ബന്ധുവേഷം കെട്ടിയ ചാരൻ

0
408
thennali-raman-stories-malayalam

അതിഥി സൽക്കാരം ഒരു പുണ്യമാണല്ലോ. രാമനും അതിഥി സൽക്കാരത്തിൽ പിന്നിലായിരുന്നില്ല.

ഒരു ദിവസം അന്യദേശത്തു നിന്നും ഒരകന്ന ബന്ധു രാമന്റെ വീട്ടിലെത്തി. രാമൻ അതിനു മുൻപ് അയാളെ കണ്ടിട്ടേയില്ല. എന്താണ് ബന്ധം എന്ന് ശരിക്കും നിശ്ചയവുമില്ല. പക്ഷേ വന്നു കയറിയ അതിഥി പറഞ്ഞതൊക്കെ രാമൻ വിശ്വസിച്ചു. രാമന്റെ ഗൃഹത്തിൽ കുറേനാൾ താമസമാക്കാനായിട്ടാണ് അയാൾ വന്നത്. രാമൻ അതിന് അയാളെ അനുവദിച്ചു.

പക്ഷെ രാമനെ ഇയാൾ കബളിപ്പിക്കുകയായിരുന്നു. ഇയാൾ ബന്ധുവായിരുന്നില്ല. മറിച്ചു ശത്രുരാജാവ് അയച്ച ഒരു ചാരനായിരുന്നു ഇയാൾ. അയാളുടെ ഉദ്ദേശം കൃഷ്ണദേവരായ ചക്രവർത്തിയെ വധിക്കുകയായിരുന്നു. അതിനായിട്ട് അയാൾ തക്കം പാർത്തിരുന്നു.

ഒരിക്കൽ രാമൻ ദൂരദേശത്തേക്ക് യാത്ര പോയി.വളരെ നേരം രാമൻ ഒഴിഞ്ഞു നിൽക്കുന്ന സമയം ശരിക്കുമുപയോഗിക്കാൻ  അതിഥി തീരുമാനിച്ചു. അയാൾ രാമന്റേതായി ഒരു കുറിപ്പ് ചക്രവർത്തിക്ക് കൊടുത്തയച്ചു. കുറിപ്പിന്റെ ഉള്ളടക്കം ഇതായിരുന്നു. ‘വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഉടൻ തന്നെ ചക്രവർത്തി വീട്ടിലേക്കു വരണം. വരുന്ന കാര്യം മറ്റാരോടും വെളിപ്പെടുത്തരുത്.’

ചക്രവർത്തി കുറിപ്പ് കിട്ടിയയുടനെ ഏകനായി രാമന്റെ വീട്ടിലേക്ക് പോന്നു.

കഠാരയമായി അതിഥി രാമന്റെ വീട്ടിൽ കാത്തിരിക്കുകയായിരുന്നു. ചക്രവർത്തി വന്ന പാടെ തന്നെ അയാൾ ചക്രവർത്തിയെ പിറകിൽ നിന്നും കുത്തി. പക്ഷേ ചക്രവർത്തിക്ക് കുത്തേറ്റില്ല. ശബ്ദം കേട്ട ചക്രവർത്തി അപകടം മനസിലാക്കി മിന്നൽ വേഗത്തിൽ ഒഴിഞ്ഞു മാറി. മികച്ച ഒരു അഭ്യാസിയായിരുന്നു ചക്രവർത്തി. ഞൊടിയിടക്കുള്ളിൽ ചക്രവർത്തി ചാരന്റെ വലതുകൈയിൽ ആഞ്ഞു വെട്ടി. കഠാര തെറിച്ചു ദൂരെ വീണു.

ബഹളം കേട്ടു അടുത്തുള്ള ആളുകൾ ഓടി വന്നു. ചക്രവർത്തിയുടെ പിടിയിൽ അമർന്നു ഞെരിയുന്ന അക്രമിയെയാണ് ഓടിക്കൂടിയവർ കണ്ടത്. എല്ലാവരും കൂടി അക്രമിയുടെ കഥ കഴിച്ചു.

രാമനറിയാതെയാണെങ്കിലും വലിയ അപരാധമാണ് കാട്ടിയിരിക്കുന്നത്. ചക്രവർത്തിയെ വധിക്കാൻ ശ്രമിച്ചവനെ കൂടെ പാർപ്പിച്ചിരിക്കുന്നു! ഈ കുറ്റത്തിനുള്ള ശിക്ഷ വധശിക്ഷയാണ്. മന്ത്രിസഭ അടിയന്തിരമായി കൂടി രാമന് വധശിക്ഷ നൽകാൻ തീരുമാനിച്ചു.

രാമൻ ചക്രവർത്തിയോട് സ്വജീവനു വേണ്ടി യാചിച്ചു. പക്ഷേ ചക്രവർത്തി ഉറച്ചു നിന്നു.

‘രാമാ, മന്ത്രി സഭയുടെ തീരുമാനത്തെ ഞാൻ അസാധുവാക്കില്ല. എങ്കിലും ഞാനതിനു ഭേദഗതി ചെയ്‌തു തരാം. മരിക്കുന്ന രീതി രാമൻ തിരഞ്ഞെടുത്തുകൊള്ളൂ. അത് ഏതാണെങ്കിലും ഞാൻ തീർച്ചയായും സാധിച്ചു തരാം’ ചക്രവർത്തി പറഞ്ഞു.

ഏതായാലും മുങ്ങാൻ പോകുന്നവനു കിട്ടിയ തുരുമ്പായിരുന്നു അത്. രാമന് ഒരു പഴുതു കിട്ടി. ബുദ്ധിമാനായ രാമൻ ആ പഴുതു ശരിക്കും ഉപയോഗിച്ചു. ‘തിരുമേനി, മരിക്കുന്ന രീതി ഇതാ ഞാൻ തെരഞ്ഞെടുക്കുന്നു. സാധരണരീതിയിൽ പ്രായം ചെന്നുള്ള മരണമാണ് ഞാൻ ഇഷ്ടപ്പെടുന്നത്.’ ചക്രവർത്തിക്ക് രാമനെ വെറുതെ വിടാതിരിക്കാൻ പറ്റില്ല എന്നായി. വിരുതനായ രാമൻ അങ്ങനെ കൊലക്കയറിൽ നിന്നും രക്ഷനേടി.

ജലസംഭരണിയിലെ ജലം

സത്യം വെട്ടിത്തുറന്നു പറയുക, എവിടെയായാലും, ആരോടായാലും- അതായിരുന്നു രാമന്റെ സ്വഭാവം. തന്മൂലം രാമന് ഒട്ടുവളരെ ശത്രുക്കളുമുണ്ടായിരുന്നു. എന്നാൽ കൊട്ടാരത്തിലെ സേവകന്മാർ അത്തരക്കാരായിരുന്നില്ല. ചക്രവർത്തിക്ക് അഹിതമായി ഒന്നും പറയാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. ചക്രവർത്തി തെങ്ങിൽ കിടക്കുന്നത് മാങ്ങയാണെന്നു പറഞ്ഞാൽ അവർക്കു മറ്റൊരു അഭിപ്രായം ഉണ്ടായിരുന്നില്ല. ഉദരപൂരണത്തിനു വേണ്ടി ഏതു വേഷവും കെട്ടുന്ന സ്തുതിപാദകരായിരുന്നു അവർ.

ഒരിക്കൽ ചക്രവർത്തി കൊട്ടാരത്തിൽ ഒരു ജലസംഭരണി നിർമ്മിച്ചു. വിദഗ്ധരായ പണിക്കാരെ കൊണ്ട് മനോഹരമായി നിർമ്മിച്ച ഒന്നായിരുന്നു അത്. പണിപൂർത്തിയായപ്പോൾ അതിൽ ജലം നിറച്ചു. ചക്രവർത്തി കൊട്ടാരത്തിലെ അന്തേവാസികളെ വിളിച്ചു വരുത്തി രാമനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. അവരെല്ലാം ഈ കാഴ്ച്ച കണ്ടു ആസ്വദിച്ചു.

ചക്രവർത്തി എല്ലാവരോടുമായി ചോദിച്ചു. ‘ഈ കാഴ്ച കണ്ടിട്ട് നിങ്ങൾക്കെന്തു തോന്നുന്നു?

തങ്ങളുടെ അഭിപ്രായം ചക്രവർത്തിക്ക് കൂടുതലായി ഇഷ്ടപ്പെടണം എന്നതായിരുന്നു സേവകർ ഓരോരുത്തരുടെയും ചിന്ത. ഒന്നാമത്തവൻ പറഞ്ഞു. ‘ജലസംഭരണിയിലെ ജലത്തെ സുന്ദരിയായ ഒരു തരുണീമണിയായി ഉപമിക്കാം. അത്രക്ക് രോമാഞ്ചജനകമാണ്’

‘ജലസംഭരണിയിലെ ജലം സ്പടികം പോലെ മനോഹരമാണ്’ എന്നതായിരുന്നു രണ്ടാമന്റെ അഭിപ്രായം.

മൂന്നാമൻ ഇങ്ങനെയാണ് പറഞ്ഞത് ‘അല്ലയോ തിരുമനസ്സേ, ഈ ജലത്തെ യോഗിയുടെ മനസുമായി നമുക്കുപമിക്കാം. ശുദ്ധവും ശാന്തവുമാണത്.’

ചക്രവർത്തിക്ക് എല്ലാവരുടെയും അഭിപ്രായങ്ങൾ ഹൃദ്യമായി തോന്നി. പക്ഷേ രാമന് ഇവയൊക്കെ അരോചകമായി തോന്നി.

ചക്രവർത്തി രാമനോട് ചോദിച്ചു.

‘അല്ലയോ രാമാ, നിങ്ങൾക്ക് ഈ ജലം കണ്ടിട്ട് എന്താണ് തോന്നുന്നത്?’

രാമൻ മറുപടി പറഞ്ഞു.

‘തിരുമനസ്സേ, ഈ ജലം കണ്ടിട്ട് ജലമായി എനിക്ക് തോന്നുന്നു’ പിന്നീട് ജലത്തെപ്പറ്റി ആരും ഒന്നും ഉരിയാടിയില്ല.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക