തിലകാഷ്ഠ മഹിഷാബന്ധനം

0
339
thennali-raman-stories-malayalam

ഒരിക്കൽ ഒരു മഹാപണ്ഡിതൻ വിദേശത്തു നിന്നും വിജയനഗരത്തിലെത്തി. അയാൾ ചക്രവർത്തിയെ മുഖം കാണിച്ച ശേഷം പറഞ്ഞു.

‘ഞാൻ വിശ്വവിഘ്യാതനായ ഒരു പണ്ഡിത ശ്രേഷ്ഠനാണ്. ഓരോ രാജ്യങ്ങളും സന്ദർശിച്ചു അവിടുത്തെ പണ്ഡിതന്മാരുമായി സംവാദങ്ങളിൽ ഏർപ്പെട്ടു അവരെ തോൽപ്പിക്കുകയെന്നതാണ് എന്റെ പരിപാടി. ഭാരതമൊട്ടാകെ ഞാൻ ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. ഇതുവരെ ആരും എന്നെ പരാജയപ്പെടുത്തിയിട്ടില്ല. ഇന്നിതാ ഞാൻ വിജയനഗര തലസ്ഥാനത്തു എത്തിയിരിക്കുകയാണ്. ഈ രാജ്യത്തുള്ള പണ്ഡിതന്മാരെ ഞാൻ വെല്ലുവിളിക്കുകയാണ്. ഞാൻ ജയിച്ചാൽ തോൽക്കുന്നവർ എന്നെ മഹാഗുരുവായി അംഗീകരിക്കണം. മറിച്ചു ഞാനാണ് തോൽക്കുന്നതെങ്കിൽ എനിക്ക് ഇന്നേവരെ കിട്ടിയിട്ടുള്ള സമ്മാനങ്ങളെല്ലാം അവർക്കു കാഴ്ചവെക്കാം. എന്റെ വെല്ലുവിളി സ്വീകരിക്കാൻ തയ്യാറുള്ള പണ്ഡിതന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ മുന്നോട്ടു വരണം.

അഹങ്കാരിയായ പണ്ഡിതൻ സദസ്സിലുള്ളവരെ പുച്ഛരസത്തിൽ നോക്കിക്കൊണ്ട് പറഞ്ഞവസാനിപ്പിച്ചു. ആസ്ഥാന പണ്ഡിതന്മാർ എല്ലാം തന്നെ അപ്പോഴവിടെ ഉണ്ടായിരുന്നു. പക്ഷേ വെല്ലുവിളി സ്വീകരിക്കാൻ ആരും മുന്നോട്ടു വന്നില്ല. അവർക്ക് ഭയമായിരുന്നു.

ചക്രവർത്തിക്ക് നിരാശയും കോപവും തോന്നി. തിന്നു കൊഴുത്ത തടിച്ചിരുന്ന കളിമൺ തലയന്മാർ! ഈ വിദേശിയെ കണ്ടു അവരാകെ ഭയന്നിരിക്കുകയാണ്.

ആസ്ഥാന പണ്ഡിതന്മാർ ഇതികർത്തവൃതാ മൂഢരായി മഞ്ഞളിച്ചിരുന്നപ്പോൾ ചക്രവർത്തി തന്നെ മുന്നോട്ടു വന്നു. എങ്ങനെയെങ്കിലും മത്സരം നടത്തണം. സമ്മതിക്കുക തന്നെ. ആരെയെങ്കിലും ഇന്ന് കണ്ടു പിടിക്കണം. വിജയനഗരത്തിന്റെ യശ്ശസ് നിലനിർത്തണമല്ലോ?

‘എല്ലാ വ്യവസ്ഥകളും സമ്മതിച്ചുകൊണ്ട് നാളെ തന്നെ മത്സരമുണ്ടായിരിക്കും’ ചക്രവർത്തി പറഞ്ഞു.

വിദേശ പണ്ഡിതന് താമസിക്കാൻ പാർപ്പിടം അദ്ദേഹം ശരിപ്പെടുത്തിക്കൊടുത്തു. പണ്ഡിതൻ പാർപ്പിടത്തിലേക്ക് വിടവാങ്ങി.

പണ്ഡിതൻ പോയപ്പോൾ ചക്രവർത്തി ആസ്ഥാനപണ്ഡിതന്മാരെ രൂക്ഷമായി നോക്കി.

‘നിങ്ങൾ പണ്ഡിതന്മാരാണെന്നു പറഞ്ഞു ഗർവോടെ നടക്കാറുണ്ടല്ലോ? എവിടെപ്പോയി നിങ്ങളുടെ കേമത്തമൊക്കെ. ഖജനാവ് മുടിക്കാനിറങ്ങിയിരിക്കുന്ന ശപ്പന്മാരാണ് നിങ്ങൾ. പോകൂ എന്റെ മുന്നിൽ നിന്നും.

പണ്ഡിതന്മാർ തലതാഴ്ത്തി.

രാമൻ ആ സദസ്സിലുണ്ടായിരുന്നു ചക്രവർത്തിയുടെ കോപം അടങ്ങിയപ്പോൾ രാമൻ പറഞ്ഞു.

‘തിരുമേനി അങ്ങ് വിഷമിക്കണ്ട. ആ അഹങ്കാരി പണ്ഡിതകീടത്തെ ഞാൻ ഞെരിച്ചമർത്താം. അങ്ങ് അനുവാദം നൽകിയാൽ മാത്രം മതി’

ചക്രവർത്തിക്ക് പൂർണ്ണവിശ്വാസം ആയില്ല. രാമനത്ര വലിയ പണ്ഡിതനൊന്നുമല്ലല്ലോ? പക്ഷേ ഏതായാലും നന്നായി എന്ന് പറയാതെ നിർവ്വാഹമില്ല.

രാമൻ ആസ്ഥാന വിദ്വാന്മാർക്ക് വിശദമായി നിർദ്ദേശങ്ങൾ നൽകി. യാതൊരു പാകപ്പിഴകളും വന്നുകൂടാ. രാമന്റെ നിർദേശപ്രകാരം പ്രവർത്തിക്കാമെന്നവർ ഏറ്റു.

അടുത്ത ദിവസമായി. മഹാപണ്ഡിതൻ കാലേകൂട്ടി തന്നെ രാജസദസ്സിലെത്തി. പതിവ് അഹങ്കാരം അയാളുടെ മുഖത്തു നിഴലിച്ചിരുന്നു.

കുറെ സമയം കഴിഞ്ഞപ്പോൾ ഒരു ഘോഷയാത്ര ആസ്ഥാന മണ്ഡപത്തിലേക്ക് വരുന്നത് അയാൾ കണ്ടു. ഏറ്റവും മുന്നിൽ വിജയനഗരത്തിലെ പണ്ഡിതന്മാരാണ്. അവർ ആചാരത്തോടെ, ബഹുമാനത്തോടെ ആരെയോ നയിച്ച് കൊണ്ട് വരികയാണ്. ആരാണ് അയാൾ? അയാൾ കെങ്കേമമായി വസ്ത്രധാരണം ചെയ്തിരിക്കുന്നു. രത്നാഭരണങ്ങൾ ലോഭമില്ലാതെ അണിഞ്ഞിട്ടുമുണ്ട്. അയാളുടെ മുമ്പിൽ ഭൃത്യന്മാർ സ്വർണ്ണനിർമ്മിതമായ ഇഷ്ടികകൾ നിരത്തുന്നു. ആ ഇഷ്ടികയിൽ ചവിട്ടിയാണ് അയാൾ വരുന്നത്. ഇതെല്ലാം കണ്ടു പരദേശിയുടെ ഉള്ളിൽ ഒരു ഞെട്ടൽ അനുഭവപ്പെട്ടു. വിജയനഗരത്തിലെ പണ്ഡിത അഗ്രെസരനായിരിക്കും എഴുന്നള്ളുന്നത്. ബേജാറായെങ്കിലും മുഖത്തു ഭാവഭേദം കാണിക്കാതെയിരിക്കാൻ പരദേശി ശ്രദ്ധിച്ചു.

ഘോഷയാത്ര ആസ്ഥാനമണ്ഡപത്തിനു സമീപത്തെത്തി. എഴുന്നള്ളിക്കപ്പെട്ട വ്യക്തി രാമനല്ലാതെ മറ്റാരുമായിരുന്നില്ല. മത്സരമണ്ഡപത്തിലേക്ക് രാമന്റെ രാജകീയ വരവായിരുന്നു അത്.

മത്സരം ആരംഭിച്ചു.

രാമൻ വസ്ത്രത്തിനിടയിൽ നിന്നും ഒരു ഗ്രന്ഥം ആദരവോടെ -പുറത്തെടുത്തു. പട്ടുകൊണ്ടു പൊതിഞ്ഞിരുന്ന ഗ്രന്ഥം രാമൻ മുന്നിൽ വച്ചു. എന്നിട്ട് സദസിലൂടെ കണ്ണോടിച്ചുകൊണ്ട് പറഞ്ഞു.

‘മഹാജനങ്ങളെ, ഇത് തിലകാഷ്ഠമഹിഷാബന്ധനം എന്ന് പേരായ വിഖ്യാത ഗ്രന്ഥമാണ്. ഈ  ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങളാണ് ഞാൻ ചോദിക്കാൻ പോകുന്നത്. പണ്ഡിതനായ അതിഥി എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുമെന്ന് ഞാൻ കരുതട്ടെ’

എല്ലാവരും സ്വരമടക്കി ഇരിക്കുകയാണ് വിദേശിപണ്ഡിതൻ നിരവധി  ഗ്രന്ഥങ്ങൾ കൂലക്ഷമമായി പഠിച്ചിട്ടുണ്ട്. എന്നാൽ രാമൻ പറഞ്ഞ പേരുള്ള ഒരു  ഗ്രന്ഥത്തെപ്പറ്റി കേട്ടിട്ടുപോലുമില്ല. തിലകാഷ്ഠമഹിഷബന്ധനമോ? വല്ല പുരാതന സംസ്‌കൃത  ഗ്രന്ഥവുമായിരിക്കും. ഛേ വല്ലാത്ത നാണക്കേടായല്ലോ! ആ  ഗ്രന്ഥത്തെ ആസ്പദമാക്കിയുള്ള ചോദ്യങ്ങൾക് താനെങ്ങനെ ഉത്തരം നൽകും. മഹാപണ്ഡിതൻ വിയർത്തുകുളിച്ചു. അവസാനം ഒരു സൂത്രം പ്രയോഗിക്കാൻ അയാൾ തീരുമാനിച്ചു.

‘തിരുമേനി ഞാനൊരു വിവരം അങ്ങയുടെ സമക്ഷം ബോധിപ്പിച്ചു കൊള്ളട്ടെ. തിലകാഷ്ഠ മഹിഷബന്ധനം ഞാൻ വളരെ പഠിച്ചിട്ടുള്ള ഒരു മഹൽഗ്രന്ഥമാണ്. പക്ഷേ വർഷങ്ങളായി ഞാൻ ആ  ഗ്രന്ഥം വായിച്ചിട്ടില്ല. അതുകൊണ്ട് എല്ലാ ഭാഗങ്ങളും ഇപ്പോൾ നന്നായി ഓർമ്മയിൽ വരുന്നില്ല. അതിനാൽ എനിക്ക് കുറച്ചു സമയം തരണം. ഇന്ന് രാത്രിയിൽ ഈ  ഗ്രന്ഥം ഒന്നുകൂടി വായിച്ച ശേഷം നാളെയാകാം ചർച്ചയും ചോദ്യങ്ങളും. തിരുമേനി അതിനുള്ള സാവകാശം തരാൻ അടിയന് അപേക്ഷയുണ്ട്.’

ചക്രവർത്തി അപേക്ഷ സ്വീകരിച്ചു. രാമനൊന്നു ഊറിച്ചിരിച്ചു. മഹാപണ്ഡിതന്റെ അടിതെറ്റിക്കഴിഞ്ഞിരിക്കുന്നു. ഇനി നിലം പതിക്കേണ്ട താമസം മാത്രം.

മഹാപണ്ഡിതൻ സ്വന്തം വാസസ്ഥലത്തു പോയി തലപുകഞ്ഞു  ആലോചിച്ചു. തിലകാഷ്ഠമഹിഷബന്ധനം പോലും! ആ  ഗ്രന്ഥം എവിടെ നിന്നാണ് കിട്ടുക? പിറ്റേ ദിവസം എന്താകുമോ? മഹാപണ്ഡിതനു ഓർത്തപ്പോൾ തലയിലിരുട്ടു കയറാൻ തുടങ്ങി. പരസ്യമായി തോൽവി സമ്മതിക്കുക സാധ്യമല്ല. ഇനി ഒരേ ഒരു മാർഗം സ്ഥലം വിടുക.

രായ്ക്കുരാമാനം ആരുമറിയാതെ മഹാപണ്ഡിതൻ വിജയനഗരം വിട്ടു.

പിറ്റേദിവസമായി. സദസ്യർ അക്ഷമരായി ആസ്ഥാനമണ്ഡപത്തിലിരിക്കുകയാണ്. ഇന്നത്തെ വാഗ്വാദം പൊടിപൊടിക്കും. സംശയമേ വേണ്ട. പക്ഷേ എന്ത് ചെയ്യാനാണ്? വിദേശ മഹാപണ്ഡിതൻ ഇതുവരെ എത്തിയിട്ടില്ല. സമയം വളരെ വൈകിയിരിക്കുന്നു. എന്ത് പറ്റി? ചക്രവർത്തി വിദേശിയുടെ പാർപ്പിടത്തിലേക്ക് ഭൃത്യരെ അയച്ചു. ഭൃത്യർ മടങ്ങി വന്നു. പണ്ഡിതനെ അവിടെങ്ങും കാണാനില്ല. അയാൾ പമ്പ കടന്നു.

ചക്രവർത്തിക്കും മറ്റും കാര്യം പിടികിട്ടി. രാമനെ ഭയന്ന് വിദേശി സ്ഥലം വിട്ടിരിക്കുകയാണ്. ചക്രവർത്തിക്ക് രാമനിൽ അഭിമാനം തോന്നി. രാജ്യത്തിൻറെ യശസ്സ്  നിലനിർത്തിയത് രാമനല്ലാതെ മറ്റാരുമല്ല. ചക്രവർത്തി രാമനെ മുക്തകണ്ഠം പ്രശംസിച്ചു. എങ്കിലും രാമനെങ്ങനെ ഈ പണി പറ്റിച്ചു എന്നറിയാൻ ചക്രവർത്തിക്ക് ആകാംഷയായി.

‘രാമാ,തിലകാഷ്ഠമഹിഷബന്ധനം എന്ന മഹത്തായ  ഗ്രന്ഥം എങ്ങനെ കിട്ടി? അതെനിക്ക് വായിക്കാൻ തരണം’

രാമൻ ഗൗരവപൂർവം മന്ദഹസിച്ചു. എന്നിട്ടു പട്ടിൽ പൊതിഞ്ഞ  ഗ്രന്ഥത്തിന്റെ പട്ടഴിച്ചു. അകത്തു  ഗ്രന്ഥമല്ല ഒരു ചെറിയ കമ്പും കയറും.

ചക്രവർത്തിക്കും സദസ്യർക്കും ഒന്നും പിടികിട്ടിയില്ല. രാമൻ അവർക്ക് മനസിലാക്കികൊടുത്തു.

‘ഈ കമ്പു എള്ളിന്റെ കമ്പാണ്. സംസ്‌കൃതത്തിൽ അതിനെ തിലകാഷ്ഠം എന്ന് . ഈ കയർ പോത്തിനെ കെട്ടാനുള്ളതാണ്. അതായത് മഹിഷബന്ധനത്തിനുള്ളത്. അപ്പോൾ  ഞാൻ തിലകാഷ്ഠത്തിൽ മഹിഷബന്ധനം നടത്തി രണ്ടും കൂടി ആയപ്പോൾ തിലകാഷ്ഠമഹിഷബന്ധനം. പോരെ?’ ചക്രവർത്തിയും സദസ്യരും പൊട്ടിച്ചിരിച്ചു

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക