നന്ദിയുള്ള പരുന്ത്

0
398
aesop-kathakal-malayalam-pdf download

പണ്ടൊരു പരുന്ത് ഒരു നായാട്ടുകാരന്റെ വലയിൽ കുടുങ്ങി. കുറെ നേരം കഴിഞ്ഞപ്പോൾ നായാട്ടുകാരനെത്തി. അയാൾ പരുന്തിനെ കയ്യിലെടുത്തു. അതിനെ കൊല്ലാൻ അയാൾക്ക് മടി തോന്നി. നല്ല ഭംഗിയുള്ള ഒരു പരുന്ത്. അയാൾ കരിങ്കൽ മതിലിനോട് ചേർന്ന ഒരു പാറക്കല്ലിൽ ഇരുന്ന് പരുന്തിനെ തലോടി. പക്ഷേ പരുന്തിന് പേടിയായി. എന്താവാം നായാട്ടുകാരന്റെ ഉദ്ദേശം? പക്ഷേ അയാൾ ഒന്നും ചെയ്തില്ല.

പരുന്തിനെ അയാൾ മോചിപ്പിച്ചു. അത് പറന്നു ഒരു മരച്ചില്ലയിൽ കയറി ഇരിപ്പായി. പരുന്തിന്റെ ആനന്ദത്തിന് അതിരില്ലായിരുന്നു. പക്ഷേ താൻ എങ്ങനെ ഈ മനുഷ്യനോട് പ്രതിനന്ദി കാണിക്കും. ഇത് പരുന്തിനെ വേദനിപ്പിച്ചു.

പക്ഷേ പെട്ടെന്ന് പരുന്ത് ഒരു കാഴ്ച കണ്ടു. നായാട്ടുകാരൻ ഇരിക്കുന്ന സ്ഥലത്തെ കൂറ്റൻ കരിങ്കൽ മതിൽ ഇടിഞ്ഞു വീഴാൻ പോകുന്നു.

പരുന്ത് പറന്നു ചെന്ന് നായാട്ടുകാരന്റെ തലപ്പാവ് കൊത്തിയെടുത്തു കൊണ്ട് പറന്നു. അയാൾക്ക്‌ ദേഷ്യമായി. കുരുത്തം കേട്ട പരുന്ത്! അയാൾ പരുന്തിന്റെ പിറകേ ഓടി.

കുറെ ദൂരം ഓടിയപ്പോൾ നായാട്ടുകാരൻ ഒരു വലിയ ശബ്ദം കേട്ടു. കരിങ്കൽമതിൽ ഇടിഞ്ഞു വീണിരിക്കുന്നു. ഹാവൂ. രക്ഷപ്പെട്ടു. തലപ്പാവുമായി പരുന്ത് പറന്നതുകൊണ്ടാണ് താൻ അപകടത്തിൽ പെടാഞ്ഞത്. ഭാഗ്യം എന്നല്ലാതെ എന്ത് പറയാൻ.

പെട്ടെന്ന് അയാളുടെ തലയിൽ എന്തോ വന്നു വീണു. അയാളുടെ തലപ്പാവായിരുന്നു അത്. പരുന്ത് കൊണ്ട് വന്നിട്ടതാണ്. ചിറകടിച്ചു പരുന്ത് പറന്നുപോയപ്പോൾ നായാട്ടുകാരന് എല്ലാം മനസിലായി. പരുന്ത് പ്രതിനന്ദി കാണിച്ചതുകൊണ്ട് തന്റെ ജീവൻ രക്ഷിക്കപ്പെട്ടിരിക്കുന്നു.

സദ് മനുഷ്യർക്ക് ചെയ്യുന്ന ഓരോ  നല്ലതിനും അവർ പ്രത്യുപകാരം ചെയ്യും.

ഉറങ്ങാൻ കണ്ട സ്ഥലം

നല്ല വെയിലുള്ള ഒരു ദിവസം ഒരിക്കൽ ഒരു യാത്രക്കാരൻ ലക്ഷ്യത്തിലേക്ക് നടക്കുകയായിരുന്നു. വൃക്ഷങ്ങളൊന്നുമില്ലാത്ത ഒരു പുൽമേടിൽ കൂടിയായി യാത്ര. പൊള്ളുന്ന വെയിലാണ് താനും.

കുറെയേറെ ദൂരം നടന്നപ്പോൾ ഒരു വൻ വൃക്ഷം കാണാനിടയായി. ഭാഗ്യമായി. കുറെ നേരം വൃക്ഷച്ചുവട്ടിൽ വിശ്രമിക്കുക തന്നെ!

വൃക്ഷത്തിന്റെ തണലിൽ ചതുരാകൃതിയിൽ കെട്ടിപ്പൊക്കിയ ഒരു കിണറുണ്ടായിരുന്നു. കിണറിന്റെ പടിക്ക് അസാമാന്യമായ വീതിയുമുണ്ടായിരുന്നു.

യാത്രക്കാരന് നല്ല ദാഹമുണ്ടായിരുന്നു. വന്നപാടെ കിണറ്റിലെ വെള്ളം കോരി അയാൾ കുടിച്ചു. അനന്തരം കിണറിന്റെ വീതിയുള്ള പടിയിൽ കയറി അയാൾ കിടന്നു.

ഇളംകാറ്റിൽ യാത്രക്കാരൻ പെട്ടെന്നു ഉറങ്ങിപ്പോയി. കുറെ നേരം കഴിഞ്ഞപ്പോൾ അയാൾ തിരിയാനും മറിയാനും തുടങ്ങി.

ഈ സമയം ഭാഗ്യദേവത ആ വഴിക്കു പോയി. ദേവതയ്ക്ക് ക്ഷീണിച്ചുറങ്ങുന്ന യാത്രക്കാരനോട് സഹതാപം തോന്നി.

യാത്രക്കാരൻ പെട്ടെന്ന് പടിയിൽ നിന്നും താഴേക്ക് വീണു ഭാഗ്യദേവതയുടെ കാരുണ്യം കൊണ്ട് അയാൾ കിണറ്റിലേക്കല്ല വീണത്. മറിച്ചു താഴെ കിണറ്റിൻ കരയിലേക്കാണ്. അയാൾ ഞെട്ടിയുണർന്നു. പടിയിൽ കിടന്നുറങ്ങിയത് വലിയ അവിവേകമായിപ്പോയി എന്ന് അയാൾക്ക് ബോധ്യമായി. രക്ഷപ്പെട്ടതിൽ അയാൾ സന്തോഷിച്ചു.

ഭാഗ്യദേവത അപ്പോൾ യാത്രക്കാരനോട് പറഞ്ഞു. ‘നിങ്ങൾ മറുവശത്തേക്കാണ് വീണിരുന്നതെങ്കിൽ എന്തായിരുന്നേനെ സ്ഥിതി. നിങ്ങളുടെ അവിവേകത്തിനു നിങ്ങൾ ആരെയായിരിക്കും കുറ്റപ്പെടുത്തുക എന്നെയല്ലാതെ’

യാത്രക്കാരൻ ഒന്നും മറുപടി പറഞ്ഞില്ല.

അവിവേകികൾ ഭാഗ്യത്തിന്റെ കടാക്ഷം കൊണ്ട് പലപ്പോഴും അപകടത്തിൽ പെടാതിരിക്കുന്നു. വിവേകപൂർവമായി പ്രവർത്തിക്കുകയാണ് ഉത്തമം

മരംവെട്ടുകാരനും ചന്ദനമരവും

ഒരിക്കൽ ഒരു മരംവെട്ടുകാരൻ കാട്ടിൽകൂടി ഒരു പുത്തൻ മഴുവുമായി വരികയായിരുന്നു. കാട്ടിലെ ഏതെങ്കിലും കമ്പു വെട്ടി ഒരു പിടി അതിനിടമെന്നയാൾ വിചാരിച്ചു.

കുറെ നടന്നപ്പോൾ ക്ഷീണിച്ചു അയാൾ ഒരു ചന്ദനമരത്തിന്റെ ചുവട്ടിലിരുന്നു.

ചന്ദനമരത്തിന് അയാളോട് സഹതാപം തോന്നി. ‘ചങ്ങാതി വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. വല്ല സഹായവും ആവശ്യമുണ്ടോ?’

മഴുവിന് പിടിയന്വേഷിച്ചു നടക്കുകയാണെന്ന് മരംവെട്ടുകാരൻ പറഞ്ഞു. അപ്പോൾ ചന്ദനമരം അയാളോട് പറഞ്ഞു ‘നോക്കൂ, ദാ, അവിടെകാണുന്ന ഈട്ടിമരത്തിന്റെ കൊമ്പൊടിച്ചാൽ നല്ല പിടിയാകും’

മരം വെട്ടുകാരന് സന്തോഷമായി. അയാൾ ഈട്ടിമരത്തിന്റെ കമ്പൊടിച്ചു മഴുവിന് പിടിയിട്ടു.

ഇനി അതൊന്നു പ്രയോഗിച്ചു നോക്കണം. അയാൾ ഈട്ടി മരത്തിന്റെ കടയ്ക്കൽ തന്നെ കോടാലി വച്ചു. നിമിഷങ്ങൾക്കകം ആ മരം നിലം പതിച്ചു.

ആ സ്ഥലം മരംവെട്ടുകാരന് ഇഷ്ടമായി. കാതലുള്ള അനേകം നല്ല മരങ്ങൾ അവിടെയുണ്ട്. ദിവസവും വന്നു  അയാൾ മരം വെട്ടി. അങ്ങനെ ഒരു ദിവസം ചന്ദനമരത്തിന്റെ ഊഴമായി. അയാൾ ആഞ്ഞൂ വെട്ടി. വലിയ ഒരു തേങ്ങലോടെ ചന്ദനമരം നിലം പതിച്ചു.

സ്വന്തക്കാരെ ഉപേക്ഷിച്ചു  ശത്രുക്കളുമായി കൂട്ടുകൂടിയാൽ ഫലം വിനാശകരമായിരിക്കും.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക