കൊറ്റിയും കുറുക്കനും

0
348
aesop-kathakal-malayalam-pdf download

കൗശലക്കാരൻ കുറുക്കനും കൊറ്റിയും ചങ്ങാതിമാരായിരുന്നു. ഒരു ദിവസം കുറുക്കൻ കൊറ്റിയെ വീട്ടിലേക്ക് ക്ഷണിച്ചു. കൊറ്റി കുറുക്കന്റെ വീട്ടിലെത്തി കുശലങ്ങൾക്കു ശേഷം രണ്ടു പാത്രങ്ങളിൽ സൂപ്പ് വിളമ്പി. കുറുക്കൻ മനഃപൂർവം പരന്ന പത്രങ്ങളിലാണ് സൂപ്പ് വിളമ്പിയത്. കൊറ്റിക്ക് ഒരു തുള്ളി സൂപ്പ് പോലും കുടിക്കാൻ കഴിഞ്ഞില്ല. എന്നാൽ കുറുക്കച്ചനാകട്ടെ കൊണ്ട് വന്ന സൂപ്പ് മുഴുവൻ ആർത്തിയോടെ കുടിച്ചു തീർത്തു.

കുറുക്കച്ചന് ചിരിയടക്കാൻ പണിപ്പെടേണ്ടി വന്നു. അവൻ ഒന്നുമറിയാത്ത മട്ടിൽ കൊറ്റിയോട് പറഞ്ഞു ‘എന്റെ മാന്യാതിഥി ഒന്നും കഴിച്ചില്ലല്ലോ? പാചകം ഇഷ്ടപ്പെട്ടില്ലായിരിക്കും. ക്ഷമിക്കണം

‘സാരമില്ല. ഇതിൽ പരിഭവിക്കാനും ക്ഷമ ചോദിക്കാനും എന്തിരിക്കുന്നു? താങ്കളുടെ ചങ്ങാത്തമാണ് എനിക്ക് വലുത്. ആട്ടെ, താങ്കൾ എന്നാണ് എന്റെ ഭവനത്തിലേക്ക് ഒന്ന് വരുന്നത്.’

കൊറ്റിയുടെ വീട്ടിൽ ചെല്ലാമെന്നു കുറുക്കൻ സമ്മതിച്ചു.

പറഞ്ഞ ദിവസം തന്നെ കുറുക്കച്ചൻ കൊറ്റിയുടെ വീട്ടിലെത്തി. പടിവാതുക്കൽ എത്തിയപ്പോഴേ സൂപ്പിന്റെ ഗന്ധം അവന്റെ മൂക്കിലെത്തി. അവൻ കൊതി പൂണ്ടു. ഏതായാലും കുശാലായി. അവൻ ചിന്തിച്ചു.

വിനയപൂർവം കൊറ്റി കുറുക്കചനെ സ്വീകരിച്ചു. ഉടൻ തന്നെ സൂപ്പുമായി പരിചാരകർ എത്തി. നീളൻ കഴുത്തും ഇടുങ്ങിയ വായുമുള്ള കലങ്ങളിലായിരുന്നു സൂപ്പുകൊണ്ട് വന്നത്. സൂപ്പ് കണ്ടതും കുറുക്കച്ചൻ മര്യാദചട്ടങ്ങൾ പോലും മറന്നു നാക്കുനീട്ടി. പക്ഷേ എന്ത് ചെയ്യാൻ? തല അകത്തേക്ക് കടക്കില്ല. ചെറിയ വാവട്ടമുള്ള കലമല്ലേ? പാത്രത്തിന്റെ വക്കു നക്കിയും മണം പിടിച്ചും നിലത്തു വീണ തുള്ളികൾ നക്കിയും കുറുക്കച്ചൻ സമയം കഴിച്ചു. അതേസമയം കൊറ്റി തന്റെ നീണ്ട കൊക്ക് കലത്തിലേക്ക് കടത്തി സൂപ്പ് മുഴുവൻ കുടിച്ചു തീർത്തു.

കൊറ്റിയുടെ ഉള്ളിൽ ചിരിയൂറി.

‘അല്ല നിങ്ങൾക് പാചകം തീരെ പഥ്യമായില്ലെന്നു തോന്നുന്നു. കൊണ്ട് വന്നത് മുഴുവൻ കലത്തിൽ ഇരിക്കുകയാണല്ലോ?’ കൊറ്റി കുറുക്കനെ പരിഹസിച്ചു.

ജാള്യതയോടെ കുറുക്കച്ചൻ കൊറ്റിയുടെ മുഖത്തേക്ക് നോക്കി. സൂപ്പിന്റെ മണവും പിടിച്ചു കലത്തിന്റെ അടുത്ത് കൊതി മൂത്തു കുറുക്കച്ചൻ വീണ്ടും പരുമ്മി നിന്നപ്പോൾ കൊറ്റി കണ്ണുരുട്ടി. കുറുക്കൻ വാലും ചുരുട്ടി ഒറ്റ ഓട്ടം!

പരസ്പര ബഹുമാനമാണ് ചങ്ങാത്തത്തിന്റെ കാതൽ. ആരോടും അപമര്യാദയായി പെരുമാറരുത്.

പാമ്പും കുട്ടിയുടെ അച്ഛനും

മുറ്റത്തിരുന്നു കളിക്കുകയായിരുന്ന ഒരു കൊച്ചുകുട്ടിയെ പാമ്പ് കടിച്ചു. കുട്ടി നിലവിളിച്ചു. നിലവിളി കേട്ട് അച്ഛനും അമ്മയും ഓടിയെത്തി. വേഗത്തിൽ ഇഴഞ്ഞു നീങ്ങുന്ന പാമ്പിനെ അവർ കണ്ടു. കൈയിൽ കിട്ടിയ വടിയുമായി അച്ഛൻ പാമ്പിന്റെ പിന്നാലെ പാഞ്ഞു.

പക്ഷേ പാമ്പ് അടുത്ത് ഒരു പാറയോട് ചേർന്നുള്ള മാളത്തിൽ കയറി രക്ഷപ്പെട്ടു.

കുട്ടിയെ അച്ഛൻ വിഷഹാരിയുടെ അടുത്തെത്തിച്ചു. പക്ഷേ കുട്ടി അപ്പോഴേക്കും വാടിത്തളർന്നു മയങ്ങിയിരുന്നു. നിമിഷങ്ങൾക്കകം കുട്ടി മരിച്ചു.

കുട്ടിയുടെ അച്ഛന് പാമ്പിനോട് പ്രതികാരമായി. അയാൾ പാമ്പിന്റെ മാളത്തിനടുത്തു കോടാലിയുമായി കാത്തു നിന്നു ഏതായാലും പാമ്പ് പുറത്തു വരാതിരിക്കില്ല. അപ്പോൾ ഒരു വെട്ടിനു അവന്റെ കഥ കഴിക്കാം. എങ്കിലേ തനിക്ക് മനസമാധാനമുണ്ടാകു.

സന്ധ്യയായപ്പോൾ പാമ്പ് പുറത്തിറങ്ങി. പ്രതികാരാവേശത്തോടെ കുട്ടിയുടെ അച്ഛൻ പാമ്പിനെ വെട്ടി. പക്ഷേ അത്ഭുതകരമായ രീതിയിൽ പാമ്പ് വഴുതി രക്ഷപ്പെട്ടു. കോടാലി വീണ് മാളത്തോടു ചേർന്നുള്ള പാറയുടെ അരിക് ചീന്തിപ്പോയി.

മാളത്തിൽ കയറിയ പാമ്പ് പറഞ്ഞു ‘ഹേ മനുഷ്യാ! നിങ്ങളെ ഞാൻ ഒരു പാഠം പഠിപ്പിക്കും.’

കുട്ടിയുടെ അച്ഛന് ഭീതിയായി പാമ്പ് പ്രതികാരം ചെയ്യാതിരിക്കില്ല. രാത്രിയിൽ അയാൾ ഉറങ്ങിയില്ല. പാമ്പിന്റെ ആക്രമണം ഏതു സമയവും അയാൾ പ്രതീക്ഷിച്ചു. നേരം പുലർന്നപ്പോൾ അയാൾ തീരെ അവശനായിരുന്നു.

രാവിലെ തന്നെ അയാൾ പാമ്പിന്റെ അടുത്തെത്തി. സൗമ്യമായി പാമ്പിനോട് പറഞ്ഞു.

സംഭവിക്കാനുള്ളതൊക്കെ സംഭവിച്ചു. നിന്നെ മാത്രം ഞാൻ കുറ്റം പറയുന്നില്ല. ദൈവനിശ്ചയമല്ലേ? ആർക്കെങ്കിലും തടയാൻ പറ്റുമോ? ശത്രുത അവസാനിപ്പിച്ച് നമുക്ക് സമാധാനത്തിൽ ജീവിക്കാം.

‘ബുദ്ധിമുട്ടാണ്’. പാമ്പ് മറുപടി പറഞ്ഞു. ‘നമ്മൾ തമ്മിൽ യാതൊരു ഒത്തു തീർപ്പും സാധ്യമല്ല. കുട്ടിയുടെ ശവകുടീരം കാണുമ്പോൾ നിങ്ങളുടെ മനസ് എനിക്കെതിരെ പുകയാതിരിക്കുമോ? നിങ്ങളുടെ സൗഹൃദം ശാശ്വതമാണെന്ന് എനിക്ക് ധരിക്കാൻ പറ്റുമോ? നമ്മൾ ജന്മശത്രുക്കളായി തീർന്നിരിക്കുന്നു. ഇനി നമ്മളിൽ ഒരാൾ ജയിച്ചേ പറ്റു. നമ്മുടെയിടയിൽ സൗഹൃദം വളരില്ല’

ജന്മവൈരികളുമായുള്ള ഒത്തുതീർപ്പ് ദുർബലമായിരിക്കും.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക