പാലുകുടിക്കാത്ത പൂച്ച

0
572
thennali-raman-stories-malayalam

വിജയനഗര തലസ്ഥാനത്തു എലികളുടെ ശല്യമേറി. അവ മനുഷ്യർക്കുള്ള ആഹാരപദാർത്ഥങ്ങൾ കട്ടുതിന്നുക മാത്രമല്ല മനുഷ്യരെ കടിക്കുവാൻ വരെ തുടങ്ങി. എന്തെങ്കിലും പരിഹാരം ഉണ്ടാക്കേണ്ടിയിരിക്കുന്നു. ചക്രവർത്തി പരദേശത്തു നിന്നും ആയിരം പൂച്ചകളെ വരുത്തി. നാടൻ പൂച്ചകളെക്കാൾ ശൗര്യവും ശക്തിയുമുള്ളവരായിരുന്നു ഈ പൂച്ചകൾ.

പക്ഷേ വീണ്ടും പ്രശ്നമായി. ആയിരം പൂച്ചകളെ ഒന്നിച്ചു കൊട്ടാരത്തിൽ പാർപ്പിക്കാനൊക്കുമോ? അതുമല്ല എലിശല്യം കൊട്ടാരത്തിൽ മാത്രമല്ലതാനും. ചക്രവർത്തി കല്പനയിറക്കി. ഓരോ വീട്ടുകാരും ഓരോ പൂച്ചയെ കൂടി സംരക്ഷിക്കണം. അപ്പോൾ പൂച്ചക്ക് കുടിക്കാനുള്ള പാലിന്റെ കാര്യമോ? അതിമുണ്ട് വഴി. എല്ലാ വീട്ടുകാർക്കും ഓരോ പശുവിനെക്കൂടി കൊടുക്കുക. പശുവിന്റെ പാൽ പൂച്ചക്ക് കൊടുക്കാമല്ലോ.

അങ്ങനെ കൊട്ടാര വിദൂഷകനായ രാമനും ഒരു പൂച്ചയേയും പശുവിനെയും കിട്ടി. രാമനെന്തോ ഈ പുതിയ പദ്ധതിയുടെ പ്രയോഗികതയെകുറിച്ചു വലിയ മതിപ്പില്ലായിരുന്നു. പക്ഷേ രാമനു പശുവിനെ കിട്ടിയതിൽ പെരുത്ത സന്തോഷമായിരുന്നു. വീട്ടുകാർക്ക് ഇനി അവശ്യം പോലെ പാലുകുടിക്കാമല്ലോ. പൂച്ചയെ പാലുകൊടുത്തു വളർത്തേണ്ട കാര്യമൊന്നുമില്ല. ഇതായിരുന്നു രാമന്റെ ചിന്ത.

അതിനുള്ള സൂത്രപ്പണിയും രാമൻ താമസിയാതെ പറ്റിച്ചു. വളരെ നേരത്തേക്ക് പൂച്ചക്ക് ഒരു ഭക്ഷണവും കൊടുത്തില്ല. അതിനു ശേഷം ഒരു പരന്ന പാത്രത്തിൽ ചൂടുള്ള പാലൊഴിച്ചു പൂച്ചയുടെ മുമ്പിൽ വച്ചു. പൂച്ച അത്യാർത്തിയോടെ പാൽ നക്കി. പക്ഷേ ഒരു പ്രാവശ്യം മാത്രം. അതിന്റെ ചുണ്ടും നാക്കും വല്ലാതെ പൊള്ളിപ്പോയി. അത് തിരിഞ്ഞോടി.

പിറ്റേദിവസം രാമൻ തണുത്തപാൽ ഒരു പാത്രത്തിൽ ഒഴിച്ച് പൂച്ചക്ക് കൊടുത്തു. പക്ഷെ പൂച്ച പാൽ കുടിച്ചില്ല, നേരെ തിരഞ്ഞു ഒരോട്ടം! തലേനാളത്തേ അനുഭവം മറക്കാൻ പറ്റുമോ? അങ്ങനെ രാമന്റെ പൂച്ച പാൽ കണ്ടാൽ പേടിക്കാൻ തുടങ്ങി. ഇതായിരുന്നു രാമൻ ആഗ്രഹിച്ചതും.

മാസങ്ങൾ കഴിഞ്ഞപ്പോൾ കൊട്ടാരത്തിൽ നിന്നും കല്പന വന്നു. എല്ലാവരും പൂച്ചകളുമായി കൊട്ടാരത്തിൽ എത്തണം. ചക്രവർത്തിക്ക് പൂച്ചകളെ നേരിൽ പരിശോധിക്കണം. നിശ്ചയിക്കപ്പെട്ട ദിവസം പൂച്ചകളും ഉടമസ്ഥരുമെത്തി. ചക്രവർത്തി പൂച്ചകളെ പരിശോധിച്ചു. എല്ലാം തടിച്ചു കൊഴുത്ത പൂച്ചകൾ. പക്ഷെ ഒരു പൂച്ച മാത്രം എല്ലും തോലുമായിരിക്കുന്നു. മാംസം എന്നത് പൂച്ചയുടെ ദേഹത്ത് ഇല്ലേയില്ല. രോമവും കൊഴിഞ്ഞു പോയിരിക്കുന്നു. ചക്രവർത്തി പൂച്ചയുടെ ഉടമസ്ഥനെ തിരക്കി. അത് രാമനല്ലാതെ മറ്റാരുമായിരുന്നില്ല.

‘രാമാ, നിങ്ങളുടെ പൂച്ചക്ക് എന്ത് പറ്റി? വല്ല രോഗവും ബാധിച്ചിരിക്കുകയാണോ? അതോ നിങ്ങൾ ഭക്ഷണമൊന്നും കൊടുക്കാറില്ലേ? പാൽ കൊടുത്താൽ പൂച്ച ഈ കോലമാകില്ലല്ലോ? ചക്രവർത്തി ആരാഞ്ഞു.

‘തിരുമേനീ, എന്റെ പൂച്ച പാൽ കുടിക്കില്ല. അതുകൊണ്ടാണ് ഈ കോലമായത്’ രാമൻ പറഞ്ഞു.

‘എന്ത് പാൽ കുടിക്കാത്ത പൂച്ചയോ? ശുദ്ധ കള്ളം പരീക്ഷിച്ചറിയുക തന്നെ. രാമൻ പറയുന്നത് ശരിയാണെങ്കിൽ അയാൾക്ക് നൂറു സ്വർണനാണയങ്ങൾ കൊടുക്കുക. മറിച്ചാണെങ്കിൽ രാമനിട്ടു നൂറു അടിയാണ് കിട്ടുക’

ചക്രവർത്തി പറഞ്ഞു.

ഉടൻ തന്നെ ഭൃത്യന്മാർ ഒരു പാത്രത്തിൽ പാലുമായി എത്തി. പാൽ പാത്രം പൂച്ചയുടെ മുന്നിൽ വെച്ചു. പാൽ കണ്ടതും പൂച്ച ഭയന്ന് തിരിഞ്ഞോടി. രാമൻ പറഞ്ഞത് ശരി തന്നെ. രാമന്റെ പൂച്ച പാൽകുടിക്കില്ല. ചക്രവർത്തി നൂറു സ്വർണനാണയങ്ങൾ രാമന് കൊടുത്തു.

പക്ഷേ ചക്രവർത്തിക്ക് ഒരു കാര്യം മനസിലായി. പൂച്ച പാൽ കുടിക്കാത്തതിന് കാരണം രാമൻ തന്നെ.

‘രാമാ, നിങ്ങൾ എന്തിനാണ് ഈ മിണ്ടാപ്രാണിയോട് കൊടുംക്രൂരത കാട്ടിയത്. പൂച്ചയെ അതിൽ നിന്നും പിന്തിപ്പിച്ചിട്ട് നിങ്ങൾ പൂച്ചക്കുള്ള പാൽ ഭേഷായി കുടിക്കുകയായിരുന്നു അല്ലെ? നിങ്ങൾക്ക് അതിനെങ്ങനെ മനസ് വന്നു? ചക്രവർത്തി ചോദിച്ചു.

‘തിരുമേനി ദയവായി ഞാൻ പറയുന്നത് അങ്ങ് കേൾക്കുമാറാകണം. പൂച്ചക്ക് പാൽ കൊടുക്കുന്നത് തെറ്റല്ല. പക്ഷേ അതിനു മുമ്പായി അങ്ങയുടെ പ്രജകൾക്ക് പാൽ കിട്ടണം. അതിപ്പോൾ ഇല്ലാ. പ്രജകൾക്ക് സുലഭമായി പാൽ കിട്ടിയ ശേഷം മാത്രം മതി പൂച്ചക്ക്.’ രാമൻ പറഞ്ഞു.

രാമൻ പറഞ്ഞതിൽ കാര്യമുണ്ടെന്നു ചക്രവർത്തിക്കും കേട്ടുനിന്നവർക്കും തോന്നി.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക