കരാളമുഖൻ എന്ന മുതല

0
350
panchatantra

    കുരങ്ങൻ വെള്ളത്തിൻറെ നടുക്ക് വച്ചു ചെയ്തത് പോലെ അപ്പപ്പോൾ സംഭവിക്കുന്ന കാര്യങ്ങൾക്കനുസരിച്ചു വേണ്ട ബുദ്ധി തോന്നുന്നവൻ വിഷമഘട്ടങ്ങളെ തരണം ചെയ്യും .

ഒരു സമുദ്രത്തിനടുത്തു ഒരു ചാമ്പ മരം നിന്നിരുന്നു .അതിൽ എപ്പോഴും ധാരാളം പഴങ്ങളുണ്ടാവും .

അതിൻറെ മുകളിൽ രക്തമുഖൻ എന്നൊരു കുരങ്ങൻ  താമസിച്ചിരുന്നു .

ഒരു ദിവസം കരാളമുഖൻ എന്ന് പേരായ ഒരു മുതല കടലിൽ നിന്ന് കയറി വിശ്രമിക്കാൻ മരചുവട്ടിലെ മിനുത്ത മരത്തണലിൽ ചെന്ന് കിടന്നു .

അപ്പോൾ രക്തമുഖൻ പറഞ്ഞു ; ” അങ്ങ് എൻറെ അതിഥിയാണല്ലോ .അമൃതുപോലെയുള്ള ഈ ചാമ്പക്ക ഒന്ന് സ്വാദ് നോക്കു .രണ്ടു നേരവും ദേവന്മാർക്ക് അന്നം നിവേദിച്ചു കഴിയുമ്പോഴേക്കും എത്തുന്ന അതിഥി ,പ്രിയപ്പെട്ടവനോ ഇഷ്ടമില്ലാത്തവനോ ,വിഡ്ഢിയോ ,അറിവുള്ളവനോ ആരുമാകട്ടെ .ഗൃഹസ്ഥനും സ്വർഗ്ഗത്തിലേക്കുള്ള വഴിക്കാട്ടിയായിരിക്കും .ദേവപൂജയോ ശ്രാദ്ധമോ കഴിയുമ്പോൾ വന്നു ചേരുന്ന അതിഥിയോട് ഏതു വേദശാഖയിൽ പ്പെട്ടയാളാണോ ,ഏതു ഗോത്രത്തിലും കുലത്തിലുമാണ് ജനിച്ചതെന്നോ ,എത്രത്തോളം പാണ്ഡിത്യമുണ്ടന്നോ ചോദിക്കാൻ പാടില്ലെന്നാണ്    മനുസ്മൃതിയിൽ  പറയുന്നത് .ദേവപൂജ കഴിയുന്ന സമയത്തു ,വളരെ വഴി നടന്നു തളർന്നു വരുന്ന അതിഥിയെ സൽക്കരിക്കുന്നവന് ഉത്തമമായ ഗതി ലഭിക്കും .സൽക്കാരം സ്വീകരിക്കാതെ നെടുവീർപ്പെട്ടു  കൊണ്ട് ഒരു വീട്ടിൽ നിന്നും ഒരതിഥി പോകുന്നുവെന്നിരിക്കട്ടെ .ആ ഗൃഹസ്ഥൻറെ നേരെ ദേവന്മാരും പിതൃക്കളും നോക്കുക പോലുമില്ല .”

ഇങ്ങനെയൊക്കെ പറഞ്ഞു അവൻ കരാളമുഖന് ചാമ്പക്ക കൊടുത്തു .മുതല അത് തിന്നു കുറെ നേരം അവനു മായി സല്ലപിച്ചിരുന്ന ശേഷം വീട്ടിലേക്കു തിരിച്ചു പോയി .

അതിൽ പിന്നെ അവർ രണ്ടു പേരും ചാമ്പ തണലിരുന്ന് പലതരം ശാസ്ത്രങ്ങളും പുരാണോതിഹാസങ്ങളും കഥകളും പറഞ്ഞു സുഖമായി സമയം കഴിക്കുന്നത് ഒരു പതിവായി തീർന്നു .കരാളമുഖൻ തൻ തിന്നു ബാക്കി വരുന്ന ചാമ്പക്ക വീട്ടിലേക്കു കൊണ്ട് പോയി ഭാര്യയ്ക്കും കൊടുക്കും .

ഒരു ദിവസം അവൾ ചോദിച്ചു ; ” നാഥാ എവിടെ നിന്നാണ് അമൃതുപോലെയുള്ള ഈ ചാമ്പക്ക കിട്ടുന്നത് .?”

 ” പ്രിയേ ,എനിക്ക് ഒരുയാത്മസുഹൃത്തുണ്ട് .”  കരാളമുഖൻ ഉത്തരം പറഞ്ഞു ;  ”  രക്തമുഖൻ എന്നാണു പേർ .കുരങ്ങനാണ് ആൾ .അവൻ സ്നേഹപൂർവ്വം തരുന്ന പഴങ്ങളാണിവ .”

  അതുകേട്ട് അവൾ പറഞ്ഞു ; ” എപ്പോഴും  അമൃതുപോലെയുള്ള ഈ പഴങ്ങൾ തിന്നുന്ന അവൻറെ ഹൃദയവും  അമൃതുമയമായിത്തീർന്നിട്ടുണ്ടാവും .പ്രിയയായ എന്നോടു അങ്ങേക്കു സ്നേഹമുണ്ടെങ്കിൽ അവൻറെ ഹൃദയം എനിക്ക് കൊണ്ടു  വന്നു തരു .അതുതിന്ന് ജരാനരകളും മരണവുമില്ലാതെ ,അങ്ങേയോടൊപ്പം സുഖമായിരിക്കാൻ എനിക്കയാഗ്രഹമുണ്ട് .”

” പ്രിയേ ഇങ്ങനെയൊന്നും പറയരുതേ .”  കരാളമുഖന് സങ്കടമായി , ”  അവൻ എനിക്ക് സഹോദരനെ പോലെയാണ് .എപ്പോഴും പഴം തിന്നാൻ തരുന്നവനുമാണ് .അവനെ കൊള്ളാൻ എനിക്ക് വയ്യ .ഈ വൃർത്ഥമായ ആശ നീ കളയുക തന്നെ വേണം ,’അമ്മ ഒരു തരത്തിലുള്ള സഹോദരനെ പ്രസവിച്ചു തരുന്നു ;സ്നേഹവാക്കുകൾ മറ്റൊരുതരത്തിലുള്ള സഹോദരനെയും ജനിപ്പിക്കുന്നു .രക്തബന്ധത്തിലുള്ള സഹോദരനെക്കാളും സ്നേഹബന്ധം മൂലമുണ്ടാവുന്ന സഹോദരനാണ്      അധികം പ്രാധാന്യമെന്നാണ് ചൊല്ല് .”

അപ്പോൾ മുതലപെണ്ണ് പരിഭവിച്ചു ; ” അങ്ങ്  ഞാൻ പറഞ്ഞതൊന്നും കേൾക്കുക പതിവില്ല .ആ കുരങ്ങൻ പെണ്ണായി മാറിയാൽ അങ്ങ് അനുരാഗമുക്തനായി രാവും പകലും അവിടെത്തന്നെ കഴിച്ചു കൂട്ടുമെന്നാണ് തോന്നുത് .ഞാൻ അങ്ങയെ നല്ലവണ്ണം അറിയുന്നതല്ലോ .ഇയ്യിടെയായി അങ്ങ് എന്നോട് സ്നേഹത്തോടെ ഒരു വാക്ക് പോലും  പറയുന്നില്ല .എൻറെ ഒരാഗ്രഹവും സാധിപ്പിച്ചു തരുന്നില്ല .കൂടെകൂടെ നെടുവീർപ്പെടുന്നു.രാത്രിയിൽ അങ്ങയുടെ ശരീരം തീ നാളംപോലെ ചുട്ടുപൊള്ളുന്നു .ആലിംഗനങ്ങളിൽ അലസത കാണുന്നു .ചുംബനങ്ങളിൽ പ്രേമത്തിൻറെ മാധുര്യമില്ല .ദുഷ്ട ,അങ്ങയുടെ  ഹൃദയത്തിൽ പ്രിയമേറുന്നു മറ്റൊരാൾ വാസമുറപ്പിച്ചിട്ടുണ്ട് ,തീർച്ച .”

കരാളമുഖൻ ഇതെല്ലാം കേട്ട്  പരിഭ്രമിച്ച് അവളുടെ   കാൽ പിടിച്ചു ക്ഷമ യാചിച്ചു അവളെ പിടിച്ചു മടിയിലിരുത്തി ക്രോധശാന്തി വരുത്താൻ ദയനിയാവണ്ണം പറഞ്ഞു ; ” എൻറെ ശുണ്ഠിക്കാരീ പെണ്ണെ ,ഞാൻ നിൻറെ കാൽക്കലിതാ വീഴുന്നു .നിൻറെ ദാസനാണ് ഞാനെന്നറിയാമല്ലോ .പ്രാണപ്രിയേ ; ഇനിയും എന്തിനാണ് ദേഷ്യം ? “

അവൾ കണ്ണൂരൊഴുക്കി ; ” വഞ്ചക ,നൂറു നൂറു മധുരഭാവങ്ങളോടെ അങ്ങ് സ്നേഹിക്കുന്ന ആ പെണ്ണ് പ്രണയം അഭിനയിച്ചു കൊണ്ട് അങ്ങയുടെ മനസ്സിൽ തന്നെയിരിക്കുകയാണെന്നു എനിക്കറിയാം ,എന്നെപോലെ ആത്മാർത്ഥ സ്നേഹമുള്ള ഒരുവൾക്ക് അങ്ങയുടെ ഹൃദയത്തിൽ സ്ഥാനമില്ല .പിന്നെ എന്തിനീ കാൽക്കൽ വീഴലും മറ്റു കള്ള നാട്യങ്ങളും ?അവൾ അങ്ങയുടെ പ്രിയല്ലെങ്കിൽ പിന്നെ ,ഞാനിത്രയൊക്കെ പറഞ്ഞിട്ടും ,അങ്ങ് അവളെ കൊല്ലാൻ വയ്യെന്നു പറയാൻ കാരണമെന്ത് ?വെറുമൊരു കുരങ്ങൻ മാത്രമാണെങ്കിൽ ഇത്രയേറെ സ്നേഹമുണ്ടാവാൻ വഴിയില്ല .ഞാൻ ഇനിയൊന്നും പറയുന്നില്ല  . ആ കുരങ്ങൻറെ ഹൃദയം എനിക്ക് തിന്നാൻ തന്നില്ലെങ്കിൽ ഞാൻ പട്ടിണി കിടന്നു മരിക്കും .മനസിലാക്കിക്കൊൾക .

പെൺമുതലയുടെ തീരുമാനം കേട്ട് മുതല ചിന്താകുലനായി ;  ” പെണ്ണും ഞണ്ടും ഒരുപോലെയാണ് ;പിടിച്ചപിടി വിടുകയില്ല .എന്ത് ചെയ്യും .?  ഞാനെങ്ങനെയാണ് അവനെ കൊല്ലുക .?”

ഇങ്ങനെ വിചാരിച്ചു അവൻ കുറെ ദിവസത്തേക്ക് കുരങ്ങനെ കാണാൻ പോയില്ല .പിന്നെയും ഭാര്യയുടെ നിർബദ്ധം സഹിക്കാൻ വയ്യാതെയായപ്പോൾ അവൻ ഒരു ദിവസം ചാമ്പമരത്തിൻറെ തണലത്തേക്കു ചെന്നു .

  കുറച്ചു ദിവസമായി മുതലയെ കാണാതിരുന്നു കണ്ടപ്പോൾ കുരങ്ങന് വളരെ സന്തോഷം തോന്നി .അവൻ ഉത്കണ്ഠയോടെ ചോദിച്ചു ; ” സ്നേഹിതാ,കുറെ ദിവസമായല്ലോ കണ്ടിട്ടു .എന്താണൊരു സന്തോഷമില്ലാത്തതു പോലെ മിണ്ടാതിരിക്കുന്നത് ?കഥകളൊന്നൊന്നുമില്ലേ പറയാൻ ?”

    ”  ചങ്ങാതി ,”  കരാളമുഖൻ പറഞ്ഞു ; “എൻറെ ഭാര്യ കടുത്ത വാക്കുകൾ പറഞ്ഞു എന്നെ ശകാരിച്ചു ;  ‘ നന്ദികെട്ടവനെ ,അങ്ങയുടെ മുഖം ഒന്ന് കാണാൻ പോലും കിട്ടുന്നില്ലല്ലോ ,എപ്പോഴും പഴങ്ങളും തിന്നു ചങ്ങാതിയുടെ അടുത്ത് തന്നെയാണ് ഇരിപ്പു .എന്നിട്ടും ,ചങ്ങാതിയെ നമ്മുടെ വീട്ടിലേക്കൊന്നു ക്ഷണിക്കാൻപോലും അങ്ങേക്കു തോന്നിയിട്ടില്ലല്ലോ .അങ്ങേക്ക് ഇതിൽ ഒരു പ്രായശ്ചിത്തവും ചെയ്യാനില്ല .ബ്രഹ്മഹത്യ ചെയ്തവനും ,മദ്യപനും ,കള്ളനും ,വൃതഭംഗം വരുത്തിയവനും,സ്നേഹമില്ലാത്തവനുമെല്ലാം പ്രാശ്ചിത്തം വിധിച്ചിട്ടുണ്ട് .നന്ദികെട്ടവന് പ്രായച്ഛിത്തമേയില്ല അതുകൊണ്ട് അങ്ങ് ഇന്ന് ചങ്ങാതിയെ നന്ദിസൂചകമായി നമ്മുടെ വീട്ടിലേക്കു ക്ഷണിച്ചു കൊണ്ട് വരൂ .ഇല്ലെങ്കിൽ നാം തമ്മിൽ ഒരു ബന്ധവും വേണ്ട .’ ഇതു കേട്ട് കൊണ്ടാണ് ഞാൻ വന്നിരിക്കുന്നത് ..അതിനാൽ താങ്കൾ എൻറെ കൂടെ ഇന്ന് വീട്ടിൽ വരണം .എൻറെ ഭാര്യ മുറ്റത്തു അരിമാവ് കൊണ്ട് അണിഞ്ഞു പൂക്കളമിട്ടു,പട്ടുവസ്ത്രങ്ങളും മണിമാലകളും ,രക്തനാഭരണങ്ങളും കൊണ്ട് സ്വയം അലങ്കരിച്ചു വാതിക്കൽ കുലവാഴയും തോരണവും കെട്ടി സോൽകണ്ഠം കാത്തുനിൽപ്പുണ്ട് .”

  രക്തമുഖൻ അത് സമ്മതിച്ചു ;  ” ചങ്ങാതീ ജേഷ്ഠത്തിയമ്മ പറഞ്ഞതു കാര്യമാണ് .കിട്ടിയത് വാങ്ങുകയും ,പകരം ഒന്നും കൊടുക്കാതിരിക്കുകയും ചെയ്യുന്നവനെ സ്നേഹിതനാക്കരുതെന്നാണ് ചെല്ല് .കൊടുക്കുക ,വാങ്ങുക ,രഹസ്യം പറയുക ,ചോദിച്ചറിയുക ,ഭക്ഷിക്കുക ,ഭക്ഷിപ്പിക്കുക എന്നീ ആറുകാര്യങ്ങളാണ് സ്നേഹത്തിൻറെ ലക്ഷണങ്ങൾ .എന്നാൽ ഞങ്ങൾ കാട്ടു മൃഗങ്ങളല്ലേ ? വെള്ളത്തിനുള്ളിലുള്ള നിങ്ങളുടെ ഗൃഹത്തിലേക്ക് എങ്ങനെയാണ് വരിക ? അതുകൊണ്ട് താങ്കൾ ഒരു കാര്യം ചെയ്താൽ മതി .ജേഷ്ഠത്തിയമ്മയെ ഇങ്ങോട്ടു കൂട്ടികൊണ്ടു വന്നാൽ മതി .ഞാൻ നമസിക്കരിച്ചു ആശിർവാദം വാങ്ങട്ടെ .”

  ” ചങ്ങാതീ ഞങ്ങളുടെ ഗൃഹം കടലിനക്കരെ .സുന്ദരമായ മണൽത്തിട്ടിലാണ് .”  കരാളമുഖൻ പറഞ്ഞു ;  ” താങ്കൾക്ക് എൻറെ പുറത്തു കയറിയിരുന്നു യാതൊരു ഭയവും കൂടാതെ സുഖമായി പോകാം .”

രക്തമുഖന് അതുകേട്ടപ്പോൾ സന്തോഷമായി .; ” സുഹൃത്തേ അങ്ങനെയാണെങ്കിൽ പിന്നെ എന്തിനാണ് വൈകിക്കുന്നത് ?വേഗം പുറപ്പെടാം .ഞാനിതാ താങ്കളുടെ പുറത്തു കയറി ഇരിക്കുകയായി “

അങ്ങനെ അവർ പുറപ്പെട്ടു .കുറച്ചു ദൂരം ചെന്നപ്പോൾ ,ആഴമുള്ള    കടലിൽ കൂടി നീന്തുന്ന മുതലയുടെ പേടിച്ചുവിറച്ചു കൊണ്ട് കുരങ്ങൻ പറഞ്ഞു ;  ” സഹോദര പതുക്കെ പോയാൽ മതി .ഞാനാകെ തിരമാലകളിൽ കളിക്കുകയാണ് .”

അപ്പോൾ മുതല വിചാരിച്ചു ; ” ഇവൻ ആഴമുള്ള വെള്ളത്തിൽ എൻറെ സ്വാധീനത്തിൽ വന്നു കഴിഞ്ഞു .എൻറെ പുറത്തിരിക്കുമ്പോൾ അവന് എള്ളോളം അനങ്ങാൻ പറ്റുകയില്ല .അതിനാൽ ഇവനോട് കാര്യം തുറന്നു പറഞ്ഞാലെന്താ ?ഇവൻ വേണമെങ്കിൽ അവസാനമായി ഇഷ്ടദേവതയെ സ്മരിച്ചു കൊള്ളട്ടെ .” എന്ന് വിചാരിച്ചു പറഞ്ഞു ;  ” ചങ്ങാതീ ,എൻറെ ഭാര്യ പറഞ്ഞതനുസരിച്ചു താങ്കളെ കൊല്ലാനാണ് ഇങ്ങോട്ടു കൊണ്ട് വന്നിരിക്കുന്നത് .അതിനാൽ ഇഷ്ടദേവതയെ സ്മരിച്ചു കൊൾക .”

  രക്തമുഖൻ ഏതു കേട്ട് നടുങ്ങി ; ”  സഹോദര ഞാൻ താങ്കൾക്ക് എന്തു ദ്രോഹമാണ് ചെയ്തത് ?താങ്കൾ എന്നെ എന്തിനാണ് കൊല്ലാൻ തുനിയുന്നത് ?”

” സുഹൃത്തേ താങ്കൾ എനിക്ക് ഒരു ദ്രോഹവും ചെയ്തിട്ടില്ല ..”   കരാളമുഖൻ സമാധാനിപ്പിച്ചു .;  ”  എന്നാൽ എൻറെ ഭാര്യക്ക് അമൃതു പോലെയുള്ള പഴങ്ങൾ തിന്നു തിന്നു സംപൂർണമായിരിക്കുന്ന താങ്കളുടെ ഹൃദയം തിന്നാൻ വല്ലാത്ത കൊതി .അതിനു വേണ്ടിയാണു ഞാനിതു ചെയ്യുന്നത് .”

വേണ്ടത് വേണ്ടപ്പോൾ തോന്നുന്ന കുരങ്ങൻ ഉടൻ പറഞ്ഞു ” സുഹൃത്തേ താങ്കൾ എന്നെ എപ്പോൾ ഇവിടെവരെ കൊണ്ട് വന്നതു വെറുതെയായി .ഞാൻ ഹൃദയം എപ്പോഴും കൊണ്ട് നടക്കാറില്ല ;  ചാമ്പമരത്തിൻറെ പൊത്തിൽ ആരും കാണാതെ സൂക്ഷിച്ചു വച്ചിരിക്കുകയാണ് .അതെടുത്തുകൊണ്ടു വന്നു ജേഷ്ടത്തിയമ്മയെക്കു    കൊടുക്കാമല്ലോ .ഹൃദയമില്ലാത്ത എന്നെ കൊണ്ടുചെന്നിട്ടു എന്ത് കാര്യം .?”

അതുകേട്ടപ്പോൾ മുതലക്കു സന്തോഷമായി ;  ”  സുഹൃത്തേ എന്നാൽ ശരി ,ഹൃദയം എനിക്കെടുത്തു തരു ..എൻറെ ദുഷ്ടയായ പത്നി അതുതിന്നു നിരാഹാരവൃതം മതിയാക്കിക്കൊള്ളട്ടെ ഞാൻ താങ്കളെ ചാമ്പമരത്തിലേക്കു തന്നെ  കൊണ്ട് പോകാം .”

     ഇതു പറഞ്ഞു കരാളമുഖൻ പിന്തിരിഞ്ഞു നീന്തി .രക്തമുഖൻ ദൈവങ്ങൾക്കെല്ലാം വഴിപാടുകൾ  നേർന്നു നേർന്നു കൊണ്ടിരിപ്പായി .

അവസാനം കുരങ്ങൻ ഒരുവിധത്തിൽ കരക്കണഞ്ഞു  .ഉടൻ തന്നെ ഒറ്റച്ചാട്ടത്തിനു ചാമ്പമരത്തിൽ കയറിയിരുന്ന് ആലോചിച്ചു ;  ”  ഈശ്വര ,എങ്ങനെയൊക്കെയോ പ്രാണൻ തിരിച്ചു കിട്ടി .വിശ്വസിക്കരുതാത്തവരെ വിശ്വസിച്ചു കൂടാ .വിശ്വാസത്തിൽ നിന്ന് ആപത്തുണ്ടാകുന്നു .ആപത്തു നമ്മെ വേരോടെ പിഴുതു കളയുകയും ചെയ്യും .എനിക്ക് രണ്ടാമത് ഒരു ജന്മം കിട്ടിയെന്നു തന്നെ പറയേണ്ടിയിരിക്കുന്നു .”

അവൻ ഇങ്ങനെ ആലോചിച്ചു കൊണ്ടിയിരിക്കുമ്പോൾ മുതല പറഞ്ഞു ;  ” ചങ്ങാതീ ,താങ്കളുടെ ഹൃദയം എനിക്കേൽപ്പിച്ചു തരു .അതുതിന്നു ,എൻറെ ഭാര്യ നിരാഹാരവൃതം മതിയാക്കി എഴുന്നേൽക്കട്ടെ .”

രക്തമുഖൻ അതുകേട്ടു പൊട്ടിച്ചിരിച്ചു ;  ” കഷ്ടം ! കഷ്ടം  എടാ ,വിഡിഢി,വിശ്വാസവഞ്ചക ,ഹൃദയം ഒരിടത്തു സൂക്ഷിച്ചു വച്ച് ,അതില്ലാതെ നടക്കാൻ ആർക്കെങ്കിലും കഴിയുമോ ?  എടാ ചാമ്പമരത്തിൻറെ ചുവട്ടിൽ നിന്നും കടന്നു പോകു .നിന്നെ ഇനി ഇവിടെ കാണരുത് .പറഞ്ഞേക്കാം .ദുഷ്ടത നിമിത്തം ബന്ധം അകലാൻ ഇടവന്ന സ്നേഹിതനുമായി വീണ്ടും മൈത്രി ബന്ധം സ്ഥാപിക്കുന്നവൻ ,കോവർകഴുതക്കു ഗർഭമുണ്ടായാലെന്ന പോലെ ,മരിച്ചു പോവും “

കരാളമുഖൻ ലജ്ജിതനായി ;  കഷ്ടമേ കഷ്ടം  !  ഞാനെന്തു വിഡിഢിയാണ്    !  ഞാനെന്തിനാണ് ഇവനോട് കാര്യം തുറന്നു പറഞ്ഞത് ? എപ്പോൾ ഇവന് വിശ്വാസമില്ലാതെ ആയിത്തീർന്നുവല്ലോ .ഇനി എന്തെങ്കിലും സൂത്രം പറഞ്ഞു വിശ്വസിപ്പിക്കേണ്ടിയിരിക്കുന്നു .”   എന്നിട്ടു അവൻ പറഞ്ഞു ;  ” ചങ്ങാതീ ,ഞാൻ താങ്കളോട് കളി പറഞ്ഞതല്ലേ ? താങ്കളുടെ ഹൃദയം കൊണ്ട് എനിക്കൊരു ആവശ്യവുമില്ല ..അതുകൊണ്ടു ഞങ്ങളുടെ ഗൃഹത്തിലേക്കു അതിഥിയായി വരൂ .താങ്കളുടെ ജേഷ്ടത്തിയമ്മ ഉത്കണ്ഠയോടെ കാത്തിരിക്കുന്നു .”

” എടാ ദുഷ്ടാ ,കടന്നു പോ . “കുരങ്ങൻ ശകാരിച്ചു ;  ”  ഞാൻ നിൻറെ കൂടെ വരുന്നില്ല .വിശക്കുന്നവൻ എന്തു പാപമാണ് ചെയ്യാത്തത് ? ധനം നശിച്ചു ദാരിദ്ര്യം ബാധിച്ചവന് ദയയുണ്ടാവുകയില്ല .ഈ കഥ കേട്ടിട്ടുണ്ടോ ? സഖീ ,പ്രിയദർശനോട് ചെന്ന് പറയു .ഗംഗാദത്തൻ കിണറ്റിലേക്കിനി തിരിച്ചു വരികയില്ലെന്നു .

                             മുതല ചോദിച്ചു “അതെന്തു കഥയാണ്  ?”

                               അപ്പോൾ രക്തമുഖൻ ഒരു കഥ പറഞ്ഞു ;        .

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക