ചെന്നായയും കൊക്കും

0
869
aesop-kathakal-malayalam-pdf download

പണ്ടൊരിക്കൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ഒരു ചെന്നായയുടെ തൊണ്ടയിൽ ഒരു എല്ലു തടഞ്ഞു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും എല്ലു പുറത്തെടുക്കാൻ ചെന്നായക്ക് സാധിച്ചില്ല.

ഇനിയെന്താ മാർഗം? ചെന്നായക്ക് പരിഭ്രാന്തിയായി. ജീവൻ ഒടുങ്ങാൻ ഇത് മതി.

നോക്കണേ! ആർത്തി വരുത്തിവച്ച വിന.

അവൻ പരിഭ്രാന്തനായി ഓടി.അപ്പോൾ ആ വഴി ഒരു കുറുക്കൻ വന്നു.

കുറുക്കനോട് ചെന്നായ കാര്യം പറഞ്ഞു. ‘കാര്യം ഗൗരവമാണ്. എങ്ങനെയെങ്കിലും സഹായിച്ചേപറ്റൂ’

കുറുക്കൻ എല്ലാം സഹതാപപൂർവം കേട്ടു. എന്നിട്ടു അവൻ ചോദിച്ചു ‘എങ്ങനെ എവിടെ വച്ചാണ് ഈ അപകടം പറ്റിയത്’

‘ഇന്ന് ഒരു കൊഴുത്ത കുഞ്ഞാടിനെ കിട്ടി. അത് തിന്നുകൊണ്ടിരിക്കുമ്പോഴാണ് ഈ അപകടം. ഞാൻ ആ കാണുന്ന വളവിന്റെ അപ്പുറത്തുള്ള ഓക്ക് മരത്തിന്റെ ചുവട്ടിലായിരുന്നു ഭക്ഷണം കഴിച്ചു കൊണ്ടിരുന്നത്.’ ചെന്നായ കുറുക്കനോട് സംഭവം വിവരിച്ചു.

‘വളരെ സന്തോഷം. എനിക്കും നല്ല വിശപ്പുണ്ട്. ബാക്കി ഇറച്ചി എന്തായാലും അവിടെ കാണുമല്ലോ. ഞാനത് അകത്താക്കിയിട്ട് സമയമുണ്ടെങ്കിൽ ഈ വഴി വരാം.

ഇത്രയും പറഞ്ഞ ശേഷം കുറുക്കൻ ഓക്കുമരത്തിന്റെ ചുവട്ടിലേക്ക് ഓടി.

ചെന്നായയ്‌ക്ക് നിസ്സഹായനായി നിൽക്കാനേ സാധിച്ചുള്ളൂ.

അവൻ പിന്നീട് അനവധി മൃഗങ്ങളെ കണ്ടു സഹായം അഭ്യർത്ഥിച്ചു. എല്ലാവരും അവനെ കൈവെടിഞ്ഞു.

ചെന്നായ ക്ഷീണിച്ചവശനായി. തൊണ്ടയിൽ അസഹ്യമായ വേദനയും. ശ്വാസം വിടാൻ തന്നെ ബുദ്ധിമുട്ട്.

നിരാശനും ദുഃഖിതനുമായ ചെന്നായ ഒരു മരചുവട്ടിലിരുന്നു. അപ്പോൾ ആ വഴി ഒരു കോക്ക് വന്നു.

ചെന്നായ വിളിച്ചു കൂവി.’സഹോദരാ, ഒന്ന് നിൽക്കണേ. ഞാൻ ഒരു പാവം ആണ്. എന്റെ തൊണ്ടയിൽ ഒരു എല്ലിൻകഷ്ണം കുടുങ്ങിപോയിരിക്കുകയാണ്. നീ എന്നെ ഒന്ന് സഹായിക്കുമോ?

‘നീ നല്ലവനാണ്. നീ ശ്രേഷ്ഠനാണ്. നിന്റെ വെളുത്ത നിറം തന്നെ നിന്റെ ഔന്യത്യമല്ലേ പ്രകടിപ്പിക്കുന്നത്

‘നിന്റെ നീളമുള്ള കൊക്കുകൊണ്ട് നിഷ്പ്രയാസം നിനക്ക് ഈ എല്ലിൻ കഷണം വലിച്ചെടുക്കാം’

കൊക്കിനു ചെന്നായയോട് സഹതാപം തോന്നി.

ചെന്നായ തുടർന്നു. ‘പ്രിയ കൊക്കുചങ്ങാതി നിന്നോട് ഞാനെന്നും കടപ്പെട്ടിരിക്കും. എന്നെ സഹായിച്ചാൽ ഞാനിന്നു മുതൽ നിന്റെ അടിമയായി ജീവിക്കാം’

കൊക്ക് ചെന്നായയെ സഹായിക്കാമെന്ന് ഏറ്റു.

ചെന്നായ വായ മലർക്കെ തുറന്നു. കൊക്ക് തന്റെ നീളമുള്ള കൊക്ക് ചെന്നായയുടെ വായിലേക്ക് കടത്തി നിഷ്പ്രയാസം എല്ലിൻ കഷണം എടുത്തു ദൂരെയെറിഞ്ഞു.

ഹാവു! ചെന്നായക്ക് ആശ്വാസമായി കാര്യം സാധിച്ചതും ചെന്നായയുടെ വിധം മാറി. അവൻ കൊക്കിന്റെ നേരെ നോക്കി ഒന്നു മുറുമ്മി. എന്നിട്ടു പറഞ്ഞു.

‘ഹേയ് വിഡ്ഢി! നീ എന്തിനാണ് ഇവിടെ നീ എന്തിനാണ് ഇവിടെ നിൽക്കുന്നത്. സമയം കളയാതെ പോയില്ലെങ്കിൽ നിന്റെ തടിക്കു കേടാ. ജീവൻ വേണമെങ്കിൽ ഓടിക്കോ!’

കൊക്ക് ജീവനും കൊണ്ട് പറന്നുപോയി.

സഹായം അർഹിക്കുന്നവർക്കേ നൽകാവൂ. ദുഷ്ടന്മാരെ സഹായിക്കുന്നത് അപകടവും നാണക്കേടും വിളിച്ചു വരുത്തും.

ക്രൂരമായ ശിക്ഷ

പണ്ടൊരിക്കൽ ഒരു കുറുക്കൻ രാത്രികാലങ്ങളിൽ പതിവായിറങ്ങി കൃഷിക്കാരന്റെ കൃഷിയും വിളയും നശിപ്പിച്ചു പോന്നു. കുറുക്കനെ പിടിക്കാൻ കർഷകൻ പല കെണികളും വച്ചെങ്കിലും കുറുക്കൻ വലയിൽ വീണില്ല.

പക്ഷേ ഒരു ദിവസം അപ്രതീക്ഷിതമായി കുറുക്കൻ കൃഷിക്കാരന്റെ വലയിൽ വീണു. സന്തോഷത്തോടൊപ്പംതന്നെ കൃഷിക്കാരനിൽ പ്രതികാരാഗ്നിയും ജ്വലിച്ചു. കൃഷിക്കാരൻ കുറുക്കനെ നിർദ്ദയമായി മർദിച്ചു. വേദന കൊണ്ട് കുറുക്കൻ പുളഞ്ഞു.

‘എന്റെ മാന്യ കർഷക സുഹൃത്തേ’ കുറുക്കൻ കൃഷിക്കാരനോട് യാചിച്ചു, ‘ഞാനങ്ങയോടു മാപ്പ് അപേക്ഷിക്കുന്നു. ഇനി ഒരിക്കലും ഞാൻ താങ്കളുടെ കൃഷിസ്ഥലത്തു വരില്ല. എന്നെ ദയവ് ചെയ്‌തു ഇതിൽ കൂടുതൽ മർദിക്കരുത്’

കർഷകന് കൂടുതൽ ദേഷ്യമായി.

‘ധിക്കാരി, നിന്നെ ഞാൻ വെറുതെ വിടില്ല. ഇഞ്ചിഞ്ചായി നിന്നെ ഞാൻ കൊല്ലും. നിനക്കും നിന്റെ വർഗത്തിലുള്ളവർക്കും എന്നും ഇതൊരു പാഠമാകണം.

കൃഷിക്കാരൻ കുറുക്കനെ ഒരു മരത്തിൽ ചരടുകൊണ്ട് ബന്ധിച്ചു. കുറെ തുണിക്കഷ്ണങ്ങൾ കൊണ്ട് വന്നു കുറുക്കന്റെ വാലിൽ ചുറ്റി. എന്നിട്ടു കർഷകൻ അതിൽ എണ്ണയൊഴിച്ചു തീ കൊളുത്തി.

പ്രാണവേദനയോടെ കുറുക്കൻ പിടഞ്ഞു. കൃഷിക്കാരനും കൂട്ടരും ആർത്തു വിളിച്ചു.

ആളുന്ന തീജ്വാലയിൽ കുറുക്കനെ ബന്ധിച്ചിരുന്ന ചരട് കത്തിപോയി. ചരട് പൊട്ടിയതും കുറുക്കൻ മരണവെപ്രാളത്തോടെ ഓടി. വിളഞ്ഞു നിൽക്കുന്ന പാടത്തിന്റെ നടുവിലൂടെ. അവന്റെ കത്തുന്ന വാലിൽ നിന്നുള്ള തീയിൽ വിളനിലം മുഴുവൻ കത്തി ചാമ്പലായി.

കൃഷിക്കാരന്റെ സർവ്വവും അക്കൊല്ലം നശിച്ചു.

അമിതമായും ക്രൂരമായും ആരെയും ശിക്ഷിക്കരുത്. സ്വയം നാശമായിരിക്കും ഫലം

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക