ബാബറുടെ സദസ്സിൽ

0
433
thennali-raman-stories-malayalam

തെന്നാലി രാമന്റെ പ്രശസ്തി ഭാരതഭൂഖണ്ഡം മുഴുവൻ വ്യാപിച്ചു. രാമന്റെ നർമ്മബോധം, കുശാഗ്രബുദ്ധി, വികടകവിത്വം, കുസൃതിത്തരം എന്നിവയെക്കുറിച്ചു കേൾക്കാത്തവർ ചുരുങ്ങി. അക്കാലത്തു ഉത്തരഭാരതത്തിന്റെ അധിപൻ മുഗൾ ചക്രവർത്തിയായ ബാബർ ആയിരുന്നു. ബാബർക്ക് ഒരു മോഹം- ഈ തെന്നാലി രാമനെ ഒന്നു നേരിൽ കാണണം. ഈ കേൾക്കുന്ന  കഥകളിലൊക്കെ കഴമ്പുണ്ടോ എന്ന് പരീക്ഷിച്ചറിയണം.

താമസിയാതെ തന്നെ മുഗൾ ചക്രവർത്തിയുടെ ദൂതൻ കൃഷ്ണ ദേവരായ ചക്രവർത്തിയുടെ കൊട്ടാരത്തിൽ സന്ദേശവുമായി എത്തി. ഒരു മാസത്തെ താമസത്തിനായി രാമനെ ഡൽഹിക്കു അയക്കണം. ഇതായിരുന്നു കത്തിലെ ഉള്ളടക്കം.

ചക്രവർത്തി രാമനോട് വിവരം പറഞ്ഞു. ചക്രവർത്തി ബാബറിനെക്കുറിച്ചുള്ള കഥകൾ കേട്ടിരുന്നു. മഹാദാനശീലനും പ്രതിഭകളെ അംഗീകരിക്കുന്നതിൽ അത്യന്തം ഉത്സാഹിയുമായിരുന്നു ബാബർ. ഒരാളുടെ കഴിവിൽ ബാബറിന് അനുമോദനം തോന്നിയാൽ അയാൾക്ക്‌ സ്വർണ്ണനാണയങ്ങൾ പാരിതോഷികമായി സമ്മാനിക്കും. അനേകം കിഴികളും പിടിച്ചു ഒരു അനുചരൻ മുഗൾചക്രവർത്തിയെ എപ്പോഴും അനുധാവനം ചെയ്യുന്നു എന്നൊക്കെയാണ് കേൾവി.

രാമൻ ഡൽഹിക്കു പോകാൻ തയാറായി. പോകുന്നതിനു മുൻപായി കൃഷ്ണദേവരായ ചക്രവർത്തി രാമനോട് പറഞ്ഞു.

‘രാമാ, നിങ്ങൾ യാതൊരു കാരണവശാലും പരാജയപ്പെടരുത്. വിജയശ്രീലാളിതനായി മുഗൾചക്രവർത്തിയുടെ പാരിതോഷികവുമായി മടങ്ങണം. അപ്പോൾ ഞാൻ നിങ്ങൾക്ക് ആയിരം സ്വർണനാണയങ്ങൾ സമ്മാനിക്കാം. മറിച്ചു നിങ്ങൾ പരാജയപ്പെടുകയാണെങ്കിൽ ഞാൻ ആ നിമിഷം നിങ്ങളെ രാജ്യത്തുനിന്നും ആട്ടിപ്പുറത്താക്കും! ചക്രവർത്തി രാമന് താക്കീത് നൽകി.

‘തിരുമേനി ഒന്ന് കൊണ്ടും വ്യാകുലപ്പെടേണ്ട എല്ലാം ശുഭമായി തന്നെ ഭവിക്കും’ രാമൻ ചക്രവർത്തിയെ ബോധിപ്പിച്ചു.

തെന്നാലിരാമൻ മുഗൾസദസിലേക്ക് വരുന്നുണ്ടെന്ന വിവരം ബാബർക്കു ലഭിച്ചു. അദ്ദേഹം സേവകന്മാർക്ക് ഒരാജ്ഞ നൽകി. രാമന്റെ നേരമ്പോക്കുകളും ബുദ്ധിപ്രകടനങ്ങളും കണ്ടും കേട്ടും ആരും ചിരിക്കരുത്. അയാളെ ആരും അനുമോദിക്കുകയും അരുത്. അയാൾ നമ്മുടെ കയ്യിൽ നിന്നും ഒരു പണക്കിഴി പോലും വാങ്ങാതെ വിജയനഗരത്തിലേക്ക് പോകുന്ന സ്ഥിതി ഉറപ്പാക്കണം.

അതുപോലെ തന്നെയാകട്ടെ എന്ന് സേവകർ ഏറ്റു.

യഥാസമയം രാമൻ ഡൽഹിയിലെത്തി. ചക്രവർത്തിയെയും സദസ്സിനെയും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും അങ്ങനെ അവരുടെ അഭിനന്ദനം ഏറ്റു വാങ്ങാനും ഒക്കെയാണ് രാമന്റെ വരവ്. പക്ഷേ എന്ത് പറയാനാണ്. ആരും ചിരിക്കുന്നില്ല. ആരും അനുമോദിക്കുന്നുമില്ല. മനഃപൂർവ്വമായ ഒരു ശ്രമമാണിതെന്ന് രാമന് തോന്നി. രാമൻ എങ്കിലും ശ്രമിച്ചു. പല അടവുകൾ പ്രയോഗിച്ചു. പക്ഷേ എല്ലാം വിഫലം. അങ്ങനെ പതിനഞ്ചു ദിവസമായി. ആർക്കും ചിരിയും അനുമോദനവും ഇല്ല.

രാമനാകട്ടെ ഒരു വിഷമസന്ധിയിലായി. തോറ്റുപോയിക്കൂടാ. അത് രാമന്റെ സ്വഭാവുമല്ലല്ലോ!

ബാബർ ചക്രവർത്തി എല്ലാ ദിവസവും രാവിലെ നിശ്ചിതസമയത്തു നടക്കാനിറങ്ങും. ഇത് രാമനറിയാമായിരുന്നു. ഒരു ദിവസം രാമൻ ഒരു പടുകിഴവന്റെ വേഷത്തിൽ ചക്രവർത്തി പോകുന്ന വഴിയുടെ ഓരത്തു നിന്നു. വളരെ വിദഗ്ദമായി തന്നെ  രാമൻ വേഷം കെട്ടിയിരുന്നു.

അതാ മുഗൾചക്രവർത്തി വരുന്നു. പണക്കിഴിയുമായി കൂടെ ഒരു അനുചരനുമുണ്ട്. അവർ പടുകിഴവന്റെ അടുത്തെത്തി. കിഴവൻ കുനിഞ്ഞു നിന്ന് എന്തോ ചെയ്യുകയാണ്. പരിവാരം അവിടെ നിന്നു.

ഹേ, കിഴവാ നിങ്ങൾ എന്താണ് ചെയുന്നത്?

‘തിരുമനസേ, ഞാൻ പുളിങ്കുരു നടുകയാണ്’ കിളവൻ വിനയാന്വിതനായി പറഞ്ഞു. കുറെ വർഷങ്ങൾ കഴിഞ്ഞാൽ നല്ല ആദായം കിട്ടുമല്ലോ? ഈ പ്രാദേശികളിലാവട്ടെ പുളിമരങ്ങൾ ഇല്ല താനും’

‘നിങ്ങൾ ഇപ്പോൾ ഇടുന്ന ഈ പുളിങ്കുരു വളർന്നു ഫലം തരാൻ കുറെ വർഷങ്ങൾ വേണ്ടി വരുമല്ലോ. നിങ്ങൾ അത്രയും കാലം ജീവിച്ചിരിക്കും എന്നതിന് എന്താണ് ഉറപ്പ്? ചക്രവർത്തി ചോദിച്ചു.

‘അതുകൊള്ളാം തിരുമനസ്സേ’ കിളവൻ പറഞ്ഞു. ‘മുമ്പുള്ളവർ നട്ട മരത്തിന്റെ ഫലമാണല്ലോ ഇന്ന് നാം അനുഭവിക്കുന്നത്. അതുപോലെ ഞാനിന്നു ഈ പുളിങ്കുരു നടുന്നു. ഭാവിതലമുറ അതിന്റെ പ്രയോജനം അനുഭവിക്കും.അല്ലാതെ വായിൽ മരവുമായി ആരും ജനിക്കില്ലല്ലോ!’

കിഴവാ, നിങ്ങൾ പറഞ്ഞത് വളരെ ശരി. നിങ്ങളിൽ ഞാൻ സംപ്രീതനായിരിക്കുന്നു. ഇതാ ഒരു പണക്കിഴി’ ചക്രവർത്തി പറഞ്ഞു.

അനുചരൻ ഒരു പണക്കിഴി കിഴവനെ ഏൽപ്പിച്ചു.

‘തിരുമനസ്സേ, സാധാരണ മരങ്ങൾ കായ്ക്കുമ്പോഴാണ് ആളുകൾക്ക് പ്രയോജനമുണ്ടാവുക. എന്നാൽ എനിക്കാകട്ടെ വിത്ത് പാകിയപ്പോഴേ ഗുണം സിദ്ധിച്ചിരിക്കുന്നു. അപരന്മാർക്ക് നന്മ ചെയ്യണമെന്ന് തോന്നുന്ന നിമിഷം തന്നെ ഞാൻ പുണ്യം നേടുന്നു എന്നതാണല്ലോ അത് തെളിയിക്കുന്നത്’ കിഴവൻ പറഞ്ഞു.

‘എത്ര അർത്ഥവത്തായ വാക്കുകൾ! ഇതാ ഒരു പണക്കിഴി കൂടി കിഴവനു രണ്ടാമതും പണക്കിഴി കിട്ടി.

‘അല്ലാഹു മഹത്വീകരിക്കപ്പെടട്ടെ. ഒരു പുളിമരം വലുതായാൽ കൊല്ലത്തിൽ ഒരിക്കലേ ആദായമുള്ളൂ. എന്നാൽ പുളിങ്കുരു നട്ടപ്പോൾ തന്നെ എനിക്ക് രണ്ടു പ്രാവശ്യം ആദായം ലഭിച്ചിരിക്കുന്നു’ കിഴവൻ പറഞ്ഞു.

‘കിഴവാ, നിങ്ങൾ എത്ര മികച്ച ജ്ഞാനി. നിങ്ങളിൽ ഞാൻ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. അതിന്റെ സൂചകമായി ഇതാ ഒരു പണക്കിഴി കൂടി’ ചക്രവർത്തി മൂന്നാമത്തെ പണക്കിഴിയും രാമന് നൽകി

ഇത്രയുമായപ്പോൾ  രാമൻ വൃദ്ധവേഷം എടുത്തു മാറ്റി. ബാബർ ചക്രവർത്തി അന്ധാളിച്ചുപോയി. ‘ഇതാര്? രാമനോ രാമാ, നിങ്ങൾ യഥാർത്ഥത്തിൽ മിടുമിടുക്കൻ തന്നെ. ഏതു രാജ്യത്തിനും നിങ്ങൾ ഒരു അഭിമാനം തന്നെ. നിങ്ങളെ കണ്ടതിൽ എനിക്ക് അതീവ സന്തോഷമുണ്ട്.

ചക്രവർത്തി രാമന് അനവധി സമ്മാനങ്ങൾ നൽകി.

താമസിയാതെ രാമൻ ഡൽഹി വിട്ടു വിജയനഗരത്തിലെത്തി. കൃഷ്‌ണദേവരായ ചക്രവർത്തി രാമന് വാഗ്ദാനം ചെയ്‌ത ആയിരം സ്വർണനാണയങ്ങൾ സസന്തോഷം നൽകി.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക