പൂവൻ കോഴിയുടെ പാട്ട്

0
951
aesop-fables-in malayalam

Aesop Stories – പണ്ടൊരിക്കൽ ചങ്ങാതിമാരായ ഒരു പൂവൻ കോഴിയും ഒരു നായയും കൂടി ഒരു ദീർഘയാത്രക്ക് ഇറങ്ങിത്തിരിച്ചു. യാത്രാമദ്ധ്യേ ഒരു കാട്ടിൽ കൂടി അവർ പോകുമ്പോൾ രാത്രിയായി. ഇനി കാട്ടിലെങ്ങാനും ഉറക്കം ആകാം എന്നു ചങ്ങാതിമാർ തീരുമാനിച്ചു. Aesop stories
പൂവൻകോഴി ഒരു മരത്തിൽ കയറി ഉറങ്ങാൻ തുടങ്ങി. നായയാകട്ടെ മരത്തിന്റെ താഴെയുള്ള പൊത്തിലും ചുരുണ്ടു കൂടി.
നേരം പുലരാറായി. പൂവൻകോഴി പതിവുപോലെ ഉണർന്നു കൂവി. അതു കേട്ട നായ പറഞ്ഞു ‘നന്നായി പുലർന്നിട്ടു പോയാൽ മതി. ഇത് കാടാണ് എവിടെ നിന്നും ശത്രുക്കൾ വരാം’ നായ ഒന്നുകൂടി ചുരുണ്ടു കൂർക്കം വലിച്ചു.
തലേ ദിവസം രാത്രിയിൽ അത്താഴം കിട്ടാതിരുന്ന ഒരു കുറുക്കൻ പൂവൻകോഴിയുടെ കൂവൽ കേട്ടു. അവൻ തപ്പിത്തടഞ്ഞു മരചുവട്ടിലെത്തി.
‘പൂവൻകോഴി സുഹൃത്തേ, നിന്റെ പ്രഭാത ഗീതം അസ്സലായിട്ടുണ്ട്. എന്നെക്കൂടി പാടാൻ ഒന്നു പഠിപ്പിക്കാമോ?’ പതിവ് സൂത്രവുമായിട്ടാണ് കുറുക്കൻ എത്തിയിരിക്കുന്നത്
‘ഓ! അതിനെന്താ സഹോദരാ. എനിക്കു സന്തോഷം മാത്രമേയുള്ളു ‘ പൂവൻ കോഴി പറഞ്ഞു. കുറുക്കന് സന്തോഷമായി. അവൻ മരച്ചുവട്ടിൽ ആർത്തിയോടെ നോക്കി നിന്നു.
അപ്പോൾ പൂവൻകോഴി തുടർന്നു. ‘പക്ഷേ ഒരു കാര്യം എന്റെ ഒരു സുഹൃത്ത് താഴെ പൊത്തിലുണ്ട് അവനും നന്നായിട്ട് പാടുന്നവനാണ്. അവനെക്കൂടി നെ ഓരിയിട്ടു വിളിക്കുക. എന്നിട്ടു ഞങ്ങൾ ഒരുമിച്ചു നിന്നെ പട്ടു പഠിപ്പിക്കാം’
കുറുക്കൻ ഓരിയിട്ടു. ഇത് കേട്ട നായ മരപ്പൊത്തിൽ നിന്നും പുറത്തു ചാടി കുരച്ചു. കുറുക്കൻ ജീവനും കൊണ്ടോടി.

ബുദ്ധിയുള്ളവർ അനുനയത്തിൽ ശത്രുക്കളിൽ നിന്നും രക്ഷനേടുന്നു.

പ്രേരണാക്കുറ്റം Aesop stories in Malayalam

യുദ്ധം അവസാനിച്ചപ്പോൾ ജേതാക്കൾ പരാജയ സൈന്യത്തിലെ പലരെയും തടവുകാരായി പിടിച്ചു. അക്കൂട്ടത്തിൽ പരാജിതപക്ഷത്തെ ഒരു കാഹളമൂത്തുകാരനും ഉണ്ടായിരുന്നു.
എല്ലാ തടവുകാരെയും കൊല്ലാൻ ചക്രവർത്തി ഉത്തരവിട്ടു.
കാഹളമൂത്തുകാരൻ അപേക്ഷിച്ചു ‘ഞാൻ യാതൊരു അപരാധവും ചെയ്‌തിട്ടില്ല. ആരെയും കൊന്നിട്ടില്ല. യാതൊരു ആയുധവും തൊട്ടിട്ടുപോലുമില്ല.ആകെക്കൂടി ഞാൻ ചെയ്‌തിരിക്കുന്നത്‌ കൊമ്പു വിളിക്കുക മാത്രമാണ്. അതുകൊണ്ട് അവിടുന്ന് എന്നെ കൊല്ലരുത്.
അപ്പോൾ ശത്രു സൈന്യമേധാവി പറഞ്ഞു. ‘ആ ഒരു കാര്യം കൊണ്ട് തന്നെ നീ മറ്റാരെയുംകാൾ വധശിക്ഷ അർഹിക്കുന്നു. പടയാളികൾക്ക് ആദ്യമായി ആക്രമണ സന്ദേശവും ആവേശവും നൽകിയത് നിന്റെ കൊമ്പുവിളിയാണ്. യുദ്ധത്തിൽ തളർന്നവർക്കും മനം മടുത്തവർക്കും ഉത്തേജനം കൊടുത്തതു നിന്റെ കൊമ്പാണ്. നിന്റെ കൊമ്പുവിളിയുടെ ആവേശത്തിലാണ് നിന്റെ ഭാഗത്തുള്ള ഭടന്മാർ ഞങ്ങളുടെ നിരവധി ഭടന്മാരെ കൊന്നൊടുക്കിയത്
ഒന്നാമതായി കൊമ്പുവിളിക്കാരനെ തന്നെ കൊല്ലാൻ ഉത്തരവായി.

തിന്മക്കു പ്രേരിപ്പിക്കുന്നവൻ തിന്മ ചെയ്യുന്നവനെക്കാൾ കുറ്റക്കാരനാണ്.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക