കോഴിപ്പോര്

0
284
aesop-kathakal-malayalam-pdf download

ഒരിക്കൽ രണ്ടു പൂവൻകോഴികൾ തമ്മിൽ അങ്കം കുറിച്ചു. കടുത്ത പോരാട്ടമായിരുന്നു. മറ്റുള്ള കോഴികൾ ഭയന്ന് മാറി നിന്നു. മണിക്കൂറുകൾ നീണ്ടു നിന്ന പോരിനിടയിൽ കോഴി മല്ലന്മാരുടെ ശരീരമാസകലം ചോരപുരണ്ടു. തളർന്നു മാറിയ കോഴികൾ പൂർവാധികം ശക്തിയോടെ വീണ്ടും ഏറ്റുമുട്ടി.

അവസാനം തോൽക്കുമെന്നുറപ്പായ പൂവൻ കോഴി ചോരയിൽ കുളിച്ചു യുദ്ധക്കളത്തിൽ നിന്നും പലായനം ചെയ്‌തു. അവൻ അകലെ പറമ്പിലെ ഒരു മൂലയിൽ പോയി മറഞ്ഞു നിന്നു. വ്രണിത ഹൃദയനായ അവനിൽ വൈരം നിറഞ്ഞു. പരാജയത്തിൽ അവൻ ലജ്ജിച്ചു.

ഇതേ സമയം വിജയശ്രീലാളിതനായ പൂവൻ കോഴി അങ്കത്തട്ടിൽ കൂടി അഹങ്കാരത്തോടു കൂടി ഉലാത്തുകയും ചിറകടിച്ചു കൂവുകയുമായിരുന്നു.  മറ്റുള്ള കോഴികൾ അവനെ ബഹുമാനപൂർവ്വം വീക്ഷിച്ചു. അവന്റെ അഹങ്കാരം ഊതിവീർത്തു. താൻ ലോകത്തിലേക്കും ശക്തനാണ് എന്നവൻ ചിന്തിച്ചു.

ഇനിയിങ്ങനെ താഴെ നിന്നുകൂടാ. നന്നേ ക്ഷീണമുണ്ടെങ്കിലും ഒറ്റപറക്കലിനു തന്നെ അവൻ പുരയുടെ പുറത്തു കേറി. ചുറ്റുപാടും ഗർവോടു കൂടി നോക്കിയ ശേഷം അവൻ ഉച്ചത്തിൽ കൂവാൻ തുടങ്ങി.

മുകളിൽ പറന്നുകൊണ്ടിരുന്ന ഒരു കഴുകൻ പുരപ്പുറത്തു നിന്ന് കൂവുന്ന പൂവൻകോഴിയെ കണ്ടു. നിമിഷങ്ങൾക്കുള്ളിൽ അത് താണു പറന്നു. പൂവൻകോഴിയെയും തട്ടിക്കൊണ്ടു പറന്നുയർന്നു.

അഹങ്കാരിയായ പൂവൻകോഴി കഴുകന്റെ കാലുകൾക്കിടയിൽ കിടന്നു പിടയുകയും ദയനീയമായി കൂവുകയും ചെയ്തു.

അതിരു കടന്ന അഹങ്കാരം വിനാശകരമാണ്.

തവളയുടെ മോഹം

മൈതാനത്തു ഒരു തവള തന്റെ കുഞ്ഞുങ്ങളുമായി കളിക്കുകയായിരുന്നു. അവരുടെ അടുത്തായി ഒരു കാള പുല്ലു മേഞ്ഞു കൊണ്ടിരുന്നു. തവളക്കുഞ്ഞുങ്ങൾക്ക് കാളയെ കണ്ടപ്പോൾ അത്ഭുതമായി. എത്ര വലിയ ജീവി! അവർ ഇതുപോലെ ഒരു ജീവിയെ ഇതിനുമുൻപ് കണ്ടിട്ടേയില്ല. അവർ അമ്മത്തവളയുടെ ചുറ്റും കൂടി. ‘അമ്മേ, അമ്മേ, നോക്കു ആ ജീവിക്ക് എന്ത് വലിപ്പമാണ്’

‘മക്കളെ അത് കാളയെന്ന് പറയുന്ന ഒരു പൊണ്ണത്തടിയനാണ്. അതിന്റെ വലിപ്പത്തിൽ യാതൊരു കാര്യവുമില്ല. എനിക്ക് വേണമെങ്കിൽ അതുപോലെ വലുതാകാം. വേണ്ടെന്നു വച്ചിട്ടല്ലേ. കാണണോ ഇപ്പോൾ?

ഇത്രയും പറഞ്ഞ ശേഷം തവള ശക്തിയായി ഉള്ളിലേക്ക് ശ്വാസമെടുത്തു. എന്നിട്ടു ചോദിച്ചു ‘ഇപ്പോൾ എനിക്ക് കാളയുടെ വലിപ്പമില്ലേ?

‘ഇല്ലാ’ കുട്ടികൾ മറുപടി നൽകി.

ഒരിക്കൽ കൂടി ശക്തിയായി വായു ഉള്ളിലേക്ക് വലിച്ചെടുത്ത ശേഷം അമ്മത്തവള മക്കളോട് ചോദിച്ചു. ‘ഇപ്പോൾ ഞാനാണോ കാളയാണോ വലുത്?

‘കാള തന്നെ.’ കുട്ടികൾ ഒന്നിച്ചു പറഞ്ഞു.

‘എന്നാൽ ഇതാ നോക്കിക്കൊള്ളൂ’ തവള വീണ്ടും മുമ്പത്തേക്കാൾ ശക്തിയായി ശ്വാസം ഉള്ളിലേക്ക് വലിച്ചു. തവളയുടെ കണ്ണുകൾ ഉന്തി. ഞരമ്പുകൾ വലിഞ്ഞു. കുട്ടികൾ ആകാംഷയോടെ നോക്കി. ഒരു വലിയ ശബ്ദത്തോടെ തവള വയറുപൊട്ടി പിടഞ്ഞു വീണു.

അവളുടെ കഥ കഴിഞ്ഞിരുന്നു.

ശക്തനെ അനുകരിക്കുന്ന ദുർബലനു ദുർഗതി മാത്രം.

കുറുക്കനും മുന്തിരിങ്ങയും.

പണ്ടൊരിക്കൽ വിശന്നലഞ്ഞു ഒരു കുറുക്കൻ കാട്ടിൽകൂടി നടക്കുകയായിരുന്നു. അടുത്ത നാളുകളായി ഇതുപോലെ വിശപ്പനുഭവിക്കേണ്ടി വന്നിട്ടില്ല. ആരെയാണ് തനിന്ന് കണി കണ്ടത്. ഇങ്ങനെയൊരു ഗതികേട് ജീവിതത്തിലാദ്യമായാണ്. ഇങ്ങനെ വിചാരിച്ചുകൊണ്ട് കുറുക്കൻ വീണ്ടും നടന്നു.

ഭാഗ്യവശാൽ താമസിയാതെ അവൻ ഒരു മുന്തിരിച്ചെടി കണ്ടു. അതിൽ പഴുത്തുകിടക്കുന്ന കുലകളുണ്ട്. ഹായ്! അവന്റെ വായിൽ വെള്ളമൂറി.

പക്ഷെ മുന്തിരിക്കുലകളൊന്നും കുറുക്കന് കൈയെത്താവുന്ന ഉയരത്തിലല്ല. ചാടിപ്പിടിക്കാം.

കുറുക്കൻ പലതവണ മുകളിലേക്ക് ചാടി. എത്തിയില്ല. പിന്നെയും പിന്നെയും ചാടി. കുലയിലെത്താൻ കഴിയുന്നില്ല. മുന്തിരിക്കുല കിട്ടില്ലെന്ന്‌ കുറുക്കന് ഉറപ്പായി.

ദുഃഖത്തോടെ അവൻ ആ ശ്രമത്തിൽ നിന്നും പിന്തിരിഞ്ഞു. വല്ലാത്ത നാണക്കേടും ആയി. വേറെ ആരെങ്കിലും ഇത് കണ്ടോ? ദുരഭിമാനിയായ കുറുക്കൻ അപ്പോൾ ഉറക്കെപ്പറഞ്ഞു. ഈ മുന്തിരിങ്ങ കൊള്ളില്ല. വല്ലാതെ പുളിക്കുന്ന ഇനമാണിത്. ഞാനതിന്റെ വലുപ്പവും നിറവും ശരിക്കറിയാൻ വേണ്ടി ചാടി നോക്കിയതല്ലേ?’

‘പ്ഫു………’ കാർക്കിച്ചു തുപ്പിയശേഷം കുറുക്കൻ അവിടെ നിന്നും പോയി.

ആഗ്രഹിച്ചത് കിട്ടാതെ വരുമ്പോൾ ചിലർ അതിനെ നിന്ദിക്കുന്നു.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക