണം തന്റെ ആടുകളേക്കാൾ കൂടുതലുണ്ടെന്നവർ മനസ്സിലാക്കി.

ആട്ടിടയൻ ഒരു അതിമോഹിയായിരുന്നു. എങ്ങനെയെങ്കിലും കാട്ടാടുകളെ സ്വന്തമാക്കണമെന്ന് അയാൾ ആഗ്രഹിച്ചു. സ്വന്തം ആടുകൾക്കായി കരുതിയ പുൽക്കെട്ടുകളും ഇലക്കെട്ടുകളും അയാൾ കാട്ടാടുകൾക്ക് കൊടുത്തു. അയാൾ അവയെ തടവുകയും അവയോടു പുന്നാരം പറയുകയും ചെയ്‌തു. സ്വന്തം ആടുകളെ ഗുഹയുടെ ഇരുളടഞ്ഞ മൂലയിലേക്ക് അയാൾ ഓടിച്ചു. കാട്ടാടുകളെ ഇണക്കിയെടുക്കുകയല്ലേ പ്രധാനം?

ദിവസങ്ങൾ കഴിഞ്ഞു. അന്തരീക്ഷം മെല്ലെ തെളിയാൻ തുടങ്ങി. മാഞ്ഞു പെയ്യാതായി കാട്ടാടുകളുമായി അടുത്ത ദിവസം ഗ്രാമത്തിലേക്ക് മടങ്ങാം എന്ന ചിന്തയുമായാണ് അയാൾ കിടന്നത്.

അടുത്ത ദിവസം നേരം പുലർന്നപ്പോൾ ഇടയൻ അമ്പരന്നു പോയി. കാട്ടാടുകളെ കാണാനില്ല. വെപ്രാളത്തോടെ അയാൾ ഗുഹയുടെ പുറത്തിറങ്ങി. കാട്ടാടുകളുടെ കാൽപ്പാടുകൾ മഞ്ഞിൽ അയാൾ കണ്ടു. അവ തെളിഞ്ഞ അന്തരീക്ഷത്തിൽ കാട്ടിലെവിടെയോ പോയി മറഞ്ഞിരിക്കുന്നു.

ഇടയൻ വളരെ ദുഃഖിച്ചു. മനക്കോട്ടകളെല്ലാം തകർന്നടിഞ്ഞു വീണിരിക്കുന്നു. എന്ത് ചെയ്യാം? ഇനി സ്വന്തം ആടുകളുമായി പോകുക തന്നെ. അയാൾ ആടുകളെ വിളിച്ചു. അനക്കമില്ല. ഇരുട്ടിൽ തപ്പി അയാൾ ആടുകൾ കിടന്നിരുന്ന സ്ഥലത്തെത്തി. പട്ടിണി കിടന്ന് ആടുകളെല്ലാം അപ്പോഴേക്കും ചത്തിരുന്നു.

അത്യാഗ്രഹികൾ കൈയിലുള്ളത് കൂടി നഷ്ടമാക്കുന്നു.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക