ബുദ്ധിമാനായ കുറുക്കൻ

0
509
aesop-kathakal-malayalam-pdf download

സിംഹവും കഴുതയും കുറുക്കനും കൂടി ഒരിക്കൽ നായാട്ടിനു പോയി. താമസിയാതെ തന്നെ നായാട്ടു സംഘം ഒരു കലമാന്റെ കഥ കഴിച്ചു. മൂവർക്കും നല്ല വിശപ്പുണ്ടായിരുന്നു. വയറുനിറയാനുള്ള ഭക്ഷണം കിട്ടിയിട്ടുമുണ്ട്. സിംഹം കഴുതയെ വിളിച്ചു. ‘കഴുത സുഹൃത്തേ, ഈ മാനിനെ നീ മൂന്നായി കീറി മുറിച്ചു ഓരോത്തർക്കും ഉള്ള ഭാഗം വേർതിരിക്കു’

കഴുത ഒട്ടും അമാന്തിച്ചില്ല. മൂന്നു സമഭാഗങ്ങളായി മാനിനെ അവൻ വീതിച്ചു. മൂന്നു പേരും കൂടിയാണല്ലോ നായാട്ടിനു പോയത്. അപ്പോൾ മൂവർക്കും തുല്യമായ വീതമെന്നത് ന്യായം തന്നെ.

സിംഹത്തിനിതു കണ്ടു നിൽക്കുവാൻ സാധിച്ചില്ല. മൃഗരാജാവിനു കഴുതയുടെയും കുറുക്കന്റെയും തുല്യമായ വീതമോ! അസംബന്ധം!

സിംഹം കഴുതയുടെമേൽ ഒരലർച്ചയോടെ ചാടിവീണ് അവനെ കീറിപ്പൊളിച്ചു.

അടുത്തതായി സിംഹം കുറുക്കനെ വിളിച്ചു. കുറുക്കൻ സുഹൃത്തേ, ഭക്ഷണം കഴിക്കാൻ സമയം വൈകിയിരിക്കുന്നു. നീ ആ മാനിനെ ഒന്നു ഭാഗിക്കു. വേഗമാകട്ടെ. നിന്റെ മിടുക്ക് ഞാനൊന്നു കാണട്ടെ!

കുറുക്കൻ വല്ലാതെ വിയർത്തു. അവൻ ഒന്ന് പരുങ്ങി. എന്നാൽ യാതൊരു ഭാവഭേദവും മുഖത്തു കാണിക്കാതെ അവനെ ഏൽപ്പിച്ച ജോലി ചെയ്യാൻ തുടങ്ങി. ഒരിക്കൽ വായിൽ കൊള്ളാവുന്നത്ര മാനിറച്ചിമാത്രം അവനായി എടുത്തു. ബാക്കി മുഴുവൻ മാനിറച്ചിയും മൃഗരാജാവിന് ഭക്ഷണമായി നീക്കി വച്ചു.

എന്നിട്ട് സിംഹത്തോടായി അവൻ പറഞ്ഞു ‘തിരുമേനീ! അങ്ങേൽപ്പിച്ച ജോലി ഞാൻ പൂർത്തിയാക്കി. ഇനി അങ്ങേയ്ക്ക് ഭക്ഷണമാകാം ദാ! ആ കാണുന്ന ചെറിയ ഭാഗം മാത്രം മതിയെനിക്ക്. ‘സിംഹത്തിനു സന്തോഷമായി. അവൻ കുറുക്കനോട് ആരാഞ്ഞു. ‘ആരാണ് സുഹൃത്തേ, ഇത്ര ഭംഗിയായി വീതം വയ്ക്കാൻ നിന്നെ പഠിപ്പിച്ചത്?’

‘പ്രത്യേകമായി ആരും പഠിപ്പിച്ചതല്ല’ വിനയാന്വിതനായി കുറുക്കൻ പ്രതിവചിച്ചു. ‘തുറന്ന പുസ്തകം പോലെ അപ്പുറത്തു ചത്ത് കിടന്ന കഴുത സുഹൃത്തിന്റെ ജഡത്തിലേക്ക് ഒന്ന് നോക്കേണ്ടി വന്നതേയുള്ളു. എല്ലാ പാഠങ്ങളും അതിൽ നിന്ന് ഞാൻ പഠിച്ചു, തിരുമേനീ’

മൃഗരാജാവ് ഭക്ഷണം കഴിക്കാൻ അപ്പോഴേക്കും ആരംഭിച്ചു കഴിഞ്ഞിരുന്നു.

ബുദ്ധിമാൻമാർ മറ്റുള്ളവരുടെ മടയത്തരങ്ങളിൽ നിന്നും പാഠം പഠിക്കുന്നു.

ആർക്കാണ് കൂടുതൽ മഹിമ

പണ്ടൊരിക്കൽ ഒരു സിംഹവും ഒരു മനുഷ്യനും ഗ്രാമത്തിലെ ഒരു വഴിയിൽ വച്ച് കണ്ടു മുട്ടി.കുശലങ്ങൾക്കു ശേഷം അവർ വർത്തമാനം പറഞ്ഞുകൊണ്ട് വഴിയിൽ കൂടി നടന്നു. അവനവന്റെ വർഗത്തിന്റെയും വംശത്തിന്റെയും മഹിമയുടെ കഥകളായിരുന്നു സംഭാഷണവിഷയം.

നടന്നു നടന്ന് അവർ ഒരു നാല്കവലയിലെത്തി. അവിടെ ഒരു പ്രതിമയുണ്ടായിരുന്നു.ശക്തനായ ഒരു മനുഷ്യൻ ഒരു സിംഹത്തിന്റെ കഴുത്തു പിടിച്ചു ഞെരിക്കുന്ന പ്രതിമ. ആ ശിൽപം കാണിച്ചുകൊണ്ട് മനുഷ്യൻ പറഞ്ഞു ‘ഈ പ്രതിമയിലേക്ക് നോക്കു. ഞങ്ങൾ മനുഷ്യർ നിങ്ങളെക്കാൾ ശക്തന്മാരാണെന്നതിനു വേറെ തെളിവ് എന്തിന്?

സിംഹം പരിഹസിച്ചുകൊണ്ട് ഊറിച്ചിരിച്ചു. എന്നിട്ടു പറഞ്ഞു. ‘ഞങ്ങൾക്ക് കൊത്തുവേല അറിയാത്തതു നിങ്ങളുടെ ഭാഗ്യം. അല്ലായിരുന്നുവെങ്കിൽ മനുഷ്യന്റെ നെഞ്ചത്ത് കയറി നിൽക്കുന്ന സിംഹത്തിന്റെ ഒരു നൂറു പ്രതിമകൾ കാട്ടിൽ കണ്ടേനെ!’. മനുഷ്യൻ പിന്നെ ഒന്നും ഉരിയാടിയില്ല.

വമ്പ് പറയുന്ന മനുഷ്യർ ജനങ്ങളുടെ ഇടയിൽ അപമാനിതരാകാതിരിക്കില്ല.

നന്മയ്ക്കു സമ്മാനം

പണ്ടൊരിക്കൽ ഒരു മരം വെട്ടുകാരൻ നദിയുടെ തീരത്തു നിന്ന് മരം വെട്ടുകയായിരുന്നു. മരം വെട്ടുന്നതിനിടയിൽ കോടാലി കൈയിൽ നിന്നും തെറിച്ചു ആറ്റിൽ പോയി. അയാൾ ഉടനെ ആറ്റിൽച്ചാടി മുങ്ങി തപ്പി. പക്ഷേ കോടാലി കിട്ടിയില്ല. ആ സാധുവിനു വലിയ സങ്കടം തോന്നി. അയാൾ വിഷണ്ണനായി നദിക്കരയിലിരുന്നു.

ഉടനെ നദിയിൽ നിന്നും ഒരു ദിവ്യരൂപം ഉയർന്നു വന്നു. അത് നദിയുടെ ദേവതയായിരുന്നു. അയാൾ അത്ഭുതത്തോടെ നോക്കി നിന്നു.

‘നീ എന്താണിങ്ങനെ ദുഃഖിച്ചിരിക്കുന്നത്’ ദേവത അയാളോട് ചോദിച്ചു.

‘എന്റെ കോടാലി ആറ്റിൽപോയി. അതില്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല’ അയാൾ സങ്കടം പറഞ്ഞു.

‘സങ്കടപ്പെടേണ്ട. ഞാൻ നിന്നെ സഹായിക്കാം’

ഇത്രയും പറഞ്ഞശേഷം ദേവത ജലത്തിൽ മറഞ്ഞു.

ഒരു സ്വർണകോടാലിയുമായി ഉടനെ തന്നെ ദേവത പ്രത്യക്ഷപ്പെട്ടു.

‘ഇതാ നിന്റെ കോടാലി’

‘അല്ല. ഇതെന്റെ കോടാലിയല്ല. ഇതെനിക്ക് വേണ്ട’ അയാൾ പറഞ്ഞു.

‘ഇത് വിറ്റാൽ നിനക്ക് പണിയെടുക്കാതെ ജീവിക്കാൻ പറ്റുമല്ലോ’ ദേവത പറഞ്ഞു

‘എനിക്ക് പണിയെടുത്തു ജീവിച്ചാൽ മതി’ അയാൾ മറുപടി പറഞ്ഞു.

ദേവത വീണ്ടും മുങ്ങി. വെള്ളിക്കോടാലിയുമായാണ് പിന്നീട് പ്രത്യക്ഷപ്പെട്ടത്. അയാൾ സൂക്ഷിച്ചു നോക്കി. ‘അല്ല, ഇതുമെന്റേതല്ല’ അയാൾ പറഞ്ഞു.

ദേവത വീണ്ടും മുങ്ങി. ഇത്തവണ ഇരുമ്പുകോടാലി എടുത്തു കൊണ്ട് വന്നു.

‘ഇതാണെന്റെ കോടാലി’ അയാൾ സന്തോഷത്തോടെ പറഞ്ഞു.

സന്തുഷ്ടയായ ദേവത അയാളോട് പറഞ്ഞു.

‘നീ നല്ലവനും സത്യസന്ധനുമാണ്. ഈ മൂന്നു കോടാലികളും ഞാൻ നിനക്ക് നൽകുന്നു. കൂടാതെ എന്നും സുഖമായി ജീവിക്കാനുള്ള അനുഗ്രഹവും’

പിന്നീടുള്ള കാലം ആ മരംവെട്ടുകാരൻ സുഖമായി ജീവിച്ചു.

സത്യസന്ധത ഈ ലോകത്തിൽ ഏറ്റവും ആവശ്യം വേണ്ട ഗുണമാണ്. സത്യം ഒരിക്കലും പരാജയപ്പെടില്ല.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക