കൊതിയൻ അളിയൻ

0
498
thennali-raman-stories-malayalam

രാമന്റെ ഭാര്യയ്ക്ക് ഒരു സഹോദരനെയുണ്ടായിരുന്നുള്ളൂ. അയാൾ ദൂരെയുള്ള ഒരു ഗ്രാമത്തിലായിരുന്നു താമസിച്ചിരുന്നത്. ഒരിക്കൽ അയാൾക്ക് ഒരു ഭൂതി തോന്നി. അളിയന്റെ വീട്ടിലൊന്നു പോയി താമസിക്കണം. അളിയന് വലിയ പദവിയും പ്രതാപവുമാണല്ലോ. എല്ലാം നേരിൽ കണ്ടറിയണം.

അങ്ങനെ അയാൾ വിജയനഗരത്തിലെത്തി. രാമനും ഭാര്യയ്ക്കും സന്തോഷമായിരുന്നു. ആദ്യമായിട്ടല്ലേ ഇവന്റെ വരവ്. വിജയനഗരത്തിലും രാമന്റെ വീട്ടിലും കണ്ടതെല്ലാം ഗ്രാമവാസിയെ അത്ഭുതത്തിന്റെ ഒരു മായാലോകത്തേക്ക് നയിച്ചു. എന്തൊരു സ്വർഗീയ സുഖങ്ങൾ; സത്യമോ മയയോ!

അങ്ങനെ ദിവസങ്ങൾ കഴിഞ്ഞു. ഒരിക്കൽ രാമൻ അയാൾക്ക്‌ ചില വിശേഷപ്പെട്ട പഴങ്ങൾ കൊടുത്തു. ആ പഴങ്ങൾ അതിനു മുമ്പ് ആ ഗ്രാമീണൻ കണ്ടിട്ടും രുചിച്ചിട്ടുമില്ലായിരുന്നു. വളരെ സ്വാദുള്ള പഴങ്ങളായിരുന്നു അത്. ആ ഫലവൃക്ഷങ്ങൾ വിദേശത്തു നിന്നും ഇറക്കുമതി ചെയ്‌തതാണ്‌. കൊട്ടാര വളപ്പിലല്ലാത്ത രാജ്യത്ത് വേറൊരിടത്തും അത്തരം ഫലവൃക്ഷങ്ങൾ ഇല്ലായിരുന്നു. ഫലവൃക്ഷങ്ങളുള്ള ആ തോട്ടത്തിൽ ആർക്കും പ്രവേശനമുണ്ടായിരുന്നില്ല. ഒരാൾ പഴം മോഷ്ടിച്ചുവെന്നു ധരിക്കുക. വധശിക്ഷയായിരുന്നു അയാൾക്കുള്ള ശിക്ഷ.

രാമന്റെ ഭാര്യാസഹോദരനു അടക്കാനാവാത്ത കൊതിയായി. എങ്ങനെയെങ്കിലും വയറുനിറയെ ആ പഴങ്ങൾ അകത്താക്കണം എന്നയാൾ തീരുമാനിച്ചു. തോട്ടത്തിന്റെ കിടപ്പ്, ഫലവൃക്ഷങ്ങളുടെ വലിപ്പം കാവൽക്കാരുടെ രീതികൾ ഇവയെല്ലാം അയാൾ സൂത്രത്തിൽ മനസിലാക്കി. ഇനി ആരും കാണാതെ തോട്ടത്തിൽ കയറി പഴങ്ങൾ മോഷ്ടിക്കുക തന്നെ!

ഒരു ദിവസം രാത്രിയിൽ അയാൾ പതുങ്ങി പതുങ്ങി തോട്ടത്തിൽ കയറി. ഓരോരോ മരത്തിൽ കയറി അയാൾ പഴങ്ങൾ തിന്നാൻ തുടങ്ങി. തിന്നിട്ടും തിന്നിട്ടും അയാൾക്ക് മതി വന്നില്ല. വീണ്ടും വീണ്ടും അയാൾ പഴങ്ങൾ പറിച്ചു അകത്താക്കി. പഴക്കുലകൾ കാണുമ്പോൾ ‘ഹ, ഹ’ എന്ന ശബ്ദവും അയാൾ കേൾപ്പിക്കും. കൂടാതെ പഴങ്ങൾ കറുമുറ തിന്നുമ്പോൾ ഉള്ള ശബ്ദവും! കാവൽക്കാർ ഉള്ള കാര്യം പോലും ആ കൊതിയൻ മറന്നു.

കാവൽക്കാർ എന്തോ ശബ്ദം കേട്ടു. അവർ ശബ്ദം കേട്ട സ്ഥലത്തേക്ക് വന്നു. രാമന്റെ അളിയനെ കൈയോടെ പിടിച്ചു. അയാൾ കിടുകിടെ വിറച്ചു. ഏങ്ങിയേങ്ങി കരഞ്ഞു. പതം പറഞ്ഞു കരഞ്ഞു. പക്ഷേ കാവൽക്കാർ വിടുമോ?

പിറ്റേ ദിവസം രാവിലെ കള്ളനെ ചക്രവർത്തിയുടെ മുമ്പിൽ ഹാജരാക്കി. ചക്രവർത്തി അയാളെ വധശിക്ഷക്ക് വിധിച്ചു.

രാമനും ഭാര്യയും വിവരമറിഞ്ഞു. രാമന്റെ ഭാര്യ നിലവിളിച്ചു. രാമൻ അവളെ സ്വാന്തനിപ്പിച്ചു.

‘പ്രിയേ, നീ സമാധാനമായിരിക്കു. ഞാൻ കൊട്ടാരം വരെ ചെല്ലട്ടെ. എല്ലാം നേരെയാകും.’

രാമൻ എരിച്ചുവിട്ട വാണം പോലെ കൊട്ടാരത്തിലെത്തി. ചക്രവർത്തി രാമനെ കണ്ടു.

‘രാമാ, നിങ്ങളിപ്പോൾ എന്തിനാണ് തിരക്കിട്ടു വരുന്നതെന്ന് എനിക്കറിയാം. നിങ്ങളുടെ ഭാര്യാ സഹോദരനു വേണ്ടി വക്കാലത്തു പറയാനല്ലേ? നോക്കൂ, ഒരു കാര്യം തീർത്തു പറഞ്ഞേക്കാം. ഞാൻ നിങ്ങളുടെ അപേക്ഷ സ്വീകരിക്കില്ല. അത് തീർച്ച. ഞാനിതാ ശപഥം ചെയ്യുന്നു.’ ചക്രവർത്തി രാമനോട് പറഞ്ഞു.

ചക്രവർത്തി കെണിയിലായല്ലോയെന്നോർത്തു രാമൻ സന്തോഷിച്ചു. വന്ന കാര്യം എളുപ്പത്തിൽ തന്നെ സാധിക്കാം.

‘തിരുമേനി എന്റെ അപേക്ഷ സ്വീകരിക്കില്ല എന്നാണല്ലോ അങ്ങയുടെ ശപഥം. ശപഥം അങ്ങ് പാലിക്കുമെന്ന് എനിക്ക് നൂറു ശതമാനം ഉറപ്പാണ്. വാക്ക് പാലിക്കാത്തവൻ എന്ന ദുഷ്‌കീർത്തി ചക്രവർത്തി തിരുമേനി ആഗ്രഹിക്കില്ല. ശരി. ഞാൻ അപേക്ഷിക്കുന്നത് ഇതാണ്- അവിടുന്ന് എന്റെ ഭാര്യാ സഹോദരന് തീർച്ചയായും വധശിക്ഷ നൽകണം.’

ചക്രവർത്തി കുടുക്കിലായി എന്ന് പറയാതെ തരമില്ലല്ലോ. വല്ലാത്ത ഒരു ദുർഘടം തന്നെ! ഈ രാമനെ തോൽപ്പിക്കുക അസാധ്യമാണ്. അയാളുടെ തീഷ്‌ണമായ ബുദ്ധി എവിടെയും രക്ഷാമാർഗ്ഗങ്ങൾ കണ്ടു പിടിക്കും.

‘ശരി, ഞാൻ വധശിക്ഷ ഇളവു ചെയ്യുന്നു. പക്ഷേ ഒരു കാര്യം നിങ്ങളുടെ ഭാര്യാ സഹോദരൻ ഇനി മേലിൽ വിജയനഗരത്തിൽ കാലുകുത്തില്ലെന്നു ഉറപ്പു വരുത്തണം.’ ചക്രവർത്തി ആവശ്യപ്പെട്ടു.

‘തിരുമേനീ, ഇക്കാര്യത്തിൽ ഒരു സംശയവും വേണ്ട. തിരുമേനി പറഞ്ഞാൽ കൂടി അയാൾ ഇനി ഇവിടെ നിൽക്കില്ല. അയാൾ അത്രമാത്രം പേടിച്ചു വശായിരിക്കുകയാണ്.’

അങ്ങനെ രാമന്റെ ഭാര്യാ സഹോദരന് വിടുതി കിട്ടി. രാമനോടൊപ്പം അയാൾ രാമന്റെ ഭവനത്തിലേക്ക് മടങ്ങി. രാമന്റെ ഭാര്യക്ക് അതീവ സന്തോഷം തോന്നി.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക