ക്ഷേത്രത്തിലൊളിച്ച ആട്ടിൻകുട്ടി

0
417
aesop-kathakal-malayalam-pdf download

പണ്ട് പണ്ടൊരിക്കൽ ഒരു ചെന്നായ ഒരാട്ടിൻകുട്ടിയുടെ പിന്നാലെ കുതിച്ചു. ജീവനും കൊണ്ടോടിയ ആട്ടിൻകുട്ടി ഒരു ക്ഷേത്രത്തിനകത്തു കയറി രക്ഷപ്പെട്ടു. ക്ഷേത്രമതിലിനകത്തു പ്രവേശിക്കുന്നത് സുരക്ഷിതമല്ല എന്ന് ചെന്നായ്ക്ക് അറിയാമായിരുന്നു. അതുകൊണ്ട് അവൻ മതിൽകെട്ടിനു വെളിയിൽ കാത്തു നിന്നു.

പക്ഷേ ആട്ടിൻകുട്ടിയുണ്ടോ ക്ഷേത്രവാതിലിനു പുറത്തു വരുന്നു? നിന്നു മടുത്ത ചെന്നായ ഉറക്കെ വിളിച്ചു പറഞ്ഞു.

പുരോഹിതനകത്തുണ്ട് അയാൾ പിടികൂടിയാൽ നിന്നെ ദേവിക്ക് ബലി കൊടുക്കും.

‘സാരമില്ല അതാണ് എന്റെ വിധിയെങ്കിൽ അങ്ങനെ ആയിക്കൊള്ളട്ടെ. ‘ആട്ടിൻകുട്ടി പ്രതിവചിച്ചു. ക്രൂരനായ നിന്റെ ഭക്ഷണമാകുന്നതിലും ഭേദം ദേവീപാദത്തിൽ സന്തോഷത്തോടെ സ്വയം ബലിവസ്തു ആകുന്നതാണ്.’

കാത്തിരിപ്പ് നിഷ്‌ഫലമാണെന്നു ബോധ്യമായ ചെന്നായ നിരാശനായി മടങ്ങി.

പലപ്പോഴും ശത്രുക്കൾ അഭ്യുദയ കാംഷികളെ പോലെ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യും.

അഭ്യുദയകാംഷിയായ ചെന്നായ

ഒരിക്കൽ ഒരാട് കീഴ്ക്കാം തൂക്കായ ഒരു കുന്നിന്റെ മുകളിൽ കൂടി മേഞ്ഞു നടക്കുകയായിരുന്നു. താഴ്‌വരയിൽ കൂടിപോയ ഒരു ചെന്നായ അത് കണ്ടു.

അവൻ ആടിനോട് വിളിച്ചു പറഞ്ഞു ‘നീ എന്തിനാണ് ഇത്ര ഉയരമുള്ള കുന്നിൻ മുകളിൽ പുല്ല് തേടി പോകുന്നത്. കാൽ വഴുതി വീണാൽ പൊടിപോലും കിട്ടില്ല. വരൂ താഴേക്കിറങ്ങി വരൂ’

ആട് ഒന്നും കേൾക്കാത്ത മട്ടിൽ പുല്ല് തിന്നുകൊണ്ടിരുന്നു.

അപ്പോൾ ചെന്നായ പറഞ്ഞു. ‘മലമുകളിൽ ശക്തമായ തണുത്ത കാറ്റുണ്ട്. കാറ്റുകൊണ്ടാൽ പനിപിടിക്കും. അതുമല്ല നിന്റെ വിശപ്പടക്കാൻ വേണ്ടതിലും അധികം പുല്ല് ഈ താഴ്വരയിലുണ്ട്. വേഗം ഇറങ്ങി വരൂ.’

അപ്പോഴും ആട് ഒന്നും ഉരിയാടിയില്ല.ചെന്നായ്ക്കു ദേഷ്യം വന്നു. ‘എടോ, ചെകിടാ, നിനക്കെന്തു വന്നാലും എനിക്കൊന്നുമില്ല. ഇന്നല്ലെങ്കിൽ നാളെ നീയെന്റെ പിടിയിലാകും. ഓർത്തോളൂ’

അപ്പോൾ ആട് തലയുയർത്തി ‘ചെന്നായ സുഹൃത്തേ, ഇപ്പോൾ നീ ആരാണെന്നു മനസിലായല്ലോ? നിന്റെ കപടവാർത്തമാനത്തിൽ വീഴാൻ മാത്രം വിഡ്ഢിയല്ല ഞാൻ. എന്റെ അച്ഛനും അമ്മയും ഒക്കെ നിന്റെ കഥകൾ എന്നെ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട്. ‘ആരുടെ വിശപ്പ് അടക്കുന്നതിനെകുറിച്ചാണ് നീ ഇത്ര ആകാംഷ കാട്ടിയത്, എന്റേതോ? നിന്റേതോ?

ബുദ്ധിമാന്മാർ ദുഷ്ടന്മാരുടെ വാക്കുകളുടെ പിന്നിലെ ചതി മനസിലാക്കുന്നു.

ആമയുടെ വീട്

പണ്ടൊരിക്കൽ ദേവലോകത്തു വലിയ ആഘോഷം നടക്കുകയായിരുന്നു. എല്ലാ ജീവജാലങ്ങളും ആഘോഷത്തിൽ പങ്കെടുക്കുന്നുണ്ട്. കെങ്കേമൻ സദ്യയും എല്ലാവർക്കുമൊരുക്കിയിരുന്നു. പക്ഷേ ആഘോഷങ്ങളിൽ ഒരു ജീവി മാത്രം പങ്കെടുത്തില്ല. ആമയായിരുന്നു അത്.

ആമ വരാതിരുന്നത് സിയസ് ദേവൻ ശ്രദ്ധിച്ചു. ഉടൻ തന്നെ ആമയെ പൊക്കിക്കൊണ്ട് വരാൻ ഉത്തരവായി. ദേവകിങ്കരന്മാർ ഭൂമിയിലെത്തി ഞൊടിയിടക്കുള്ളിൽ ആമയുമായി എത്തി.

ദേവൻ ചോദിച്ചു. ‘നിനക്ക് ക്ഷണമുണ്ടായിരുന്നതാണല്ലോ? എന്നിട്ടു നീ വരാതിരുന്നതിനു എന്തെങ്കിലും കാരണമുണ്ടോ?’

മടികൊണ്ടായിരുന്നു ആമ വരാതിരുന്നത്. സ്വതവേ അലസനാണല്ലോ ആമ. ഭൂമിയിൽ നിന്നും ദേവലോകം വരെ പോകുകയെന്നത് അവനു ചിന്തിക്കുക കൂടി വയ്യായിരുന്നു.

പക്ഷേ മടിയനാണെന്നു പറഞ്ഞാൽ ദേവൻ കോപിക്കുമെന്ന് ആമ ഭയപ്പെട്ടു. അതുകൊണ്ട് അതവൻ മറച്ചു വച്ചു.

ആമ പറഞ്ഞു. ‘സ്വന്തം വീടിനേക്കാൾ സന്തോഷം നൽകുന്നതായി ജീവിതത്തിലൊന്നുമില്ല. വീട്ടിലെ സന്തോഷവുമായി തുലനം ചെയ്യുമ്പോൾ ഒരു ആഘോഷവും ഉത്സാഹവും അതിന്റെ മുന്നിൽ ഒന്നുമല്ല.’ ആമയുടെ മറുപടി ദേവനെ ചൊടിപ്പിച്ചു. ധിക്കാരം ഇത്രയ്‌ക്കൊ? ദേവൻ കോപം കൊണ്ട് ജ്വലിച്ചു. ആമയുടെ ശരീരത്തിന്റെ മുകളിൽ തന്നെ അവന്റെ വീടും വച്ചുകൊടുക്കാൻ ഉത്തരവായി. ‘നീ എവിടെപ്പോയാലും ഇനി വീടും ചുമന്നു കൊണ്ട് പോകുക.’ ദേവൻ പറഞ്ഞു.

അന്ന് മുതൽ സ്വന്തം വീടും ചുമന്നാണ് ആമയുടെ സഞ്ചാരം

മടിയന്മാർ മല ചുമക്കും. കപടത അപകടം വിളിച്ചു വരുത്തും.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക