ചുവർ ചിത്രങ്ങൾ

0
615
thennali-raman-stories-malayalam

ചക്രവർത്തിയുടെ അന്തപുരം വളരെ മനോഹരമായി മോടിപിടിപ്പിച്ചതായിരുന്നു. ഭിത്തികളിൽ വിദഗ്‌ദ ചിത്രകാരന്മാരുടെ വക ചിത്രങ്ങൾ ഉണ്ടായിരുന്നു. അവയൊക്കെ ഭംഗിയും വർണ്ണപ്പൊലിമയും ഉള്ളവയായിരുന്നു. കൂടുതലും അർദ്ധ നഗ്നങ്കികളുടെ രാഗലോലമായ ചിത്രങ്ങളായിരുന്നു.

‘ഈ ചിത്രങ്ങൾക്കൊക്കെ ആവശ്യത്തിനു വസ്ത്രം പോരാ. ചിത്രങ്ങൾ മികച്ചതാണ്. പക്ഷേ സ്ത്രീ ശരീരത്തിന്റെ നഗ്നതാപ്രദർശനമാണിവ.’ എന്നൊക്കെ രാമന് തോന്നി. ആരും അന്തഃപുരത്തിൽ ഇല്ലാതിരുന്ന സമയത്തു രാമൻ ഒരു ചിത്രത്തിൽ അറ്റകുറ്റപണികൾ ആരംഭിച്ചു. കുറെ ചായക്കൂട്ടുകൾ കൊണ്ട് വന്നു സുന്ദരിയായ അപ്സരസിനു വസ്ത്രങ്ങൾ തേച്ചുപിടിപ്പിക്കുന്നതിൽ രാമൻ വ്യാപൃതനായി. ചക്രവർത്തിക്ക് ഏറെ ഇഷ്ടമുള്ള ഒരു ചിത്രമായിരുന്നത്.

രാമൻ പണിചെയ്തുകൊണ്ടിരിക്കെ മന്ത്രി ആ വഴി വന്നു.

‘രാമാ, നിങ്ങളെന്താണീ കാണിക്കുന്നത്.’ മനോഹരമായആ ചിത്രം നിങ്ങൾ അലങ്കോലപ്പെടുത്തിയിരിക്കുന്നു. വിദേശിയായ ഒരു ചിത്രകാരൻ വരച്ച ആ ചിത്രം എത്ര വികൃതമാക്കിയിരിക്കുന്നു. ചക്രവർത്തി നിങ്ങളെ വെറുതെ വിടും എന്ന് വിചാരിക്കണ്ട. നിങ്ങളുടെ തല ചക്രവർത്തി കൊയ്യും. നിങ്ങളുടെ തല വേണമെന്നുണ്ടെങ്കിൽ തല മറച്ചു വച്ചു കൊള്ളൂ.’

മന്ത്രി രാമനെ താക്കിത് ചെയ്‌തു. താൻ ചെയ്ത പ്രവർത്തിയുടെ ഫലത്തെപ്പറ്റി രാമാനപ്പോഴാണ് ബോധം വന്നത്. ശരിയാണ് കോപം കയറിയാൽ ചക്രവർത്തി എന്തും ചെയ്യും.

അന്നത്തെ രാത്രി കഴിഞ്ഞു. പിറ്റേദിവസം പ്രഭാതം പൊട്ടിവിടർന്നു. ചക്രവർത്തി ഉറക്കമുണർന്നു കിടപ്പുമുറി തുറന്നു. അദ്ദേഹം വിചിത്രമായ ഒരു കാഴ്ച കണ്ടു. ഒരു മൺകലത്തിനുള്ളിൽ തല കടത്തി നിൽക്കുന്നു ഒരു മനുഷ്യൻ!

‘ആരാണ് നിങ്ങൾ? എന്തിനു ഈ വേഷം കെട്ടി?’ ചക്രവർത്തി ക്രുദ്ധനായി ചോദിച്ചു. മൺകലത്തിൽ നിന്നും ഒരു സ്വരമുയർന്നു. ‘തിരുമേനി, ഞാൻ രാമനാണ്. അറിയാതെ ഞാൻ ഒരപരാധം ചെയ്‌തു. അതിനു അവിടുന്ന് എന്റെ തല കൊയ്യുമെന്നു മന്ത്രി പറഞ്ഞു. അതുകൊണ്ട് തല മറച്ചേ തിരുമേനിയുടെ മുമ്പിൽ വരാവൂ എന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് ഞാൻ ഈ വേഷം കെട്ടിയത്.’

ചക്രവർത്തി മന്ദഹസിച്ചു. എന്നിട്ടു പറഞ്ഞു. ‘രാമാ, നീ ചെയ്‌തതെങ്കിലും ഞാൻ ക്ഷമിച്ചിരിക്കുന്നു. ആ മൺകലത്തിൽ നിന്നും നിന്റെ തല പുറത്തെടുക്കൂ.’

മസ്‌തിഷ്‌ക കണ്ഡുതി

മഹാ വിദ്വാനായ ഒരു മഹാകവി ഒരിക്കൽ വിജയനഗരത്തിലെത്തി. അയാൾക്ക്‌ ഒരു ആഗ്രഹമുണ്ടായിരുന്നു. തന്റെ മഹാകാവ്യം ചക്രവർത്തിക്ക് സമർപ്പിക്കണം. കൃതി നല്ലതാണെന്നു ആസ്ഥാന വിദ്വാന് ബോധ്യമായാലേ ചക്രവർത്തിക്ക് സമർപ്പിക്കാൻ പറ്റൂ. ആസ്ഥാന വിദ്വാൻ രാജപുരോഹിതന്റെ സുഹൃത്തും അയാളുടെ ചൊൽപ്പടിക്കാരനുമായിരുന്നു. പ്രതിഭാസമ്പന്നരായ ആരും ചക്രവർത്തിയെ കാണുന്നതും ചക്രവർത്തിയോട് അടുക്കുന്നതും രാജപുരോഹിതനെപോലെ ആസ്ഥാനവിദ്വാനും ഇഷ്ടമില്ലായിരുന്നു. മഹാകവിയുടെ കാവ്യം ആസ്ഥാന വിദ്വാൻ പരിശോധിച്ചു. അത് ക്ഷുദ്രമാണെന്നും ചക്രവർത്തിക്ക് വായിക്കാൻ പറ്റിയതല്ലെന്നും ആസ്ഥാനവിദ്വാൻ അഭിപ്രായപ്പെട്ടു. മഹാകവിയും ചക്രവർത്തിയും തമ്മിൽ പരിചയപ്പെടുന്നത് അയാൾക്ക് താല്പര്യമില്ലായിരുന്നു.

മഹാകവി നിരാശനായി. അയാൾ തന്റെ കൃതിയുടെ ഒരു പ്രതി തുച്ഛമായ വിലയ്ക്ക് ഒരു കച്ചവടക്കാരന് വിറ്റു. കൈവശമുണ്ടായിരുന്ന മറ്റേ പ്രതിയുമായി ശ്രീരംഗത്തു ചെന്നു ദേവീക്ഷേത്രത്തിൽ ആ പ്രതി സമർപ്പിച്ചു.

ചക്രവർത്തിക്ക് മോഹനാംഗി എന്ന് പേരായ ഒരു പുത്രിയുണ്ടായിരുന്നു. അതീവബുദ്ധിശാലിയും പണ്ഡിതയുമായിരുന്നു മോഹനാംഗി. മഹാകവിയെ ആസ്ഥാന വിദ്വാൻ ഓടിച്ചതും തുടർന്നുള്ള വിവരവും മോഹനാംഗി അറിഞ്ഞു. അവർ മഹാകാവ്യത്തിന്റെ പ്രതി കച്ചവടക്കാരനിൽ നിന്നും വാങ്ങി. അതുവായിച്ചു അവർ കോരിത്തരിച്ചു പോയി. എത്ര ഉൽകൃഷ്ടമായ ഒരു ഗ്രന്ഥം! അതിനെ ക്ഷുദ്രമെന്നു മുദ്രയടിച്ചു ചക്രവർത്തിയെ കാണിക്കാതെയിരുന്നത് മഹാ കഷ്ടമായി. ഇതിന്റെ പിന്നിലുള്ളത് രാജപുരോഹിതൻ തന്നെയാണെന്നു മോഹനാംഗിക്ക് ബോധ്യമായി. അയാളെ ഒന്ന് ചെറുതാക്കി കാണിക്കണമെന്ന് ചക്രവർത്തി പുത്രി തീരുമാനിച്ചു.

ഒരിക്കൽ ചക്രവർത്തിയുമായി സംസാരിക്കുകയായിരുന്ന മോഹനാംഗി മഹാകവിയുടെ കാവ്യത്തിലെ കുറെ പദ്യശകലങ്ങൾ ചൊല്ലി. ചക്രവർത്തിക്ക് അത് ഹൃദ്യമായി തോന്നി. എത്ര ഉദാത്തമായ കവന ശക്തി! അപ്പോൾ രാജകുമാരി മഹാകവിയെക്കുറിച്ചും അയാൾ കൊട്ടാരത്തിൽ വന്ന സംഭവത്തെകുറിച്ചുമെല്ലാം ചക്രവർത്തിയോട് പറഞ്ഞു. മഹാകവിയെ കാണാൻ സാധിക്കാതെ  വന്നതിൽ ചക്രവർത്തിക്ക് ഇച്ഛാഭംഗം തോന്നി.

ചക്രവർത്തി രാജപുരോഹിതനെ വിളിപ്പിച്ചു. അയാളെ ഒന്ന് നാണം കെടുത്തണമെന്നു ചക്രവർത്തിക് തോന്നി.

‘അല്ലയോ പുരോഹിത സ്വാമി, താങ്കൾ അതീവ ബുദ്ധിശാലിയും ജ്ഞാനിയും ആണെന്ന് നാമറിയുന്നു. ബുദ്ധിയും ജ്ഞാനവും കൂടുതൽ തെളിയുന്നത് സംവാദങ്ങളിൽ കൂടിയാണ്. ആയതുകൊണ്ട് അടുത്ത മാസാരംഭത്തിൽ കൊട്ടാരത്തിൽ വച്ച് ഒരു തർക്ക മത്സരം ഉണ്ടായിരിക്കും. പ്രശസ്തനായ ഒരു മഹാപണ്ഡിതൻ വിജയനഗരത്തിലെത്തും അങ്ങും പണ്ഡിതനുമായി വാഗ്വാദം ഉണ്ടായിരിക്കും.’

രാജപുരോഹിതൻ വിയർത്തു പോയി. തർക്ക മത്സരമോ? അതും മഹാപണ്ഡിതനുമായി. തോറ്റു തുന്നം പാടിയത് തന്നെ. ഇനിയെന്താ ഒരു മാർഗം?

നിശ്ചിത ദിവസമെത്തി. രാജസദസിലെ അംഗങ്ങളെല്ലാം എത്തിയിട്ടുണ്ട്. ഒരാൾ മാത്രം പക്ഷേ വന്നില്ല. രാജപുരോഹിതനായിരുന്നു അയാൾ. തർക്കത്തിൽ തോൽക്കുമെന്ന് തീർത്തും അറിയാവുന്ന അയാൾ മനഃപൂർവം വരാതിരിക്കുന്നതാണ്. തോൽവി സമ്മതിക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് രാജസദസ്സിൽ ഒരാളെ രാജപുരോഹിതൻ ചട്ടം കെട്ടിയിരുന്നു. അയാൾ ചക്രവർത്തിയോട് പറഞ്ഞു.

‘അല്ലയോ തിരുമനസ്സേ, രാജപുരോഹിതനു ഇന്നത്തെ പരിപാടിയിൽ വന്നെത്താൻ കഴിയില്ലെന്നു അറിയിച്ചിരിക്കുകയാണ്. അദ്ദേഹം രോഗം ബാധിച്ചു കിടപ്പിലാണ്.

‘എന്ത് രോഗമാണ്? ചക്രവർത്തി അന്വേഷിച്ചു. ‘മസ്‌തിഷ്‌ക കണ്ഡുതി’ എന്ന് പേരുള്ള ഒരു രോഗമാണ്. ചിന്തകന്മാർക്ക് വരുന്ന ഒരു പ്രത്യേകതരം രോഗമാണ്. കൂടുതൽ ചിന്തിക്കുമ്പോൾ തലച്ചോറ് ക്ഷീണിക്കുകയും തലച്ചോറിൽ ഒരു തരം ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും. അതാണ് മസ്‌തിഷ്‌ക കണ്ഡുതി. രാജപുരോഹിതന്റെ ചങ്ങായി പറഞ്ഞു.

‘വിചിത്രമായ ഒരു രോഗം തന്നെ! ഞാൻ പലരോഗങ്ങളെക്കുറിച്ചും വായിക്കുകയും കേൾക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മസ്‌തിഷ്‌ക കണ്ഡുതയെകുറിച്ചു ആദ്യമായാണ് അറിയുന്നത്. ചക്രവർത്തി ആശ്ചര്യത്തോടേ പറഞ്ഞു.

രാമനിതെല്ലാം കേട്ട് ചിരിവന്നു. രാമന്റെ കുസൃതിയുണ്ടോ അടങ്ങിയിരിക്കുന്നു! അയാൾ പറഞ്ഞു ‘എനിക്കും ഇതിനു സമാനമായ ഒരു രോഗം ചിലപ്പോൾ പിടിപെടാറുണ്ട്. കൂടുതൽ വായിക്കുന്ന അവസരത്തിൽ കണ്ണിനകത്തു ഒരു തരം ചൊറിച്ചിൽ അനുഭവപ്പെടും. അതിനു നേത്ര കണ്ഡുതി എന്നാണ് പേര്’

സദസ്യരെല്ലാം പൊട്ടിച്ചിരിച്ചു.

ചക്രവർത്തി ആലോചനാ നിമഗ്നനായി. രാജപുരോഹിതൻ വളരെ ചിന്തിക്കും ശരി തന്നെ. പക്ഷേ എത്രയോ വലിയ ചിന്തകന്മാർ ഈ ഭൂമുഖത്തുണ്ടായിരുന്നു. ശങ്കരാചാര്യർ, മാധവാചാര്യർ, രാമാനുജാചാര്യർ തുടങ്ങിയവരൊക്കെ ചിന്തയുടെ ഉന്നത പീഠങ്ങളിലിരുന്നവരാണ്. പക്ഷേ അവർക്കൊന്നും മസ്‌തിഷ്‌ക കണ്ഡുതി പിടിപെട്ടതായി കേട്ടിട്ടില്ല. അവരെക്കാൾ വളരെക്കുറച്ചു ചിന്തിക്കുന്ന രാജപുരോഹിതനാണെങ്കിൽ ആ രോഗം പിടിപ്പെട്ടിരിക്കുകയും ചെയ്തിരിക്കുന്നു. വലിയ ഒരു നേരംപോക്ക് തന്നെ! ചക്രവർത്തി പുഞ്ചിരി തൂക്കിക്കൊണ്ട് ആത്മഗതം ചെയ്‌തു.

ചക്രവർത്തിയുടെ പുഞ്ചിരിയുടെ അർഥം രാമന് പിടികിട്ടി. രാമൻ പറഞ്ഞു ‘തിരുമേനി, മസ്‌തിഷ്‌ക കണ്ഡുതി ബാധിക്കുന്നതു വലിയ ചിന്തകന്മാർക്കല്ല. അവനവന്ററെ ബുദ്ധിക്കപ്പുറം ചിന്തിക്കുന്നവർക്ക് വരുന്ന രോഗമാണത്. രാജപുരോഹിതൻ അത്തരക്കാരനായിരിക്കും.’

രാമൻ രാജപുരോഹിതനെ ശരിക്കും അപമാനിച്ചു. രാജപുരോഹിതന്റെ ചങ്ങാതിക്ക് അതിഷ്ടമായില്ല. അയാൾ രാമനോട് കോർത്തു.

‘രാമാ, നിങ്ങൾ അതിമിടുക്കൻ ചമയേണ്ട. നിങ്ങളെക്കാൾ മാഹാത്മ്യം ഏതായാലും അദ്ദേഹത്തിനാണ്. നിങ്ങൾ രാജസദസ്സിലെ അംഗമാണെന്നു സമ്മതിച്ചു. പക്ഷേ ആളുകൾ ആദ്യം വന്ദിക്കുന്നത് നിങ്ങളെയല്ല, അദ്ദേഹത്തെയാണ്. അക്കാര്യം നിങ്ങൾ ഓർക്കുന്നത് കൊള്ളാം.’ പരുക്കൻ സ്വരത്തിൽ അയാൾ പറഞ്ഞു.

രാമനും വിട്ടുകൊടുക്കാൻ തയാറില്ലായിരുന്നു. ഹേ മനുഷ്യാ, ആദ്യം ബഹുമാനിക്കുന്നത് കൊണ്ട് കൂടുതൽ മഹിമ കൈവരിക്കുന്നില്ല. അതുപോലെ ഒടുവിൽ ബഹുമാനിക്കുന്നതുകൊണ്ടു അപകർഷവും ഉണ്ടാകുന്നില്ല. ഉദാഹരണമായി നാമെല്ലാം ആദ്യം കാലും കൈയും കഴുകുന്നു. അതിനുശേഷമാണ് മുഖം കഴുകുന്നത്. അതിന്റെയർഥം മുഖം മേന്മ കുറഞ്ഞതാണെന്നാണോ?’

രാജപുരോഹിതന്റെ ചങ്ങാതി പല്ലുംമുറുമ്മി ഒന്നും മിണ്ടാതെയിരുന്നു. ചക്രവർത്തി പ്രോത്സാഹനപൂർവം രാമനെ നോക്കി.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക