ബ്രഹ്മരക്ഷസ്

0
458
thennali-raman-stories-malayalam

ചക്രവർത്തിക്ക് രാമനെ ഇഷ്ടവും മതിപ്പുമായിരുന്നു. എന്നാൽ രാമന്റെ കുസൃതിത്തരങ്ങൾ അതിരു കടക്കുമ്പോൾ ചക്രവർത്തി രാമന് തക്ക ശിക്ഷയും കൊടുക്കും. പക്ഷേ രാമൻ ബുദ്ധിവൈഭവം കൊണ്ട് ഏതു ശിക്ഷയിൽ നിന്നും മോചനം നേടും. രാജപുരോഹിതനെ അപമാനിച്ചതിന് ചക്രവർത്തി ഒരിക്കൽ രാമനെ ശിക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ ശിക്ഷ നടപ്പാക്കി വന്നപ്പോൾ രാമൻ രക്ഷപ്പെടുകയും രാജപുരോഹിതൻ കൂടുതൽ ദണ്ഡനമേൽക്കേണ്ടി വരുകയും ചെയ്തു എന്ന് പറഞ്ഞാൽ മതിയല്ലോ. രാമന്റെ കൈവശമില്ലാത്ത വികൃതിത്തരമുണ്ടോ?

ഈ സംഭവം ചക്രവർത്തിയെ ചൊടിപ്പിച്ചു. കോപം മൂത്ത ചക്രവർത്തി ഭടന്മാരോട് പറഞ്ഞു. ‘നിങ്ങൾ രാമനെ കൊണ്ടുപോയി  വെട്ടിക്കൊല്ലുവിൻ. കൊന്നത് ഉറപ്പാക്കാൻ സേനാനായകനെ രക്തം കാണിച്ചു ബോധ്യപ്പെടുത്തുകയും വേണം.’

ചക്രവർത്തിയുടെ ശിക്ഷ കുറെ കൂടിപ്പോയി. പക്ഷേ അതാണ് ചക്രവർത്തിയുടെ സ്വഭാവം. മഹാ ശുണ്ഠിക്കാരനാണ്. ശുണ്ഠി കയറിയാൽ എന്തും ചെയ്യും.

ഭടന്മാർ  രാമനെ വലിച്ചിഴച്ചു കൊണ്ടുപോയി. ചക്രവർത്തിയുടെ കല്പന നടത്താതിരിക്കാൻ പറ്റുമോ? പക്ഷേ ഭടന്മാർക്ക് രാമനോട് വിരോധമില്ലായിരുന്നു. മറിച്ചു രാജപുരോഹിതനെ അവർക്ക് വെറുപ്പായിരുന്നു. അയാൾ സ്വാർത്ഥമതിയും ദുരാഗ്രഹിയും ഏഷണിക്കാരനും ആണെന്ന് അവർക്കറിയാമായിരുന്നു.

കൊലക്കളത്തിലേക്ക് കൊണ്ടുപോകുമ്പോഴും രാമനു യാതൊരു കുലുക്കവുമില്ലായിരുന്നു. ഉല്ലാസയാത്രികനെപോലെ വാതോരാതെ സംസാരിക്കുകയായിരുന്നു.

‘നിങ്ങൾ ദയവുചെയ്ത് എന്നെ കൊല്ലരുത്. ഞാൻ നിരപരാധിയാണ്. ഇതെല്ലം ആ രാജപുരോഹിതന്റെ വേലകളാണ്. ഞാനൊരു സാധു ബ്രാഹ്മണനാണ്. ബ്രഹ്മഹത്യ കൊടും പാപമാണ്. തലമുറകൾ വിടാതെയുള്ള ശാപമുണ്ടാകും. അതുമല്ല എന്നെ കൊല്ലാതിരുന്നാൽ നിങ്ങൾ ഓരോത്തർക്കും ഞാൻ പത്തു സ്വണ്ണനാണയങ്ങൾ വീതം നൽകാം. ഞാനീകാര്യം ആരോടും പറയില്ല. ഈ രാജ്യം വിട്ടു ഞാൻ പൊയ്‌ക്കൊള്ളാം. ഒരു മൃഗത്തെക്കൊന്നു അതിന്റെ ചോര സേനാനായകനെ കാണിച്ചാൽ മതി. അയാൾക്ക് വിശ്വാസമായിക്കൊള്ളും.’

രാമൻ ഭടൻമാരോടായി പറഞ്ഞു.

പത്തു സ്വർണനാണയങ്ങൾ ഭടന്മാരെ സംബന്ധിച്ചിടത്തോളം വലിയൊരു തുകയായിരുന്നു. അവർ രാമന്റെ പ്രലോഭനത്തിനു വശംവദരായി രാമനെ വിട്ടു മൃഗത്തിന്റെ ചോര കാണിച്ചു സേനാനായകനെ വിശ്വസിപ്പിക്കുകയും ചെയ്‌തു.

പക്ഷെ രക്ഷപ്പെട്ട രാമൻ നാടുവിട്ടില്ല. രാമൻ നേരെ സ്വഗൃഹത്തിലേക്ക് പോയി. അവിടെ ഒളിച്ചിരുന്നു. നടന്നതെല്ലാം രാമൻ അമ്മയോടും ഭാര്യയോടും പറഞ്ഞു. അവർക്കുണ്ടായ സന്തോഷത്തിനു അതിരില്ലായിരുന്നു.

പിറ്റേദിവസം പ്രഭാതത്തിൽ രാമന്റെ ഭാര്യയും അമ്മയും കൊട്ടാരത്തിൽ ചെന്നു. ചക്രവർത്തിയെക്കണ്ടു സങ്കടമുണർത്തിക്കാനാണ് അവരവിടെ ചെന്നത്. ചക്രവർത്തി സങ്കടക്കാരെ നേരിട്ട് കാണുന്ന സമയമാണ്. ചക്രവർത്തിയെ കണ്ട പാടെ രണ്ടു സ്ത്രീകളും നിലവിളിക്കാൻ തുടങ്ങി. ഈ കരച്ചിൽ കേട്ടു ചക്രവർത്തിയുടെ മനസ്സലിഞ്ഞു. അദ്ദേഹം അവരോടു സങ്കടകാരണം ആരാഞ്ഞു.

രാമന്റെ ‘അമ്മ വിതുമ്പികൊണ്ട് പറഞ്ഞു. ‘ഞാൻ രാമന്റെ നിർഭാഗ്യവതിയായ അമ്മയാണ്. രാമൻ മാത്രമായിരുന്നു എനിക്ക് ഏക അവലംബം. അവിടുന്ന് അവനു വധശിക്ഷ നൽകി. ഇപ്പോഴെനിക്ക് ആരുമില്ല.ഈശ്വര , ഞാനിനി എവിടെപ്പോകും?’

ഇത്രയുമായപ്പോഴേക്കും രാമന്റെ ഭാര്യ ഉറക്കെ നിലവിളിക്കാൻ തുടങ്ങി. ‘ഞാൻ രാമന്റെ ഭാര്യയാണ്. എന്റെ കുട്ടിക്കും എനിക്കും ആരുമില്ല. അവിടുന്ന് ഞങ്ങളെ രക്ഷിക്കണം.’

ചക്രവർത്തിയുടെ ഹൃദയം ആർദ്രമായി. കുറ്റബോധവും പശ്ചാത്താപവും അദ്ദേഹത്തെ ഗ്രസിച്ചു.

താനാണല്ലോ ഈ അറുംകൊല ചെയ്യിച്ചത്. ഒരിക്കലും ചെയ്യരുതാത്ത ഒന്നായിരുന്നത്.

‘എല്ലാം ദൈവനിശ്ചയമാണ്. നിങ്ങളുടെ രണ്ടുപേരുടെയും ദുഃഖം എനിക്ക് തന്നെ മനസ്സിലാകുന്നുണ്ട്. വന്നതൊക്കെ വന്നു. നിങ്ങൾക്ക് ഓരോത്തർക്കും പത്തു സ്വർണ്ണനാണയങ്ങൾ വീതം പ്രതിമാസം നൽകാൻ നാം തീരുമാനിച്ചിരിക്കുന്നു’ ചക്രവർത്തി വികാരതീവ്രമായി പറഞ്ഞു. സ്ത്രീകൾ രണ്ടുപേരും ചക്രവർത്തി സമക്ഷത്തിൽ നിന്നു വിട വാങ്ങി. വീട്ടിലെത്തിയപ്പോൾ രാമൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി. തന്റെ ഉപായം ഫലിച്ചിരിക്കുന്നു. ഇനി സുഖ ജീവിതം തന്നെ. ഭടന്മാർക്ക് കൊടുത്ത കൈക്കൂലി നഷ്ടമായില്ല. ഒറ്റമാസം കൊണ്ട് ആ തുക ഈടാക്കും. ഹ. ഹ. ഹ. ഹ.

രാമൻ വധിക്കപ്പെട്ട വിവരം ജനങ്ങൾ ഞെട്ടലോടെയാണ് അരിഞ്ഞത്. കുസൃതിക്കാരനായിരുന്നുവെങ്കിലും അതീവ ബുദ്ധിമാനായിരുന്നു രാമൻ. ഇക്കാര്യം എല്ലാവർക്കുമറിയാമായിരുന്നു. ഗുരുതരമായ പ്രതിസന്ധികളിലൊക്കെ രാജ്യത്തെ രക്ഷിച്ചിട്ടുള്ളത് രാമാനല്ലാതെ മറ്റാരുമല്ല. ഏതായാലും ഇതൊരു കൊടും പാതകമായിപ്പോയി. പോരെങ്കിൽ ബ്രാഹ്മണനാണ് രാമൻ. ചക്രവർത്തി ബ്രഹ്മഹത്യയാണ് ചെയ്തിരിക്കുന്നത്. എന്തെല്ലാം ആപത്തുകളാണോ നാട്ടിൽ വരാനിരിക്കുന്നത്?

മന്ത്രിമാർക്കും രാജസദസിനും ഇതേ അഭിപ്രായം തന്നെയാണുണ്ടായിരുന്നത്. ബ്രാഹ്മണഹത്യക്കു വിധി പ്രകാരമുള്ള പ്രായശ്ചിത്തം ചെയ്യണം. മന്ത്രവാദവും പൂജയും നടത്തണം.

ചക്രവർത്തി എല്ലാവരുടെയും അഭിപ്രായത്തെ മാനിച്ചു.

രാജധാനിക്കു പുറത്തുള്ള ഒരു വിജനപ്രദേശത്തു ഒരാലിന്റെ ചുവട്ടിൽ കറുത്തവാവ് നാളിൽ അർദ്ധരാത്രിയിൽ മന്ത്രവാദവും പൂജയും ആരംഭിച്ചു. മരിച്ച രാമൻ ബ്രഹ്മരാക്ഷസായിട്ടുണ്ട്. ബ്രഹ്മരക്ഷസിനെ പ്രീതിപ്പെടുത്താനാണ് മന്ത്രവാദവും പൂജയും. രാജപുരോഹിതനും, മറ്റു പുരോഹിതപരികർമ്മികളും ആൽച്ചുവട്ടിലുണ്ട്. ഭീതിപ്പെടുത്തുന്ന വിജനതയിൽ കൂരിരുട്ട് അവരുടെയുള്ളിൽ ഭീതിയുണർത്തി. എങ്ങനെയെങ്കിലും മന്ത്രവാദവും പൂജയും കഴിച്ചിട്ടു സ്ഥലം വിടണം. അതായിരുന്നു അവരുടെ ചിന്ത.

പെട്ടെന്നു ഘോരഘോരമായ ഒരലർച്ച. കൂടിയിരുന്നവർ കിടുകിടെ വിറച്ചു. ആലിന്റെ മുകളിൽ നിന്നാണലർച്ച .’പൊത്തോ’ എന്ന ഒരു ശബ്ദം. പേടിച്ചു അവർ കണ്ണടച്ചു. ബ്രഹ്മരക്ഷസ് തന്നെ! ആലിന്റെ മുകളിൽ നിന്നും ബ്രാഹ്മരക്ഷസ് താഴേക്ക് ചാടിയിരിക്കുന്നു. കണ്ണ് തുറന്നപ്പോൾ പുരോഹിതസംഘം കണ്ടത് ഒരു ഭീകര രൂപം അലറിക്കൊണ്ട് വട്ടം ചുറ്റുന്നതാണ്. അവർ പരക്കം പാഞ്ഞു തമ്മിൽ തട്ടി പലരും ഉരുണ്ടുവീണു. എഴുന്നേറ്റു വീണ്ടും ഓടി. ചിലരൊക്കെ ബോധരഹിതരായി നിലംപതിച്ചു. ശേഷിച്ചവർ കിതച്ചു തളർന്നു കൊട്ടാരത്തിലെത്തി.

നടന്നതൊക്കെ അവർ ചക്രവർത്തിയെ ധരിപ്പിച്ചു. ചക്രവർത്തി ഭയന്നു. പക്ഷേ പെട്ടെന്ന് തന്നെ ചക്രവർത്തിയുടെ ഭയം മാറി സംശയമായി. താനാണ് രാമനെ കൊല്ലാൻ കൽപ്പിച്ചത്. പക്ഷെ ബ്രഹ്മരക്ഷസ് ഇതുവരെ തന്നെ ശല്യപ്പെടുത്തിയിട്ടില്ല. മറിച്ചു ഒന്നും ചെയ്യാത്ത ഈ പുരോഹിതരെ പിടികൂടുകയും ചെയ്യുന്നു. ഇതിന്റെ പിന്നിൽ എന്തോ കള്ളക്കളിയുണ്ട്.

ബ്രഹ്മരക്ഷസ് നാട്ടിലിറങ്ങിയ വിവരം നാട്ടിലാകെ പരന്നു. ജനങ്ങൾക്ക് രാത്രിയിൽ വീടുവിട്ടു പുറത്തിറങ്ങാൻ ഭയമായി.

അവസാനം ചക്രവർത്തി വിളംബരം പുറപ്പെടുവിച്ചു. ബ്രഹ്മരക്ഷസിനെ അകറ്റാൻ കഴിയുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ട് വരണം. ആയിരം സ്വർണ്ണനാണയങ്ങൾ പ്രതിഫലമായി അവർക്കു നൽകുന്നതായിരിക്കും. പക്ഷേ ആരും മുന്നോട്ടു വന്നില്ല.

ഒരു ദിവസം വൃദ്ധതാപസൻ ചക്രവർത്തിയെ കാണാനെത്തി.

‘തിരുമനസ്സേ, ബ്രഹ്മരക്ഷസിനെ ഞാൻ അകറ്റിത്തരാം. പക്ഷേ ഞാനാവശ്യപ്പെടുന്നത് നൽകാൻ തയാറാകണം’ താപസൻ പറഞ്ഞു.

‘മഹർഷേ, എനിക്ക് കഴിവുള്ളതെല്ലാം ഞാനങ്ങേയ്‌ക്ക് നൽകാം. ബ്രാഹ്മണഹത്യക്കുള്ള പരിഹാരവിധിയും അവിടുന്ന് നിർദ്ദേശിക്കണം’ ചക്രവർത്തി അപേക്ഷിച്ചു.

‘അവിടുന്ന് രാമനെ വധിച്ചിട്ടില്ലാ എന്ന സ്ഥിതി ആക്കിയാൽ തൃപ്തിയാകില്ലേ?’ താപസൻ ചോദിച്ചു.

‘തീർച്ചയായും’

‘എപ്പോൾ’

‘ഇപ്പോൾ തന്നെ’

ഉടൻ തന്നെ വൃദ്ധതാപസൻ വെള്ളത്താടിയും വെള്ള തലമുടിയും പറിച്ചെടുത്തു. സാക്ഷാൽ രാമൻ തന്നെയായിരുന്നു വൃദ്ധതാപസൻ. ചക്രവർത്തിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. താൻ സ്വപ്‌നം കാണുകയാണോ എന്നുപോലും തോന്നി. സുബോധത്തിലായപ്പോൾ ചക്രവർത്തിക്ക് ആദ്യം ദേഷ്യം തോന്നി. പിന്നീട് അത് അഭിനന്ദനമായി മാറി.

‘എന്ത് രാമാ, നിങ്ങൾ ഒരു മഹാവികൃതി തന്നെ. ഏതായാലും നിങ്ങൾ ജീവിച്ചിരിക്കുന്നു എന്നതിൽ ഞാൻ സന്തോഷിക്കുന്നു. നിങ്ങളുടെ ബുദ്ധിവൈഭവം ഒന്നുകൊണ്ടു മാത്രമാണ് നിങ്ങൾ മരണ വക്രത്തിൽ നിന്ന് രക്ഷപ്പെട്ടത്. നിങ്ങളെ ഞാൻ അഭിനന്ദിക്കുന്നു.’

രാമൻ സ്വതസിദ്ധമായ മന്ദഹാസം തൂകി. എന്നിട്ടു പറഞ്ഞു.

‘തിരുമനസ്സേ, എന്നെ വധിക്കാൻ ചുമതലപ്പെടുത്തിയിരുന്ന ഭടന്മാർ ആ കൃത്യം നിർവഹിച്ചില്ല. ഞാനവരെ പാട്ടിലാക്കി. ആ ഭടന്മാർ ശിക്ഷാർഹരാണെങ്കിലും ദയവുചെയ്ത് അവിടുന്ന് അവരെ ശിഷിക്കരുത്.

ചക്രവർത്തി സമ്മതിച്ചു. മാത്രമല്ല വിളംബരത്തിൽ സൂചിപ്പിച്ചിരുന്നു ആയിരം സ്വർണനാണയങ്ങൾ കൂടി രാമനു  കൊടുക്കാൻ ചക്രവർത്തി മറന്നില്ല.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക