ചെന്നായയെ വളർത്തിയ ഇടയൻ

0
486
aesop-kathakal-malayalam-pdf download

പണ്ടൊരിക്കൽ ഒരു ആട്ടിടയന് ഒരു അനാഥ ചെന്നായ്‌കൂട്ടിയെ കാട്ടിൽ നിന്നും കിട്ടി. അയാൾ ആ ചെന്നായ്ക്കുട്ടിയുമായി ഗ്രാമത്തിലേക്ക് പോയി.

ആട്ടിടയൻ രണ്ടു നായ്ക്കളെ വീട്ടിൽ വളർത്തുന്നുണ്ടായിരുന്നു. അവരോടൊപ്പം ചെന്നായ്‌കൂട്ടിയെയും അയാൾ വളർത്തി.

കാലം മുന്നോട്ടു പോയി. ചെന്നായ്ക്കുട്ടി വളർന്നു വലിയ ഒരു ചെന്നായ ആയി.

ആട്ടിടയനു ചെന്നായയെ വലിയ വിശ്വാസമായിരുന്നു. ആട്ടിൻപറ്റത്തിന്റെ കാവൽക്കാരനായി നായകളോടൊപ്പം ചെന്നായയും നിയമിതനായി.

ആയിടയ്ക്ക് കാട്ടിൽ നിന്നും ഒരു ചെന്നായ ആട്ടിടയന്റെ ആടുകളിൽ ഒന്നിനെ എടുത്തുകൊണ്ട് ഓടി. നായ്ക്കളും വളർത്തു ചെന്നായയും അവന്റെ പിന്നാലെ ഓടി. കുറെ ദൂരം ഓടിയ നായ്ക്കൾ പിൻവാങ്ങി. കാട്ടുചെന്നായയെ പിന്തുടർന്നിട്ടു കാര്യമില്ലെന്നവർക്കു തോന്നി.

പക്ഷേ വളർത്തുചെന്നായ വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. അവൻ ഓടി കാട്ടുചെന്നായയുടെ ഒപ്പമെത്തി. പക്ഷേ ആടിനെ രക്ഷിക്കുന്നതിന് പകരം അവൻ അന്ന് കാട്ടുചെന്നായയോടൊപ്പം ചേർന്ന് ആടിനെ അകത്താക്കി. ആടിന്റെ ഇറച്ചിയുടെ രുചി അവനറിഞ്ഞു.

പിറ്റേ ദിവസം ഇടയന് നഗരത്തിൽ പോകേണ്ട ആവശ്യം വന്നു. അയാൾ ആടുകളെ നായകളെയും ചെന്നായയെയും ഏല്പിച്ചിട്ടു പോയി.

പക്ഷേ ആട്ടിറച്ചിയുടെ സ്വാദ് അറിഞ്ഞ ചെന്നായ അന്ന് നായകളുമായി ഒരു ധാരണയിലെത്തി. ആടിനെ കൊന്നു തിന്നുക തന്നെ. പക്ഷേ അക്കാര്യം യജമാനൻ അറിയരുത്.

അന്ന് അവർ ഒരു ആടിനെ കശാപ് ചെയ്തു പങ്കു വച്ചു. വീട്ടുനായ്ക്കൾക്കും സന്തോഷമായിരുന്നു. പാപം ചെയ്യുകയും വേണ്ട പാപഫലം അനുഭവിക്കുകയും ചെയ്യാം!

തിരിച്ചെത്തിയ ആട്ടിടയൻ ഒന്നുമറിഞ്ഞില്ല. തുടർന്ന് ദിവസവും ഓരോ ആടിനെ കാണാതാകാൻ തുടങ്ങി.കുറെ ദിവസം കഴിഞ്ഞപ്പോൾ ആട്ടിടയൻ ആടുകൾ നഷ്ടപ്പെടുന്ന കാര്യം അറിഞ്ഞു.

അയാൾ നിരീക്ഷണം ആരംഭിച്ചു. കുറ്റവാളിയെ കണ്ടുപിടിക്കുവാൻ അയാൾക്ക് ബുദ്ധിമുട്ടേണ്ടി വന്നില്ല.

പിന്നെ അയാൾ ഒട്ടും മടിച്ചില്ല. അന്ന് തന്നെ ചെന്നായയെ ഒരു മരത്തിൽ കെട്ടിയിട്ട് അയാൾ അടിച്ചു കൊന്നു. വളർത്തു നായകൾക്ക് അതൊരു പാഠമായിരുന്നു.

നീചൻ അവന്റെ തനിസ്വഭാവം എവിടെയും കാണിക്കും.

മഴവണ്ടിന്റെ പ്രതികാരം

വിശന്നലഞ്ഞു പറന്ന ഒരു പരുന്ത് ഒരു മുയലിനെ കണ്ടു. അതിനെ റാഞ്ചിക്കൊണ്ട് പോകാനായി പരുന്ത് താഴ്ന്നു പറന്നു. കാര്യം മനസിലാക്കിയ മുയൽ ഒളിസങ്കേതം അന്വേഷിച്ചുവെങ്കിലും കണ്ടില്ല. അവസാനം മുയൽ ഒരു മഴവണ്ടിനെ കണ്ടു കാര്യം പറഞ്ഞു. വണ്ടു പറഞ്ഞു. ‘നീ ഭയപ്പെടേണ്ട. നിന്നെ ഞാൻ സംരക്ഷിക്കാം.;

പരുന്ത് മുയലിനെ റാഞ്ചാനായി വളരെ താഴ്ന്നു പറന്നു വന്നു. വണ്ട് പരുന്തിനെ തടഞ്ഞു. ‘അരുത് ചങ്ങാതി. അരുത് അവൾ പാവമാണ് എന്റെയടുത്തു അഭയം തേടിയ അവളെ നീ ഒന്നും ചെയ്യരുത്.’

‘ഛീ, നീയാരാടാ എന്നെ തടയാൻ. അടക്കയുടെ വലിപ്പമില്ലാത്ത നീയാണോ മുയലിന്റെ സംരക്ഷകൻ. മാറെടാ മുന്നിൽ നിന്ന്.’ പരുന്ത് വണ്ടിനെ ദൂരത്തേക്ക് വലിച്ചെറിഞ്ഞു. എന്നിട്ടു വണ്ട് കാൺകെ പരുന്ത് മുയലിന്റെ മേൽ തന്റെ കൂർത്ത നഖങ്ങളും കൊക്കും താഴ്ത്തി.

വണ്ടിന് സഹിച്ചില്ല. എന്തൊരു ക്രൗര്യം! ഇതിനു ഞാൻ പ്രതികാരം ചെയ്യും. വലുപ്പത്തിൽ ചെറിയതായതുകൊണ്ടല്ലേ ഇത്ര ധിക്കാരം.’

പറന്നു പോയ പരുന്തിനെ വണ്ട് പിന്തുടർന്നു. പരുന്തിന്റെ കൂട് അവൻ കണ്ടുപിടിച്ചു.

അടുത്ത ദിവസം പരുന്ത് ആഹാരം തേടി പോയ സമയം വണ്ട് പരുന്തിന്റെ കൂട്ടിലെത്തി. വിരിയാൻ വെച്ച മുട്ടകൾ ഓരോന്നായി മരക്കൊമ്പിലുള്ള കൂട്ടിൽ നിന്നും ഉരുട്ടി താഴേക്കിട്ടു.

തിരിച്ചെത്തിയ പരുന്ത് പൊട്ടിക്കരഞ്ഞു. ഒരു മുട്ടപോലുമില്ല. എല്ലാം ഏതോ ക്രൂരനായ ശത്രു താഴേക്ക് വലിച്ചെറിഞ്ഞിരിക്കുന്നു. ആരാണീ ശത്രു? പരുന്തിന് മനസിലായില്ല.

അടുത്തതവണ കുറേക്കൂടി ഉയരത്തിലാണ് പരുന്ത് മുട്ടകൾ വിരിയിക്കാൻ വച്ചത്. പക്ഷെ അനുഭവം പഴയത് പോലെ തന്നെ. അജ്ഞാത ശത്രു മുട്ടകൾ താഴെയെറിഞ്ഞു നശിപ്പിച്ചു.

പരുന്ത് അജ്ഞാതശത്രുവിനെ അന്വേഷിച്ചു നടന്നു. അവസാനം അവൻ ശത്രുവിനെ നേരിൽ കണ്ടു. അവൻ വണ്ടിനോട് കാരുണ്യം അഭ്യർത്ഥിച്ചു. പരുന്തിനെ രൂക്ഷമായി നോക്കിയശേഷം മൂളിക്കൊണ്ട് വണ്ട് ഓടി മറഞ്ഞു.

വണ്ട് അടുത്ത തവണയും പരുന്തിന്റെ മുട്ടകൾ താഴേക്കെറിഞ്ഞു ഗത്യന്തരമില്ലാതെ പരുന്ത് ജൂപിറ്റർ ദേവനെക്കണ്ടു കാര്യം പറഞ്ഞു.

‘പ്രഭോ, അങ്ങ് എന്റെ മുട്ടകളെ സംരക്ഷിക്കണം. മഴവണ്ട് എന്റെ വംശത്തെ നശിപ്പിക്കാൻ പ്രതിജ്ഞയെടുത്തിരിക്കുകയാണ്’

ദേവൻ പരുന്തിനെ സഹായിക്കാമെന്നേറ്റു. ദേവൻ മുട്ടകൾ മുഴുവൻ സ്വന്തം മടിയിൽ വച്ച് ഇരിപ്പായി.

മുട്ടകൾ അന്വേഷിച്ചു വന്ന വണ്ടിന് മുട്ടകൾ കാണാൻ സാധിച്ചില്ല. അവൻ അന്വേഷിച്ചു കാര്യങ്ങൾ മനസിലാക്കി. എന്നിട്ടു ദേവലോകത്തെത്തി.

ജൂപിറ്റർ ദേവൻ മുട്ടയുമായി ഇരിക്കുന്നത് വണ്ട് കണ്ടു. ഉടൻതന്നെ വണ്ട് മണ്ണും ചെളിയുമെല്ലാം ചേർത്ത് ഒരു ഉണ്ടയുണ്ടാക്കി. എന്നിട്ടു ദേവന്റെ മുകളിലൂടെ പറന്നു ആ ഉണ്ട ദേവന്റെ മടിയിലേക്കിട്ടു. വൃത്തികെട്ട എന്തോ മടിയിൽ വീണ ദേവൻ അറപ്പോടെ ചാടിയെഴുന്നേറ്റ് ഉടുവസ്ത്രം കുടഞ്ഞു. വീണ്ടും പരുന്തിന്റെ മുട്ടകൾ നിലത്തു വീണുടഞ്ഞു.

ദേവനു വലിയ പശ്ചാത്താപമായി. പരുന്തിന്റെ വംശം തന്നെ നശിച്ചുപോകുമല്ലോ. വണ്ടിനെ എങ്ങനെയെങ്കിലും പിന്തിരിപ്പിച്ചേ പറ്റു.

ജൂപിറ്റർ ദേവൻ വണ്ടിനെ വിളിപ്പിച്ചു. പരുന്തിനോട് പൊറുക്കാൻ ദേവൻ വണ്ടിനോട് അഭ്യർത്ഥിച്ചു. പക്ഷെ വണ്ട് അതിനു തയ്യാറല്ലായിരുന്നു. പരുന്തിന്റെ വംശം നശിപ്പിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെന്നും തന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ആർക്കും കഴിയില്ലെന്നും വണ്ട് വ്യക്തമാക്കി.

ദേവൻ ആകെ വിഷമത്തിലായി. ഇനിയെന്താ ഒരു വഴി. അവസാനം ദേവന് ഒരുപായം തോന്നി. പരുന്ത് മുട്ടയിടുന്ന കാലം മാറ്റുക.

അങ്ങനെയാണ് മഴവണ്ടുകൾ പ്രത്യക്ഷമാകാത്ത കാലത്തിൽ പരുന്ത് മുട്ടയിടാൻ തുടങ്ങിയത്.

ശക്തനാണെന്നു കരുതി ആരോടും അന്യായം പ്രവർത്തിക്കരുത്. എത്ര നിസ്സാരനും മറ്റൊരാളുടെ ജീവിതം താറുമാറാക്കാൻ കഴിയും.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക