ആരാണ് കഴുത

0
429
aesop-kathakal-malayalam-pdf download

പണ്ടൊരു ഗ്രാമത്തിൽ ഒരു വിഡ്ഢിയായ അച്ഛനും അയാൾക്ക്‌ വിഡ്ഢിയായ മകനുമുണ്ടായിരുന്നു. ചെയ്യുന്നതെന്തും കുറ്റമറ്റതാകണമെന്നതായിരുന്നു അവരുടെ നിർബന്ധം. പക്ഷേ പലപ്പോഴും അത് വലിയ ദുരന്തത്തിൽ കലാശിച്ചു.

അവർക്ക് ഒരു മടിയൻ കഴുതയുണ്ടായിരുന്നു. ഒരു പണിയും ചെയ്യാത്ത ഒരലസൻ . അതിനെ ആർക്കെങ്കിലും കൊടുത്തു വേറെ ഉത്സാഹിയായ ഒരു കഴുതയെ വാങ്ങാൻ  അച്ഛനും മകനും തീരുമാനിച്ചു.

ഒരു ദിവസം കഴുതയുമായി അച്ഛനും മകനും ചന്തയിലേക്ക് യാത്രയായി. ചന്തയിൽ കൊണ്ട് പോയി കഴുതയെ വിൽക്കണമെന്നതായിരുന്നു ഉദ്ദേശം.

കുറെ ദൂരം നടന്നപ്പോൾ ഏതാനും യുവതികൾ എതിരെ വന്നു. അവർക്ക് അച്ഛനെയും മകനെയും കണ്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല.

‘അവർ വിഡ്ഢികളാണെന്ന് തോന്നുന്നു. ആർക്കെങ്കിലും ഒരാൾക്ക് കഴുതപ്പുറത്തു കയറാവുന്നതല്ലേ?’ യുവതികൾ പരസ്പരം പറഞ്ഞു.

‘ഒരു പക്ഷേ അവരും കഴുതകളായിരിക്കും’ ഏതോ ഒരു കുസൃതിക്കാരി കൂട്ടിച്ചേർത്തു.

‘എന്തൊരു ധിക്കാരം! എത്ര ക്രൂരമായ പരിഹാസം’ അച്ഛന് യുവതികളുടെ വർത്തമാനം തീരെപിടിച്ചില്ല. എങ്കിലും അവർ പറഞ്ഞത് കാര്യമാണെന്ന് അയാൾക് തോന്നി.

അച്ഛൻ മകനോട് കഴുതപുറത്തു കയറിക്കൊള്ളാൻ പറഞ്ഞു. അച്ഛനെ അപ്പാടെ അനുസരിക്കുന്ന സ്വഭാവക്കാരനായിരുന്നു മകൻ അവൻ ഉടൻ തന്നെ കഴുതപുറത്തു കയറി.

കുറെ നേരം അങ്ങനെ നടന്നപ്പോൾ ഒരു കൂട്ടം പ്രായമുള്ള ആൾക്കാർ എതിരെ വന്നു. അവർ ഗൗരവമുള്ള എന്തോ കാര്യത്തേക്കുറിച്ച് സംസാരിക്കുകയായിരുന്നു. കൂട്ടത്തിലൊരാൾ തന്റെ വാദഗതിയെ സമർദിക്കാൻ ഒരു പഴുതു കിട്ടിയത് പോലെ ആവേശത്തോട് കൂടി മകനെ നോക്കി പറഞ്ഞു.

‘നോക്കു. ഇതാണ് ഞാൻ പറഞ്ഞത്. ഇക്കാലത്തു കുട്ടികൾ മഹാ ധിക്കാരികളായിട്ടാണ് വളരുന്നതെന്ന്. അവർക്ക് മുതിർന്നവരോട് ബഹുമാനമേയില്ല.

പിന്നീട് അയാൾ കഴുതപുറത്തു സഞ്ചരിച്ച കുട്ടിയോട് പറഞ്ഞു. ‘നിന്റെ സ്വഭാവം ഭേഷായിട്ടുണ്ട്. എന്താണിത്ര ധിക്കാരം? നിന്റെ അച്ഛനെ നടക്കാൻ വിട്ടിട്ട് കഴുതപുറത്തു സഞ്ചരിക്കാൻ നിനക്ക് ലജ്ജയില്ലേ? ഇറങ്ങു താഴെ!

വൃദ്ധൻ പറഞ്ഞത് അച്ഛനും മകനും സകൂതം കേട്ടു. അയാൾ പറഞ്ഞത് അക്ഷരം പ്രതി സത്യമാണെന്നു അച്ഛനും മകനും തോന്നി. മകൻ കഴുതപുറത്ത് നിന്നും താഴെയിറങ്ങി. അച്ഛൻ പിന്നീട് കഴുതപുറത്തായി യാത്ര.

കുറച്ചു ദൂരം കൂടി മുന്നോട്ടു poyi. അപ്പോൾ oru പറ്റം സ്ത്രീകൾ അടങ്ങിയ സംഘം എതിരെ വന്നു. കഴുതപുറത്തു പോകുന്ന അച്ഛനെ നോക്കി oru സ്ത്രീ പറഞ്ഞു. നോക്കു, ആ മനുഷ്യൻ എത്ര ക്രൂരനാണ്! കഴുതപുറത്തു ആ കുട്ടിയെ കൂടി ഇരുത്തിയാൽ ആകാശം ഇടിഞ്ഞു വീഴുമോ? പാവം ആ കുട്ടി വെയിലത്ത് നടന്നു ക്ഷീണിച്ചത് കണ്ടില്ലേ?

എന്ത്? ഇപ്പോഴും കുഴപ്പമായോ? അച്ഛനും മകനും ഒന്നുപോലെ ദുഃഖിച്ചു. പക്ഷെ ആ സ്ത്രീകൾ പറഞ്ഞത് സത്യം തന്നെ. അച്ഛൻ കഴുതപുറത്തു മകനെക്കൂടി കയറ്റി യാത്രയായി.

കുറെ ദൂരം നടന്നപ്പോൾ നഗരകവാടത്തിലെത്തി. അവിടെ ഒരു പട്ടാളക്കാരൻ അവരെ തടഞ്ഞു.

‘കഴുതപുറത്തു രണ്ടാൾ യാത്ര ചെയ്യുകയോ! ഇത് നിയമ വിരുദ്ധമാണ്. ജന്തുക്കൾക്കെതിരെയുള്ള ക്രൂരതയ്ക്ക് നിങ്ങൾ രണ്ടാളുടെ പേരിലും ഞാൻ നടപടി എടുക്കും’ അച്ഛനും മകനും കഴുതപ്പുറത്തു നിന്നും ഇറങ്ങി. അവർ പട്ടാളക്കാരനോട് ദയ യാചിച്ചു. മേലിൽ തെറ്റ് അവർത്തിക്കില്ലെന്ന ഉറപ്പിന്മേൽ താക്കിത് കൊടുത്തു അച്ഛനെയും മകനെയും അയാൾ വിട്ടു.

ഇനി എന്താണ് മാർഗം? ഏതു വിധത്തിൽ പോയാലും വിമർശിക്കപ്പെടുന്നു. ഓരോ വിമർശനവും ശരിയുമാണ്.

അപ്പോൾ മകൻ പറഞ്ഞു ‘ഇനി ഒരേയൊരു മാർഗം. കഴുത നമ്മെ ചുമക്കുന്നതിനു പകരം നാം കഴുതയെ ചുമക്കുക. അപ്പോൾ ആരും കുറ്റം പറയില്ലല്ലോ?’

മകന്റെ ബുദ്ധിയിൽ അച്ഛന് എന്തെന്നില്ലാത്ത അഭിമാനം തോന്നി.

നീളമുള്ള ഒരു മുളകഷണവും കുറെ ചരടും അവർ സംഘടിപ്പിച്ചു. പിന്നെ കഴുതയുടെ കാലുകൾ മുളകഷണത്തോടു ചരട് കൊണ്ട് ബലമായി ബന്ധിച്ചു. മുളയുടെ ഒരറ്റം അച്ഛനും മറ്റേ അറ്റം അച്ഛനും മറ്റേ അറ്റം മകനും ചുമലിൽ വച്ച് യാത്രയായി.

ആ കാഴ്ച പലരെയും രസിപ്പിച്ചു. ‘എവിടെ നിന്നും വരുന്നു ഈ തിരുമണ്ടന്മാർ’ അവർ അന്യോനം ചോദിച്ചു.

കുട്ടികൾ കൂകിവിളിച്ചുകൊണ്ട് പിറകെ കൂടി. ചിലർ അവരെ കല്ലും പഴത്തൊലിയും കൊണ്ടെറിഞ്ഞു.

ഒരു വീതി കുറഞ്ഞ മരപ്പാലത്തിൽ കൂടിയായി അച്ഛന്റെയും മകന്റെയും യാത്ര. വളരെ സൂക്ഷിച്ചു അവർ കാലുകൾ വച്ചു. തോളിലെ മുളകഷണത്തിൽ കിടന്നു കഴുത വല്ലാതെ ഇടമ്പൽ കാണിക്കാൻ തുടങ്ങി. തല കീഴോട്ടായി യാത്ര ചെയ്യുക കഴുതയ്ക്ക് അത്ര സുഖകരമല്ലല്ലോ? പാലത്തിന്റെ മധ്യത്തിലെത്തിയപ്പോൾ കഴുത വല്ലാതെ കരയുകയും പിടയുകയും ചെയ്‌തു.

പെട്ടെന്ന് അച്ഛന്റെ കാൽ വഴുതി. ഞൊടിയിടക്കുള്ളിൽ അച്ഛനും മകനും കഴുതയുമെല്ലാം ഉരുണ്ടു പുഴയിലായി.

ഓടിക്കൂടിയ ജനങ്ങൾ അച്ഛനെയും മകനെയും ഒരു വിധത്തിൽ രക്ഷിച്ചെന്നു പറഞ്ഞാൽ മതിയല്ലോ. കാലുകൾ ബന്ധിച്ചു പുഴയിലേക്ക് വീണ കഴുതയുടെ കഥ പറയാനില്ലല്ലോ?

അച്ഛനും മകനും വലിയ ദുഃഖമായി. മടിയൻ കഴുതയെ വിൽക്കാനും പറ്റിയില്ല. പുതിയ കഴുതയെ വാങ്ങാനും പറ്റിയില്ല. നിലവിളിച്ചുകൊണ്ട് അവർ ഗ്രാമത്തിലേക്ക് മടങ്ങി.

മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്കൊത്തു ജീവിക്കുക ദുഷ്കരമാണ്.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക