കോട്ടുവാ വരുത്തിയ വിന

0
693
thennali-raman-stories-malayalam

ചക്രവർത്തിയും രാജ്ഞിയും കൂടി ഒരിക്കൽ പ്രധാനപ്പെട്ട എന്തോ കാര്യങ്ങൾ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് തിരുമലാംബ രാജ്ഞി ഒരു കോട്ടുവായിട്ടു. ചക്രവർത്തിയെ ഇത് വല്ലാതെ ചൊടിപ്പിച്ചു. തന്റെ സംഭാഷണത്തിൽ താല്പര്യമില്ലാത്തതുകൊണ്ടാണല്ലോ കോട്ടുവാ വന്നത്. താല്പര്യമുള്ള കാര്യങ്ങൾ സംസാരിക്കുമ്പോൾ മനുഷ്യർ കോട്ടുവായിടുകയില്ലല്ലോ. കോട്ടുവായിടുക വഴി രാജ്ഞി ചക്രവർത്തിയെ അപമാനിക്കുകയാണ് ചെയ്തത്. ഇതായിരുന്നു കൃഷ്ണദേവരായ ചക്രവർത്തിയുടെ ചിന്ത.

കോപം പൂണ്ട ചക്രവർത്തി സംഭാഷണം നിർത്തി സ്ഥലം വിട്ടു. പിന്നീട് രാജ്ഞിയോട് സംസാരിക്കാതെയുമായി. രാജ്ഞി അതീവ ദുഖിതയായി. താനൊരു തെറ്റും ചക്രവർത്തിക്കെതിരെ മനസിൽപോലും ചെയ്തിട്ടില്ല. പിന്നെന്തിനാണ് അദ്ദേഹം തന്നെ വെറുക്കുന്നത്. താൻ കോട്ടുവായിട്ടത് അദ്ദേഹത്തിന്റെ സംഭാഷണത്തിൽ താല്പര്യമില്ലാഞ്ഞിട്ടോ, അദ്ദേഹത്തെ അപമാനിക്കാനോ അല്ല. പക്ഷെ, ഇതൊക്കെ കേൾക്കാൻ ചക്രവർത്തി തയ്യാറല്ലായിരുന്നു.

ദുഖിതയായ തിരുമലാംബരാജ്ഞി ഒടുവിൽ രാമനെ വിളിപ്പിച്ചു. നടന്ന കാര്യം മുഴുവൻ രാമനോട് തുറന്നു പറഞ്ഞു. എങ്ങനെയെങ്കിലും രാമൻ സഹായിക്കണം. ചക്രവർത്തിയുടെ നീരസം മാറ്റിയെടുക്കണം.

രാമൻ സമ്മതിച്ചു. ബുദ്ധിമാനായ രാമനുണ്ടോ അതിന് ബുദ്ധിമുട്ട്.

രാമൻ ആസ്ഥാന മണ്ഡപത്തിലെത്തി. അവിടെ ചക്രവർത്തിയും മന്ത്രിമാരും ഗൗരവമായ ചർച്ച നടത്തുകയായിരുന്നു. നെല്ലുല്പാദനം എങ്ങനെ വർദ്ധിപ്പിക്കാം എന്നതായിരുന്നു വിഷയം. രാമൻ കുറെ നേരം ചർച്ചയൊക്കെ കേട്ടു. തക്ക സമയമായപ്പോൾ രാമൻ ഇടയ്ക്കു കയറി പറഞ്ഞു ‘തിരുമേനീ, വിളവ് വർദ്ധിപ്പിക്കാൻ ഒരു മാർഗമുണ്ട്. എന്റെ കയ്യിൽ മേൽത്തരം വിത്തുണ്ട്, അത് വിതച്ചാൽ ഇപ്പോളുള്ളതിന്റെ മൂന്നിരട്ടി വിളവുണ്ടാകും’ ഇത്രയും പറഞ്ഞ ശേഷം രാമൻ കീശയിൽ നിന്ന് കുറേനെല്ലെടുത്തു കാണിച്ചു.

ഇത് സത്യമാണോ രാമാ, എങ്കിൽ നമ്മൾ വിജയിച്ചു. ഈ വിത്തിന് ഏതു തരം മണ്ണും, ഏതു തരം വളവുമാണ് വേണ്ടത്.’ ചക്രവർത്തി ആരാഞ്ഞു.

‘മണ്ണും വളവുമൊക്കെ ഇത് തന്നെ മതി. പക്ഷേ വേറൊരു പ്രധാനപ്പെട്ട കാര്യമുണ്ട്.’ രാമൻ പറഞ്ഞു. ‘എന്താണ് രാമാ? പറയൂ’

‘വിതയ്ക്കുന്നയാൾ കോട്ടുവായിട്ടിട്ടില്ലാത്ത ആളായിരിക്കണം.’

‘ഓഹോ! അങ്ങനെയോ?’

‘അതെ.’

‘രാമാ, കോട്ടുവായിട്ടിട്ടില്ലാത്ത ഒരു പുരുഷനും ഒരു സ്ത്രീയും ഈ ഭൂമുഖത്തു കാണില്ല. നിനക്കെന്താ സംശയമുണ്ടോ?

‘എനിക്ക് സംശയമില്ല, പക്ഷേ തിരുമേനിക്ക് ഈ വസ്തുത അറിയാമെന്ന് ഇപ്പോഴാണ് ഞാനറിയുന്നത്. ഏതായാലും ഈ വിവരം അത്യാവശ്യമായി ഒരാളോട് പറയാനുണ്ട്. പറഞ്ഞ ശേഷം ഞാൻ മടങ്ങിവരാം.’ രാമൻ തിടുക്കം കൂട്ടി. ‘ആരോടാണ് രാമാ’ ചക്രവർത്തിക്ക് ജിജ്ഞാസയേറി.

‘തിരുമലാംബരാജ്ഞിയോട് .’ രാമൻ പറഞ്ഞു. അപ്പോൾ കൃഷ്ണദേവരായ ചക്രവർത്തിക്ക് എല്ലാം ഓർമ വന്നു. രാജ്ഞി കോട്ടുവായിട്ടതും, താൻ രാജ്ഞിയോട് നീരസം പ്രകടിപ്പിച്ചതുമെല്ലാം ചക്രവർത്തിക്ക് വലിയ മനഃസ്താപം തോന്നി.

‘രാമാ, അക്കാര്യം രാജ്ഞിയോട് ഇപ്പോൾ പറയണ്ട. ചർച്ചക്കുശേഷം ഞാൻ രാജ്ഞിയെ കാണുന്നുണ്ട്. ഈ തെറ്റ് ചൂണ്ടിക്കാട്ടി തന്നതിൽ നിന്നോടെനിക്ക് വലിയ നന്ദിയുണ്ട്.

രാമാനുണ്ടായ സന്തോഷത്തിനതിരില്ലായിരുന്നു. രാജദമ്പതികൾ തമ്മിലുണ്ടായ നീരസം മാറിയല്ലോ!

ചർച്ചയ്ക്ക് ശേഷം ചക്രവർത്തി അന്തഃപുരത്തിലെത്തി രാജ്ഞിയോട് മാപ്പപേക്ഷിച്ചു. രാമനാകട്ടെ രണ്ടു പണക്കിഴികൾ കിട്ടി. ചക്രവർത്തിയുടെ വകയും! രാജ്ഞിയുടെ വകയും!

ചാരനെ കുടുക്കിയ വിദ്യ

മഹാപണ്ഡിതനായ ഒരു ബ്രാഹ്മണൻ വിജയനഗര കൊട്ടാരത്തിലെത്തി. രാജയ്യർ എന്നായിരുന്നു അയാളുടെ പേര്. സംസ്‌കൃതത്തിൽ അയാൾ അഗാധ പണ്ഡിതനായിരുന്നു. എപ്പോഴും വേദങ്ങളിൽ നിന്നും ഉപനിഷത്തുകളിൽ നിന്നും ഭാഗങ്ങൾ അയാൾ ഉദ്ധരിച്ചു.

ചക്രവർത്തിക്ക് രാജയ്യരെ വലിയ ബഹുമാനമായിരുന്നു. അയാൾക്ക് കൊട്ടാരത്തിൽ സർവ്വ സ്വാതന്ത്യവും കൊടുത്തു. കൊട്ടാരത്തിൽ ഏതു സമയത്തും ചെല്ലാനും ഏതു മുറിയിലും പ്രവേശിക്കാനും അയാൾക്ക്‌ അനുവാദമുണ്ടായിരുന്നു.

പക്ഷേ ചക്രവർത്തിക്ക് അജ്ഞാതമായിരുന്ന ഒരു സത്യമുണ്ടായിരുന്നു. ഇയാൾ രാജാസാഹിബ് എന്ന് പേരായ ഒരു മുസ്‌ലിം ചാരനായിരുന്നു. ബീജപ്പൂർ സുൽത്താന്റെ ഉത്തരവിൻപടി വന്നതായിരുന്നു അയാൾ. വിജയനഗരവും ബീജപ്പൂരും അയൽരാജ്യങ്ങൾ ആയിരുന്നു. എപ്പോഴും അവർ ശത്രുതയിലുമായിരുന്നു. ബീജപ്പൂർ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ആക്രമിച്ചു അധീനതയിലാക്കാൻ ഒരു വൻ പദ്ധതി കൃഷ്ണദേവരായ ചക്രവർത്തി ഇട്ടിരുന്നു. ചക്രവർത്തിയെ നേരിട്ട് യുദ്ധത്തിൽ തോൽപ്പിക്കുക അസാധ്യമാണെന്ന് ബീജപ്പൂർ സുൽത്താന് അറിയാമായിരുന്നു. പിന്നെ എങ്ങനെയെങ്കിലും ചതിവിൽ കൂടി മാത്രമേ രക്ഷയുള്ളൂ എന്ന് സുൽത്താന് മനസിലായി. ചതിവിൽ കൂടി ചക്രവർത്തിയെ വധിക്കാനായിട്ടാണ് രാജാസാഹിബിനെ വിജയനഗരത്തിലേക്ക് അയച്ചിരുന്നത്. അതിസമർത്ഥനായ ഒരു ചാരനായിരുന്നു രാജാസാഹിബ്. വിവിധ ഭാഷകളിലും രീതികളിലും അയാൾ പ്രാവിണ്യം നേടിയിരുന്നു. പണ്ഡിതബ്രാഹ്മണനായിട്ടു വേഷം കെട്ടിയ രാജാസാഹിബിനെ കണ്ടാൽ ഒരു ആഢ്യബ്രാഹ്മണനാണെന്നു മാത്രമേ തോന്നു.

രാജയ്യർ മനസ്സിരുത്തിയപോലെ തന്നെ കാര്യങ്ങൾ നീക്കി. ചക്രവർത്തിയുടെ ആദരവ് പിടിച്ചു പറ്റി, കൊട്ടാരത്തിലെ അന്തേവാസിയായി. ഇനി തന്റെ ലക്ഷ്യത്തിലേക്കു നീങ്ങുക തന്നെ. എത്രയും പെട്ടെന്ന് കാര്യം കഴിക്കണം. സമയം എപ്പോഴും ചാരന്റെ എതിർപക്ഷത്താണെന്ന സത്യം അയാൾ സ്വാനുഭവത്തിൽ കൂടി മനസിലാക്കിയിരുന്നു. പക്ഷേ പറ്റിയ ഒരവസരം ഇതുവരെ കൈവന്നില്ല. ചക്രവർത്തിയുടെ സുരക്ഷാസന്നാഹങ്ങൾ അത്ര കുറ്റമറ്റതായിരുന്നു. എവിടെയും ജാഗരൂകരായ കാവൽ ഭടന്മാർ.

ചക്രവർത്തി ഏകനായും നിരായുധനായും ഇരിക്കുന്ന അവസരത്തിൽ എല്ലാം നടത്തണം. രാജയ്യർ മനസിലുറച്ചു.

രാജയ്യരുടെ കൊട്ടാരത്തിലെ ശത്രു രാമനായിരുന്നു. രാമന് ആദ്യം മുതലേ രാജയ്യരോട് അകാരണമായ വെറുപ്പായിരുന്നു. ഇയാളിൽ എന്തോ പന്തികേടുണ്ട് എന്ന് രാമന് തോന്നി. ഇയാളുടെ പാണ്ഡിത്യമൊക്കെ വെറും പൂച്ചാണ്. രാമൻ അയാളെ രഹസ്യമായി വീക്ഷിക്കുവാൻ തുടങ്ങി. ക്രമേണ രാമന് ഒരു സംശയം ബലമായി ഉണ്ടായി. ഇയാൾ ഒരു ചാരനാണ്. ഈ വിവരം രാമൻ ചക്രവർത്തിയെ അറിയിച്ചു.\ചക്രവർത്തിക്ക് രാമന്റെ അഭിപ്രായം തീരെ ഇഷ്ടമായില്ല. എന്താണ് രാമാ അസംബന്ധം പുലമ്പുന്നത്? അയാൾ ഒരു ആഢ്യബ്രാഹ്മണനാണ്. ജ്ഞാനിയും പണ്ഡിതനുമാണ് അയാൾ. അല്ലെങ്കിലും നിനക്ക് എല്ലാവരെയും സംശയമാണ്.’

‘തിരുമേനീ, അയാളുടെ ഉച്ചാരണം കേട്ടിട്ട് അയാൾ ഈ നാട്ടുകാരനാണെന്നു തോന്നുന്നില്ല. എന്തോ ഒരു അസ്വാഭാവികത അയാളുടെ സംഭാഷണത്തിലും രീതികളിലും ഉണ്ട്.’ രാമൻ പറഞ്ഞു.

‘അതുകൊണ്ട് അയാൾ ചാരാനാകാമെന്നുണ്ടോ? അടിസ്ഥാനമില്ലാത്ത സംശയം അപകടം വിളിച്ചു വരുത്തും.’ ചക്രവർത്തി രാമനെ ഓർമിപ്പിച്ചു.

‘തിരുമേനി, അവിടുന്ന് എന്നെ ഒരു പരീക്ഷണം നടത്താൻ അനുവദിക്കണം. അതിനുശേഷം എന്റെ സംശയം അസ്ഥാനത്താണോ എന്ന് പറയണം.’ രാമൻ പറഞ്ഞു. ”പരീക്ഷണത്തിന് എനിക്ക് സർവ്വസ്വതന്ത്ര്യവും തരണം. മാത്രമല്ല, ഈ വിവരം മറ്റുള്ള ആരും അറിയരുത് താനും.’

ചക്രവർത്തി സമ്മതം മൂളി. പക്ഷേ ചക്രവർത്തിയുടെ സമക്ഷം മാത്രമേ പരീക്ഷണം നടത്താവൂ എന്ന് നിഷ്കർഷിച്ചു.

‘അങ്ങനെയാകട്ടെ, തിരുമേനി.’ രാമൻ സമ്മതിച്ചു.

അന്ന് രാത്രിയിൽ തന്നെ പരീക്ഷണം നടത്താൻ തീരുമാനിച്ചു. ഒരു കുടത്തിൽ രാമൻ തണുത്ത വെള്ളമൊഴിച്ചു. എന്നിട്ടു ചെറിയ തവളകളെ കുടത്തിലാക്കി. ഈ കുടവുമായി രാമൻ രാജയ്യരുടെ ശയനാമുറിയിലേക്കു പോയി. കൂടെ ചക്രവർത്തിയുമുണ്ടായിരുന്നു. കൊട്ടാരത്തിൽ തന്നെയായിരുന്നു രാജയ്യരുടെ ശയനമുറി. ഇരുവരും ശബ്ദമുണ്ടാക്കാതെ രാജയ്യരുടെ കിടക്കയുടെ സമീപത്തെത്തി. രാമൻ തലയ്ക്കൽ ചെന്നു നിന്നിട്ട് കുടത്തിലെ വെള്ളം അയാളുടെ മുഖത്തു കമഴ്ത്തി. വെള്ളത്തോടുകൂടി കൊച്ചു തവളകളും പുറത്തു ചാടി.

രാജയ്യർ ഞെട്ടിയുണർന്നു. എന്തോ വാക്കുകൾ അയാൾ പുലമ്പി. ആ നാട്ടിലെ ഭാഷയായിരുന്നില്ലത്. ഏതോ വിദേശഭാഷയാണ് അയാൾ സംസാരിച്ചത്. അയാൾ പുറം നാട്ടുകാരനാണെന്ന് വ്യക്തമായി. മറ്റൊന്ന് കൂടി അയാൾ ചെയ്തു. ഒളിച്ചു വച്ചിരുന്ന വാളെടുത്തു അയാൾ വീശി. രാമൻ ഇത് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ട് രാമൻ ഒഴിഞ്ഞുമാറി.

ചക്രവർത്തിക്ക് എല്ലാം മനസിലായി. ഒറ്റവെട്ടിനു ചക്രവർത്തി രാജയ്യരുടെ കഥ കഴിച്ചു. ‘രാമനെ ചക്രവർത്തി അനുമോദിച്ചു. മാത്രമല്ല വലിയ ഒരു തുക സമ്മാനമായും രാമന് കൊടുത്തു.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക