ദാമ്പത്യപ്പൊരുത്തം

0
245
aesop-kathakal-malayalam-pdf download

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ ധനികനായ ഒരു കർഷകനുണ്ടായിരുന്നു. സുന്ദരിയായ ഭാര്യയോടൊത്തു ഉറങ്ങാൻ കിടന്നപ്പോൾ ഞെട്ടിപ്പോയി. ഭാര്യയുടെ തലമുടികൾ ഓരോന്നായി നരച്ചിരിക്കുന്നു.

സുന്ദരിയും ചെറുപ്പക്കാരിയുമായ ഒരു യുവതിയെ തേടിപ്പിടിച്ചു അവളെക്കൂടി വിവാഹം കഴിക്കാൻ കർഷകൻ തീരുമാനിച്ചു. താമസിയാതെ വിവാഹവും നടന്നു.

അങ്ങനെ രണ്ടു ഭാര്യമാരോടൊപ്പം കർഷകൻ സുഖമായി ജീവിച്ചു പോന്നു.

കുറെ നാളുകൾ കഴിഞ്ഞു. കർഷകന്റെ തലമുടി പെട്ടെന്നൊരു ദിവസം ചെറുതായി നരയ്ക്കുവാൻ തുടങ്ങി. ഒന്നാം ഭാര്യക്ക് ഇത് സന്തോഷമായി. കാരണം തന്റെ തലമുടി നരച്ചതിന്റെ പേരിലാണല്ലോ ഭർത്താവ് രണ്ടാം വിവാഹം കഴിച്ചത്. ഭർത്താവിന്റെ തലമുടി മുഴുവൻ നരയ്ക്കണമെന്നായിരുന്നു അവളുടെ ആഗ്രഹം. അതുകൊണ്ട് ഭർത്താവുമൊത്തു ഇരിക്കുമ്പോൾ ഒരു കാര്യം ചെയ്യാൻ അവൾ ശ്രദ്ധിച്ചു പോന്നു. അയാളുടെ തലയിലെ കറുത്ത മുടി സൗകര്യം പോലെ അവൾ പിഴുതു കളഞ്ഞു. ഭർത്താവാകട്ടെ ഇതൊട്ടു അറിഞ്ഞതുമില്ല.

എന്നാൽ രണ്ടാം ഭാര്യക്കാകട്ടെ ഭർത്താവിന്റെ അകാലനര വലിയ മനോവിഷമമുണ്ടാക്കി. യുവതിയും സുന്ദരിയുമായ തനിക്ക് ഒരു നര പിടിച്ച ഭർത്താവോ! അവൾക്കു ചിന്തിക്കുവാൻ കൂടി കഴിയില്ലായിരുന്നു.

അതിനാൽ ഭർത്താവ് സമീപത്തായിരിക്കുമ്പോൾ അവൾ അദ്ദേഹമറിയാതെ നരച്ച മുടികൾ ഓരോന്നായി പിഴുതു കളയുവാൻ തുടങ്ങി.

രണ്ടു ഭാര്യമാരും പൊരുത്തമുള്ള ഭർത്താവിനായി ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ഒരുവൾ കറുത്തമുടി പിഴുതെടുക്കും. അപര നരച്ച മുടിയും. അങ്ങനെ കുറെ നാൾ കഴിഞ്ഞു.അപ്പോഴേക്കും ഭർത്താവ് ഒരു പരിപൂർണ്ണ മൊട്ടത്തലയൻ ആയിക്കഴിഞ്ഞിരുന്നു.

വ്യത്യസ്ത ലക്ഷ്യങ്ങളുള്ളവരെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നവർ വിഷമത്തിലാകുന്നു.

രണ്ടു നായ്ക്കൾ

പണ്ട് ഒരു വേട്ടക്കാരൻ രണ്ടു നായ്ക്കളെ വളർത്തി. ഒരു നായയെ മാത്രമേ അയാൾ നായാട്ടു പരിശീലിപ്പിച്ചിരുന്നുള്ളു. മറ്റേ നായ വീടിനു കാവൽ നിന്നു പോന്നു.

എല്ലാ ദിവസവും നായാടിക്കിട്ടുന്ന മൃഗങ്ങളുടെ മാംസത്തിൽ ഒരു പങ്ക് അയാൾ വീട്ടുനായയ്ക്ക് കൊടുത്തിരുന്നു. നായാട്ടു നായക്ക് ഇത് ഇഷ്ടമായില്ല.

ഒരു ദിവസം നായാട്ടുനായ വീട്ടുനായയുടെ നേരെ കുരച്ചു ചാടി.

‘നാണം കെട്ടവനെ നീ എത്ര നാൾ ഈ കള്ളതീറ്റി തിന്നും? ഞാൻ തേടിക്കൊണ്ട് വരുന്ന ഇറച്ചിയുടെ ഓഹരി പറ്റാൻ നിനക്ക് ലജ്ജയില്ലേ?’

‘സഹോദരാ, അതിൽ ഞാനെന്തിന് ലജ്ജിക്കണം’ വീട്ടുനായ മറുപടി പറഞ്ഞു. ‘യജമാനന് ഞാൻ അധ്വാനിക്കുന്നതും നായാട്ടിനു പോകുന്നതും ഇഷ്ടമില്ല. അതിനു എന്നെ ഒട്ടും ശീലിപ്പിച്ചിട്ടുമില്ല. മറ്റുള്ളവരുടെ അധ്വാനഫലം പറ്റി ജീവിക്കാനേ എനിക്കറിയൂ. അതാണ് എന്നെ പഠിപ്പിച്ചിരിക്കുന്നതും. പക്ഷേ ഞാനതിൽ കുറ്റക്കാരനല്ല’

നായാട്ടുനായ പിന്നെയൊന്നും ഉരിയാടിയില്ല.

കുട്ടികളുടെ ദുശീലത്തിനു മൂലകാരണം മാതാപിതാക്കന്മാരും മുതിർന്നവരുമാണ്.

ഒറ്റക്കണ്ണൻ പ്രാവ്

ഒരപകടത്തിൽ പെട്ട് ഒരിക്കൽ ഒരു പ്രാവിന്റെ വലത്തേ കണ്ണിന്റെ കാഴ്ച ശക്തി നശിച്ചു.

ശത്രുക്കളിൽ നിന്നും രക്ഷനേടുന്നതിനായി പിന്നീട് ഒറ്റക്കണ്ണൻ പ്രാവ് കൂടുതൽ ജാഗ്രത പുലർത്തിയിരുന്നു.

ഒരു ദിവസം പ്രാവ് കടൽക്കരയിലെത്തി. കടലിൽ നിന്നും അപകടം വരാനുള്ള സാധ്യതയില്ലെന്ന് പ്രാവ് വിചാരിച്ചു. അതുകൊണ്ട് തന്റെ വലതുകണ്ണിന്റെ വശം കടലിനു നേരെയാക്കി പ്രാവ് അവിടെയിരുന്നു. കരയിലെ കാര്യങ്ങൾ കാഴ്ചശക്തിയുള്ള ഇടതുകണ്ണ് നോക്കിക്കൊള്ളും. വലതുവശത്തു കടലായതിനാൽ ഒന്നും പേടിക്കേണ്ട കാര്യമില്ലല്ലോ?

ഒരു സംഘം ആളുകൾ തോണി തുഴഞ്ഞു സമുദ്രത്തിൽ കൂടി കരയിലേക്ക് വരുന്നുണ്ടായിരുന്നു. വലതു കണ്ണിന്റെ കാഴ്ച നശിച്ച പ്രാവ് അവരെ കണ്ടതേയില്ല. തോണിയിലിരുന്ന് ഒരാൾ പ്രാവിന്റെ നേരെ അമ്പെയ്‌തു.

അമ്പേറ്റു പിടഞ്ഞു കൊണ്ടിരുന്ന പ്രാവ് ഖേദത്തോടെ വിചാരിച്ചു.

കഷ്ടം! ഞാനെത്ര ഭാഗ്യദോഷി. കരയിൽ നിന്ന് അപകട സാധ്യത കൂടുതലായതിനാൽ അവിടെ കൂടുതൽ ശ്രദ്ധിച്ചു. പക്ഷേ താൻ സുരക്ഷിതമാണെന്ന് കരുതിയ സമുദ്രം ശത്രുവിന്റെ വഴിയായി.

നാം പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന് പലപ്പോഴും അപകടം വരും. അതുകൊണ്ട് എപ്പോഴും ജാഗ്രത ആവശ്യമാണ്.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക