പൂച്ചകാലൻ സഞ്ചി

0
422
aesop-kathakal-malayalam-pdf download

പണ്ട് പണ്ട് ഒരിടത്തു ഒരു അപ്പൂപ്പൻ പൂച്ച ജീവിച്ചിരുന്നു. ഓടുന്നതിനും ചാടുന്നതിനുമുള്ള ശേഷി കുറഞ്ഞതോടെ എലി പിടുത്തം അയാൾക്ക് ദുഷ്കരമായി. ചെറുപ്പകാലത്തു രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ എലി സങ്കേതങ്ങളിൽ മിന്നലാക്രമണം നടത്തി രണ്ടും മൂന്നും എലികളെ ദിവസവും അയാൾ അകത്താക്കിയിരുന്നു. എന്നാലിപ്പോഴാകട്ടെ എലിയിറച്ചിയുടെ സ്വാദ് അറിഞ്ഞിട്ട് മാസങ്ങളായിരിക്കുന്നു.

അവസാനം അപ്പൂപ്പൻ പൂച്ച ഒരു കുറുക്കു വഴി കണ്ടു പിടിച്ചു. എലികൾ കടിച്ചുമുറിച്ച ഒരു മുഷിഞ്ഞ തലയണയുറ അയാൾ സംഘടിപ്പിച്ചു. എന്നിട്ടു ഈ ഉറയിൽ കയറി അതിന്റെ തുളയിലൂടെ തലയും മുൻകാലുകളും പുറത്തേക്കിട്ടു പിന്നെ സൂക്ഷിപ്പുമുറിയിലെ തട്ടിന്റെ നീണ്ടുകിടന്ന താങ്ങുവടിയിൽ പിൻകാലുകൾ ബന്ധിച്ചുകൊണ്ട് അനക്കമില്ലാതെ കിടന്നു. പഴക്കുലയും മറ്റും സഞ്ചിയിൽ തൂക്കിയതാണെന്നേ ഒറ്റനോട്ടത്തിൽ തോന്നു. എലികൾ സഞ്ചിയുടെ അടുത്ത് വരാതിരിക്കില്ല, വരുമ്പോൾ ഓടുകയും ചാടുകയും ഒന്നും ചെയ്യാതെ അവയെ വകവരുത്തണം. ഇതായിരുന്നു പദ്ധതി.

രാത്രിയായി കത്തിയ വിളക്കുകൾ ഒക്കെ അണഞ്ഞു. എല്ലാവരും ഉറക്കമായി. എലികൾ ഒളിസങ്കേതങ്ങളിൽ നിന്നും അടുക്കളയിലേക്കും സൂക്ഷിപ്പുമുറിയിലേക്കും കടന്നു. അപ്പൂപ്പൻ പൂച്ച സഞ്ചിക്കുള്ളിൽ കയറി സൂക്ഷിപ്പുമുറിയിൽ തൂങ്ങിക്കിടക്കുകയാണ്.

പുതിയതായി സൂക്ഷിപ്പുമുറിയിൽ തൂക്കിയ സഞ്ചിയിൽ എന്താണെന്നറിയാൻ എലികുഞ്ഞുങ്ങളെത്തി. സ്വാദുള്ള എന്തെങ്കിലും പഴങ്ങളായിരിക്കും. അപ്പൂപ്പൻ പൂച്ചയുടെ ആനന്ദത്തിന് അതിരില്ലായിരുന്നു. അയാളുടെ വായിൽ വെള്ളമൂറി. ശ്വാസം പിടിച്ചു അയാൾ അനങ്ങാതെ കിടന്നു.

‘വരട്ടെ,’ എലികുഞ്ഞുങ്ങൾ അടുത്ത് വരട്ടെ’ പെട്ടെന്ന് എലികുഞ്ഞുങ്ങളുടെ ശബ്ദം കേട്ട് എലിയമ്മ സൂക്ഷിപ്പുമുറിയിലെത്തി. തൂങ്ങിക്കിടക്കുന്ന സഞ്ചിയിലേക്ക് അവൾ നോക്കി. ഈ സഞ്ചിയ്ക്ക് എന്തോ ഒരു പന്തികേടുണ്ട്. അവൾ എലികുഞ്ഞുങ്ങളെ താക്കീത് ചെയ്തു.’ ആരും സഞ്ചിയുടെ അടുത്ത് പോകരുത്. അമ്മ ഒന്ന് നോക്കട്ടെ ആ സഞ്ചിക്ക് എന്തോ ഒരു പൊരുത്തക്കേട് ഉണ്ട്. പല സഞ്ചികളും ഈ ‘അമ്മ കണ്ടിട്ടുണ്ട്. തുളച്ചിട്ടുമുണ്ട്. അടിവശത്തു ഒരു പൂച്ചയുടെ തലയും മുൻകാലുകളും തൂക്കിയിട്ടുള്ള സഞ്ചി ആദ്യമായാണ് കാണുന്നത്.

എലികുഞ്ഞുങ്ങൾ ഒളിസങ്കേതങ്ങളിലേക്കോടി. സുരക്ഷിതമായ സ്ഥാനത്തു നിന്നും എലിയമ്മ സഞ്ചി പരിശോധിച്ചു. അവൾക്കു കാര്യം മനസിലായി. എന്നിട്ടു സഞ്ചിയിൽ കിടക്കുന്ന അപ്പൂപ്പൻ പൂച്ചയോടായി പറഞ്ഞു.

ഹേ! പൂച്ച അപ്പൂപ്പാ, നിന്റെ സൂത്രം കേമമായിട്ടുണ്ട്. പക്ഷേ നിന്റെ പൂച് പുറത്തായിരിക്കുന്നു. ഞങ്ങൾ അത്ര തിരുമണ്ടന്മാർ ഒന്നുമല്ല. മരം കൊണ്ടായാലും മണ്ണ് കൊണ്ടായാലും നിന്റെ രൂപം കണ്ടാൽ ഞങ്ങൾ സൂക്ഷിച്ചേ നിൽക്കു.’

ലോകത്തിന്റെ കപടമുഖം കാണാൻ പ്രായമായവർക്കേ സാധിക്കു. പ്രായമുള്ളവർ പറയുന്നത് അനുസരിച്ചു കുട്ടികൾ ജീവിച്ചാൽ അപകടത്തിൽ ചാടാതിരിക്കും.

കാക്കയും കുറുക്കനും

ഒരിക്കൽ ഒരു കാക്കച്ചിക്ക് ഒരു കഷണം ഇറച്ചികിട്ടി. അതുമായി അവൾ കാട്ടിലെ ഒരു മരക്കൊമ്പിലെത്തി. കൗശലക്കാരൻ കുറുക്കച്ചാര് അത് കണ്ടു. അവനു കൊതി തോന്നി. എങ്ങനെയെങ്കിലും ഇറച്ചിക്കഷ്‌ണം തട്ടിയെടുക്കണം. ചോദിച്ചാൽ തരുന്നവളൊന്നുമല്ല കറുമ്പി കാക്ക. പിണങ്ങിയാൽ പറന്നു പോകുകയും ചെയ്യും. അനുനയവും സൂത്രവും മാത്രമേ വിജയിക്കൂ. അതിൽ താനൊട്ടും പിറകിലുമല്ലല്ലോ?

കുറുക്കൻ ഒന്ന് മുരടനക്കി. പക്ഷേ കറുമ്പി കാക്ക നോക്കിയതുപോലുമില്ല.

കൗശലക്കാരൻ കുറുക്കച്ചാര് കാക്കച്ചിയെ വിളിച്ചു ‘കാക്കച്ചി, കാക്കച്ചി നീ ഇന്നു എത്ര സുന്ദരിയായിരിക്കുന്നു. നിന്റെ സൗന്ദര്യത്തെക്കുറിച്ചു ഞാൻ വളരെ കേട്ടിട്ടുണ്ട്. കാട്ടിലൊക്കെ നിനക്ക് എത്ര ആരാധകർ ഉണ്ടെന്നോ?

കാക്കച്ചിക്കു രോമാഞ്ചം തോന്നി. അവൾ വാൽപൊക്കി ചിരകിളക്കി ആഹ്‌ളാദം പ്രകടിപ്പിച്ചു.

മുഖസ്തുതിയിൽ കാക്കച്ചി വീണു എന്ന് കുറുക്കച്ചന് മനസിലായി അവൻ തുടർന്നു. ‘നിന്റെ തൂവലുകൾ മയിൽപീലിയേക്കാൾ മനോഹരമാണ്. നിന്റെ എണ്ണക്കറുപ്പ് ഹൃദ്യമാണ്. നിന്നെ കണ്ടുമുട്ടിയ ഞാൻ ധന്യനാണ്.’

കാക്കച്ചി ഒന്നുകൂടി ചിറകുകൾ ഇളക്കി. അപ്പോൾ കുറുക്കൻ തുടർന്നു.

‘നീ സുന്ദരമായി പാടുമെന്ന് കേട്ടിട്ടുണ്ട്. ഇത്രയും മനോഹരമായ ശരീരത്തിൽ നിന്നും ഉതിരുന്ന ശബ്ദം മാധുര്യമുള്ളതാകുന്നതിൽ എന്ത് അത്ഭുതം. സുന്ദരിക്കാക്കാച്ചി, ഈ ആരാധകനു വേണ്ടി ഒരു പാട്ടുപാടാമോ?

കാക്കച്ചിക്ക് ഇത്രയുമായപ്പോൾ നിയന്ത്രിക്കുവാൻ കഴിഞ്ഞില്ല. പാവം കുറുക്കൻ അവന്റെ ആഗ്രഹമല്ലേ? ഏതായാലും ഒരു പാട്ടുപാടുക തന്നെ!

കാക്കച്ചി വായ് പൊളിച്ചു. കൊക്കിൽ നിന്നും ഇറച്ചിക്കഷണം താഴെപ്പോയി.

കുറുക്കൻ ഇറച്ചിക്കഷണം ചാടിയെടുത്തു.

കാക്കയുടെ പാട്ടുണ്ടോ കുറുക്കൻ ശ്രദ്ധിക്കുന്നു!  അപ്പോഴാണ് കാക്കച്ചിക്ക് അമളി മനസിലായത്.

ഇറച്ചി തിന്നുകൊണ്ടിരുന്ന കുറുക്കൻ കാക്കച്ചിയ്ക്ക് ഒരു ഉപദേശവും കൊടുത്തു. ‘എടീ മണ്ടിപ്പെണ്ണേ, സ്‌തുതിക്കുന്നവർക്ക് ഒക്കെ ഒരു ഉദ്ദേശമുണ്ട്. അതോർത്തോ.’

മുഖസ്തുതിയിൽ വീണാൽ വിഡ്ഢിയാകും.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക