തവളകളുടെ രാജാവ്

0
417
aesop-kathakal-malayalam-pdf download

ജൂപ്പിറ്റർ ദേവന് ആദ്യകാലത്തു തവളകളോട് വലിയ പ്രിയമായിരുന്നു. അതുകൊണ്ട് തവളകൾക്ക് ശത്രുക്കളെ ഉണ്ടായിരുന്നില്ല. സർവ്വസ്വതന്ത്രമായ ജീവിതമായിരുന്നു തവളകൾക്ക്. കരയിലും വെള്ളത്തിലും തുള്ളി നടക്കാം.

പക്ഷെ കുറെ നാൾ കഴിഞ്ഞപ്പോൾ തവളകൾക്ക് അതൃപ്തിയായി. സ്വാതന്ത്ര്യം ദുഃഖമാണെന്നു അവർക്ക് തോന്നി. ‘ഇപ്പോഴുള്ളത് സ്വാതന്ത്ര്യമല്ല അരാജകത്വമാണ്. തവളകൾ അഭിപ്രായപ്പെട്ടു. യാതൊരു യോജിപ്പുമില്ല, ചേർച്ചയുമില്ല. ഒരാൾ കരയ്ക്കു കയറിയാൽ നാലുപേർ വെള്ളത്തിൽ ചാടും. ഇതായിരുന്നു തവളകളുടെ സ്വഭാവം.

ഈ തോന്നിയവാസം അവസാനിപ്പിക്കാൻ ഒരേയൊരു മാർഗം ഒരു രാജാവുണ്ടായിരിക്കുക. മനുഷ്യനു മാത്രമല്ല എല്ലാ ജീവികൾക്കും രാജാവുണ്ട്. തങ്ങൾക്കും ഒരു രാജാവ് വേണം. അവരിൽ ഒരാളെ രാജാവാക്കാൻ ചിലർ തീരുമാനിച്ചു. പക്ഷേ എല്ലാ തവളകൾക്കും രാജാവാകണം. തർക്കവും ബഹളവുമായി.

ഒടുവിൽ തവളകൾ ജൂപ്പിറ്റർ ദേവന്റെ അടുത്തെത്തി ‘ദേവാ, ഒരു രാജാവില്ലാതെ ഞങ്ങൾക്കിനി ജീവിക്കാൻ പറ്റില്ല. അങ്ങ് ഞങ്ങൾക്ക് ഒരു രാജാവിനെ അയച്ചു തരണം’

തവളകളുടെ ആവശ്യം സാധിച്ചു തരാമെന്നു ദേവൻ ഉറപ്പു കൊടുത്തു.

തവളകൾ രാജാവിനെ കാത്തിരുന്നു. ഒരു ദിവസം കുളത്തിലേക്ക് ഒരു തടിക്കഷണം വീണു. തവളകൾ സന്തോഷിച്ചു. രാജാവെത്തിക്കഴിഞ്ഞു. ഭയഭക്തിയോടെ തവളകൾ രാജാവിനടുത്തെത്തി. പക്ഷെ രാജാവ് ചത്തതുപോലെ കിടക്കുന്നു. അനക്കമില്ല. സൂക്ഷിച്ചു നോക്കി. അപ്പോഴാണ് മരക്കഷണത്തെയാണ് ദേവൻ രാജാവായി അയച്ചിരിക്കുന്നതെന്ന് തവളകൾക്ക് മനസിലായത്.

തവളകൾക്ക് ഈ രാജാവിനെ ഇഷ്ടമായില്ല. അവർ വീണ്ടും ദേവന്റെയടുത്തെത്തി.

‘ദേവാ, അങ്ങിപ്പോൾ അയച്ച രാജാവിന് ജീവനില്ല. ഞങ്ങൾക്ക് ആ രാജാവിനെ വേണ്ട. ചുണയുള്ള ഒരു രാജാവിനെയാണ് ഞങ്ങൾക്ക് വേണ്ടത്. അങ്ങ് ഞങ്ങളുടെ പ്രാർത്ഥന അനുവദിച്ചാലും’

ചുണയുള്ള രാജാവിനെ മാത്രമല്ല മന്ത്രിയെക്കൂടി അയക്കാമെന്നു ദേവൻ ഏറ്റു.

തവളകൾ തിരിച്ചു കുളത്തിലെത്തി. ദേവൻ വാക്ക് പാലിച്ചിരിക്കുന്നു. ജീവനുള്ള, ചുണയുള്ള രാജാവും മന്ത്രിയും കുളത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു. ചേരയായിരുന്നു രാജാവ്. നീർക്കോലി മന്ത്രിയും. തവളകൾക്ക് സന്തോഷമായി.

രാജാവിനെയും മന്ത്രിയെയും തവളകൾ പ്രണാമം ചെയ്തു. രാജാവും മന്ത്രിയും ഓരോന്നായി പ്രജകളെ തിന്നു തീർത്തു. പിന്നീട് എപ്പോഴും രാജാവും മന്ത്രിയും പ്രജകളെ അന്വേഷിച്ചു നടക്കാനും തുടങ്ങി.

ദൈവം തന്നതിലുള്ള അസംതൃപ്തി പലപ്പോഴും വിനാശം വരുത്തി വയ്ക്കും.

ക്ഷമയുടെ രഹസ്യം

പണ്ടൊരിക്കൽ നായാട്ടിനിറങ്ങിയ ഒരു സിംഹത്തിന്റെ മുന്നിൽ അബദ്ധത്തിൽ ഒരു കാള ചെന്ന് പെട്ടു. സിംഹം കാളയുടെ പുറകെ പാഞ്ഞു.

പെട്ടെന്ന് ഒരു ഗുഹ കണ്ടു അതിനുള്ളിൽ കാള ഞെങ്ങിഞെരുങ്ങി കയറി. ആ ഗുഹയിൽ ഏതാനും കാട്ടാടുകൾ താവളമടിച്ചിരുന്നു. അവർക്ക് കാളയുടെ ആഗമനം തീരെ പിടിച്ചില്ല. അവർ കാളയെ കുത്താനും ചവിട്ടാനും ഒക്കെ തുടങ്ങി. പക്ഷേ കാള എല്ലാം സഹിച്ചു നിന്നതേയുള്ളൂ. അപ്പോൾ കാട്ടാടുകളുടെ നേതാവ് കാളയെ പരിഹസിച്ചു പറഞ്ഞു.

‘ഭീരുവായ കാളകൂറ്റ, എവിടെപ്പോയി നിന്റെ ശക്തി? നിന്റെ ഈ ദുർമേദസ് കൊണ്ട് ഒരു പ്രയോജനവും ഇല്ലല്ലോ’ കാട്ടാടുകൾ കൂകി ചിരിച്ചു.

കാള അപ്പോഴും ഒന്നും ഉരിയാടിയില്ല. പുറത്തു മുരളുന്ന സിംഹത്തിന്റെ കൈകളിൽ നിന്നും രക്ഷനേടുകയല്ലേ പ്രധാനം? ഈ നിസാരന്മാരുടെ കുത്തുവാക്കുകൾ ഗൗനിക്കുന്നത് ഭോഷത്തമാണ്.

സിംഹത്തിന്റെ കയ്യിൽ നിന്നും രക്ഷനേടുന്നതുവരെ എല്ലാം സഹിച്ചു കാള ഗുഹയിൽ തന്നെ നിന്നു.

ഗുരുതരമായ പ്രശ്നങ്ങളുടെ അവസരങ്ങളിൽ ചെറിയ പ്രശ്‌നങ്ങൾ ഊതിവീർപ്പിക്കാതിരിക്കയാണ് ബുദ്ധി.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക