എലികളും കീരികളും

0
18
aesop-kathakal-malayalam-pdf download

കീരികളെ എങ്ങനെയെങ്കിലും തീർത്തില്ലെങ്കിൽ എലിവംശത്തിന് നാശമുണ്ടാകും. എന്താണൊരുപായം? ഉപായമൊന്നുമില്ല. പോരാടുക തന്നെ. എലികൾ വീറില്ലാത്തവരല്ല. പക്ഷേ യോജിച്ചുള്ള പ്രവർത്തനമില്ല. ശരിയായ നേതൃത്വമില്ല. സംഘടിതമായ ഒരു മുന്നേറ്റം നടത്തിയാൽ കീരികൾ തുലഞ്ഞത് തന്നെ.

കുറെ ദിവസങ്ങൾക്കകം തന്നെ വലിയ ഒരു എലിപ്പട്ടാളം രൂപമെടുത്തു. പട്ടാളത്തലവന്മാർ കൽപ്പിക്കുന്നത് എല്ലാ എലികളും അനുസരിക്കണം. ഇനി മുതൽ ചിട്ടയായുള്ള പോരാട്ടമാണ്.

പക്ഷേ ഒരു പ്രശ്‌നം. പട്ടാളത്തലവന്മാരെ എങ്ങനെ തിരിച്ചറിയും. വല്ലാത്ത കുഴഞ്ഞ പ്രശ്‌നം തന്നെ! അവസാനം അതിനും പരിഹാരമുണ്ടായി. പട്ടാളത്തലവന്മാരായി അവരോധിക്കപ്പെട്ട എലിയച്ചന്മാരുടെ നേതൃത്വത്തിൽ മിന്നലാക്രമണം നടത്തി.

കീരികൾ അമ്പരന്നു. ഇതെന്താണ്? എലികൾക്ക് കിറുക്ക്‌ പിടിച്ചോ? കൊമ്പു വച്ച എലിയച്ചന്മാരെ  കണ്ടപ്പോൾ കീരികൾക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല.

കീരികൾക്ക് ശരിക്കും കോളായിരുന്നു. അവർ എലിക്കൂട്ടത്തിലേക്ക് പാഞ്ഞു. എലിപ്പടയാളികളെല്ലാം പരക്കം പാഞ്ഞു. മാളങ്ങളുടെ സുരക്ഷിതത്വം തേടി പലരും ഒരു വിധത്തിൽ രക്ഷപ്പെട്ടു.

പക്ഷേ മാളങ്ങളിലൊന്നും പട്ടാളത്തലവന്മാരായ എലിയച്ചന്മാർ എത്തിയിട്ടില്ല. അവർ കീരികളെ നേരിടുകയായിരിക്കും എന്ന് മറ്റ് എലികൾ ധരിച്ചു.

പക്ഷേ സത്യം അതായിരുന്നില്ല. കീരികളുടെ മുന്നേറ്റത്തിൽ എലിപ്പടയാളികളോടൊപ്പം തന്നെ എലിത്തലവന്മാരും ഓടി. പക്ഷേ അവർക്ക് മാളങ്ങളിൽ കയറാൻ സാധിച്ചില്ല. അവരുടെ കൊമ്പ് അവർക്ക് വിനയായി.

പട്ടാളത്തലവന്മാരായ എല്ലാ എലിയച്ചന്മാരും  കീരികളുടെ കൈയിൽ ‘വീരചരമം’ പ്രാപിച്ചു കഴിഞ്ഞിരുന്നു.

പ്രബലന്മാരായ ശത്രുക്കളെ നിഷ്പ്രയാസം തോൽപ്പിക്കാമെന്നു കരുതുന്നത് മൗഢ്യമാണ്.

ഞണ്ടമ്മയുടെ ഉപദേശം

കടൽക്കരയിൽ കൂടി ഒരു ഞണ്ടമ്മയും മകളും കൂടി ഉലാത്തുകയായിരുന്നു. പല കാര്യങ്ങളും അവർ സംസാരിച്ചു പെട്ടെന്ന് ഞണ്ടമ്മ സ്വല്പം പരിഭവത്തിൽ മകളോട് പറഞ്ഞു ‘എന്താടി പെണ്ണെ! നിന്റെ നടത്തം വളരെ മോശമാണല്ലോ. മറ്റു ജീവികളെല്ലാം മുന്നോട്ടു നടക്കുമ്പോൾ നീ മാത്രം ഇങ്ങനെ പിന്നോട്ട് നടക്കുന്നത്.

മകൾ ഞണ്ട് അമ്പരന്നു. അവൾ ചോദിച്ചു. ‘അമ്മ എന്താണിങ്ങനെ എന്നോട് സംസാരിക്കുന്നത്? അമ്മയല്ലേ എന്നെ നടത്തം പഠിപ്പിച്ചത്. അമ്മ പറഞ്ഞതനുസരിച്ചും അമ്മയെ അനുകരിച്ചുമാണ് ഞാൻ നടത്തം അഭ്യസിച്ചത്. എന്നിട്ടിപ്പോൾ അമ്മയെപ്പോലെ നടക്കുന്നതിനു അമ്മ എന്നെ കുറ്റപ്പെടുത്തുന്നത് ആശ്ചര്യമായിരിക്കുന്നു’

മകൾ തുടർന്നു. ‘ഏതായാലും പെട്ടെന്ന് നടത്തം മാറ്റുക സാധ്യമല്ല. നിർബന്ധമാണെങ്കിൽ മുന്നോട്ടു നടക്കുന്നത് എങ്ങനെയാണെന്ന് ‘അമ്മ തന്നെ പഠിപ്പിക്കു. അമ്മ മുന്നോട്ടു നടക്കുകയാണെങ്കിൽ ഞാനും അതുപോലെ നടക്കാൻ ശ്രമിക്കാം.

ഈ വാക്കുകൾ കേട്ട് അമ്മയുടെ വിളറി. അവർ പെട്ടെന്ന് മറ്റേതോ വിഷയത്തിലേക്ക് ശ്രദ്ധ തിരിച്ചു സംസാരിക്കുവാൻ തുടങ്ങി.

അവനവൻ ചെയ്യാത്ത കാര്യങ്ങൾ മറ്റുള്ളവർ ചെയ്യാൻ ഉപദേശിക്കുന്നത് ശരിയല്ല.

കാക്കയുടെ ബുദ്ധി

പണ്ടൊരിക്കൽ ഒരു കാക്കയ്ക്ക് വല്ലാതെ ദാഹിച്ചു. കൊടും വേനൽക്കാലമായിരുന്നു. പുഴകളും അരുവികളും എല്ലാം വറ്റിപോയിരുന്നു. കാക്ക വെള്ളത്തിന് വേണ്ടി അലഞ്ഞുതിരിഞ്ഞു മടുത്തു.

ഏറെ പറന്നപ്പോൾ അവൻ ഒരു വീട് കണ്ടു. വീടിന്റെ പരിസരത്തു വെള്ളം കാണാതിരിക്കില്ല. അവൻ കണ്ണുകൾ വട്ടം കറക്കി ചലിപ്പിച്ചു. വെള്ളം കോരുന്ന ഒരു മൺകുടം അവൻ കണ്ടു. കുടത്തിൽ വെള്ളം കാണാതിരിക്കില്ല. കാക്ക മനസ്സിലോർത്തു.

അവൻ താഴ്‌ന്നു പറന്നു. എന്നിട്ടു തത്തി തത്തി മാൻകുടത്തിന്റെ അടുത്തെത്തി കുടത്തിനകത്തേക്കു നോക്കി. ഹാവൂ! കുടത്തിൽ പകുതി നിരപ്പോളം വെള്ളമുണ്ട്.

സാമാന്യം കുഴിവുള്ള ഒരു മൺകുടമായിരുന്നു. കാക്ക കുടത്തിന്റെ വക്കിലിരുന്നു. കൊക്ക് താഴേക്കിറക്കി. പക്ഷേ കൊക്ക് വെള്ളം വരെ എത്തുന്നില്ല. കുടത്തിലേക്കിറങ്ങുന്നത് ഒട്ടും ബുദ്ധിയല്ല താനും. എന്താണ് ചെയ്യുക? കാക്കയുടെ ആവേശം തണുത്തു. വല്ലാത്ത നിരാശയായി. ഇനിയൊട്ടു പറക്കാനും മേല. ദിവസങ്ങളായിരിക്കുന്നു വെള്ളം കുടിച്ചിട്ട്. ഇവിടെയെങ്ങാനും ചത്തുവീഴുകയേയുള്ളു.

പെട്ടെന്ന് കാക്കയ്ക്ക് ഒരു ബുദ്ധിതോന്നി. ആ വീട്ടുമുറ്റത്തു ധാരാളം കല്ലുകളുണ്ട്. അതിൽ നിന്നും കൊച്ചു കല്ലുകൾ കൊത്തിയെടുത്തു കാക്ക കുടത്തിൽ ഇടുവാൻ തുടങ്ങി. കല്ലുകൾ ഇടുംതോറും വെള്ളത്തിന്റെ നിരപ്പ് ഉയരാൻ തുടങ്ങി. അവനു കൂടുതൽ ഉത്സാഹമായി. വീണ്ടും തുടർച്ചയായി കല്ലുകൾ കുടത്തിലിട്ടു.

കുറെ നേരത്തെ അധ്വാനം കൊണ്ട് കല്ലുകൾ കുടത്തിന്റെ മുക്കാൽ ഭാഗത്തോളമെത്തി. അതോടൊപ്പം തന്നെ വെള്ളം കുടത്തിന്റെ വക്കോളമെത്തി.

ആവോളം വെള്ളം കുടിച്ചു കാക്ക ദാഹം ശമിപ്പിച്ചു. തന്റെ ബുദ്ധിയിൽ കാക്കയ്ക്ക് അപ്പോൾ അഭിമാനം തോന്നി.

അനുദിനജീവിതത്തിലെ പ്രശ്നങ്ങളിൽ ബുദ്ധിപൂർവം പ്രവർത്തിച്ചാൽ പല പ്രശ്‌നങ്ങൾക്കും പരിഹാരം കണ്ടെത്തുവാൻ സാധിക്കും.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക