അതിഥിയുടെ ഉപദേശം

0
236
aesop-kathakal-malayalam-pdf download

പണ്ടൊരു നാൾ കാട്ടിൽ അതിഭയങ്കരമായ ശൈത്യം വന്നു. അപ്പോൾ ഒരു മുള്ളൻ പന്നി സുരക്ഷിതമായ ഒരു താവളമന്വേഷിച്ചു നടക്കുകയായിരുന്നു. താമസിയാതെ അവൻ ഒരു ഗുഹ കണ്ടെത്തി. ‘ഈ ശൈത്യകാലം ഇവിടെ തന്നെ കഴിച്ചു കൂട്ടാം.’ അവൻ ചിന്തിച്ചു.

പക്ഷേ ഗുഹക്കുള്ളിലെത്തിയപ്പോൾ മുള്ളൻ പന്നിക്കു അബദ്ധം മനസിലായി. ഗുഹയിൽ നേരത്തെ തന്നെ ഒരു പാമ്പിൻ കുടുംബം താമസമുണ്ടായിരുന്നു. മുള്ളൻ പന്നിക്കാണെങ്കിൽ പോകാൻ വേറൊരിടമില്ല താനും. പാമ്പുകളുടെ ദാക്ഷിണ്യത്തിനും മഹാമനസ്കതക്കുമായി മുള്ളൻ പന്നി അഭ്യർത്ഥിച്ചു. ‘ക്ഷമിക്കണം. ഞാൻ വന്നത് നിങ്ങൾക്ക് അസൗകര്യമായി എന്നെനിക്കറിയാം. പക്ഷേ നിങ്ങൾ ഇവിടെയുണ്ടെന്ന കാര്യം ഞാനറിഞ്ഞിരുന്നില്ല. ഇനിയിപ്പോൾ ഈ കൊടും ശൈത്യത്തിൽ ഞാനെവിടെ പോകാനാണ്? ദയവായി നിങ്ങൾ എന്നെ ഒരു വിരുന്നുകാരനായി സ്വീകരിച്ചാലും! ഞാൻ ഈ മൂലയിലെങ്ങാനും ഒതുങ്ങിക്കൂടി കഴിഞ്ഞുകൊള്ളാം. ശൈത്യം തീർന്നാലുടൻ സ്ഥലം വിട്ടേക്കാം’

പാമ്പുകൾക്ക് മുള്ളൻ പന്നിയോട് സഹതാപം തോന്നി. പാമ്പിൻ തലവൻ പറഞ്ഞു. ‘അഭയം അഭ്യർത്ഥിക്കുന്നവരെ പറഞ്ഞയച്ച പാരമ്പര്യം ഞങ്ങൾക്കില്ല. ഈ ശൈത്യകാലം മുഴുവൻ താങ്കൾ ഇവിടെ താമസിച്ചു കൊള്ളൂ’

മുള്ളൻപന്നിക്കു സന്തോഷമായി. അവൻ ഒരു മൂലയിൽ പന്തുപോലെ ചുരുണ്ടു കൂടി.

കുറേക്കഴിഞ്ഞാണ് പാമ്പുകൾക്ക് അബദ്ധം മനസിലായത്. അനാവശ്യമായിത്തോന്നിയ മുള്ളുകളെല്ലാം മുള്ളൻ പന്നി അവിടവിടെയായി പൊഴിച്ചുകൊണ്ടിരുന്നു. പാമ്പിൻ കുഞ്ഞുങ്ങൾ ഇഴഞ്ഞു നടക്കുമ്പോൾ മുള്ളൻ പന്നിയുടെ മുള്ളുകൾ തട്ടി അവരുടെ ദേഹത്തിൽ മുറിവ് പറ്റി. എന്തിന്! വലിയ പാമ്പുകൾക്ക് പോലും ശ്രദ്ധമാറിയാൽ അപകടം പിണയുന്ന സ്ഥിതിയായി.

അതിഥിയുടെ ശല്യമേറിയപ്പോൾ അതിഥിയോട് കാര്യം തുറന്നു പറയാൻ പാമ്പുകൾ തീരുമാനിച്ചു.

അങ്ങനെ ഒരു ദിവസം പാമ്പുകൾ മുള്ളൻ പന്നിയുടെ അടുത്തെത്തി അസൗകര്യം അറിയിച്ചു. അപ്പോൾ മുള്ളൻ പന്നി പറഞ്ഞു. ‘ഈ ഗുഹയിലെ താമസം എനിക്ക് നന്നേ പിടിച്ചിരിക്കുകയാണ്. നിങ്ങൾക്ക് എന്തെങ്കിലും അസൗകര്യമുണ്ടെങ്കിൽ ഒരു കാര്യം ചെയ്യൂ. ഞാൻ ഗുഹയുടെ വാതിൽ ബന്ധിച്ചിട്ടൊന്നുമില്ലല്ലോ? നിങ്ങൾക്ക് പുറത്തു വേറെ സൗകര്യപ്രദമായ സ്ഥലം കണ്ടുപിടിക്കാവുന്നതാണ്!

ഇത്രയും പറഞ്ഞിട്ട് മുള്ളൻ പന്നി വീണ്ടും ചുരുണ്ടു കൂടി കിടന്നു.

അതിഥി ഏതുതരക്കാരാണെന്നു ഉറപ്പാക്കിയിട്ടേ സൽക്കരിക്കാവു.

ആട്ടിൻകുട്ടിയും ചെന്നായും

പണ്ടൊരിക്കൽ ഒരു ചെന്നായ അരുവിയിൽ വെള്ളം കുടിക്കാനെത്തി. താഴെ നിന്ന് കൊണ്ട് അപ്പോൾ ഒരാട്ടിൻകുട്ടി വെള്ളം കുടിക്കുന്നുണ്ടായിരുന്നു. ചെന്നായ ആട്ടിൻകുട്ടിയെ തുറിച്ചു നോക്കി.

‘എടാ കുരുത്തം കെട്ടവനെ, നീ എന്താണ് കാണിക്കുന്നത്? ഞാൻ കുടിക്കുന്ന വെള്ളം കലങ്ങുന്നതു കണ്ടില്ലേ?

ആട്ടിൻകുട്ടി ഭയന്ന് വിറച്ചു. എന്നിട്ടു ഭയഭക്തിയോടെ പറഞ്ഞു.

‘ഞാൻ താഴെ നിന്നാണല്ലോ കുടിക്കുന്നത്? വെള്ളം താഴോട്ടാണ് ഒഴുകുന്നത്. മുകളിൽ നിന്നും കുടിക്കുന്ന അങ്ങയുടെ ജലം ഞാനെങ്ങനെയാണ് കലക്കുന്നത്?

ഛീ ധിക്കാരി ചെന്നായ കയർത്തു. നീ എന്നോട് മറുചോദ്യം ചോദിക്കുന്നുവോ? നീ തെമ്മാടിയാണ്. നിന്നെ എനിക്ക് നേരത്തെ അറിയാം. ഒരു വർഷം മുൻപ് നീ എന്നെ കൊഞ്ഞനം കാട്ടുകയും പരിഹസിക്കുകയും കൂട്ടുകാരോടൊപ്പം അസഭ്യം പറയുകയും ചെയ്തത് ഞാൻ മറന്നിട്ടില്ല’

കുഞ്ഞാടിന് അതിശയമായി. ‘എന്താണ് അങ്ങ് ഇങ്ങനെ സംസാരിക്കുന്നത്. ഞാൻ ജനിച്ചിട്ട് ആറുമാസം പോലുമായിട്ടില്ല. പിന്നെങ്ങനെ ഒരു വർഷം മുമ്പ് ഞാനങ്ങയെ അധിക്ഷേപിക്കും.

അപ്പോൾ ചെന്നായ്ക്കു അടുത്ത ആരോപണമായി. നീ തന്നെയാണെന്നാണ് എന്റെ വിശ്വാസം. അല്ലെങ്കിൽ നിന്റെ അച്ഛനാണ്. തീർച്ച. വലിയ മിടുക്കനൊന്നും ആകാൻ നോക്കേണ്ട.

ഇത്രയും പറഞ്ഞ ചെന്നായ ആട്ടിൻകുട്ടിയുടെ മേൽ ചാടി വീണു.

മുരുട്ടു ന്യായങ്ങളാണ് അധർമ്മികൾക്കുള്ളത്.

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക