ദുശ്ശകുനം

0
2390
Birbal-stories-in-malayalam-written

അക്ബറിന്റെ കൊട്ടാരം തൂപ്പുകാരിൽ വൃദ്ധനായ ഒരു സാധു മനുഷ്യനുണ്ടായിരുന്നു. ഒരു ദുശ്ശകുനമായിട്ടാണ് എല്ലാവരും അയാളെ വീക്ഷിച്ചിരുന്നത്. എന്നും പ്രഭാതത്തിൽ ചൂലും കുട്ടയുമായി കൊട്ടാര പരിസരത്തുകൂടി നീങ്ങുന്ന വൃദ്ധനെ കണികണ്ടാൽ ദൗർഭാഗ്യമായിരിക്കും ഫലമെന്ന് എല്ലാവരും വിശ്വസിച്ചു. ആരും അത് ഇഷ്ടപ്പെട്ടിരുന്നില്ല. ഈ കിഴവനെ കൊട്ടാരത്തിൽ നിന്നും അടിച്ചു പുറത്താക്കണമെന്ന് പലരും നിർദ്ദേശിച്ചു. ചക്രവർത്തിയും ഇയാളെക്കുറിച്ചു കേട്ടിരുന്നു.

ഒരു ദിവസം പതിവിലും നേരത്തെ പ്രഭാതത്തിലുണർന്ന ചക്രവർത്തി കണി കണ്ടത് ചൂലും കുട്ടയുമായി നീങ്ങുന്ന ഈ വൃദ്ധനെയാണ്. അയാളെ കണ്ടതോടെ ചക്രവർത്തിക്ക് വേവലാതിയായി. കണിഫലം തന്നെയും ബാധിക്കുമോ? എന്തൊക്കെയാണോ സംഭവിക്കാനിരിക്കുന്നത്?

പേടിച്ചത് തന്നെ സംഭവിച്ചു. അന്ന് രാവിലെ മുതൽ അസ്വസ്ഥജനകമായ വാർത്തകൾ തന്നെയാണ് കേട്ടുകൊണ്ടിരുന്നത്. അയൽരാജ്യം ആക്രമണത്തിന് തയാറാകുന്നു. നാട്ടിൽ പകർച്ചവ്യാധി പടർന്നു പിടിച്ചിരിക്കുന്നു. ചക്രവർത്തിയുടെ പ്രിയപ്പെട്ട ഒരു ബന്ധു അകാലത്തിൽ മരിച്ചുപോയിരുന്നു. എന്ത് പറയാനാണ് ഉച്ചഭക്ഷണം പോലും യഥാസമയത്തു കഴിക്കുവാൻ ചക്രവർത്തിക്ക് കഴിഞ്ഞില്ല. പതിവില്ലാത്ത ക്ഷീണവും മൗനവും ചക്രവർത്തിയെ പിടികൂടി. സംശയമേ വേണ്ട! ഇതിനെല്ലാം കാരണം ആ ദുശ്ശകുനക്കാരൻ വൃദ്ധൻ തന്നെ! മറ്റുള്ളവരൊക്കെ പറയുന്നത് ശെരിയാണ്.ഇയാൾ മൂലം തനിക്കിത്ര ദൗർഭാഗ്യമെങ്കിൽ സാധാരണക്കാരന്റെ കാര്യം പറയാനുണ്ടോ? ഇത്തരം നീചന്മാർ രാജ്യത്തു ഉണ്ടായിക്കൂടാ. ഇയാളെ വധിക്കുക തന്നെ. ചക്രവർത്തി തീരുമാനിച്ചു.

അടുത്ത ദിവസം വൃദ്ധനായ തൂപ്പുകാരനെ ബന്ധിച്ചു സഭയിൽ ഹാജരാക്കി. ചക്രവർത്തി സദസ്യരോടായി പറഞ്ഞു.

‘നിങ്ങൾ ഇയാളെക്കുറിച്ചു പറഞ്ഞതൊക്കെ സത്യമാണെന്ന് എനിക്ക് ബോധ്യമായി. ഈ ദുശ്ശകുനക്കാരൻ കിഴവനെ തൂക്കിക്കൊല്ലാൻ നാം തീരുമാനിച്ചിരിക്കുകയാണ്.സദസിൽ ആർക്കും എതിർപ്പില്ലെന്ന് കരുതട്ടെ’

‘ദുഷ്ടനും നീചനുമായ വൃദ്ധനെ വേഗം കൊല്ലുക. ഇയാൾ ജീവിച്ചിരിക്കാൻ അർഹനല്ല’

സഭാവാസികൾ ഒന്നായി അഭിപ്രായപ്പെട്ടു.

ബീർബൽ സദസിലുണ്ടായിരുന്നു ബീർബലിന് വൃദ്ധനോട് സഹതാപവും കരുണയും തോന്നി. എങ്ങനെയെങ്കിലും നിരപരാധിയായ വൃദ്ധനെ കൊലക്കയറിൽ നിന്നും രക്ഷപ്പെടുത്തണമെന്ന് ബീർബൽ തീരുമാനിച്ചു.

ബീർബൽ സഭയിലെഴുന്നേറ്റു നിന്നു. എല്ലാവരും ആകാംഷയോടെ ബീർബലിനെ നോക്കി. എന്താവും ബീർബൽ പറയാൻ പോകുന്നത്. ബീർബൽ തൂപ്പുകാരൻ വൃദ്ധനെയും ചക്രവർത്തിയെയും മാറി മാറി നോക്കി. എന്നിട്ടു ചക്രവർത്തിയോട് ചോദിച്ചു.

‘തിരുമേനീ, ഈ വൃദ്ധനോട് ഒരു ചോദ്യം ചോദിക്കാൻ എന്നെ അനുവദിക്കാമോ?’

‘തീർച്ചയായും, ബീർബൽ ചോദിച്ചുകൊള്ളു’ ചക്രവർത്തി പറഞ്ഞു.

ബീർബൽ വൃദ്ധന്റെ നേരെ തിരിഞ്ഞു. ‘അല്ലയോ കിഴവാ നിങ്ങൾ ഇന്നലെ ആരെയാണ് രാവിലെ ആദ്യമായി കണ്ടത്?’

കിഴവന്റെ കണ്ണിൽ ഭീതി തളം കെട്ടി നിന്നു. മനസ് പതറി അയാൾ വിക്കി വിക്കി പറയാൻ തുടങ്ങി.

പ്രഭോ, ഉണർന്നയുടൻ ഞാനാരെയും കണ്ടില്ല. ആരും എന്റെയടുത്തു ഉണ്ടായിരുന്നില്ല. ഞാൻ പറയുന്നതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം. ആദ്യമായി ഞാനിന്നലെ കണ്ടത് ചക്രവർത്തി തിരുമേനിയെയാണ്’ ബീർബൽ ചിന്താധീനനായി. ചിന്തയുടെ അവസാനത്തിൽ ഒരു മന്ദഹാസം ആ ചുണ്ടുകളിൽ വിരിഞ്ഞു.

‘ഹുസൂർ അങ്ങ് ഇന്നലെ അനുഭവിച്ച കഷ്ടപ്പാടുകൾക്ക് കാരണം ഈ വൃദ്ധനാണല്ലോ. അയാളെ കണികണ്ടതുകൊണ്ടുള്ള ദൗർഭാഗ്യമായിരുന്നല്ലോ? ശരി തന്നെ. എന്നാൽ ഈ വൃദ്ധൻ ഇന്നലെ കണി കണ്ടത് അങ്ങേയാണ്. അതിന്റെ ഫലം എത്രയോ ഭീതിദമാണ്. ഇയാളിന്ന് കൊലമരത്തിൽ തൂങ്ങാൻ പോകുകയാണ്. അങ്ങാണോ ഈ സാധു വൃദ്ധനാണോ കൂടുതൽ നിർഭാഗ്യം അന്യർക്ക് കൊടുക്കുന്നതെന്നു ഒരു നിമിഷം ചിന്തിച്ചു നോക്കു’

ഇത്രയും പറഞ്ഞ ശേഷം ബീർബൽ ഇരുന്നു. ബീർബലിന്റെ യുക്തിയുക്തമായ വാക്കുകൾ ചക്രവർത്തിയുടെ മനസ്സിൽ തറച്ചു നിന്നു. ചക്രവർത്തി തെറ്റ് മനസിലാക്കി. ഈ സാധു വൃദ്ധനെ കൊല്ലാൻ ഉത്തരവിട്ടതിൽ ലജ്ജിച്ചു. അയാളെ ഉടൻ തന്നെ വിട്ടയച്ചു. മാത്രമല്ല വൃദ്ധശാപത്തിൽ നിന്ന് തന്നെ രക്ഷിച്ച ബീർബലിന് വലിയ ഒരു തുക പാരിതോഷികമായി നൽകുകയും ചെയ്‌തു .

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക