കിട്ടുന്നതിൽ പാതി

0
916
thennali-raman-stories-malayalam

രാമന്റെ കുസൃതികൾ പലപ്പോഴും ഏറിപ്പോയിരുന്നു. ചക്രവർത്തിക്കു തന്നെ ചില അവസരങ്ങളിൽ നീരസം തോന്നിയിട്ടുണ്ട്. പക്ഷേ രാമന്റെ ഉദ്ധേശശുദ്ധിയിൽ അദ്ദേഹത്തിന് നല്ല വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ട് എപ്പോഴും തന്നെ ക്ഷമിച്ചുപോന്നു. പക്ഷേ ഒരു ദിവസം ചക്രവർത്തിക്ക് രാമനോട് കലശലായ നീരസം തോന്നി.

ആ സമയത്താണ് പ്രശസ്ത ഒരു നർത്തകൻ  അന്യദേശത്തുനിന്നും വിജയനഗരതലസ്ഥാനത്തെത്തിയത്. നർത്തകന്റെ പ്രദർശനം ആസ്ഥാന മണ്ഡപത്തിൽ നടക്കുന്നുണ്ട്. വളരെയധികം കാണികൾ നൃത്തം കാണാനെത്തിയിരുന്നു. ചക്രവർത്തി കുടുംബസമേതം സന്നിഹിതനായിരുന്നു. രാമനെ അകത്തേക്ക് കടത്തി വിടരുതെന്ന് ചക്രവർത്തി ദ്വാരപാലകനോട് ആജ്ഞാപിച്ചിരുന്നു. നൃത്തത്തിന്റെ കാര്യം പോലും രാമനറിയരുതെന്ന് ചക്രവർത്തി ചട്ടം കെട്ടിയിരുന്നു. പക്ഷേ രാമനറിയാത്ത വല്ല കൊട്ടാരരഹസ്യവുമുണ്ടോ? നൃത്തത്തിന്റെ വിവരങ്ങളെല്ലാം തന്നെ രാമൻ മുൻകൂട്ടി അറിഞ്ഞിരുന്നു. നൃത്തം കാണുകതന്നെ ചെയ്യുമെന്ന് രാമൻ മനസിലുറച്ചു.

ഒരു കൂസലുമില്ലാതെ രാമൻ ഗോപുരവാതുക്കലെത്തി. ദ്വാരപാലകൻ രാമനെ തടഞ്ഞു. പക്ഷേ രാമൻ ദ്വാരപാലകനെ പ്രലോഭിപ്പിച്ചു.

‘നോക്കു. എന്നെ ഒന്ന് കടത്തിവിടു. ഞാൻ നിങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ല. അകത്തു കടന്നാൽ ഞാൻ ഒരു മൂലയിൽ ആരുമറിയാതെ ഇരുന്നുകൊള്ളാം. മാത്രമല്ല എനിക്ക് കിട്ടുന്നതിൽ പാതി നിങ്ങൾക്ക് തരികയും ചെയ്യാം. എന്താ എന്നെ ഒന്ന് കടത്തി വിട്ടുകൂടെ?

രാമന്റെ പ്രലോഭനത്തിൽ ദ്വാരപാലകൻ വീണു. കിട്ടുന്നതിൽ പാതി തരാൻ മറക്കരുതെന്ന് വീണ്ടും ഓർമിപ്പിച്ചുകൊണ്ട് ദ്വാരപാലകൻ രാമനെ അകത്തു വിട്ടു.

രാമൻ നൃത്തശാലയുടെ വാതുക്കലെത്തി. അവിടെയും ഒരു ദ്വാരപാലകൻ രാമനെ അകത്തു വിട്ടു.

രാമൻ നൃത്തശാലയുടെ വാതുക്കലെത്തി. അവിടെയും ഒരു ദ്വാരപാലകൻ നിന്നിരുന്നു. അയാൾ രാമനെ തടഞ്ഞു. അയാളെയും രാമൻ പ്രലോഭിപ്പിച്ചു. കിട്ടുന്നതിൽ പാതി അയാൾക്ക്‌ കൊടുക്കാമെന്നു രാമൻ വാഗ്ദാനം ചെയ്‌തു.

അയാൾ രാമനെ നൃത്തശാലയിലേക്കു പ്രവേശിപ്പിച്ചു.

അകത്തു കടന്ന രാമൻ കാണികളുടെ ഇടയിൽ ഇരുപ്പുറപ്പിച്ചു. നിമിഷങ്ങൾക്കകം പരിപാടി ആരംഭിച്ചു. നൃത്തവും ഗാനവും അഭിനയവും ഒക്കെ കലർത്തി നർത്തക ശിരോമണി പരിപാടി തുടങ്ങി. ശ്രീകൃഷ്ണന്റെ ബാലലീലകളാണ് വിഷയം. ഗോപികമാരുടെ ഗൃഹങ്ങളിൽ ചെന്ന് വെണ്ണകട്ട് തിന്നു നടക്കുകയാണ് കൃഷ്ണൻ. ഒരിക്കൽ ഒരു ഗോപിക മോഷ്ടാവിനെ പിടിച്ചു ശിക്ഷയായി ഒരടി വച്ചു കൊടുത്തു. പക്ഷേ ശ്രീകൃഷ്ണൻ ഒന്ന് ചിരിച്ചതേ ഉള്ളു. അപ്പോൾ ഗോപിക വീണ്ടുമടിച്ചു. അപ്പോഴും ശ്രീകൃഷ്ണൻ ചിരിച്ചുകൊണ്ട് നിന്നു. ഈ രംഗം തന്മയത്വത്തോടെ അഭിനയിച്ചു നൃത്തം ചെയ്യുകയാണ് പരദേശി നർത്തകൻ.  അഭിനയത്തിനിടയിൽ അയാൾ രാമന്റെ അടുത്തെത്തി. രാമന് ഒരു വികൃതി തോന്നി. ഒരു നീണ്ട വടിയെടുത്തു രാമൻ അയാളുടെ തലയിൽ ഒരടി കൊടുത്തു. നർത്തകന് ശരിക്കും വേദനിച്ചു. അയാൾ കൈ തലയിൽ വച്ചു പൊത്തി മുറവിളികൂട്ടി. കണികളെല്ലാം അന്ധാളിച്ചു. വല്ലാത്ത ബഹളമായി.

രാമനൊന്നുമറിയാത്തമട്ടിൽ നർത്തകനോട് പറഞ്ഞു. ‘ഹേ നർത്തകശ്രേഷ്ഠാ, അങ്ങ് ശ്രീകൃഷ്ണനായി അഭിനയിക്കുകയാണല്ലോ. ഗോപികമാരുടെ അടി കൊണ്ട അങ്ങ് ചിരിക്കുകയാണുണ്ടായത്. പിന്നെന്തിനാണ് ഞാൻ അടിച്ചിട്ട് കരയുന്നത്? ഇതൊരു നാണം കേട്ട ഏർപ്പാടാണല്ലോ?’

പരദേശി നർത്തകൻ വേദന കൊണ്ട് വീണ്ടും മുറവിളി കൂട്ടി.

രാമനോട് എല്ലാവർക്കും ദേഷ്യമായി. എന്തൊരു ധിക്കാരം! ഒരു പരദേശി നർത്തക പ്രമുഖനെ ഇങ്ങനെയാണോ ആദരിക്കേണ്ടത്? പോരെങ്കിൽ ചക്രവർത്തി സന്നിഹിതനായിരിക്കുന്ന ഒരു സദസിൽ.

ചക്രവർത്തി കോപം കൊണ്ട് ജ്വലിച്ചു.

‘ധിക്കാരി! ക്ഷമിക്കുംതോറും അയാൾ കൂടുതൽ കൂടുതൽ വഷളനായി കൊണ്ടിരിക്കുകയാണ്. ഇപ്രാവശ്യം അയാൾക്ക് നല്ല സമ്മാനം തന്നെ കൊടുക്കണം- പരസ്യമായി പന്ത്രണ്ടടി. എങ്കിലേ അയാൾ ഒരു പാഠം പഠിക്കു.’ ചക്രവർത്തി സദസ്യരോട് പറഞ്ഞു.

രാജസദസിലെ ഒരു ഉദ്യോഗസ്ഥൻ രാമന്റെ അടുത്തെത്തി. സമ്മാനത്തിന്റെ വിവരങ്ങളെല്ലാം രാമനോട് പറഞ്ഞു. അത് വാങ്ങാനായി പുറത്തേക്ക് വരാനും ആവശ്യപ്പെട്ടു. രാമൻ യാതൊരു ഭാവഭേദവും കാട്ടാതെ പറഞ്ഞു. ‘എനിക്ക് സമ്മാനം വാങ്ങാൻ നിർവാഹമില്ല. പകുതി ഒരാൾക്കും മറ്റേ പകുതി വേറൊരാൾക്കും ഞാൻ കൊടുക്കാമെന്നു വാക്കുകൊടുത്തിരിക്കുകയാണ്. അതുകൊണ്ട് സമ്മാനങ്ങൾ അവരെ വിളിച്ചുവരുത്തി കൊടുക്കണം.’

ചക്രവർത്തി രാമൻ പറഞ്ഞതുകേട്ടു. ‘ആരാണ് ആ രണ്ടു പേർ? ചക്രവർത്തി ആരാഞ്ഞു.

‘ഒന്ന് ഗോപുരത്തിലെ ദ്വാരപാലകനും മറ്റേതു നൃത്തശാലയിലെ ദ്വാരപാലകനും’ രാമൻ സംഭവം മുഴുവൻ വിവരിച്ചു.

ഉടൻ തന്നെ ദ്വാരപാലകന്മാരെ വരുത്തി.

കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞോളു. അല്ലെങ്കിൽ നിങ്ങളുടെ തല കാണില്ല.’ ചക്രവർത്തി ഭീഷണിപ്പെടുത്തി.

ദ്വാരപാലകന്മാർ നടന്നതെല്ലാം പറഞ്ഞു. കുറ്റം സമ്മതിച്ചു. ഉടൻ തന്നെ രണ്ടുപേർക്കും ആറടി വീതം കിട്ടി.

വേദന കൊണ്ട് അവർ പുളഞ്ഞു. ഒരു കാര്യം അവർക്ക് മനസിലായി. നല്ലതിനായാലും ചീത്തയ്ക്കായാലും രാമനോട് കൂടിയാൽ അപകടമാണ്. ഇരുതലയുള്ള വാളാണ് രാമൻ.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക