പൂച്ചക്ക് ആര് മണികെട്ടും?

0
424
aesop-kathakal-malayalam-pdf download

പണ്ടൊരിക്കൽ ധാരാളം എലികൾ ഒരു വീടിന്റെ തട്ടിൻപുറത്തു താവളമടിച്ചിരുന്നു. വീട്ടുടമ തട്ടിൻ പുറത്തു സൂക്ഷിച്ചിരുന്ന ധാന്യങ്ങൾക്കിടയിൽ അവർ പുളച്ചു മറിഞ്ഞു. നല്ല സുഖവും സംതൃപ്തിയും നൽകുന്ന ജീവിതമായിരുന്നു എലികൾക്ക്.

പക്ഷേ ഒരു ദിവസം വീട്ടുടമസ്ഥൻ ഒരു കണ്ടൻ പൂച്ചയെ വീട്ടിൽ കൊണ്ട് വന്നു. കറുത്ത നിറവും കൂർത്ത പല്ലുകളും തിളങ്ങുന്ന കണ്ണുകളും ഉണ്ടക്കണ്ണൻ പൂച്ച.

അവന്റെ വരവോടെ എലികളുടെ കഷ്ടകാലം ആരംഭിച്ചു. ദിനം തോറും എലികൾ അപ്രത്യക്ഷമാകാൻ തുടങ്ങി. കുറെ ദിവസങ്ങൾ കൊണ്ടുതന്നെ വളരെയധികം എലികൾ കണ്ടൻ പൂച്ചയുടെ ഭക്ഷണമായി. അതിനെ തുടർന്ന് മറ്റു എലികൾ മാളങ്ങൾക്ക് പുറത്തു ഇറങ്ങാതെയായി.

ഒരുദിവസം എലികളെല്ലാം തട്ടിൻപുറത്തു ഒന്നിച്ചു. ദുഃഖത്തിന്റെ നിഴൽ വീണ ഒരു യോഗമായിരുന്നത്. എലിത്തലവൻ പറഞ്ഞു ‘ഇന്നു നാം വലിയ ഒരു വലിയ ഒരു വിപത്തിലാണ്. നമ്മുടെ സഹോദരീ സഹോദരന്മാരിൽ പലരെയും കണ്ടൻ പൂച്ച കാലപുരിക്ക് അയച്ചു കഴിഞ്ഞു. ഇനി ഇത് തുടർന്നു കൂടാ.ഈ നശിച്ച പൂച്ചയിൽ നിന്ന് നാം മോചനം നേടേണ്ടിയിരിക്കുന്നു. എന്താണ് ഒരു മാർഗം?’

അപ്പോൾ കിഴവനെലി പറഞ്ഞു ‘പൂച്ചയുടെ കണ്ണിൽ പെടാതെ കഴിവതും കഴിയുക. അല്ലെങ്കിൽ പൂച്ചയുടെ മരണം വരെ നാം ഇവിടം വിട്ടു മറ്റെവിടെയെങ്കിലും താമസിക്കുക.’

ചെറുപ്പക്കാരായ എലികൾക്ക് ഈ നിർദ്ദേശം ഒട്ടും പിടിച്ചില്ല. പൂച്ചയെ പേടിച്ചു സ്ഥലം വിടുകയോ പൂച്ചയുടെ മുമ്പിൽ നിന്ന് ഒളിക്കുകയോ ചെയ്യുന്നത് ഭീരുത്വമാണ്. ചെറുപ്പക്കാരനായ ഒരു എലി ഒരു നിർദ്ദേശം വച്ചു’ കണ്ടൻ പൂച്ച ഒച്ച ഉണ്ടാക്കാതെ വരുന്നത് കൊണ്ടാണ് നാം അവന്റെ ഇരയാകുന്നത്. അതുകൊണ്ട് പൂച്ചയുടെ കഴുത്തിൽ ഒരു മണി കെട്ടുക. അപ്പോൾ പൂച്ച വരുമ്പോൾ സ്വരം കേൾക്കും. നമുക്ക് ഓടി ഒളിക്കാൻ കഴിയുകയും ചെയ്യും’

‘നല്ല ഉപായം, നല്ല ഉപായം.’ ഒരേ സ്വരത്തിൽ പല എലികളും വിളിച്ചു കൂവി. പലരും ആശ്വാസത്തിന്റെ ദീർഘ നിശ്വാസം വിട്ടു.

അപ്പോൾ ആദ്യം നിർദ്ദേശിച്ച കിഴവനെലി പറഞ്ഞു. ‘വളരെ നല്ല ഉപായം തന്നെ. പക്ഷേ കുട്ടികളെ നിങ്ങളിൽ ആര് പൂച്ചക്ക് മണി കെട്ടും.

എലികൾ തമ്മിൽ തമ്മിൽ നോക്കി. ആരും ഒന്നും ഉരിയാടിയില്ല.

ബുദ്ധിപൂർവ്വവും പ്രായോഗികവുമായ നിർദ്ദേശങ്ങൾ കൊണ്ടേ ഗുണമുള്ളൂ.

ആരെയും വിധിക്കരുത്

കടലിൽ ഒരു കപ്പൽ മുങ്ങുന്നത് അയാൾ കണ്ടു അയാൾക്ക്‌ സങ്കടം തോന്നി.

‘എന്തൊരു ക്രൂരമായ വിധി. യാതൊരു കാരുണ്യവുമില്ല ദൈവത്തിനു. ശരിയാണ്! ദുഷ്ടനായ ഒരു മനുഷ്യൻ ആ കപ്പലിലുണ്ടായിരിക്കാം. പക്ഷേ ഒരു ദുഷ്ടന് വേണ്ടി നിരപരാധികളായ എത്ര പേരാണ് നശിക്കുന്നത്. ഇതെന്തു ന്യായം? ഇതെന്തു നീതി?’

അയാളുടെ സങ്കടം കോപമായി മാറി. ധാർമ്മികരോഷത്തിൽ അയാൾ ജ്വലിച്ചു.

അങ്ങനെ നോക്കി നിൽക്കെ അയാളുടെ കാലിൽ ഒരു ഉറുമ്പു കടിച്ചു. താഴേക്ക് നോക്കിയപ്പോൾ വരി വരിയായി പോകുന്ന ഉറുമ്പിൻ കൂട്ടം. അയാൾ കോപാവേശത്തിൽ കാലുയർത്തി വരിയിലുള്ള അനേകം ഉറുമ്പുകളെ ചവിട്ടിയരച്ചു തേച്ചു കളഞ്ഞു.

പെട്ടെന്ന് അയാളുടെ മുന്നിൽ ഒരു ദിവ്യരൂപം പ്രത്യക്ഷമായി. അത് ഹെർമിസ് ദേവനായിരുന്നു.

‘ഹേ! മനുഷ്യ! എന്താണ് നിങ്ങൾ ചെയ്തത്? ഒരു ഉറുമ്പു നിങ്ങളെ ദ്രോഹിച്ചതിന്റെ പേരിൽ ക്രൂരമായ രീതിയിൽ ഇത്രയധികം ഉറുമ്പുകളെ നശിപ്പിക്കാൻ നിങ്ങൾക്ക് എന്തവകാശം?

അയാൾ തല കുനിച്ചു നിന്ന്. അപ്പോൾ ദേവൻ തുടർന്നു.

‘ദൈവം നീതി നടപ്പാക്കുന്നതിലെ കുറ്റം കണ്ടുപിടിക്കാൻ നിങ്ങൾ എത്ര സമർത്ഥനാണ്. എന്നാൽ എന്തുകൊണ്ട് നിങ്ങൾക്ക് കുറ്റമറ്റ രീതിയിൽ പ്രവർത്തിച്ചു കൂടാ.’

ലജ്ജകൊണ്ട് മനുഷ്യൻ വീണ്ടും തലകുനിച്ചു.

സ്വന്തം അന്യായ പ്രവൃത്തികളെ വിസ്മരിച്ചു മറ്റുള്ളവരുടെ ചെറിയ കുറ്റങ്ങൾ കണ്ടെത്തുക പല മനുഷ്യരുടെയും സ്വഭാവമാണ് ഇത് ശരിയല്ല.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക