അത്യാഗ്രഹിക്കുള്ള ശിക്ഷ

0
858
thennali-raman-stories-malayalam

രത്നചന്ദ്രൻ എന്ന് പേരായ ഒരു ധനികൻ ആ നാട്ടിൽ ജീവിച്ചിരുന്നു. അയാൾ സ്വാർത്ഥമതിയും അത്യാഗ്രഹിയുമായിരുന്നു. പണം പലിശക്ക് കൊടുക്കുകയായിരുന്നു അയാളുടെ തൊഴിൽ. എത്ര പണം ചോദിച്ചാലും കൊടുക്കാനുള്ള ധനശേഷി അയാൾക്കുണ്ടായിരുന്നു. അമിതമായ പലിശയാണ് അയാൾ വാങ്ങിക്കൊണ്ടിരുന്നത്. അയാളെക്കൊണ്ട് ജനം പൊറുതിമുട്ടി.

രാമൻ രത്നചന്ദ്രനെ കുറിച്ച് കേട്ടിരുന്നു. അയാളെ ഒരു നല്ല പാഠം പഠിപ്പിക്കാൻ രാമൻ തീരുമാനിച്ചു. അതിനായി രാമൻ യോഗയ്യരുടെ സഹായം തേടി. യോഗയ്യ രാമന്റെ അടുത്ത സുഹൃത്തായിരുന്നു. രാമൻ പറയുന്നത് പോലെ പ്രവർത്തിക്കാമെന്നു യോഗയ്യ ഏറ്റു.

രാമൻ പറഞ്ഞ പ്രകാരം യോഗയ്യ ഒരു ദിവസം രത്നചന്ദ്രന്റെ വീട്ടിലെത്തി. ഒരു സദ്യക്കായി പന്ത്രണ്ടു വലിയ പാത്രങ്ങൾ യോഗയ്യ രത്നചന്ദ്രനോട് ആവശ്യപ്പെട്ടു. വലിയ ഒരു തുക കൊടുക്കാമെന്നു യോഗയ്യ ഏറ്റപ്പോൾ രത്നചന്ദ്രൻ പാത്രങ്ങൾ വാടകയ്ക്ക് കൊടുത്തു.

കുറെ ദിവസങ്ങൾ കഴിഞ്ഞു. യോഗയ്യ രത്നചന്ദ്രന്റെ വീട്ടിലെത്തി. ആവശ്യപ്പെട്ട തുകയും പാത്രങ്ങളും തിരികെ കൊണ്ടുവന്നു. അനന്തരം രത്നചന്ദ്രൻ യോഗയ്യ കൊണ്ട് വന്ന പാത്രങ്ങൾ പരിശോധിച്ചു. മുഴുവൻ പാത്രങ്ങളും ഉണ്ട് എന്ന് മാത്രമല്ല കൊടുത്ത പാത്രങ്ങളുടെ അതേരൂപത്തിലുള്ള പന്ത്രണ്ടു ചെറിയ പാത്രങ്ങൾ കൂടിയുണ്ട്. രത്നചന്ദ്രന് അത്ഭുതമായി. ഏതായാലും നല്ല ലാഭമുള്ള കച്ചവടം തന്നെ.

‘യോഗയ്യ, ഈ ചെറിയ പാത്രങ്ങളേതാണ്?’ അയാൾ ചോദിച്ചു.

‘ഞാനിവിടെ നിന്നും വാങ്ങിക്കൊണ്ടുപോയ പാത്രങ്ങളെല്ലാം രണ്ടു ദിവസം കഴിഞ്ഞു പ്രസവിച്ചു. വലിയ പാത്രങ്ങളുടെ കുഞ്ഞുങ്ങളാണവ.’ മുഖത്തു യാതൊരു ഭാവഭേദവും കൂടാതെ യോഗയ്യ പറഞ്ഞു.

‘യോഗയ്യ ഒരു വിഡ്ഢി തന്നെ! പാത്രങ്ങൾ പ്രസവിക്കുകയോ? ശുദ്ധ അസംബന്ധം തന്നെ. പക്ഷേ താനെന്തിനു ചിന്തിച്ചു തല പുണ്ണാക്കണം? ഏതായാലും പന്ത്രണ്ടു പത്രങ്ങളാണ് കൂടുതൽ കിട്ടിയിരിക്കുന്നത്’ ഇങ്ങനെയൊക്കെ രത്നചന്ദ്രൻ ചിന്തിച്ചു.

ഇങ്ങനെയുമുണ്ടോ വിഡ്ഢികൾ!

കുറെ ദിവസങ്ങൾ കഴിഞ്ഞു. യോഗയ്യ വീണ്ടും രത്നചന്ദ്രന്റെ വീട്ടിലെത്തി. രത്നചന്ദ്രന് സന്തോഷമായി.

‘എന്താണ് വിശേഷം, യോഗയ്യ? പാത്രങ്ങൾ ആവശ്യമുണ്ടോ?’ രത്നചന്ദ്രൻ ആർത്തിയോടെ ചോദിച്ചു.

‘അത്ഭുതകരം തന്നെ. അങ്ങ് എന്റെ മനസ് ഗണിച്ചറിഞ്ഞിരിക്കുന്നു. എനിക്ക് പന്ത്രണ്ടു വലിയ സ്വർണ്ണപാത്രങ്ങൾ ആവശ്യമാണ്. പ്രമുഖന്മാർ പങ്കെടുക്കുന്ന സദ്യക്കാണിത്’ യോഗയ്യ പറഞ്ഞു.

പന്ത്രണ്ടു വലിയ സ്വർണ്ണപാത്രങ്ങൾ രത്നചന്ദ്രൻ യോഗയ്യക്ക് കൊടുത്തു.

‘യോഗയ്യ നീ ചോദിച്ചത് കൊണ്ട് മാത്രം തരികയാണിവ. തനി സ്വർണ്ണത്തിൽ തീർത്തവയാണിത്. മാത്രമല്ല എല്ലാം പ്രസവിക്കാൻ കാലമായതാണ്. പ്രസവിക്കുകയാണെങ്കിൽ കുഞ്ഞുങ്ങളെക്കൂടി കൊണ്ടുവരാൻ മറക്കരുത് ‘ട്ടോ’

ഈ വിഡ്ഢിയെകൊണ്ട് നല്ലൊരു ലാഭം ഇപ്രാവശ്യവും കൊയ്യണം എന്നതായിരുന്നു രത്നചന്ദ്രന്റെ ചിന്ത.

‘എന്തിനു സംശയിക്കണം. ഞാൻ ഒരിക്കലും ചതിക്കില്ല’ യോഗയ്യ പറഞ്ഞു.

ദിവസങ്ങൾ കഴിഞ്ഞു. യോഗയ്യരുടെ ഒരു വിവരവുമില്ല.

രത്നചന്ദ്രന് ആധിയായി. ദിവസങ്ങൾ വീണ്ടും കഴിഞ്ഞതോടെ രത്നചന്ദ്രൻ വല്ലാതെ അസ്വസ്ഥനായി

ഒരു ദിവസം അയാൾ യോഗയ്യയുടെ വീട്ടിൽ പാഞ്ഞെത്തി.

‘യോഗയ്യ, എന്താണ് പാത്രങ്ങൾ തിരിച്ചു കൊണ്ട് വരാത്തത്? ആകാഷയോടെ അയാൾ ചോദിച്ചു.

യോഗയ്യയുടെ മുഖം മ്ലാനമായി. ‘ചങ്ങാതി, ഒരു ദുഃഖവാർത്ത എനിക്ക് അറിയിക്കാനുണ്ട്. അങ്ങ് തന്ന സ്വർണ്ണപാത്രങ്ങളെല്ലാം പൂർണ്ണ ഗർഭവതികളായിരുന്നല്ലോ. പക്ഷേ കഷ്ടം പ്രസവത്തിലൊന്നില്ലാതെ എല്ലാ പത്രങ്ങളും ചത്തുപോയി. കുഞ്ഞുങ്ങളും ഒന്നും രക്ഷപ്പെട്ടില്ല. ദൈവവിധി എന്നല്ലാതെ എന്ത് പറയാനാണ്?’ യോഗയ്യ നെടുവീർപ്പിട്ടു.

യോഗയ്യ തന്നെ കബളിപ്പിക്കുകയാണ്. പാത്രങ്ങൾ ചാകുകയെന്നത് ശുദ്ധ അസംബന്ധമാണ്. ഇവൻ വിരുതൻ തന്നെ! ഇവനെ വെറുതെ വിട്ടുകൂടാ. രത്നചന്ദ്രൻ കോപം കൊണ്ട് ജ്വലിച്ചു.

പക്ഷേ യോഗയ്യ കഥ ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നു.

പരാതിയുമായി രത്നചന്ദ്രൻകൊട്ടാരത്തിലെത്തി. ചക്രവർത്തി യോഗയ്യയെ വിളിപ്പിച്ചു. യോഗയ്യ വിവരങ്ങളെല്ലാം ചക്രവർത്തിയെ ധരിപ്പിച്ചു. എല്ലാം കേട്ട ശേഷം ചക്രവർത്തി പറഞ്ഞു.

‘പാത്രങ്ങൾ പ്രസവിക്കുമെങ്കിൽ തീർച്ചയായും അവ ചാകുകയും ചെയ്യും.’

വ്യസനത്തോടും നിരാശയോടും കൂടി രത്നചന്ദ്രൻ സ്വഭവനത്തിലേക്കുപോയി.

യോഗയ്യരുടെ ഈ പൊടിക്കൈ ചക്രവർത്തിക്ക് നന്നേ ഇഷ്ടപ്പെട്ടു. അമിത ലാഭക്കാരെ നിലക്കുനിർത്താൻ ഇത്തരം പൊടികൈകൾ നല്ലതു തന്നെ.

‘ആരാണ് യോഗയ്യ നിങ്ങൾക്കി ബുദ്ധി പറഞ്ഞുതന്നത്? ചക്രവർത്തി തിരക്കി.

രാമനാണെന്നു യോഗയ്യ പറഞ്ഞു. ചക്രവർത്തിക്ക് രാമനിൽ വലിയ പ്രീതി ഉണ്ടായി.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക