പക്ഷേ എന്തു ചെയ്യാം

0
431
aesop-kathakal-malayalam-pdf download

വിതച്ച വിത്തുകളൊക്കെ പ്രാവുകൾ തിന്നു തീർക്കാൻ തുടങ്ങിയപ്പോൾ കർഷകനു വലിയ സങ്കടമായി. അയാൾ പാടത്തു ഒരു വലയൊരുക്കി.

ആ വലയിൽ ധാരാളം പ്രാവുകൾ കുടുങ്ങി. കൂട്ടത്തിൽ നീളൻ കാലും നീളൻ കൊക്കുമുള്ള ഒരു കൊറ്റിയും.

കർഷകൻ പ്രദോഷത്തിൽ വന്നപ്പോൾ കൊറ്റി പറഞ്ഞു.

‘പ്രിയ കർഷകസുഹൃത്തേ, ഞാൻ ഭാര്യക്കും കുട്ടികൾക്കുമായി ആഹാരം തേടി ഇറങ്ങിയ വഴിക്കാണ് ഈ വലയിൽ പെട്ടത്. നിങ്ങളുടെ ഒറ്റ വിത്തുപോലും ഞാൻ തിന്നിട്ടില്ല. ദയവുചെയ്ത് എന്നെ വിട്ടയച്ചാലും’

നീ മര്യാദക്കാരനായിരിക്കാം. പറയുന്നത് സത്യവുമാകാം’

കർഷകൻ പറഞ്ഞു. ‘പക്ഷേ എന്ത് ചെയ്യാം? കുറ്റവാളികളായ പ്രാവുകളോടൊപ്പമാണ് നീയും പിടിക്കപ്പെട്ടത്. അതുകൊണ്ട് അവരെ കാത്തുനിൽക്കുന്ന അതേ വിധിയിൽ നിന്നും നിനക്ക് രക്ഷപ്പെടുക സാധ്യമല്ല’

കൂട്ടുകെട്ട് നോക്കി മറ്റുള്ള മനുഷ്യർ നമ്മളെ അളക്കുന്നു.

ആട്ടിൻകുട്ടിയുടെ സൂത്രം

കാടിനടുത്തുള്ള ഒരു ഗ്രാമം. അവിടെ ഒരു വീട്ടിൽ വളർത്തിയിരുന്ന ആട്ടിൻകുട്ടിക്ക് ഉറക്കത്തിൽ എന്തോ അപകടസൂചന തോന്നി ഞെട്ടിയുണർന്നു. ആർത്തിയോടെ തന്നെ നോക്കുന്ന ചെന്നായയെയാണ് ആട്ടിൻകുട്ടി കണ്ടത്. ആട്ടിൻകുട്ടി ശരിക്കും പേടിച്ചുപോയി. എന്തെങ്കിലും സൂത്രം പ്രയോഗിച്ചു ചെന്നായയുടെ കൈകളിൽ നിന്നും രക്ഷപ്പെടണം. ‘എന്താണൊരു വഴി’ പെട്ടെന്നു ആട്ടിൻകുട്ടിക്ക് ഒരു ബുദ്ധി തോന്നി.

ആട്ടിൻകുട്ടി ചെന്നായയോട് പറഞ്ഞു. “ഞാനങ്ങേയ്‌ക്ക് പൂർണ്ണമായും കീഴടങ്ങുന്നു. അങ്ങയുടെ ഭക്ഷണമാകുന്നതിൽ എനിക്ക് സന്തോഷവും അഭിമാനവും മാത്രമേയുള്ളു. പക്ഷേ എനിക്ക് ഒരപേക്ഷയുണ്ട്. ഞാൻ കുറെ ദിവസങ്ങളായി രോഗമായി കിടപ്പിലായിരുന്നു.ഇപ്പോഴും ഞാൻ പൂർണ ആരോഗ്യത്തിലായിട്ടില്ല. നോക്കൂ ഞാനെത്ര ചടച്ചിരിക്കുന്നുവെന്ന് അതുകൊണ്ട് ഇന്ന് എന്നെ പിടിച്ചുകൊണ്ടു പോകരുത്. ഒരു മാസം കഴിയുമ്പോൾ അങ്ങ് ഇവിടെ വരൂ. അപ്പോഴേക്കും ഞാൻ വലുതാകുകയും ചെയ്യും.”

ചെന്നായ സമ്മതിച്ചു. ആട്ടിൻകുട്ടിക്ക് ആശ്വാസവുമായി.

പിറ്റേദിവസം യജമാനനോട് എല്ലാ കാര്യങ്ങളും ആട്ടിൻകുട്ടി പറഞ്ഞു. ആട്ടിൻകുട്ടിയുടെ രക്ഷക്ക് വേണ്ടിയ എല്ലാ മുൻകരുതലുകളും എടുത്തുകൊള്ളാമെന്നു യജമാനൻ ആട്ടിൻകുട്ടിക്ക് ഉറപ്പുകൊടുത്തു.

താമസിയാതെ വീട്ടിലേക്ക് രണ്ടു അതിഥികളെത്തി ഭീകരന്മാരായ രണ്ടു നായ്ക്കൾ. ആട്ടിൻകുട്ടിയുടെ രക്ഷക്കെത്തിയ കാവൽക്കാരനായിരുന്നു അവർ.

ഒരു മാസം പൂർത്തിയായ ദിവസം തന്നെ വാക്കു തെറ്റാതെ ചെന്നായ ആട്ടിൻകൂട്ടിലെത്തി. നായ്ക്കളെ കണ്ടപ്പോൾ ചെന്നായ്ക്കു എന്തോ അപകടസൂചന തോന്നി. ശബ്ദമുണ്ടാക്കാതെ അവൻ ആട്ടിൻ കുട്ടിയുടെ അടുത്തെത്തി.

‘വരൂ നമുക്ക് പോകാം.’

‘ഇതാ ഞാൻ വരുന്നു.’ ആട്ടിൻകുട്ടി പറഞ്ഞു. ‘പക്ഷേ എനിക്ക് അവസാനമായി ഒരാഗ്രഹമുണ്ട്. എനിക്ക് ഒരു ശോകഗാനം കൂടി പാടണം.’

‘ആയിക്കോളൂ. പക്ഷേ എല്ലാം പെട്ടെന്നു വേണം’ ചെന്നായ അക്ഷമനായി.

ആട്ടിൻകുട്ടി നീട്ടിക്കരയാൻ തുടങ്ങി. ഇതുകേട്ട് നായ്ക്കൾ രണ്ടും കുരച്ചു ചാടി. വടിയും ഇരുമ്പു കമ്പിയുമായെത്തിയ ഭൃത്യന്മാർ ചെന്നായയുടെ നേരെ ചാടി വീണു. ചെന്നായയുടെ അന്ത്യമായിരുന്നു അന്ന്.

അപകട ഭീഷണിയുള്ളപ്പോൾ ബുദ്ധിപൂർവം പ്രവർത്തിച്ചാൽ അവയിൽ നിന്ന് രക്ഷപെടാൻ പറ്റും.

പൈക്കിടാവും കാളയും

പണ്ട് പണ്ട് ഒരു കർഷകന്റെ കൂടെ പാടത്തു അയാൾക്ക്‌ സഹായിയായി ഒരു കാളകൂറ്റൻ ഉണ്ടായിരുന്നു. പകൽ മുഴുവൻ കർഷകൻ കാളയുടെ പുറത്തു നുകം വച്ചു നിലം ഉഴുതുകൊണ്ടിരുന്നു. സന്ധ്യയാകുമ്പോൾ കർഷകൻ നുകമഴിച്ചു മാറ്റും. എന്നിട്ട് അടുത്തുള്ള പുഴയിൽ കൊണ്ട് പോയി കാളയെ കുളിപ്പിക്കും. തുടർന്ന് അതിനെ തൊഴുത്തിലേക്ക് പോകാൻ അനുവദിക്കുകയും ചെയ്യും. ഇതായിരുന്നു എന്നും അവന്റെ ദിനചര്യ.

കർഷകന്റെ പാടത്തിനടുത്തു തന്നെ ഒരു പശുക്കുട്ടിയും ജീവിച്ചിരുന്നു. അവിടെയൊക്കെയുള്ള പച്ചപ്പുകളിൽ പൈക്കുട്ടി മേഞ്ഞു നടന്നു. ചിലപ്പോൾ തിമിർത്തുകൊണ്ടു വാലുപൊക്കി തുള്ളിച്ചാടി കർഷകന്റെ പാടത്തു വരും.

പൈക്കുട്ടിക്ക് കാളയോട് മഹാപുച്ഛമായിരുന്നു. ഒരിക്കൽ അവൾ കാളയോട് പറഞ്ഞു. ഞാനിന്നുവരെ താങ്കളെപ്പോലെ വിഡ്ഢിയായ ഒരാളെ കണ്ടിട്ടേയില്ല. പകലന്തിയോളം ഒരു നുകത്തിന്റെ കീഴിൽ പണിയെടുക്കുന്നു. ആർക്ക് വേണ്ടി? പകൽ സ്വാതന്ത്ര്യമായി നടന്നു പച്ചപ്പുല്ല് തിന്നാൻ പറ്റുമോ? ഇല്ല. ഒരിക്കലുമില്ല. എന്നെ നോക്കു! ഞാൻ സർവ്വസ്വതന്ത്രയാണ്. എന്നെ നിയന്ത്രിക്കാൻ ആരുമില്ല. എന്റെ ജീവിതം പരമാനന്ദമാണ്.

കാള ഒന്നും മിണ്ടിയില്ല. ‘എല്ലാം നിനക്ക് മനസിലാകുന്ന കാലം വരും’ എന്ന മട്ടിൽ നിന്നതേയുള്ളൂ.

കുറെ ദിവസങ്ങൾ കഴിഞ്ഞു. കാള പകലത്തെ പണിയൊക്കെ കഴിഞ്ഞു തൊഴുത്തിലേക്ക് മടങ്ങുകയായിരുന്നു. പോകുന്ന വഴിയിൽ ഒരു ക്ഷേത്രമുണ്ട്. അവിടെ അന്ന് പ്രത്യേക പൂജ നടക്കുന്ന ദിവസമായിരുന്നു. ധാരാളം ഭക്തന്മാർ കൂടിയിട്ടുണ്ട്. ക്ഷേത്രമുറ്റത്ത് പൂമാല അണിഞ്ഞു ചായം പൂശി നിൽക്കുന്ന പശുക്കുട്ടിയെ കാള കൗതുകപൂർവ്വം ശ്രദ്ധിച്ചു. തന്നെ പുച്ഛിച്ച പശുക്കുട്ടി തന്നെ. അവളെ ഒരു കുറ്റിയിൽ കെട്ടിയിട്ടിരിക്കുകയാണ്. സ്വല്പം മാറി ബലി പീഠത്തിനു മുന്നിലായി ഒരു പൂജാരി വാളുയർത്തി തുള്ളിക്കൊണ്ടിരുന്നു. പശുക്കുട്ടിയെ അന്ന് ദേവിക്ക് ബലി കൊടുക്കുകയായിരുന്നു.

കാള പശുക്കുട്ടിയുടെ അടുത്ത് ഒരു വിധത്തിലെത്തി. എന്നിട്ടു ചോദിച്ചു ‘ജോലിയൊന്നും ചെയ്യിക്കാതെ നിന്നെ സ്വതന്ത്രയായി തിമിർക്കാൻ വിട്ടതിന്റെ രഹസ്യം എന്താണെന്ന് ഇപ്പോൾ മനസ്സിലായോ?

പൈക്കുട്ടി ഒന്നും ഉരിയാടിയില്ല. അവൾ ഭയന്ന് വിറച്ചിരിക്കുകയായിരുന്നു. തന്റെ വിവരക്കേടും അവിവേകവും എത്ര വലുതാണെന്ന് പൈക്കുട്ടിക്ക് മനസിലായി.

രൗദ്രഭാവത്തിൽ വാളുയർത്തി തുള്ളുന്ന പൂജാരിയുടെ കണ്ണുകളിൽ നിന്നും തീ പാറുന്നുണ്ടായിരുന്നു. പൈക്കുട്ടി ആലിലപോലെ വിറച്ചു.

ആരുടെയും ദൈന്യാവസ്ഥയിൽ അവരെ പുച്ഛിക്കരുത്. അതിലും ദയനീയമായ അവസ്ഥ തനിക്കും വാരാം എന്ന കാര്യം മറക്കരുത്.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക