കീരിയും പാമ്പും എലികളും

0
258
aesop-kathakal-malayalam-pdf download

പണ്ടൊരു വിശാലമായ  പുരയിടത്തിൽ ഒരു കീരിയും ഒരു പാമ്പും കുറെ എലികളും താമസിച്ചിരുന്നു. എല്ലാവരും അന്യോന്യം ശത്രുക്കൾ. പക്ഷേ കുറെ നാളുകളായി ആ താമസം അവർ ശീലിച്ചു പോന്നു.

എലികളുടെ കാര്യം മഹാകഷ്ടമായിരുന്നു. അവർക്ക് കീരിയെയും പാമ്പിനെയും ഒന്നുപോലെ പേടിക്കണം. അവർക്ക് രണ്ടുപേരും രംഗത്തില്ലെന്നു ഉറപ്പു വരുത്തിയാലേ പുറത്തിറങ്ങാൻ പറ്റു.

അങ്ങനെയിരിക്കെ പാമ്പും കീരിയും തമ്മിൽ ഘോരയുദ്ധമാരംഭിച്ചു. എലികളെ വേട്ടയാടുന്ന കാര്യം പോലും അവർ മറന്നപോലെയായി. എലികൾക്ക് വലിയ സന്തോഷമായി. ഇനി മുതൽ ഭയമില്ലാതെ ആഹാരം തേടാം. പാമ്പും കീരിയും തമ്മിലടിച്ചു തുലയട്ടെ.

കിട്ടിയ സന്ദർഭം പാഴാക്കാതെ പല മാളങ്ങളിൽ നിന്നായി അനേകം എലികൾ പുറത്തു വന്നു. അവർ ആലിംഗനം ചെയ്യുകയും നൃത്തം ചവിട്ടുകയും ചെയ്‌തു. പക്ഷേ എലികളുടെ ധാരണ തെറ്റി. എലികളെ കാണണ്ട താമസം പാമ്പും കീരിയും യുദ്ധമൊക്കെ നിർത്തി അത്യന്തം വീറോടെ എലികളുടെ മേൽ ചാടി വീണ് അവരെ കീറിമുറിച്ചു.

ശത്രുക്കളുടെ തനി സ്വഭാവം മറക്കരുത്. ജന്മശത്രുക്കളുമായി സഹവർത്തിത്വം അസാധ്യമാണ്.

ആത്മരക്ഷ സ്വന്തം കൈയിൽ തന്നെ

കാട്ടിൽ അതീവസുന്ദരനായ ഒരു മുയലച്ചൻ ജീവിച്ചിരുന്നു.അവനെ കാട്ടിൽ എല്ലാവർക്കും ഇഷ്ടമായിരുന്നു. എല്ലാവരുടെയും സൗഹൃദം കിട്ടിയതോടെ ആരും തന്നെയൊന്നും ചെയ്യാനില്ല എന്നൊരു ഭാവം അവനുണ്ടായി.

ഒരു ദിവസം അവൻ പുൽത്തകിടിയിൽ വിശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് വേട്ടപ്പട്ടികളുടെ കുര അകലെ കേട്ടു.

മുയലച്ചന് പേടി തോന്നി. എങ്കിലും സമാധാനിച്ചു. തനിക്കു സുഹൃത്തുക്കൾ വളരെയുണ്ടല്ലോ പലരും ശക്തരും പ്രബലരുമാണ്. ആരോടെങ്കിലും സഹായം ചോദിച്ചാൽ കിട്ടാതിരിക്കില്ല. തന്നെ സഹായിക്കാൻ അവർക്കൊക്കെ സന്തോഷമേ കാണു.

ആദ്യം മുയലച്ചൻ ചെന്നത് കുതിരയുടെ അടുത്താണ് കുതിര അമ്മാവാ, വേട്ടപ്പട്ടികൾ ഇറങ്ങിയിട്ടുണ്ട്. പിടികൂടിയാൽ അവയെന്റെ കഥ കഴിക്കും. അതുകൊണ്ട് അമ്മാവന്റെ പുറത്തുകയറി എന്നെ ദൂരെയുള്ള ഏതെങ്കിലും സുരക്ഷിത സ്ഥാനത്തു എത്തിക്കാമോ?’ മുയലച്ചൻ ചോദിച്ചു.

കുതിര പ്രതിവചിച്ചു. ‘താങ്കളെ സഹായിക്കുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. പക്ഷേ ഇന്നു ഞാൻ ഒരു യോദ്ധാവിനെയും കൊണ്ട് വന്നിരിക്കുകയാണ്. അദ്ദേഹം എപ്പോൾ വേണമെങ്കിലും വരാം. അപ്പോൾ എന്നെ കണ്ടില്ലെങ്കിൽ അദ്ദേഹം കോപിക്കും. അതുകൊണ്ട് നീ വേറെ ഏതെങ്കിലും സുഹൃത്തുക്കളെ കാണു. അവർ നിന്നെ സഹായിക്കാതിരിക്കില്ല’

മുയലച്ചൻ അടുത്തതായി ചെന്നത് കാളയുടെ അടുത്താണ്.

‘കാളച്ചേട്ടാ, കാളച്ചേട്ടാ എന്നെ വേട്ടപ്പട്ടികളിൽ നിന്ന് ഒന്നു രക്ഷിക്കാമോ? ചേട്ടന്റെ കൊമ്പുകൾകൊണ്ട് വേട്ടപ്പട്ടികളെ കുത്തിയോടിക്കാമോ?

കാള പറഞ്ഞു. ‘അനിയനെ സഹായിക്കാൻ ഞാൻ ഒരിക്കലും പിന്നിലായിരിക്കില്ല. പക്ഷേ ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്. പൂജകളും മറ്റുമുണ്ട്. അതുകൊണ്ട് എനിക്ക് സമയം കിട്ടില്ല. നീ വേറെ സുഹൃത്തുക്കളെ കാണു. അവർ നിന്നെ തീർച്ചയായും സഹായിക്കും’

മുയലിനു വലിയ നിരാശ തോന്നി. പക്ഷേ അവൻ സമാധാനിച്ചു, വേറെ സുഹൃത്തുക്കൾ ആരെങ്കിലും സഹായിക്കാതിരിക്കില്ല.

തുടർന്ന് മുയലച്ചൻ കഴുതയെയും കുറുക്കനെയും ആടിനെയും പന്നിയെയും പോത്തിനേയും കണ്ടു സഹായം അഭ്യർത്ഥിച്ചു. പക്ഷേ എല്ലാവരും ഓരോരോ കാര്യം പറഞ്ഞു ഒഴിഞ്ഞു മാറി. എന്നാൽ സ്നേഹപ്രകടനത്തിൽ ആരും പിന്നോക്കമായിരുന്നില്ല.

വേട്ടപ്പട്ടികളുടെ കുര അടുത്തു. ഇനി ആരുടെയും സഹായത്തിനു നോക്കിയിട്ടു കാര്യമില്ല. ജീവൻ രക്ഷിക്കണമെങ്കിൽ സ്വയം എന്തെങ്കിലും ചെയ്തേ പറ്റു.

അതാ! വേട്ടപ്പട്ടികൾ. മുയലച്ചൻ സർവശക്തിയും ഉപയോഗിച്ചു ഓടി. ഇന്ന് വരെ ഓടാത്ത വേഗതയിൽ. ഒരു തലമുടി നാരിന്റെ വ്യത്യാസത്തിൽ അവൻ വേട്ടപ്പട്ടികളിൽ നിന്നും രക്ഷനേടുകയും ചെയ്തു.

ആ സംഭവം മുയലച്ചന്റെ കണ്ണ് തുറപ്പിച്ചു. അവൻ കൂടുതൽ ബുദ്ധിമാനായി പിന്നീട് ജീവിച്ചു.

ചങ്ങാതികൾ കൂടുന്നത് അത്ര അഭിലഷണീയമല്ല. ആവശ്യങ്ങളിൽ സഹായിക്കുന്ന യഥാർത്ഥ ചങ്ങാതികളെ കിട്ടുക എന്നതാണ് പ്രധാനം.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക